Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തട്ടിപ്പിന് ഇരയായ നടി ഷംന കാസിമിന് പൂർണ്ണ പിന്തുണയുമായി താര സംഘടന; നിയമനടപടികൾക്ക് ആവശ്യമെങ്കിൽ സഹായം നൽകുമെന്നും അമ്മ നേതൃത്വം; നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികൾക്കെതിരെ കൂടുതൽ പെൺകുട്ടികളും; ഷംനയിൽ നിന്ന് പ്രതികൾ ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ; വിവാഹാലോചന എത്തിയത് തങ്ങൾകുടുംബം എന്ന പേരിൽ; വിശദമായ ചോദ്യം ചെയ്യലിന് അന്വേഷണ സംഘം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തട്ടിപ്പിന് ഇരയായ നടി ഷംന കാസിമിന് പൂർണ്ണ പിന്തുണയെന്ന് താരസംഘടന 'അമ്മ'. നിയമനടപടികൾക്ക് ആവശ്യമെങ്കിൽ സഹായം നൽകുമെന്നും അമ്മ നേതൃത്വം അറിയിച്ചു. നേരത്തെ, തട്ടിപ്പിന്റെ വിവരം നടി ഷംന കാസിം വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികൾക്കെതിരെ കൂടുതൽ പെൺകുട്ടികൾ രംഗത്ത് വന്നിരുന്നു.

മറ്റൊരു നടിയെയും ഒരു മോഡലിനെയും ഇതേ പ്രതികൾ ബ്ലാക്മെയിലിങ് ചെയ്തതായാണ് വിവരം. ഇവരിൽ നിന്ന് പ്രതികൾ പണവും സ്വർണവും തട്ടിയെടുത്തു. ഇരുവരും പൊലീസിനെ സമീപിച്ചിട്ടുണ്ട്. പരാതികളിൽ പൊലീസ് ഇന്ന് കേസെടുക്കും.

ഷംനയിൽ നിന്ന് പ്രതികൾ 10 ലക്ഷം രൂപ ലക്ഷ്യമിട്ടതായാണ് വിവരം. ദുബായിലെ ബിസിനസ് അത്യാവശത്തിന് പണം ആവശ്യപ്പെടാൻ ആയിരുന്നു പദ്ധതി. പ്രതി ഷംനയെ വിളിച്ചത് അൻവർ എന്ന പേരിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അൻവർ ആയി അഭിനയിച്ചത്. ഇയാൾ രണ്ട് കുട്ടികളുടെ അച്ഛൻ ആണെന്ന് പൊലീസ് പറഞ്ഞു. മാന്യത നടിച്ചാണ് തട്ടിപ്പുകാർ ഇടപെട്ടതെന്ന് ഷംന പറയുന്നു. കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാൽ ആദ്യം സംശയിച്ചില്ല. എന്നാൽ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയെന്നും ഷംന വിശദീകരിക്കുന്നു. ദുബായിൽ സ്വർണ്ണക്കടയുണ്ടെന്ന് പ്രതികൾ പറഞ്ഞു. വീഡിയോ കോൾ വിളിക്കാൻ ഷംന ആവശ്യപ്പെട്ടതോടെ പ്രതി ഫോൺ സ്വിച്ച് ഓഫ് ആക്കി. പിന്നീടാണ് ഭീഷണി തുടങ്ങിയതെന്നും ഷംന പറഞ്ഞു.

സോഷ്യൽ മീഡിയ വഴി അപമാനിക്കുമെന്ന് നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം നടത്തിയ സംഘം നടിയെ ബന്ധപ്പെട്ടത് വിദേശത്ത് നിന്നും സ്വർണം കേരളത്തിലേക്ക് എത്തിക്കാനായുള്ള ഇടനിലക്കാരിയാകാമോ എന്ന് ചോദിച്ചാണ്. ഏപ്രിൽ മാസത്തിലാണ് നടിയുടെ ഫോണിലേക്ക് ഒരു അപരിചിതമായ നമ്പരിൽ നിന്നും ഫോൺ വന്നത്. അൻവർ അലി എന്ന് പരിചയപ്പെടുത്തിയ ആൾ നടിയോട് ഏറെ നേരം സംസാരിച്ചതിന് ശേഷം ദുബായിൽ നിന്നും സ്വർണം കൊണ്ടുവരാൻ സഹായിക്കണമെന്ന് ആവിശ്യപ്പെട്ടു. സ്വർണ്ണത്തിന്റെ തൂക്കമനുസരിച്ച് തുക നൽകാമെന്നും എയർപോർട്ടിൽ യാതൊരു പ്രശ്‌നങ്ങളും ഉണ്ടാകില്ല എന്നും അറിയിച്ചു. എന്നാൽ നടി ഇതു നിരസിച്ചു. ഫോൺ വിളിച്ചയാൾ പിന്നീട് ഏറെ നിർബന്ധിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് അൻവറലി എന്ന പേരിൽ മറ്റൊരു ഫോൺ കോൾ നടിക്കെത്തുന്നത്. കോഴിക്കോട്ടെ വലിയ കുടുംബത്തിൽ പെട്ടയാളാണെന്നും ഗൾഫിലടക്കം സ്വർണക്കടകളുണ്ടെന്നുമാണു പറഞ്ഞത്. ഷംനയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും അറിയിച്ചു. തുടർന്ന് ഇയാൾ കാസർകോട്ടെ ഒരു ടിക്ടോക് താരത്തിന്റെ ഫോട്ടോ അയച്ചു കൊടുക്കുകയും ചെയ്തു. ഫോട്ടോ കണ്ട് ഇഷ്ട്ടപെട്ട നടി വിവാഹത്തിന് സമ്മതമാണെന്നും വീട്ടുകാരുമായി സംസാരിക്കാനും ആവിശ്യപ്പെട്ടു. തുടർന്ന് ഷംനയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും കുടുംബക്കാർ വിവാഹാലോചനയുമായി കൊച്ചിയിലെ വസതിയിലെത്തുമെന്നും അറിയിച്ചു. അങ്ങനെയാണ് ജൂൺ 3 ന് കൊച്ചിയിലെ വീട്ടിൽ അറസ്റ്റിലായവർ എത്തുന്നത്.

വിവാഹകാര്യങ്ങളെപറ്റി സംസാരിക്കുന്നതിനിടയിൽ സ്ത്രീകളാരും എത്താതിരുന്നത് എന്ന് അന്വേഷിച്ചു. അവർ അടുത്ത ദിവസം വരുമെന്നാണ് പറഞ്ഞത്. സംസാരിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ കുടുംബക്കാരെ കാണിക്കാനാണ് എന്നാണ് ഇവർ പറഞ്ഞത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഷംന വിവാഹം കഴിക്കാൻ താൽപര്യപ്പെട്ട അൻവറലിയെ വീഡിയോ കോൾ ചെയ്തു. അപ്പോഴാണ് ഫോട്ടോയിൽ കണ്ട ആളല്ല ഇതെന്ന് മനസ്സിലായത്. ഇയാൾ വീട്ടിലെത്തിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നയാളായിരുന്നു. തുടർന്ന് നടി വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വീടിനു പുറത്തെ ദൃശ്യങ്ങളും വാഹനത്തിന്റെ ദൃശ്യങ്ങളും പകർത്തിയത് അറിയുന്നത്.

പിന്നീട് അൻവറലി എന്ന് പരിചയപ്പെടുത്തിയആൾ നടിയുടെ വീട്ടിൽ നിന്നും പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്ത് വിട്ട് സോഷ്യൽ മീഡിയയിൽ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഒരു ലക്ഷം രൂപ തന്നാൽ ഇതിൽ നിന്നും പിന്മാറാം എന്നും ഇയാൾ പറഞ്ഞു. ഇതോടെയാണ് നടി കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഷാഡോ പൊലീസും മരട് പൊലീസും സംയുക്തമായി ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തൃശൂർ വാടാനപ്പിള്ളി ശാന്തി റോഡ് അമ്പലത്ത് റഫീഖ് മുഹമ്മദ് (30), കുന്നംകുളം കടവൂർ കൊരട്ടിക്കര കമ്മക്കാട്ട് രമേഷ് കൃഷ്ണൻ (35), കൊടുങ്ങല്ലൂർ കയ്പമംഗലം പുത്തൻപുര ശരത് ശിവദാസൻ (25), കുണ്ടലിയൂർ നാലുമുക്ക് സെന്റർ അമ്പലത്ത് അഷ്‌റഫ് സെയ്ത് മുഹമ്മദ് (52) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് അൻവറലി എന്ന പേരിൽ നടിയെ വിവാഹം കഴിക്കാൻ മുന്നോട്ട് വന്നയാൾ റഫീക്ക് മുഹമ്മദാണെന്ന് അറിഞ്ഞത്.

പ്രതികൾ കൂടുതൽ പ്രമുഖരിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഷംനയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ പ്രതികളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഇവർക്കെതിരെ കൂടുതൽ പേർ പരാതിയുമായി മരട് പൊലീസിനെ സമീപിച്ചത്. വ്യാജ ചിത്രങ്ങൾ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. രണ്ടുമോഡലുകളാണ് ഇവർക്കെതിരെ മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. ഇവരിൽ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാൻ കഴിയുമോ അതോ നിലവിലുള്ള കേസിൽ ഇവരുടെ പരാതി ഉൾപ്പെടുത്തി അന്വേഷിക്കാൻ കഴിയുമോ എന്ന് പൊലീസ് തീരുമാനിക്കും. കൂടുതൽ തെളിവുകൾ കണ്ടെത്തേണ്ടതുണ്ട്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP