Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോടികൾ പൊടിച്ച് നാഷണൽ ഹൈവേയിൽ സ്ഥാപിച്ച ക്യാമറകൾക്കെല്ലാം കണ്ണുതുറക്കാൻ മടി; ഇന്റർസെപ്‌ററർ വാഹനങ്ങൾ പാഴായ ലക്ഷങ്ങളോർത്ത് നെടുവീർപ്പിടുന്നു; ഇതൊന്നും പോരാഞ്ഞ് ഫെയ്‌സ് ഡിറ്റക്ഷൻ ക്യാമറകൾക്കായി വീണ്ടും കോടികൾ; വകുപ്പിൽ 262 അധിക തസ്തികകൾ സൃഷ്ടിച്ചും കൊള്ളയടി; സേഫ് കേരള പദ്ധതി ഖജനാവ് മുടിക്കുന്നു എന്ന ആക്ഷേപം ഉയരുന്നതിനിടെ തലപ്പത്തുള്ള രാജീവ് പുത്തലത്തിന് ഐഎഎസ് നൽകാൻ നീക്കം; ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർക്കെതിരെ സിപിഎം സംഘടന

കോടികൾ പൊടിച്ച് നാഷണൽ ഹൈവേയിൽ സ്ഥാപിച്ച ക്യാമറകൾക്കെല്ലാം കണ്ണുതുറക്കാൻ മടി; ഇന്റർസെപ്‌ററർ വാഹനങ്ങൾ പാഴായ ലക്ഷങ്ങളോർത്ത് നെടുവീർപ്പിടുന്നു; ഇതൊന്നും പോരാഞ്ഞ് ഫെയ്‌സ് ഡിറ്റക്ഷൻ ക്യാമറകൾക്കായി വീണ്ടും കോടികൾ; വകുപ്പിൽ 262 അധിക തസ്തികകൾ സൃഷ്ടിച്ചും കൊള്ളയടി; സേഫ് കേരള പദ്ധതി ഖജനാവ് മുടിക്കുന്നു എന്ന ആക്ഷേപം ഉയരുന്നതിനിടെ തലപ്പത്തുള്ള രാജീവ് പുത്തലത്തിന് ഐഎഎസ് നൽകാൻ നീക്കം; ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർക്കെതിരെ സിപിഎം സംഘടന

എം മനോജ് കുമാർ

തിരുവനന്തപുരം: ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്തിനു ഐഎഎസ് നൽകാനുള്ള നീക്കം വിവാദമാകുന്നു. സേഫ് കേരള എന്ന വെള്ളാനയ്ക്ക് ചുക്കാൻ പിടിച്ച രാജീവ് പുത്തലത്തിനു ഐഎഎസ് നൽകാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നാണ് ആവശ്യം ഉയരുന്നത്. ഔട്ട് സ്റ്റാന്റിങ് പെർഫോമൻസ് എന്ന് ചൂണ്ടിക്കാട്ടി ഐഎഎസ് നൽകാനുള്ള നീക്കമാണ് നടക്കുന്നത്. സിപിഎം അനുകൂല ബസ് ഉടമ സംഘമായ കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷനാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. സേഫ് കേരള പദ്ധതി സർക്കാർ ഖജനാവ് മുടിക്കാൻ ഉദ്ദേശിച്ച് നടപ്പിലാക്കിയതാണ്. ഇതിനു കുടപിടിച്ച ഉദ്യോഗസ്ഥനാണ് രാജീവ് പുത്തലത്ത്. ഈ ഉദ്യോഗസ്ഥനു എങ്ങനെ ഐഎഎസ് കൊടുക്കാൻ സർക്കാർ ശുപാർശ ചെയ്യും സംഘടന ചോദിക്കുന്നു. ഈ നീക്കത്തിനെതിരെ സംഘടന മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

ആർ.ശ്രീലേഖ ട്രാൻസ്‌പോർട്ട് കമ്മിഷണർ ആയിരിക്കുമ്പോഴാണ് രാജീവ് പുത്തലത്തിനു ഐഎഎസ് നൽകണമെന്നു ആവശ്യപ്പെട്ടു സർക്കാരിനു ശുപാർശ നൽകുന്നത്. ശ്രീലേഖയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ രാജീവിന് ഐഎഎസ് നല്കാനുള്ള നടപടിക്രമങ്ങൾ സർക്കാർ തലത്തിൽ ഊർജ്ജിതമാണ്. റിട്ടയർ ചെയ്ത ആർടിഒ നൽകിയ റിപ്പോർട്ടാണ് സേഫ് കേരള എന്ന പേരിൽ മോട്ടോർ വെഹിക്കിൾ നടപ്പിലാക്കിയത്. സർക്കാർ ഖജനാവിന് വൻ ബാധ്യത വരുത്തിയ നടപടികളാണ് സേഫ് കേരള പ്രോജക്ടിന്റെ മറവിൽ വന്നത്. കേരളത്തിൽ റോഡ് അപകടം കുറയ്ക്കാൻ സേഫ് കേരളയ്ക്ക് സാധിച്ചില്ല. പകരം ഖജനാവിന് അധികബാധ്യതയായി മോട്ടോർ വാഹനവകുപ്പിൽ 262 പേരുടെ തസ്തികകളാണ് രാജീവ് പുത്തലത്ത് സർക്കാരിനു ശുപാർശ ചെയ്തത്. ഇത് പൊതുഭരണസെക്രട്ടറിക്ക് നൽകിയപ്പോൾ 354 പേരുടെ തസ്തികയാക്കി നിയമനം നടത്തി. സർക്കാർ നികുതിപ്പണം ധൂർത്ത് നടത്തിയ ഉദ്യോഗസ്ഥനാണ് ഐഎഎസ് നൽകുന്നതിനു ശുപാർശ നൽകിയിരിക്കുന്നത്. ഈ നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണം- കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ ആവശ്യപ്പെടുന്നു.

സേഫ് കേരളയുടെ മറവിൽ കോടികൾ സർക്കാർ നഷ്ടപ്പെടുത്തുകയാണെന്ന് മുൻപ് തന്നെ ആരോപണം ഉയർന്നതാണ്. പക്ഷെ രാജീവ് പുത്തലത്ത് മോട്ടോർ വാഹനവകുപ്പിലെ നവീകരണത്തിനു ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥനാണ് എന്നാണ് ശുപാർശക്കത്തിൽ ശ്രീലേഖ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്ത് തന്നെ മികച്ച പദ്ധതിയെന്നാണ് സേഫ് കേരളയെ ശ്രീലേഖ വിശേഷിപ്പിക്കുന്നത്. പദ്ധതി കേരളത്തിൽ വാഹനാപകടത്തിന്റെ തോത് കുറച്ചു. മികച്ച ഉദ്യോഗസ്ഥൻ എന്ന നിലയിൽ രാജീവിന് ഐഎഎസ് പദവി നൽകാനായി ശുപാർശ ചെയ്യുകയാണ്-ശുപാർശ കത്തിൽ ശ്രീലേഖ പറയുന്നു. എന്നാൽ യാഥാർത്യം നേരെ വിപരീതവും. രാജീവ് പുത്തലത്തുകൊണ്ടുവന്ന സേഫ് കേരളയുടെ മറവിൽ 262 തസ്തികകളാണ് പുതുതായി മോട്ടോർ വാഹനവകുപ്പിൽ സൃഷ്ടിക്കപ്പെട്ടത്. കോടികളാണ് ഈ നിയമനങ്ങൾക്കായി സർക്കാർ ഖജനാവിൽ നിന്നും നീക്കിവയ്‌ക്കേണ്ടി വരുക. എന്നാൽ കേരളത്തിലെ വാഹനാപകടത്തോത് കുറയുകയോ ആധുനിക രീതിയിൽ മോട്ടോർ വാഹനവകുപ്പ് പ്രവർത്തിക്കുകയോ ചെയ്തില്ല.

സേഫ് കേരള പദ്ധതിയുടെ ഭാഗമായി കോടികൾ ചിലവഴിച്ച് ദേശീയ പാതയോരത്ത് ക്യാമറകൾ സ്ഥാപിച്ചെങ്കിലും ക്യാമറകൾ മിക്കതും കണ്ണടിച്ചിരിക്കുകയാണ്. അത് കൂടാതെയാണ് കോടികൾ ചിലവഴിച്ച് ഫെയ്‌സ് ഡിറ്റക്ഷൻ ക്യാമറകൾ സ്ഥാപിക്കാനുള്ള നീക്കവും നടന്നു വരുന്നത്. എല്ലാം സേഫ് കേരള പദ്ധതിയുടെ പേരിൽ. ഈ സേഫ് കേരള പദ്ധതിയെയാണ് ശ്രീലേഖ വാഴ്‌ത്തിപ്പാടിയിരിക്കുന്നത്. സേഫ് കേരളയുടെ നിലവിലെ അവസ്ഥ പരിതാപകരമാണ്. പുതിയ 262 നിയമനങ്ങൾ നടത്തിയപ്പോൾ സർക്കാർ ഖജനാവിന് അധിക തുക വന്നു. അതുകൂടാതെയാണ് ക്യാമറകൾ സ്ഥാപിച്ച വകയിൽ കോടികൾ വകുപ്പ് പാഴാക്കിക്കളഞ്ഞത്. ഇതെല്ലാം ചൂണ്ടിക്കാട്ടി തന്നെയാണ് രാജീവ് പുത്തലത്തിനു ഐഎഎസ് നൽകരുത് എന്ന് പറഞ്ഞു ബസുടമാ സംഘം മുന്നോട്ടു വന്നിരിക്കുന്നത്. ഖജനാവ് മുടിക്കുന്ന പരിപാടികൾക്ക് ഉദ്യോഗസ്ഥർ കൂട്ട് നിൽക്കരുത്. ഖജനാവ് മുടിക്കൽ നടക്കുന്നു എന്നല്ലാതെ എന്ന് പറഞ്ഞതല്ലാതെ സേഫ് കേരളകൊണ്ട് ഒരു ഉപയോഗവുമില്ല. ഒരു റിട്ടയർ ആർടിഒ നൽകിയ പദ്ധതിയാണ് സേഫ് കേരള എന്ന പേരിൽ രാജീവ് പുത്തലത്ത് നടപ്പിലാക്കിയത്. 354 തസ്തികകൾ സൃഷ്ടിക്കുക എന്നെല്ലാം പറഞ്ഞാൽ അത് വലിയ അധിക ബാധ്യതയാണ്. ഖജനാവ് മുടിക്കുന്ന പദ്ധതിയാണ്. ഈ രീതിയിലുള്ള ഉദ്യോഗസ്ഥന് ഐഎഎസ് നൽകരുത് ഇതാണ് ഞങ്ങളുടെ ആവശ്യം-മുഖ്യമന്ത്രിക്ക് പരാതി നൽകിയ ബസുടമാ സംഘത്തിന്റെ ജോൺസൺ പടമാടൻ മറുനാടനോട് പറഞ്ഞു.

സേഫ് കേരള പ്രോജക്റ്റ് അഴിമതിയിൽ മുങ്ങിക്കുളിക്കുകയാണെന്ന് വകുപ്പിലുള്ളവർ തന്നെ ആരോപിച്ചു കഴിഞ്ഞിട്ടുണ്ട്. അഴിമതിക്കുള്ള മറയാണ് സേഫ് കേരള പ്രോജക്റ്റ്. നിയമലംഘനം തടയാനുള്ള സേഫ് കേരളപദ്ധതിയുടെ ഭാഗമായി സ്പീഡ് ക്യാമറ പദ്ധതിയും ഇതിനായുള്ള ഇലക്ട്രിക് വാഹനം വാടകയ്ക്ക് എടുക്കുന്നതിലുമാണ് അഴിമതിക്കുള്ള സാധ്യതയാണ് തെളിഞ്ഞു വരുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും എഎൻപിആർ സംവിധാനവുമുള്ള ക്യാമറകൾക്ക് വകയിരുത്തുന്നത് അഞ്ചു കോടിയോളം രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തുന്നത്.
നിയമലംഘനം തടയാൻ കോടികൾ മുടക്കി മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച ക്യാമറകൾ മുഴുവൻ ഉപയോഗമില്ലാത്ത നോക്കുകുത്തികൾ പോലെ നിൽക്കുന്ന അവസ്ഥയിലാണ് സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്പീഡ് ക്യാമറകൾ വീണ്ടും സ്ഥാപിക്കുന്നത്. സേഫ് കേരളയുടെ ഭാഗമായി നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് ലക്ഷങ്ങൾ മുടക്കി വാങ്ങിയ ഇന്റർസെപ്റ്റർ വാഹനങ്ങളും ഒരുപയോഗവുമില്ലാതെ ഇരിക്കുകയാണ്. അമിത വേഗം പിടിക്കുകയോ, ആൽക്കഹോൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള ഇന്റർസെപ്റ്റർ വാഹന സംവിധാനങ്ങൾ ഒന്നും ഉപയോഗിക്കുന്നില്ല. പതിനഞ്ചു ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് ഇന്റർസെപ്റ്ററിൽ ഉപയോഗമില്ലാതെ വെറുതെയിരിക്കുന്നത്. ഇതെല്ലാം മൂടിവച്ചാണ് വീണ്ടും കോടികൾ മുടക്കി ഫെയ്സ് ക്യാമറകൾ എന്ന പേരിൽ സ്പീഡ് ക്യാമറകൾ സംസ്ഥാനം മുഴുവൻ സ്ഥാപിക്കാൻ മോട്ടോർ വാഹനവകുപ്പ് ഒരുങ്ങുന്നത്.

ഡിസംബറോടെ സംസ്ഥാനം മുഴുവൻ സ്പീഡ് ക്യാമറ സംവിധാനം നടപ്പിൽ വരുത്തുന്ന രീതിയിലാണ് പദ്ധതി മുന്നോട്ടു നീങ്ങുന്നത്. ഇതിലെല്ലാം പിന്നിൽ വൻ അഴിമതി നടക്കുന്നതായാണ് ആരോപണം. എടുത്തുകൊണ്ട് നടക്കാവുന്ന ഫെയ്സ് ക്യാമറകളാണ് സ്ഥാപിക്കാൻ മോട്ടോർവാഹനവകുപ്പ് ഒരുങ്ങുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നീഷനുമുള്ള ഫെയ്സ് ക്യാമറകളാണ് സംസ്ഥാനം മുഴുവൻ സ്ഥാപിക്കപ്പെടുന്നത്. രണ്ടു ലക്ഷം രൂപ വിലവരുന്ന 20 ക്യാമറകളാണ് ഒരു ജില്ലയിൽ ആദ്യ ഘട്ടം സ്ഥാപിക്കുന്നത്. അഞ്ചു കോടിക്ക് അടുത്തു തുക ഇതിന്നായി വകയിരുത്തേണ്ടി വരും. സേഫ് കേരള സ്വകാഡിനു വേണ്ടി ഇലക്ട്രിക് വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനുള്ള നീക്കമാണ് മറ്റൊന്ന്. 65 ഇലക്ട്രിക് ടാറ്റാ നെക്സൺ കാറുകൾ വാടകയ്ക്ക് എടുക്കാനാണ് സർക്കാർ അനുമതി നൽകിയത്. ഒരു കാറിനു 35000 രൂപയാണ് മാസ വാടക. ഇതിനായി 22 ലക്ഷത്തോളം രൂപ ഒരു മാസത്തേക്ക് മാത്രമായി വകയിരുത്തെണ്ടിയും വരും. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് സേഫ് കേരള പ്രോജക്റ്റ് വെള്ളാന എന്ന രീതിയിൽ വകുപ്പിനുള്ളിൽ തന്നെ വിശേഷണം വരുന്നത്.

വാസ്തവം ഇങ്ങനെയായിരിക്കെയാണ് രാജീവിനെ ആധുനികതയുടെ ശില്പിയാക്കി ഐഎഎസ് നൽകാനുള്ള നീക്കം നടക്കുന്നത്. ഐഎഎസ് നല്കാനുള്ള നീക്കം എളുപ്പമാകില്ലെന്നാണ് മുതിർന്ന ഐഎഎസ് ഓഫീസർമാർ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാന കമ്മറ്റി അഭിമുഖം നടത്തി ഷോർട്ട് ലിസ്റ്റ് ഇടും. യുപിഎസ്‌സിയുടെ വകയായി അഭിമുഖം വേറെയും നടക്കും. അതിൽ അവർ നൽകുന്ന മാർക്ക് സെലക്ഷനിൽ പരമപ്രധാനമാകും. യുപിഎസ് സി എന്ന കടമ്പ അത് വലിയ കടമ്പ തന്നെയാകും എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP