Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാസ്‌പോർട്ട് വെരിഫിക്കേഷന് പൊലീസ് ക്ലിയറൻസിനായി 1000 രൂപ കൈക്കൂലി: കേസിൽ തുമ്പ പൊലീസ് ഹെഡ് കോൺസ്റ്റബിളിന് ആറ് വർഷം തടവും 50,000 രൂപ പിഴയും; ശിക്ഷ വിധിച്ചത് വിജിലൻസ് കോടതി

പാസ്‌പോർട്ട് വെരിഫിക്കേഷന് പൊലീസ് ക്ലിയറൻസിനായി 1000 രൂപ കൈക്കൂലി: കേസിൽ തുമ്പ പൊലീസ് ഹെഡ് കോൺസ്റ്റബിളിന് ആറ് വർഷം തടവും 50,000 രൂപ പിഴയും; ശിക്ഷ വിധിച്ചത് വിജിലൻസ് കോടതി

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: പാസ്‌പോർട്ട് വേരിഫിക്കേഷന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ പാസ്‌പോർട്ട് അപേക്ഷകനിൽ നിന്ന് ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ പ്രതിയായ സ്‌പെഷ്യൽ ബ്രാഞ്ച് സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് 6 വർഷത്തെ തടവനുഭവിക്കാനും അമ്പതിനായിരം രൂപ പിഴയൊടുക്കാനും തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചു. തിരുവനന്തപുരം സിറ്റി തുമ്പ പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യൽ ബ്രാഞ്ച് സീനിയർ സിവിൽ പൊലീസ് ഓഫീസർ നവാസിനെയാണ് വിജിലൻസ് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം 6 മാസത്തെ അധിക തടവനുഭവിക്കാനും ജഡ്ജി ഹേമലത പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയ ശിക്ഷാവിധിയിൽ വ്യക്തമാക്കി.

അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 7 ( കൈക്കൂലി ആവശ്യപ്പെട്ട് വാങ്ങൽ ) പ്രകാരം മൂന്ന് വർഷം തടവനുഭവിക്കുകയും ഇരുപതിനായിരം രൂപ പിഴയൊടുക്കുകയും വകുപ്പ് 13 (1) ഡി , 13 (2) ( പൊതുസേവകൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കൽ ) പ്രകാരം മൂന്നു വർഷം തടവനുഭവിക്കുകയും മുപ്പതിനായിരം രൂപ പിഴയൊടുക്കുകയും ചെയ്യണം. ജയിൽ ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പ്രസ്താവിച്ചിട്ടുള്ളതിനാൽ ഫലത്തിൽ 3 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയും അമ്പതിനായിരം രൂപ പിഴയും ഒടുക്കണം. അറസ്റ്റ് വേളയിൽ ജയിലിൽ കിടന്ന ഒരാഴ്ച ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 428 പ്രകാരം ശിക്ഷാവിധിയിൽ സെറ്റ് ഓഫ് ( തട്ടിക്കിഴിക്കൽ ) ചെയ്യാനും പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു.

കെണി പണവും തൊണ്ടി മുതലുമായ പരാതിക്കാരന്റെ ആയിരം രൂപ പരാതിക്കാരനായ പ്രോസിക്യൂഷൻ ഭാഗം ഒന്നാം സാക്ഷി രതീഷിന് തിര്യെ നൽകാൻ കോടതി ഉത്തരവിട്ടു. പ്രതി നവാസിൽ നിന്ന് കെണിപ്പണത്തോടൊപ്പം വിജിലൻസ് പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയുടെ സ്വകാര്യ വകകളും തൊണ്ടി മുതലുകളുമായ പേഴ്‌സ് , ഐ ഡി കാർഡ് , മൊബൈൽ ഫോൺ , അഞ്ഞൂറ്റിമുപ്പത് രൂപ എന്നിവ പ്രതിക്ക് തിര്യെ നൽകാനും കോടതി ഉത്തരവിട്ടു. ട്രാപ്പിന് വേണ്ടി വിജിലൻസ് ഉപയോഗിച്ച സോഡിയം കാർബണേറ്റ് ലായനി അടക്കം ചെയ്ത ഗ്ലാസ് ബോട്ടിലുകൾ മൂല്യമില്ലാത്തവയാകയാൽ നശിപ്പിച്ചു കളയാനും തൊണ്ടി സെക്ഷൻ ക്ലാർക്കിനോട് കോടതി ഉത്തരവിട്ടു.

2012 നവംബർ 21 ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പാസ്‌പോർട്ട് വെരിഫിക്കേഷൻ പൊലീസ് ക്ലിയറൻസ് സാക്ഷ്യപത്രം നൽകാൻ ആയിരം രൂപ കൈക്കൂലി തന്നാൽ മാത്രമേ അപേക്ഷയിൽ ക്ലിയറൻസ് റിപ്പോർട്ട് അയക്കുകയുള്ളുവെന്ന് പറഞ്ഞ് നവാസ് അപേക്ഷകനായ രതീഷിനോട് തുക ആവശ്യപ്പെട്ടു. രതീഷിന്റെ പരാതിയിൽ നവാസിന്റെ നടത്തയെക്കുറിച്ച് രഹസ്യമായി പ്രാഥമിക അന്വേഷണം നടത്തി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു.

പരാതിക്കാരൻ കൊണ്ടു വന്ന ആയിരം രൂപ നോട്ട് നമ്പർ രേഖപ്പെടുത്തി മഹസറും എൻട്രസ്റ്റ്‌മെന്റ് മഹസ്സറും തയ്യാറാക്കി. അതേ നോട്ട് വിജിലൻസ് ഫിനോഫ്തലിൻ പൊടി തേച്ചു പിടിപ്പിച്ച് കെണിപ്പണമായി പരാതിക്കാരന് നൽകി കെണിയൊരുക്കിയാണ് നവാസിനെ അറസ്റ്റ് ചെയ്തത്. കൈക്കൂലി പണം നവാസ് കൈപ്പറ്റിയതായി പരാതിക്കാരനിൽ നിന്ന് സിഗ്‌നൽ കിട്ടിയ ഉടൻ വിജിലൻസ് സംഘം മുറിക്കുള്ളിൽ പ്രവേശിച്ച് നവാസിൽ നിന്ന് കെണിപ്പണം കണ്ടെടുത്തു. വിജിലൻസ് കൊണ്ടു വന്ന സോഡിയം കാർബണേറ്റ് ലായനിയിൽ നവാസിന്റെ കൈവിരലുകൾ മുക്കിയപ്പോൾ ലായനി പിങ്ക് നിറമായി മാറി. ഇതോടെ പ്രതി കൈക്കൂലിപ്പണം കൈപ്പറ്റിയതായി ശാസ്ത്രീയമായി സ്ഥിരീകരിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2013 ൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP