Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു നൂറ്റാണ്ട് പിന്നിടുന്ന ഭൂമി കുംഭകോണ വിവാദം; ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് തലമുറ കൈമാറ്റത്തിലൂടെ ഹാരിസൺ മലയാളത്തിന്റെ കൈവശം എത്തിയ സർക്കാർ ഭൂമി; ഉടമയറിയാതെ മറുപാട്ടം നൽകിയ കരാറിൽ പോലും സർക്കാരുകൾ കണ്ണും കെട്ടി നിന്നു; ഭൂമി വിറ്റ് തിന്നാൻ ഒത്താശ ചെയ്തവരിൽ സി അച്യുത മേനോൻ മുതൽ നീളുന്ന കൺകെട്ട് മന്ത്രിമാർ; വി.എസിന്റെ കാലത്ത് സുശീലാ ഭട്ടും, പിന്നാലെ രാജമാണിക്യവും വരെ മാറാമാറി നടത്തിയ അന്വേഷണങ്ങൾ; സ്വന്തം ഭൂമിക്കായി സർക്കാർ തോറ്റകഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ശബരിമല വിമാനത്താവള ഭൂമി വിവാദങ്ങളുടെ ഭാഗമായിട്ട് ഒരു നൂറ്റാണ്ട് പിന്നിടുകയാണ്. ആദ്യ ഉടമ അറിയാതെ പാട്ടക്കാരൻ മറുപാട്ടം കൊടുത്തതാണ് ഭൂമിയിടപാട് വിവാദമായ ആദ്യകാലത്തെ വിവാദം. പിന്നീടിങ്ങോട്ട് വിവാദങ്ങളുടെ വിളനിലമായി ശബരമല വിമാനത്താവള ഭൂമി മാറി ഭൂമി കിട്ടിയിട്ടും കൈവശംവെച്ചത് ആരെന്നതു ശ്രദ്ധിക്കാതെപോയത് സർക്കാരിന്റെ പ്രധാന പാളിച്ച. നൂറ്റാണ്ടിനൊടുവിൽ കേസുമായി കോടതികയറിയപ്പോൾ തോൽവിയും. കമ്മിഷനുകൾ സർക്കാർവകയെന്നു കണ്ടെത്തിയ ഹാരിസൺ ഭൂമികളിൽ ചെറുവള്ളി എസ്റ്റേറ്റിന് ഇത്രയും സംഭവബഹുലമായ ചരിത്രവഴികളുണ്ട്.

ഗ്രേറ്റ് ടവർ സ്ട്രീറ്റ്, ലണ്ടൻ എന്ന മേൽവിലാസത്തിലുള്ള കമ്പനിയായിരുന്നു ഹാരിസൺ. 1834 മുതൽ പ്രവർത്തിച്ചുവരുന്നു. 1921-ൽ മലയാളം പ്ലാന്റേഷൻസ് (യു.കെ.) ലിമിറ്റഡ്, ഹാരിസൺസ് ആൻഡ് ക്രോസ്ഫീൽഡ് (യു.കെ.) ലിമിറ്റഡ് എന്നീ കമ്പനികൾ നിലവിൽവന്നു. ഗ്രേറ്റ് ടവർ സ്ട്രീറ്റ് വിലാസത്തിലുള്ള അഞ്ചു കമ്പനികളാണ് മലയാളം പ്ലാന്റേഷൻസ് ആയത്. ഇവരുടെ ഉത്പന്നം യൂറോപ്പിൽ വിൽക്കാനാണ് ഹാരിസൺസ് ആൻഡ് ക്രോസ് ഫീൽഡ് (യു.കെ.) എന്ന കമ്പനി. തോട്ടങ്ങൾ പാട്ടത്തിനെടുത്താണ് പ്രവർത്തനം.

ചെറുവള്ളി തോട്ടം വഞ്ചിപ്പുഴമഠം വകയായിരുന്നു. അവർ കൃഷിക്ക് ജെ.ആർ. വിൻസെന്റ് എന്ന ഇംഗ്ലീഷുകാരന് കൊടുത്തു. മഠം അറിയാതെ ഇദ്ദേഹം ഈ ഭൂമി എച്ച്.എം. നൈറ്റ് എന്നയാൾക്ക് മറുപാട്ടം നൽകി. 1923-ൽ ഇവരിൽനിന്ന് മലയാളം പ്ലാന്റേഷൻ (യു.കെ.) ഈ ഭൂമി പാട്ടത്തിനെടുത്തു. യഥാർഥ ഉടമയായ മഠം അറിയാതെയാണ് ഈ നീക്കങ്ങൾ. സ്വാതന്ത്ര്യം കിട്ടിയശേഷം ഫെറ നിയമം വന്നതോടെ മലയാളം പ്ലാന്റേഷൻസ് ഇന്ത്യാ ലിമിറ്റഡെന്ന കമ്പനി തുടങ്ങി. അവരിൽ ചെറുവള്ളി അടക്കമുള്ള ഭൂമിയെത്തി. 1973-ലായിരുന്നു ഇത്.

1955-ൽ മഠം അധികാരികൾ ഭൂമി സർക്കാരിനു വിറ്റു. അവർക്ക് പണവും കിട്ടി. ഈ വിവരം പക്ഷേ, ഹാരിസൺ ശ്രദ്ധിച്ചിരുന്നില്ല. തങ്ങൾ പാട്ടത്തിന് കൈവശംവെച്ച ഭൂമി സർക്കാരിലേക്ക് പോയതറിയാതെ അവർ കൃഷി തുടർന്നു. കമ്പനിയുടെ ഓഹരി ആർ.പി. ഗോയങ്ക ഗ്രൂപ്പിനും ഉണ്ടായിരുന്നു.

കേരളത്തിലെ പാട്ടഭൂമികൾ കാലാവധി കഴിഞ്ഞ് കൈവശംവെച്ചിരിക്കുന്നത് തിരിച്ചുകൊടുക്കണമെന്ന് ആവശ്യമുയരുന്നു. '90-കളിൽ ഇക്കാര്യത്തിൽ പലതവണ നിവേദനം കിട്ടിയതിനാൽ സർക്കാർ കമ്മിഷനെ വെക്കുന്നു.

1. ഹാരിസണിന്റെ കൈവശഭൂമിയെപ്പറ്റി സുമിത എൻ. മേനോൻ റിപ്പോർട്ട് നൽകി. നടപടിയുണ്ടായില്ല.

2. 2005-ൽ ഹാരിസണിന്റെ കൈവശമുള്ള സർക്കാർഭൂമി കണ്ടെത്താൻ ലാൻഡ് റവന്യൂ കമ്മിഷണറായിരുന്ന നിവേദിത പി. ഹരൻ അന്വേഷണംനടത്തി റിപ്പോർട്ട് നൽകി. 76,000 ഏക്കർ ഭൂമിയിൽ ഹാരിസണിന് അവകാശമില്ലെന്നായിരുന്നു റിപ്പോർട്ട്. ഇതേവർഷം ചെറുവള്ളി എസ്റ്റേറ്റ് തിരുവല്ല ഗോസ്പൽ ഏഷ്യാ ചർച്ചിന് (ബിലീവേഴ്‌സ് ചർച്ച്) വിറ്റു. തൊഴിലാളികളെ അടക്കം ചർച്ച് ഏറ്റെടുത്തു. റബ്ബറാണ് പ്രധാന കൃഷി. മൊത്തം 2263.18 ഏക്കർ.

3. 2007-ൽ കമ്പനിയുടെ കൈവശമുള്ള സർക്കാർഭൂമി ഏറ്റെടുക്കുന്നത് പഠിക്കാൻ അഞ്ചു മന്ത്രിമാർ അടങ്ങിയ മന്ത്രിസഭാ ഉപസമിതി രൂപവത്കരിച്ചു.

4. നിയമവശങ്ങൾ പഠിക്കാൻ ജസ്റ്റിസ് എൽ. മനോഹരന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെയും നിയോഗിച്ചു. ഭൂമി ഏറ്റെടുക്കാൻ തടസ്സമില്ലെന്നായിരുന്നു റിപ്പോർട്ട്.

5. 2010-ൽ വീണ്ടും പുതിയ പഠനം. ഹാരിസണിന്റെ ഭൂമി ഏറ്റെടുക്കുന്നതിന്റെ നടപടിക്രമങ്ങളെക്കുറിച്ച് പഠിക്കാൻ അസി. ലാൻഡ് റവന്യൂ കമ്മിഷണർ സജിത്ത് ബാബുവിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിട്ടു. ഹാരിസണിന്റെ ഭൂമി സർക്കാർഭൂമിയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ റിപ്പോർട്ട്.

ഒരു നൂറ്റാണ്ടിലേറെ ആയി സംസ്ഥാനത്ത് നടപ്പാകുന്ന ഭൂമി കുംഭകോണം. ജനാധിപത്യ ഭരണം കേരളത്തിൽ തുടങ്ങിയ കാലംമുതലേ വൻകിട മുതലാളിമാർക്കായി ഇടതുവലതു സർക്കാരുകൾ മാറിമാറി കൈക്കൊണ്ട തെറ്റായ നിലപാടുകൾ. ഇതിൽത്തന്നെ സിപിഎമ്മും സിപിഐയും ഒരേപോലെ വൻകിട തോട്ടമുതലാളിമാർക്ക് വേണ്ടി നടത്തിയ ഒത്തുകളികളികളികൾ. ഈ ഒത്തുകളികളുടെ അന്തിമ വിജയത്തിലേക്ക് കോടതിയിൽ ഒരു കേസ് തോറ്റുകൊടുക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ച്, സർക്കാരിന്റെ കയ്യിൽ എത്തേണ്ട ഭൂമി വിട്ടുകൊടുത്തിരിക്കുകയാണ് പിണറായി സർക്കാർ.

ഇത്തരത്തിൽ രണ്ടു ദശാബ്ദത്തിലേറെ നീണ്ട നിയമപോരാട്ടത്തിൽ തോറ്റുകൊടുത്ത് സർക്കാർ കേരളത്തിൽ സ്വകാര്യ കുത്തകകളുടെ കൈവശം ഇരുന്ന ഒരുലക്ഷത്തിലേറെ ഏക്കർ ഭൂമിയാണ് ഇത്തരത്തിൽ വിട്ടുകൊടുക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയത്. ഹാരിസണിന്റേയും ടാറ്റയുടേയും ഉൾപ്പെടെ വൻതോതിൽ സ്വകാര്യ കുത്തകമുതലാളിമാർ കൈവശം വച്ചിരുന്ന ഭൂമിയെല്ലാം അവരിലേക്ക് തന്നെ ചെന്നുചേരുന്ന സ്ഥിതിയിലേക്ക് രാഷ്ട്രീയ ഗൂഢാലോചന നടത്തിയിരിക്കുകയാണ് സർക്കാർ എന്ന നിലയിലാണ് കാര്യങ്ങൾ വിലയിരുത്തപ്പെട്ടത്.

രാജഭരണകാലത്ത് ഇത്തരം കമ്പനികൾ കൈവശം വച്ചിരുന്ന ഭൂമി സ്വാതന്ത്ര്യാനന്തരം സർക്കാരുകൾക്ക് ഏറ്റെടുക്കാവുന്നതേയുള്ളൂ. ഇത് സ്വന്തമാക്കാൻ സൃഷ്ടിക്കപ്പെട്ട ആധാരങ്ങളും മറ്റും എല്ലാം വ്യാജമാണെന്നും പലകുറി കണ്ടെത്തി. എന്നാൽ അതെല്ലാം അട്ടിമറിച്ച് സിപിഐക്കാരനായ അച്യുതമേനോൻ മുഖ്യമന്ത്രി ആയിരുന്ന കാലം തൊട്ട് തുടങ്ങിയ തട്ടിപ്പ് അവസാന ആണിയടിച്ച് ഉറപ്പിച്ചു കൊടുത്തിരിക്കുകയാണ് സിപിഎം മുഖ്യമന്ത്രിയായ പിണറായി.

ഭൂമി ഏറ്റെടുക്കാൻ മടിക്കുന്ന ഇടതുസർക്കാർ തന്ത്രങ്ങൾ

പാവപ്പെട്ടവന്റെ പേരുപറഞ്ഞ് അധികാരത്തിൽ എത്തിയ ഇടത് സർക്കാറിന് ബന്ധം വൻകിട കുത്തകകളോടാണ് എന്ന് വ്്്യക്തമാകുന്നതാണ് എക്കാലത്തേയും അവരുടെ നടപടികൾ. വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് ഹാരിസണെതിരെ ആദ്യ അന്വേഷണം നടന്നത്. അതിന് മുന്നോടിയായി അന്നത്തെ റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രൻ ആയിരുന്നു. വൈകാതെ ലാന്റ് റവന്യൂ കമ്മീഷണറായി നിവേദിതാ പി.ഹരന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി അന്വേഷണം ആരംഭിച്ചു. ഹാരിസണ് ഭൂമിക്കുമേൽ യാതൊരു അവകാശവും ഇല്ലെന്ന് വ്യക്തമാക്കി അവർ മാസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചു. പിന്നീട് റിപ്പോർട്ടിന്റെ നിയമസാധുതയെപ്പറ്റി പഠിക്കാൻ ജസ്റ്റീസ് എൽ.മനോഹരനെ കമ്മീഷനായി നിയമിച്ചു.

അദ്ദേഹം ഭൂമി ഏറ്റെടുക്കുന്നതിന് യാതൊവുവിധ തടസവാദങ്ങളുമില്ലെന്ന് റിപ്പോർട്ടെഴുതി. അതിനുശേഷം ലാന്റ്് റവന്യൂ അസിസ്റ്റന്റ് കമ്മീഷണറായ സജിത്ത് ബാബുവിനെ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ചു. ഭൂമി അടിയന്തരമായി ഏറ്റെടുക്കണമെന്ന് സൂചിപ്പിച്ച് അദ്ദേഹവും റിപ്പോർട്ട് എഴുതി. എന്നാൽ ജസ്റ്റീസ് എൽ.മനോഹരൻ കമ്മിറ്റി റിപ്പോർട്ടും സജിത്ത് ബാബുവിന്റെ റിപ്പോർട്ടും നിയമസഭയ്ക്ക് മുന്നിൽ വന്നില്ല. തുടർനടപടികൾ എല്ലാം നിശ്ചലമായി. ഹാരിസണും സിപിഐ ഉന്നതരും തമ്മിൽ രഹസ്യധാരണയിൽ എത്തിയതോടെ മുതലാളിമാർക്ക് വേണ്ടി കാര്യങ്ങൾ വഴിമാറി.

എന്നാൽ യുഡിഎഫ് സർക്കാർ ഹാരിസൺ വിഷയത്തിൽ ശ്രദ്ധേയമായ നീക്കങ്ങൾ നടത്തിയിരുന്നു. ആദ്യം റവന്യൂ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും പിന്നീട് എത്തിയ അടൂർ പ്രകാശും ഇക്കാര്യത്തിൽ വലിയ പങ്കുവഹിച്ചു. ഹാരിസന്റെ ഭൂമി ഇടപാടുകളെപ്പറ്റി അന്വേഷിക്കാൻ വിജിലൻസ് ഡിവൈ.എസ്‌പി നന്ദനൻപിള്ളയെ നിയമിച്ചത് അടൂർ പ്രകാശാണ്. ഹാരിസന്റെ ആധാരം പോലും വ്യാജമാണെന്ന് അങ്ങനെയാണ് കണ്ടെത്തുന്നത്. തുടർന്ന് റവന്യൂ വകുപ്പ് പ്ലീഡർ സുശീലാ ഭട്ടിനെ കേസ് വാദിക്കാനായി നിയമിച്ചു. ചെയ്യുന്ന ജോലിയോട് നൂറ് ശതമാനം കൂറുപുലർത്തിയ അവർ സർക്കാരിനുവേണ്ടി സമർഥമായി വാദിച്ചു. ഒടുവിൽ ഹാരിസൺ ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് കഴിയുമെങ്കിൽ അതിനുള്ള നടപടികൾ തുടങ്ങാൻ കോടതി വിധിച്ചു. അങ്ങനെയാണ് എറണാകുളം ജില്ലാ കലക്ടറായിരുന്ന രാജമാണിക്യത്തെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചത്.

രാജമാണിക്യത്തിന്റെ റിപ്പോർട്ടുകൾ ആധികാരികമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുശീലാഭട്ട് ശക്തമായി കോടതിയിൽ വാദമുന്നയിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ 36,000-ൽ പരം ഏക്കർ ഭൂമി ഏറ്റെടുത്തുകൊണ്ട് രാജമാണിക്യം ഹാരിസണെ വെല്ലുവിളിച്ചു. ഭൂമി ഏറ്റെടുക്കാൻ രാജമാണിക്യത്തിനുള്ള അധികാരത്തെ ചോദ്യം ചെയ്ത് ഭൂമി വാങ്ങിയവരും ഹാരിസണും ഹൈക്കോടതി സിംഗിൾ ബഞ്ചിനെ സമീപിച്ചു.

രാജമാണിക്യത്തിന് ഭൂമി ഏറ്റെടുക്കാൻ അവകാശമുണ്ടെന്ന് ജസ്റ്റീസ് ആശ വിധിച്ചു. എന്നാൽ മുമ്പ് ഹാരിസണ് ഉണ്ടായ അനുകൂല വിധികൾ കണക്കിലെടുത്ത് അന്തിമ വിധിക്കായി ഹൈക്കോടതി ഡിവിഷൻ വഞ്ചിന് കേസ് വിട്ടു. അതിന്റെ വാദം നടക്കുന്നതിനിടെ ആണ് ഭരണം മാറി വീണ്ടും ഇടതു സർക്കാർ അധികാരത്തിൽ എത്തുന്നത്. ഇതോടെ തന്നെ ഹാരിസൺ കേസിൽ വീണ്ടും സർക്കാർ തോറ്റുകൊടുത്തേക്കും എന്ന ചർച്ചകളും സജീവമായി. ഇതിന് പി്ന്നാലെയാണ് കേസ് പഠിച്ച് സമർത്ഥമായി വാദിച്ചുവന്ന സുശീലാഭട്ടിനെ മാറ്റുന്നത്. അത് സിപിഐയും സിപിഎമ്മും ഒരുമിച്ചെടുത്ത തന്ത്രമാണെന്ന് പറയാം. സുശീലാ ഭട്ടിനെ വീണ്ടും കേസ് ഏൽപ്പിക്കണമെന്ന് വി എസ്.അച്ച്യുതാനന്ദനും വി എം.സുധീരനും വാദിച്ചുനോക്കിയിരുന്നെങ്കിലും ഫലംകണ്ടില്ല. സുപ്രീം കോടതിയിൽ നിന്നും അഭിഭാഷകനെ വരുത്താം സുശീലാ ഭട്ടിനെ വേണ്ടാ എന്നായിരുന്നു റവന്യൂ മന്ത്രിയുടെ മറുടപടി.

 

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP