Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് ബൈപ്പാസിൽ കോർപറേഷന്റെ അനുമതിയോടു കൂടിയുള്ള മാലിന്യ നിക്ഷേപം; റോഡ് നിർമ്മാണത്തിനായി തുടങ്ങിയ മാലിന്യനിക്ഷേപം ഇപ്പോഴും തുടരുന്നു; തുടക്കത്തിൽ കെട്ടിട അവശിഷ്ടങ്ങളാണ് നിക്ഷേപിച്ചിരുന്നതെങ്കിൽ ഇപ്പോൾ ആശുപത്രി മാലിന്യങ്ങളും ഹോട്ടൽ മാലിന്യങ്ങളും തള്ളുന്നത് റോഡിന്റെ വശങ്ങളിൽ; പട്ടാപ്പകൽ മാലിന്യം തള്ളിയ ഊരാളുങ്കൽ സൊസൈറ്റിയുടെ വാഹനം നാട്ടുകാർ തടഞ്ഞെങ്കിലും രക്ഷപ്പെടുത്തി പറഞ്ഞയച്ച് ചേവായൂർ പൊലീസ്

കോഴിക്കോട് ബൈപ്പാസിൽ കോർപറേഷന്റെ അനുമതിയോടു കൂടിയുള്ള മാലിന്യ നിക്ഷേപം; റോഡ് നിർമ്മാണത്തിനായി തുടങ്ങിയ മാലിന്യനിക്ഷേപം ഇപ്പോഴും തുടരുന്നു; തുടക്കത്തിൽ കെട്ടിട അവശിഷ്ടങ്ങളാണ് നിക്ഷേപിച്ചിരുന്നതെങ്കിൽ ഇപ്പോൾ ആശുപത്രി മാലിന്യങ്ങളും ഹോട്ടൽ മാലിന്യങ്ങളും തള്ളുന്നത് റോഡിന്റെ വശങ്ങളിൽ; പട്ടാപ്പകൽ മാലിന്യം തള്ളിയ ഊരാളുങ്കൽ സൊസൈറ്റിയുടെ വാഹനം നാട്ടുകാർ തടഞ്ഞെങ്കിലും രക്ഷപ്പെടുത്തി പറഞ്ഞയച്ച് ചേവായൂർ പൊലീസ്

ജാസിം മൊയ്തീൻ

കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിൽ തൊണ്ടയാട് മേൽപ്പാലം കഴിയുന്നിടം മുതൽ മലാപറമ്പ് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ കോഴിക്കോട് കോർപറേഷന്റെ അനുമതിയോടുകൂടി മാലിന്യം തള്ളുന്നത് നാട്ടുകാർക്കും യാത്രക്കാർക്കും പരിസ്ഥിതിക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു. ഒരു വർഷത്തിലേറെയായി തുടരുന്ന മാലിന്യംതള്ളൽ ഇപ്പോഴും നിർബാധം തുടരുകയാണ്. സമീപത്തെ വയലുകളും ജലാശയങ്ങളും റോഡിന്റെ ഇരുവശവും മാലിന്യം കൊണ്ട് നിറഞ്ഞ അവസ്ഥയാണ്. കാൽനട യാത്രക്കാർക്ക് നടക്കാൻ പോകലുമാകാത്ത വിധം റോഡിലേക്ക് ഇറക്കിയാണ് ഇപ്പോൾ കോർപറേഷൻ അനുമതിയോടുകൂടി വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ളവർ മാലിന്യം തള്ളുന്നത്. പൊലീസിലും കോർപറേഷനിലും സമീപത്തെ താമസക്കാരും സ്ഥലമുടമകളും പരിസ്ഥിതി പ്രവർത്തകരും പരാതികൾ നൽകിയെങ്കിലും ഇതുവരെയും നടപടിയായില്ല എന്നു മാത്രമല്ല മാലിന്യം തള്ളുന്നവർക്ക് സംരക്ഷണമൊരുക്കുന്ന നിലപാടാണ് അധികാരികളിൽ നിന്നുമുണ്ടായിട്ടുള്ളത്.

ബൈപ്പാസ് റോഡ് ഉയർത്തുന്നതിന് വേണ്ടിയാണ് കഴിഞ്ഞ കുറെ നാളുകളായി ഇവിടെ മാലിന്യം നിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. കോർപറേഷന്റെ അനുമതിയോടുകൂടി നഗരത്തിലെ കെട്ടിടങ്ങൾ പൊളിക്കുന്നതിന്റെ അവശിഷ്ടങ്ങളും മറ്റുമാണ് ആദ്യ ഘട്ടത്തിൽ ഇവിടെ നിക്ഷേപിച്ചിരുന്നത്. തൊണ്ടയാട് മേൽപാലം അവസാനിക്കുന്നതുമുതൽ പാച്ചാക്കൽ ജംഗ്ഷൻ വരെ റോഡിന്റെ ഇരുവശത്തുമായി ഒരു കിലോമീറ്റർ ദൂരത്തോളം ഇത്തരത്തിൽ കോർപറേഷന്റെ അനുമതിയോടെ കെട്ടിടം പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ തള്ളിയിരുന്നു. എന്നാൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെയും ആരംഭിച്ചിട്ടില്ല. തുടക്കത്തിൽ കെട്ടിട അവശിഷ്ടങ്ങളാണ് തള്ളിയിരുന്നതെങ്കിൽ ഇപ്പോൾ കോർപറേഷൻ പരിധിയിലെ മുഴുവൻ മാലിന്യങ്ങളും ഇപ്പോൾ ഇവിടെയാണ് തള്ളുന്നത്.

കോർപറേഷൻ അനുമതിയോടു കൂടി വാഹനങ്ങളിൽ വന്ന് മാലിന്യം നിക്ഷേപിക്കുന്നവർക്ക് പുറമെ ഇതുവഴി യാത്ര ചെയ്യുന്നവരും മാലിന്യം വലിച്ചെറിയാനുള്ള ഒരിടമായി ബൈപ്പാസ് റോഡിനെ മാറ്റിയിരിക്കുന്നു. അറവുശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ, പ്ലാസ്റ്റിക്, ഇലക്ട്രോണിക്സ് മാലിന്യങ്ങൾ തുടങ്ങി നഗരത്തിലെവിടെയുമുള്ള മാലിന്യങ്ങൾ ഇപ്പോൾ ഈ റോഡിന്റെ ഇരുവശങ്ങളിലുമാണ് നിക്ഷേപിക്കുന്നത്. ആശുപത്രി മാല്യന്യങ്ങളും കല്യാണ വീടുകളിൽ നിന്നുള്ള മാലിന്യങ്ങളും ഇവിടെ വിവിധയിടങ്ങളിലായി വലിച്ചെറിഞ്ഞിരിക്കുന്നത് കാണാം

കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടുകൂടി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാഹനത്തിൽ മാലിന്യം കൊണ്ടുതള്ളുന്നത് നാട്ടുകാർ ഇടപെട്ട് തടഞ്ഞിരുന്നു. എന്നാൽ വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞത് കോർപറേഷൻ മേയർ പറഞ്ഞിട്ടാണ് ഇവിടെ മാലിന്യം കൊണ്ടുവന്നിടുന്നത് എന്നാണ്. എന്നാൽ മേയർ വരാതെ വാഹനം കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാർ വാഹനം തടഞ്ഞെങ്കിലും ചേവായൂർ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി പറഞ്ഞയക്കുകയാണുണ്ടായത്.

ഒരു വർഷത്തിലധികമായി ഈ മാലിന്യപ്രശ്നം കാരണം നാട്ടുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടിനെ കുറിച്ച് നിരവധിയിടങ്ങളിൽ പരാതി നൽകിയെങ്കിലും ഒരിടത്തുനിന്നും അനുകൂലമായ മറുപടി പോലും ലഭിച്ചില്ലെന്നു മാത്രമല്ല മാലിന്യം തള്ളുന്നതിനെ ന്യായീകരിച്ചുകൊണ്ടാണ് ഉദ്യോഗസ്ഥർ സംസാരിച്ചിട്ടുള്ളത്. ഇന്നലെ മാലിന്യം തള്ളിയ നടപടിക്കെതിരെ പരാതി പറയാനായി ചേവായൂർ സിഐ ശ്രീജിത്തിനെ നാട്ടുകാരിലൊരാളായ ഷെറീന വിളിച്ചിരുന്നെങ്കിലും മാലിന്യം തള്ളുന്നതിനെ അനുകൂലിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. മാത്രവുമല്ല ഊരാളുങ്കലിന്റെ വാഹനത്തിൽ അവിടെ മാലിന്യം നിക്ഷേപിക്കില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഊരാളുങ്കലിന്റെ വാഹനത്തിലെത്തി മാലിന്യം തള്ളുന്നതിന്റെ ഫോട്ടോയും വീടിയോയും അടക്കം പരാതി നൽകിയിട്ടും അവർ നടപടിയെടുത്തിട്ടില്ല. സംഭവം നേരിട്ടുകണ്ട ചേവായൂർ എസ്ഐ അനിൽകുമാർ നാട്ടുകാരിൽ നിന്നും വാഹനത്തെ രക്ഷപ്പെടുത്തി പറഞ്ഞയക്കുകയാണുണ്ടായത്.

നഗരത്തിലെ ഓടകൾ ശുചീകരിച്ചതിന്റെ ഭാഗമായുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും വിവിധ ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും ഇത്തരത്തിൽ ഇവിടെ നിക്ഷേപിക്കുന്നത് കാരണം ഇവ അഴുകി റോഡിലേക്ക് ഒലിച്ചിറങ്ങി കാൽനടപോലും സാധ്യമല്ലാത്ത അവസ്ഥയിലാണ് ഈ റോഡിൽ ഒരു കിലോമീറ്ററോളം ദൂരമുള്ളത്. റോഡ് നിർമ്മിക്കുമ്പോൾ മാലിന്യമെല്ലാം അതിനടിൽ മൂടിപ്പോകുമെന്നാണ് ഇക്കാര്യത്തിൽ കോർപറേഷന്റെ ന്യായം. എന്നാൽ റോഡ് നിർമ്മാണം എന്ന് ആരംഭിക്കുമെന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല.

റോഡ് നിർമ്മാണം ആരംഭിക്കുന്ന കാലം വരെ ഈ മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ ജീവിക്കേണ്ടി വരുന്ന നാട്ടുകാരുടെ അവസ്ഥയെ കുറിച്ച് കോർപറേഷന് എന്നാണ് മനസ്സിലാകുക എന്നാണ് സമീപത്തെ വീടുകളിലുള്ളവർ ചോദിക്കുന്നത്. മാലിന്യത്തിന്റെ ദുർഗന്ധം കാരണം സമീപത്തുകൂടി നടക്കാൻ പോലും കഴിയുന്നില്ല. സമീപത്തെ വയലിലും ജലാശയങ്ങളിലുമെല്ലാം ഇവിടുന്നുള്ള മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്നു. കാക്കയും പൂച്ചയും പട്ടികളുമെല്ലാം റോഡിന്റെ ഇരുവശത്തുമുള്ള മാലിന്യങ്ങൾ കിണറുകളിലും വീട്ടുമുറ്റത്തുമെല്ലാം എത്തിക്കുന്നു. ഇനിയൊരു കൃഷിക്ക് സാധ്യമല്ലാത്ത രീതിയിൽ റോഡിന് ഇരുവശവുമുണ്ടായിരുന്ന വയലുകൾ മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുന്നതായും നാട്ടുകാരിലൊരാളായ ഷെറീന മറുനാടൻ മലയാളിയോട് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP