Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'പാലിൽ ഇൻസുലിൻ കലർത്തി നൽകി തളർത്തിയ ശേഷം വെള്ളത്തിൽ മുക്കിക്കൊന്നു; കൊല വെള്ളാപ്പള്ളിയെ യോഗം സക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ തീരുമാനിച്ചതിന് പ്രതികാരം; ഗൾഫിൽ വെച്ച് തുഷാർ സ്വാമിയെ മർദിച്ചു; മുങ്ങി മരണം നടന്നത് ഈ സംഭവത്തിന് പിറ്റേന്ന്'; കെ.കെ.മഹേശന്റെ മരണം വിവാദമായതോടെ ശ്വാശ്വതീകാന്ദയുടെ 'ജലസമാധിയും' ചർച്ചയാവുന്നു; സിബിഐ അന്വേഷണം വേണമെന്ന് സഹോദരി; വെള്ളാപ്പള്ളിക്ക് കുരുക്ക് മുറുകുമ്പോൾ

'പാലിൽ ഇൻസുലിൻ കലർത്തി നൽകി തളർത്തിയ ശേഷം വെള്ളത്തിൽ മുക്കിക്കൊന്നു; കൊല വെള്ളാപ്പള്ളിയെ യോഗം സക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ തീരുമാനിച്ചതിന് പ്രതികാരം; ഗൾഫിൽ വെച്ച് തുഷാർ സ്വാമിയെ മർദിച്ചു; മുങ്ങി മരണം നടന്നത് ഈ സംഭവത്തിന് പിറ്റേന്ന്'; കെ.കെ.മഹേശന്റെ മരണം വിവാദമായതോടെ ശ്വാശ്വതീകാന്ദയുടെ 'ജലസമാധിയും' ചർച്ചയാവുന്നു; സിബിഐ അന്വേഷണം വേണമെന്ന് സഹോദരി; വെള്ളാപ്പള്ളിക്ക് കുരുക്ക് മുറുകുമ്പോൾ

എം മാധവദാസ്

തിരുവനന്തപുരം: വെള്ളാപ്പള്ളിയുടെ മനഃസ്സാക്ഷിസൂക്ഷിപ്പുകാരനും ്എസ്എൻഡിപി നേതാവുമായ കെ കെ ഹേശൻ ആത്മഹത്യയെ തുടർന്ന് പ്രതിഷേധം കനക്കുമ്പോൾ സ്വാമി ശ്വാശ്വതീകാനന്ദയുടെ ദുരൂഹമരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. ഇതോടെ വള്ളാപ്പള്ളിയും കുടുംബവും പ്രതിരോധത്തിലാണ്. കോടികളുടെ മെക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 27 കേസുകളിലാണ് അന്വേഷണം നടക്കുന്നത്. ഇതിൽ വെള്ളാപ്പള്ളി നടേശനൊപ്പം 7 കേസുകളിൽ ബുധനാഴ്ച ആത്മഹത്യ ചെയ്ത കെ കെ മഹേശൻ പ്രതിയായിരുന്നു. വെള്ളാപ്പള്ളിയുടെ വലംകയ്യും മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന മഹേശന് മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലെ എല്ലാ കാര്യങ്ങളും അറിയാമായിരുന്നു.

കേസുകൾ മഹേശന്റെ തലയിൽ കെട്ടിവക്കാൻ ഗൂഢാലോചന നടന്നുവെന്നാണ് വെള്ളാപ്പള്ളിയെ എതിർക്കുന്നവരുടെ ആരോപണം. ആത്മഹത്യാ കുറിപ്പിൽ മഹേശൻ എല്ലാം വ്യക്തമായി എഴുതിയിട്ടുണ്ട്. വിവിധ കാലങ്ങളിലായി വെള്ളാപ്പള്ളിക്കെതിരെ കലാപമുണ്ടാക്കി പുറത്ത് പോയവരെല്ലാം പ്രതിഷേധവുമായി രംഗത്താണ്. എസ്എൻഡിപി സംരക്ഷണ സമിതി, ശ്രീനാരായണ ധർമവേദി എന്നിവരെല്ലാം പ്രത്യക്ഷ സമരം തുടങ്ങിയിട്ടുണ്ട്. കൊല്ലത്ത് നടത്തിയ പ്രതിഷേധത്തിനിടെ ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് അദ്ദേഹത്തിന്റെ സഹോദരി ആവശ്യപ്പെടുകയും ചെയ്തു.

''വെള്ളാപ്പള്ളിയെ ഈ ട്രസ്റ്റിന്റെ താക്കോൽ സ്ഥാനത്തുകൊണ്ടിരുത്തിയത് ശാശ്വതീകാനന്ദസ്വാമികളാണ് എന്ന് അദ്ദേഹം പല സ്ഥലത്തും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്നിട്ട് അദ്ദേഹത്തിന് ഇങ്ങനെ ഒരു ദാരുണമരണം സംഭവിച്ചിട്ട്, ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് ഇദ്ദേഹം ഒരു വാക്ക് പോലും പറഞ്ഞോ? ഒരു പ്രതിഷേധം പോലും നടത്തിയതായി എനിക്ക് അറിവില്ല. ജൂലൈ 1 ആകുമ്പോൾ ശാശ്വതീകാനന്ദസ്വാമികൾ മരിച്ചിട്ട് 18 വർഷമാകുകയാണ്. 18 വർഷമായിട്ട് ഇതിൽ ഒരു പുരോഗതിയുമില്ല. ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണം. ഉയർന്ന ഏജൻസി തന്നെ അന്വേഷിക്കണം. ഇത് വെറുതെ വിടാൻ ഉദ്ദേശമില്ല. പിന്നാലെ വിടാതെ പിന്തുടരാൻ തന്നെയാണ് തീരുമാനം'',- ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത പറയുന്നു.

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ ഇതിനകം പ്രതിരോധത്തിലായി നിൽക്കുന്ന വെള്ളാപ്പള്ളിക്ക് ഇതേ വിഷയം പരാമർശിച്ചുള്ള മഹേശന്റെ ആത്മഹത്യാ കുറിപ്പും മരണവും വലിയ തിരിച്ചടിയാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് വെള്ളാപ്പള്ളിയുടെ അടുപ്പക്കാരിൽ പലരും വിശ്വസിക്കുകയും ചെയ്യുന്നു. വെള്ളാപ്പള്ളിക്കെതിരെ കരുനീക്കം ശക്തമാകുമ്പോൾ അദ്ദേഹത്തെ പ്രതിരോധിക്കാൻ പ്രമുഖരാരും രംഗത്തില്ലെന്നതും, വെള്ളാപ്പള്ളി തന്നെ ഉന്നയിക്കുന്നത് ദുർബല വാദങ്ങളാണെന്നതും ശ്രദ്ധേയമാണ്.എന്നാൽ, തനിക്ക് മഹേശനോട് ശത്രുതാമനോഭാവം ഉണ്ടെന്ന് കത്തിൽ എഴുതിയത് സമനില തെറ്റിയ അവസ്ഥയിലാണെന്നാണ് വെള്ളാപ്പള്ളിയുടെ വിശദീകരണം. മരണത്തിന്റെ ഉത്തരവാദിത്വം എതിർചേരിക്ക് മേൽ ചാരുന്ന വെള്ളാപ്പള്ളി സിബിഐ അന്വേഷണവും ആവശ്യപ്പെടുന്നു. അതേസമയം, കത്തിലെ ആരോപണങ്ങളെല്ലാം ശരിയാണെന്നും ആത്മഹത്യ കൊലപാതകത്തിന് സമാനമെന്നുമാണ് മഹേശന്റെ കുടുംബം ആരോപിക്കുന്നത്.

ക്രൈംബ്രാഞ്ച് എഡിജിപിക്ക് മഹേശൻ നൽകിയ കത്തിലാണ് വെള്ളാപ്പള്ളിക്കെതിരെ ആരോപണങ്ങളുള്ളത്. എന്നാൽ എല്ലാ പ്രശ്നങ്ങളും ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഇന്നലെ ചർച്ചയ്ക്ക് എത്താമെന്ന് മഹേശൻ അറിയിച്ചതാണ്, ഇതിനിടയിലാണ് മരണമെന്നും, വെള്ളാപ്പള്ളി പറയുന്നു. എസ്എൻഡിപിയെ തർക്കാൻ ശ്രമിക്കുന്നവരുടെ കുപ്രചരണങ്ങളാണ് മഹേശന്റെ മരണത്തിലേക്ക് നയിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.മൈക്രോഫിനാൻസ് കേസ് അടക്കമുള്ള പ്രശ്നങ്ങൾ വിശദമാക്കി മഹേശൻ തനിക്ക് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോഴത് പുറത്ത് വിടില്ലെന്നും വെള്ളാപ്പള്ളി പറയുന്നു.

പാലിൽ ഇൻസുലിൻ കലർത്തി; പിന്നെ വെള്ളത്തിൽ മുക്കിക്കൊന്നു

ശിവഗിരി മഠം മുൻ മേധാവി സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിത്തെക്കുറിച്ച് നേരത്തെതും പല വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും സർക്കാർ അന്വേഷണം കാര്യക്ഷമമായിരുന്നില്ല. വ്യവസായി ബിജുരമേശും,സുഭാഷ് വാസുവും , സ്വാമി പ്രകാശാനന്ദയുമെല്ലാം ഇക്കാര്യത്തിൽ മുമ്പും പല കാര്യങ്ങളും വെളിപ്പെടുത്തിയിരുന്നു.

ഈ കേസിൽ ക്രെംബ്രാഞ്ചിനു ബിജു രമേശ് നൽകിയ മൊഴി പുറത്തുവന്നത് വൻ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സ്വാമി ശാശ്വതീകാനന്ദയ്ക്കുള്ള പാലിൽ സഹായി സാബു ഇൻസുലിൻ കലർത്തി. ഇതു കഴിച്ച് അബോധാവസ്ഥയിലായ സ്വാമി വെള്ളത്തിൽ മുങ്ങിപ്പോയി. സ്വാമിയെ വെള്ളത്തിൽ മുക്കിക്കൊന്നതു സാബുവാണെന്നും മൊഴിയിൽ പറയുന്നുണ്ട്. സ്വാമിയുടെ തലയിൽ ക്ഷതമേൽപ്പിച്ചിരുന്നു. ശാശ്വതീകാനന്ദയും വെള്ളാപ്പള്ളിയുമായി തർക്കമുണ്ടായിരുന്നുവെന്നും ബിജു പറയുന്നു. സൂക്ഷ്മാനന്ദയെയും സംശയമുണ്ട്. സാബു സൂക്ഷ്മാനന്ദയുടെ തണലിലാണു കഴിയുന്നത്. തുഷാർ വെള്ളാപ്പള്ളി ദുബായിൽ വച്ച് ശാശ്വതീകാനന്ദയെ മർദിച്ചുവെന്നും മൊഴിയിൽ പറയുന്നു.ശാശ്വതീകാനന്ദ കുളിക്കാൻ പോവുന്നതിന് മുമ്പ്് അദ്ദേഹത്തിന് ഇൻസുലിൻ ചേർത്ത പാൽ നിർബന്ധിച്ചാണു നൽകിയത്. തുടർന്ന് പുഴയിൽ കുളിക്കാനിറങ്ങിയ സ്വാമിക്ക് വിറയൽ അനുഭവപ്പെടുകയും മുങ്ങി മരിക്കുകയുമായിരിക്കാം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നുണ പരിശോധനയിൽ നിന്ന് സ്വാമിയുടെ സഹായി ആയിരുന്ന സാബുവിനെ ഒഴിവാക്കാൻ സൂക്ഷ്മാനന്ദ ശ്രമിച്ചിരുന്നുവെന്നും ബിജു രമേശ് മൊഴിയിൽ ആരോപിച്ചിരുന്നു. എന്നാൽ ബിജു രമേശിൽ നിന്നെടുത്ത മൊഴിയിൽ നിർണായക തെളിവുകളില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിഗമനം.

ശാശ്വതീകാനന്ദയുടെ മൃതദേഹത്തിൽ നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മൃതദേഹം കമ്പുകൊണ്ട് കുത്തി കരയ്ക്കടുപ്പിച്ചപ്പോൾ ഉണ്ടായ മുറിവാണ് അതെന്നാണ് പൊതു സമൂഹത്തോട് വിശദീകരിച്ചത്. ശാശ്വതീകാനന്ദയുടെത് സ്വാഭാവികമരണമല്ല കൊലപാതകം തന്നെയെന്ന് സ്വാമി പ്രകാശാനന്ദ നേരത്തെ ആരോപിച്ചിരുന്നു. അദ്ദേഹത്തെ കൊന്നു പുഴയിൽ തള്ളിയതാണെന്ന് അന്ന് ശിവഗിരി മഠം പ്രസിഡന്ററ് ആരോപിച്ചിരുന്നു. സ്വാമിയുടെ തലയിൽ ഇടിക്കട്ട കൊണ്ടു മർദ്ദിച്ച പാട് ഉണ്ടായിരുന്നതായും മൃതദേഹം തെരയുമ്പോൾ ഒരാൾ മറുകരയിലേക്ക് നീന്തുന്നത് കണ്ടതായും അദ്ദേഹം പറഞ്ഞു. ഇതിലേക്കൊന്നും അന്വേഷണമെത്തിയില്ല. ഇതിന് പിന്നിൽ അട്ടിമറി നടന്നുവെന്നാണഅ എസ് എൻ ഡി പിയിലെ വിമതർ ആരോപിക്കുന്നത്.

വെള്ളാപ്പള്ളിക്കും മകനുമൊപ്പം സ്വാമി നടത്തിയ ഗൾഫ് യാത്രയ്ക്കിടെ ചിലതെല്ലാം സംഭവിച്ചുവെന്ന് ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. അതേക്കുറിച്ച് വ്യക്തമായി അറിയില്ലെന്നും പ്രകാശാനന്ദ തന്നെ പറഞ്ഞിരുന്നു. ഇതിന് സമാനമായ വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം ബിജു രമേശും നടത്തിയത്. വിദ്യാസാഗറും സ്വാമിയുടെ മരണത്തിൽ ദുരൂഹത കാണുന്നുണ്ട്. യോഗത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ സുതാര്യത വേണമെന്ന് ശാശ്വതീകാനന്ദ നിർദ്ദേശിച്ചിരുന്നു. സുതാര്യതയില്ലെങ്കിൽ പ്രശ്നങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ശാശ്വതീകാനന്ദ മരിച്ച ദിവസം അദ്ദേഹത്തിന്റെ സഹായി സാബു വർക്കലയിലേക്ക് പോയതിൽ ദുരൂഹതമുണ്ട്. സാബുവിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാത്തതും ദുരൂഹമാണെന്ന് വിദ്യാസാഗർ വ്യക്തമാക്കിയിരുന്നു.

'വെള്ളാപ്പള്ളിയെ നുണപരിശോധനക്ക് വിധേയമാക്കണം'

നേരത്തെ ശാശ്വതികാനന്ദയുടെ ദുരൂഹ മരണത്തിൽ വെള്ളാപ്പള്ളി നടേശനെയും മകൻ തുഷാറിനെയും നുണപരിശോധനക്ക് വിധേയമാക്കണമെന്ന് സഹോദരി ശാന്ത ആവശ്യപ്പെട്ടിരുന്നു. ശാശ്വതികാനന്ദ മരിച്ച ദിവസം വാടക കൊലയാളി പ്രിയൻ അദ്വൈതാശ്രമത്തിൽ എത്തിയിരുന്നു. പ്രവീൺ എന്നയാളുടെ കാറിലാണ് പ്രിയൻ എത്തിയത്. ഈ വിവരങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് പറഞ്ഞെങ്കിലും അവർ ഗൗരവമായി എടുത്തില്ലെന്നും ശാന്ത വ്യക്തമാക്കി. ശാശ്വതികാനന്ദയുടെ മരണത്തിൽ അദ്ദേഹത്തിന്റെ സഹായിയായിരുന്ന സാബുവിന് മുഖ്യപങ്കുണ്ട്. സാബുവിനെ നുണപരിശോധനക്ക് വിധേയമാക്കിയാൽ എല്ലാ സത്യങ്ങളും പുറത്തുവരുമെന്നും ശാന്ത നേരത്തെ ആരോപിച്ചിരുന്നു,

വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ശാശ്വതീകാനന്ദ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി എസ്എൻഡിപി ഡയറക്ടർ ബോർഡ് അംഗമായിരുന്നു ഡോ. വിജയൻ രംഗത്തെത്തിയിരുന്നു. റിട്ടയേർഡ് ജസ്റ്റിസ് സുകുമാരനെ പ്രസിഡറാക്കാനും വക്കം പുരുഷോത്തമനെ ജനറൽ സെക്രട്ടറിയാക്കാനുമായിരുന്നു ശാശ്വതീകാനന്ദ ശ്രമിച്ചത്. ഗൾഫ് യാത്ര പൂർത്തിയാകാത്ത ശാശ്വതീകാനന്ദ തിരികെ വന്നതിൽ എസ്എൻഡിപിയുടെ വിശദീകരണം രണ്ടു തരത്തിലായിരുന്നുവെന്നും വിശദീകരണത്തിൽ ദുരൂഹതയുണ്ടെന്നും വിജയൻ വെളിപ്പെടുത്തിയിരുന്നു ഗൾഫിൽ വച്ച് അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് വെള്ളാപ്പള്ളിയും ശാശ്വതീകാനന്ദയും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. എസ്എൻ ട്രസ്റ്റിന്റെ കോളേജിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടും തർക്കങ്ങൾ ഉടലെടുത്തിരുന്നു. ശാശ്വതീകാനന്ദ അടുത്ത അനുയായികളായ ചിലരാണ് ഇക്കാര്യങ്ങൾ തന്നോട് പറഞ്ഞതെന്നും വിജയൻ പറഞ്ഞു.

ശാശ്വതീകാനന്ദയുടെ മരണത്തിന് തലേന്ന് ദുബായിൽ വച്ച് തുഷാർ വെള്ളാപ്പള്ളി ശാശ്വതീകാനന്ദയെ മർദ്ദിച്ചെന്ന് ശിവാനന്ദഗിരി പറഞ്ഞിരുന്നു. ശാശ്വതീകാനന്ദയുടെ വിശ്വസ്തനായ ജോയ്സനാണ് ശിവാനന്ദഗിരിയോട് ഇക്കാര്യം പറഞ്ഞത്. സംഭവത്തെ തുടർന്ന് ദുബായിൽ നിന്ന് ഡൽഹി വഴി തിരുവനന്തപുരത്തേക്ക് ശാശ്വതീകാനന്ദ ഒറ്റയ്ക്ക് മടങ്ങി. അതിന്റെ പിറ്റേദിവസമാണ് ആലുവ അദ്വൈതാശ്രമത്തിൽ വച്ച് ശാശ്വതീകാനന്ദ കൊല്ലപ്പെടുന്നത്. ഈ വിശദീകരണത്തിൽ ദുരൂഹതയുണ്ടെന്നാണ് വിജയൻ പറയുന്നത്. ശാശ്വതീകാനന്ദയെ ആരോ അപകടപ്പെടുത്തുകയായിരുന്നുവെന്നും സ്വാഭാവിക മരണമാണെന്നും തരത്തിലുള്ള അഭിപ്രായങ്ങൾ അംഗങ്ങൾക്കിടയിലും ഉടലെടുത്തിരുന്നുവെന്നും വിജയനും ് ആരോപിച്ചിരുന്നു.

സ്വാമി ശാശ്വതികാനന്ദയുടെ മരണംകൊലപാതകമാണെന്ന് ബാറുടമയായിരുന്ന ബിജുരമേശ് ചാനൽ ചർച്ചക്കിടെ വെളിപ്പെടുത്തിയതോടെയാണ് ഈ വിവാദം യുഡിഎഫ് ഭരണകാലത്ത് ചൂടുപിടിച്ചത്. പ്രിയൻ എന്ന വാടകകൊലയാളിയാണ് കൊല നടത്തിയത് എന്നായിരുന്നു ബിജുവിന്റെ ആരോപണം. വെള്ളാപ്പള്ളിക്കും മകനും ഇക്കാര്യം വ്യക്തമായി അറിയാമെന്നും ബിജു ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദയും ശാശ്വതികാനന്ദയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് രംഗത്തെത്തി. എന്നാൽ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളെല്ലാം നേരത്തെയും ഉന്നയിച്ചിരുന്നതായും ഇക്കാര്യത്തിൽ ശാസ്ത്രീയമായ അന്വേഷണങ്ങൾ നടത്തി തള്ളിക്കളഞ്ഞിരുന്നതാണെന്നുമാണ് ക്രൈംബ്രാഞ്ച് അറിയിച്ചുത്. ഇനി സിബിഐ അന്വേഷണം മാത്രമാണ് സത്യം കൊണ്ടുവരാനുള്ള പോംവഴിയെന്നാണ് ശ്വാശ്വതീകാനന്ദയുടെ ബന്ധുക്കൾ പറയുന്നത്.

'ഗുണ്ടകളെ ഉപയോഗിച്ച് എതിരാളികളെ ഇല്ലാതാക്കും'

എതിർക്കുന്നവരെ ഇല്ലാതാക്കുന്ന വെള്ളാപ്പള്ളിയുടെ ക്രിമിനൽ ബുദ്ധിയെപ്പറ്റി കെ കെ മഹേശന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്്. അധികാരത്തിന്റെയും മണി പവറിന്റെയും ബലത്തിൽ എന്നെ ഏതെങ്കിലും കള്ളക്കേസിൽ കുടുക്കമെന്നാണ് മഹേശൻ എഴുതിയത്. അല്ലെങ്കിൽ ഗുണ്ടകളെ ഉപയോഗിച്ച് എന്നെ തീർക്കും. ഗുണ്ടകളെ ഉപയോഗിച്ച് വെള്ളാപ്പള്ളി എതിരാളികളെ തീർക്കുന്ന കാര്യത്തിൽ പല കഥകളും മഹേശൻ ഉദ്ധരിക്കുന്നുണ്ട്. പണ്ടൊരു ലോക്കൽ നേതാവിനെ തീർക്കാൻ അങ്ങും തുഷാർജിയും അനിയൻ വക്കീലും അശോകനും ഞാനും കൂടി ഇരുന്നു പ്ലാനുകൾ തയ്യാറാക്കി. തുഷാർജിക്ക് കൂടി അതിൽ എതിർപ്പായിരുന്നു. ഒടുവിൽ ഫോട്ടോ തുഷാർജിയെ ഏൽപ്പിക്കാത്തതിനു അങ്ങ് എന്നോടു ചൂടായി. ഒടുവിൽ തുഷാർജി പറഞ്ഞത് ഫോട്ടോ തന്നെ എൽപ്പിച്ചോളൂ. ഞാൻ തന്നെ അത് വേണ്ടായെന്നു അച്ഛനെ പറഞ്ഞു മനസിലാക്കാം എന്നാണ്. അതുകൊണ്ട് ഈ ഗുണ്ടാ തന്ത്രം എനിക്കെതിരെയും പയറ്റാം. ഗുണ്ടകളെ ഉപയോഗിച്ച് എതിരാളികളെ ഇല്ലാതാക്കുന്ന സ്‌പെഷ്യൽ ഓഫീസർ അങ്ങയുടെ കൂടെയുണ്ട്.

കൂടെയുണ്ടായിരുന്ന സത്യനെ തല്ലാൻ തുറവൂരിൽ ഉണ്ടായിരുന്ന മരിച്ചു പോയ അനീഷിനെ ചുമതലപ്പെടുത്തി. അത് നടന്നില്ല. യോഗം തിരഞ്ഞെടുപ്പിൽ എം.ബി.ശ്രീകുമാറിന്റെയും ഗോകുലം ഗോപാലന്റെയും ആളുകളെ നേരിടാൻ ആറു ടീം ഗുണ്ടകളെ ഏർപ്പാട് ചെയ്തയാൾ, വെട്ടൂരാനേയും ചെറിന്നൂയൂരിനേയും തല്ലാൻ ഏർപ്പാട് ചെയ്തയാൾ, ഓരോ വാർഷികത്തിനും അൻപത് ക്വട്ടേഷൻ ടീമിനെ നിരത്തുവാൻ ശക്തിയുള്ള അശോകൻ, അടൂരും ചെങ്ങന്നൂരും മാവേലിക്കരയുമൊക്കെ ആളെ അറേഞ്ച് ചെയ്യുന്ന അശോകൻ എന്റെ ശത്രുസ്ഥാനത്ത് നിൽക്കുമ്പോൾ എന്നെ വകവരുത്തുവാൻ എളുപ്പം. അതും ഞാൻ പ്രതീക്ഷിക്കുന്നു. അതുമല്ലെങ്കിൽ കണിച്ചുകുളങ്ങരയിലും ഞങ്ങൾക്കെതിരെ ഗ്രൂപ്പുണ്ടാക്കി ഈ യൂണിയനിലും തമ്മിൽ തല്ലിക്കാം. എന്നിട്ട് എന്നെ ഒതുക്കാം. എന്തായാലും എന്റെ കാര്യത്തിൽ തീരുമാനമായി.

എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് രണ്ടു വിധമാകും. കേന്ദ്രവുമായി ഉടക്കിയതിനാൽ സർക്കാർ സ്വാധീനം ഉപയോഗിച്ച് സമാധാനമായി ജീവിക്കുവാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുക. അങ്ങനെ എനിക്ക് സമാധാനമായി ജീവിക്കുവാൻ പറ്റാത്ത രീതിയിൽ വല്ലാതെ എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചാൽപരമാവധി ഞാൻ പിടിച്ചു നിൽക്കും. എന്നിട്ടും പറ്റിയില്ലെങ്കിൽ യോഗനേതൃത്വത്തിന്റെ നിലപാടുകൾ തിരുത്തുവാൻ ഞാൻ സ്വയം രക്തസാക്ഷിയാകും. അത് എന്ന് എവിടെവെച്ച് എന്ന് നിങ്ങളുടെ സങ്കൽപ്പങ്ങൾക്കും അപ്പുറമായിരിക്കും. അശോകൻ ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് എന്നെ വകവരുത്താം. രണ്ടായാലും ഞാൻ മരിക്കുമെന്ന് ഉറപ്പാണ്. ഒരു കാര്യം അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം പറയുന്നു. ഒരു വിമത പക്ഷത്തും ഞാൻ പോകില്ല. അത് എന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതയാണ്.'- കെ കെ മഹേശൻ ആത്മഹ്യാക്കുറിപ്പിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP