Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലശ്ശേരി മലബാർ കാൻസർ സെന്ററിൽ ഗർഭാശയ കാൻസറിന്റെ ശസ്ത്രക്രിയക്കിടെ മൂത്രസഞ്ചിയിലേക്കുള്ള ഞരമ്പ് മുറിഞ്ഞു; ഒരു തുന്നൽ കൊണ്ട് ശരിയാക്കാമായിരുന്ന മുറിവിനെ പലതവണ ട്യൂബിട്ട് പഴുത്ത അവസ്ഥയിലാക്കി; തുടർചികിത്സ നടത്തിയ കോഴിക്കോട് മിംസ് ആശുപത്രിയിലെ രണ്ട് ശസ്ത്രക്രിയയും പരാജയം; പരാതിപ്പെട്ടപ്പോൾ ഡോക്ടറുടെ ഭീഷണിയും; നീതിതേടി വയനാട്ടുകാരി സിനി ജോഷി; ശൈലജ ടീച്ചർ അറിയുമോ അഞ്ചുമിനുട്ട് കൂടുമ്പോഴും മൂത്രമൊഴിക്കേണ്ട അവസ്ഥയുള്ള ഈ വീട്ടമ്മയെ?

ജാസിം മൊയ്തീൻ

കോഴിക്കോട്: മലബാറിലെ രണ്ടു പ്രമുഖ ആശുപത്രികൾക്കെതിരെ ഗുരുതര ആരോപണവുമായി വയനാട് സ്വദേശിനിയായ അർബുദ രോഗി. വയനാട് സുൽത്താൻ ബത്തേരി നൂൽപുഴ പഞ്ചായത്തിലെ പൂവത്തിക്കുന്നേൽ സിനി ജോഷിയെന്ന വീട്ടമ്മയാണ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിക്കെതിരെയും തലശ്ശേരി മലബാർ കാൻസർ സെന്ററിനെതിരെയും ഗുരുതര ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. രണ്ടിടങ്ങളിൽ നിന്നും പല തവണയായി വിവിധ സർജറികൾ ചെയ്ത് ആരോഗ്യം ക്ഷയിച്ച അവസ്ഥയിലാണ് സിനി ജോഷി ആശുപത്രിയിൽ നടന്ന ചികിത്സ പിഴവുകൾക്കെതിരെ തുറന്നുപറയാൻ രംഗത്തുവന്നിരിക്കുന്നത്. ഇപ്പോഴും ചികിത്സ തുടരുന്ന ഇവർക്ക് വലിയ സാമ്പത്തിക ബാധ്യതയുമാണ് ആശുപത്രികളിലെ പിഴവുകൾ വരുത്തിവെച്ചത്. തന്റെ ആരോഗ്യവും സമ്പത്തും നശിപ്പിച്ച ആശുപത്രികളിൽ നിന്നും നീതിവേണമെന്ന ആവശ്യപ്പെട്ട് നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ഈ വീട്ടമ്മ. ആരോഗ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മുഷനും വനിതാകമ്മീഷനുമെല്ലാം പരാതി നിൽകിയിട്ടും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

തലശ്ശേരി മലബാർ കാൻസർ സെന്ററിൽ ഉണ്ടായത് ഗുരുതര അനാസ്ഥ

ഭർത്ഥാവിന്റെ അഛന്റെ ചികിത്സാർത്ഥം വയനാട് മേപ്പാടിയിലെ വിംസ് ആശുപത്രിയിൽ പോയപ്പോഴാണ് സ്ഥിരമായുണ്ടാകാറുള്ള വയറുവേദനയെ കുറിച്ച് സിനി ജോഷി ഡോക്ടർമാരോട് സംസാരിച്ചത്. അവിടെ വെച്ച് നടത്തിയ പരിശോധനയിൽ ഗർഭാശയ അർബുദമാണെന്ന് കണ്ടെത്തുകയും ചെയ്തു. വിദഗ്ധ ചികിത്സക്കായി തലശ്ശേരിയിലുള്ള മലബാർ കാൻസർ സെന്ററിലേക്ക് പറഞ്ഞയക്കുകയായിരുന്നു. അവിടെവെച്ച് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ഗർഭപാത്രം നീക്കം ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു. ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടയിൽ ശസ്ത്രക്രിയ ഉപകരണം അബദ്ധത്തിൽ തട്ടി മൂത്രസഞ്ചിയിലേക്കുള്ള ട്യൂബ് മുറിയുകയായിരുന്നു. ഇവിടെ നിന്നാണ് സിനിയുടെ ദുരിതങ്ങളുടെ തുടക്കം. തന്നോടൊപ്പം ശസ്ത്രക്രിയ നടത്തിയവരെല്ലാം സുഖം പ്രാപിച്ച് വീട്ടിലേക്ക് പോയപ്പോഴും സിനിയെ ആശുപത്രിയിൽ തന്നെ നിർത്തുകയും മൂത്രത്തിന് വേണ്ടി പുറത്തേക്കിട്ട ട്യൂബ് മാറ്റാതിരിക്കുയും ചെയ്തത് എന്തുകൊണ്ടാണെന്ന് അന്വോഷിച്ചപ്പോഴാണ് ശസ്ത്രക്രിയക്കിടയിൽ അബന്ധത്തിൽ മൂത്രസഞ്ചിയിലേക്കുള്ള ട്യൂബ് മുറിഞ്ഞതായി മലബാർ കാൻസർ സെന്ററിലെ നഴ്‌സുമാർ പറഞ്ഞത്.

പക്ഷേ അന്നു പക്ഷെ അതിന്റെ ഗൗരവം സിനിക്ക് മനസ്സിലായതുമില്ല. ആശുപത്രിയിൽ നിന്നും സ്വയം ശരിയാകുമെന്നും കുറച്ചുകാലം കൂടി പുറത്തേക്ക് ട്യൂബിട്ടാൽ മതിയെന്ന് പറയുകയുമാണുണ്ടായത്. ഇത്രയും പറഞ്ഞ വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. എന്നാൽ വയനാട്ടിലെത്തിയതു മുതൽ സിനിക്ക് വീണ്ടും അസഹ്യമായ വേദന അനുഭവപ്പെടുകയും ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയതപ്പോഴാണ് മലബാർ കാൻസർ സെന്ററിൽ വെച്ച് ശസ്ത്രക്രിയ നടത്തിയവർക്ക് പറ്റിയ കൈപ്പിഴ എത്രത്തോളം ഭീകരമാണെന്ന് മനസ്സിലായത്. ശസ്ത്രക്രിയ നടന്ന ഉടൻ തന്നെ മൂത്രസഞ്ചിയിലേക്കുള്ള ട്യൂബ് മുറിഞ്ഞത് അറിഞ്ഞിരുന്നെങ്കിൽ ഉടൻ തന്നെ ഒരു തുന്നലിട്ട് പരിഹരിക്കാമായിരുന്നു എന്നും ഇവിടെ നിന്നും മനസ്സിലായി. വീണ്ടും തലശ്ശേരി മലബാർ കാൻസർ സെന്ററിലെത്തി ബുദ്ധിമുട്ടുകൾ അറിയിച്ചെങ്കിലും ആശുപത്രി അധികൃതർ വളരെ നിസ്സാരമായ പ്രശ്‌നമെന്ന് പറഞ്ഞ് പുറത്തേക്കുള്ള ട്യൂബ് മാറ്റി പുതിയതിട്ട് തിരച്ചയക്കുകയാണുണ്ടായത്. ഇത് രണ്ട് തവണ തുടരുകയും ചെയ്തു. കഠിനമായ വേദന സഹിച്ചാണ് ബത്തേരിയിൽ നിന്നും തലശ്ശേരിയിലേക്ക് സിനിയെയും കൊണ്ട് ഭർത്താവ് ജോഷിയും കുടുംബവും രണ്ടുതവണ യാത്ര ചെയ്തത്. ശസ്ത്രക്രിയയിലെ പിഴവു കാരണം ഓരോ അഞ്ചുമിനിട്ടു കൂടുമ്പോഴും സിനിക്ക് മൂത്രമൊഴിക്കേണ്ടതായും വന്നിരുന്നു. യാത്രയിലൂടനീളം വഴിയിൽ കാണുന്ന വീടുകളിൽ കയറി കാര്യം പറഞ്ഞുമനസ്സിലാക്കി ബാത്ത് റൂം ഉപയോഗിക്കേണ്ട അവസ്ഥ വിവരിക്കുമ്പോൾ സിനിയുടെ കണ്ണുകൾ നിറയുന്നു.

ശസ്ത്രക്രിയ പരാജയപ്പെട്ടപ്പോൾ ഭീഷണിയുമായി ആസ്റ്റർ മിംസ്

രണ്ടിലേറെ തവണ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ പോയി അവർക്കു പറ്റിയ കൈപ്പിഴക്കുള്ള ചികിത്സ തേടിയെങ്കിലും ശരിയാകാത്തതിനെ തുടർന്നാണ് സിനി തുടർ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് പോയത്. തലശ്ശേരിയിലേക്കുള്ള യാത്രയേക്കാൾ കുറഞ്ഞ സമയം കൊംണ്ട് കോഴിക്കോട് മിംസ് ആശുപത്രിയിലെത്താമെന്നതും ഇതിനു കാരണമായി. കാരണം യാത്രയിലൂടനീളം ഓരോ അഞ്ചുമിനിട്ടിലും മൂത്രമൊഴിക്കേണ്ടതുള്ളതിനാലും സിനിക്ക് തലശ്ശേരിയിലേക്കുള്ള യാത്രയേക്കാൾ എളുപ്പം കോഴിക്കോടേക്കുള്ളതായിരുന്നു. മാത്രവുമല്ല തലശ്ശേരി ആശുപത്രിയിൽ ഓരോ തവണ പോകുമ്പോഴും നേരത്തെ അവർക്ക് സംഭവിച്ച അബദ്ധം ഇനിയും ആവർത്തിക്കുമോ എന്ന ഭയവും സിനിക്കുണ്ടായിരുന്നു.

ഇക്കാരണങ്ങളെല്ലാം കൊണ്ടാണ് ഭീമമായ തുക ആവശ്യമായി വരും എന്ന് അറിഞ്ഞുകൊണ്ട് തന്നെ തുടർ ചികിത്സക്കായി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി തെരഞ്ഞെടുത്തത്. എന്നാൽ അവിടെ നിന്നും സിനിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്. മലബാർ കാൻസർ സെന്ററിൽ നടന്ന ശസ്ത്രക്രിയയിലെ പിഴവ് പരിഹരിക്കാൻ മിംസിൽ നടത്തിയ ശസ്ത്രക്രിയകൾ രണ്ടും പരാജമായിരുന്നു. മിംസിൽ വെച്ച് ആദ്യത്തെ ശസ്ത്രക്രിയ നടത്തിയത് പരാജയപ്പെട്ടപ്പോൾ പറഞ്ഞത് 15 ദിവസത്തിന് ശേഷം വീണ്ടും നടത്താമെന്നാണ്. 15 ദിവസത്തിന് ശേഷം വീണ്ടും നടത്തിയ ശസ്ത്രക്രിയയും പരാജയപ്പെട്ടതോടെ സിനിയുടെ ആരോഗ്യ പൂർണ്ണമായും ക്ഷയിച്ചിരുന്നു. വേദന സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. മലബാർ കാൻസർ സെന്ററിൽ വെച്ച് നടത്തിയ ശസ്ത്രക്രിയയിൽ മൂത്രസഞ്ചിയിലെ ട്യൂബിനേറ്റ മുറിവ് പഴുത്തതിനാലാണ് ശസ്തക്രിയ പരാജയമായത് എന്നാണ് മിംസിൽ നിന്നും ലഭിച്ച വിശദീകരണം. രാവിലെ 9 മുതൽ വൈകീട്ട് അഞ്ചുവരെ നീണ്ടുനിന്ന ശസ്ത്രക്രിയയിൽ 5 ഡോക്ടർമാർ നേരിട്ട് പങ്കെടുത്തിരുന്നു. ഇത്രയും സജ്ജീകരണങ്ങളൊരുക്കി നടത്തുന്ന ശസ്ത്രക്രിയക്ക് മുന്നോടിയായി നിരവധി ചെസ്റ്റുകളും സകാനിങ്ങുകളും നടത്തിയിരുന്നു.'

ഈ പരിശോധനയിലൊന്നും അകത്തെ പഴുപ്പ് കണ്ടെത്താനാകാത്തവരാണോ ശസ്ത്രക്രിയ നടത്തിയത് എന്ന സിനിയുടെ കുടുംബത്തിന്റെ സാമാന്യമായ ചോദ്യത്തിനു മുന്നിൽ ഭീഷണിയുടെ സ്വരത്തിലാണ് മിംസ് ആശുപത്രിയിലെ ഡോക്ടർമാർ മറുപടി പറഞ്ഞത്. ഇത്രയും മുന്നൊരുക്കങ്ങൾ നടത്തിയ ശസ്ത്രക്രിയയും പരാജയമായതോടെ മിംസിൽ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. തങ്ങൾ മറ്റെവിടെയെങ്കിലും പോയി ചികിത്സിച്ചോളാം എന്ന് സിനിയുടെ കുടുംബം പറഞ്ഞപ്പോൾ മിംസ് ആശുപത്രിയിലെ ഡോകർമാർ പറഞ്ഞത് നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ഇവിടെ നിൽക്കാം, അടുത്തൊരു 15 ദിവസത്തിന് ശേഷം വീണ്ടും ശസ്ത്രക്രിയ നടത്താം, അതല്ല തിരിച്ചുപോകാനാണെങ്കിൽ അതുമാകാം എന്നാണ്. നിങ്ങൾ തിരിച്ചുപോകുന്നതുകൊണ്ട് ഞങ്ങളുടെ ശമ്പളത്തിന് കുറവൊന്നും ഉണ്ടാകില്ലെന്നും മിംസിലെ ഡോക്ടർമാർ പറഞ്ഞതായും സിനി മറുനാടൻ മലയാളിയോട് പറഞ്ഞു.

വിജയിച്ചത് ഷിബ ഹോസ്പിറ്റലിൽ നടത്തിയ ശസ്ത്രക്രിയ

മലബാർ കാൻസർ സെന്ററിൽ നിന്നു സംഭവിച്ച പിഴവ് പരിഹരിക്കാൻ മിംസിൽ നടത്തിയ രണ്ടു ശസ്ത്രക്രിയകളും പരാജയമായതോടെയാണ് സിനി കോഴിക്കോട് നടക്കാവിലുള്ള ഷിബ ആശുപത്രിയിലെത്തുന്നത്. സംസ്ഥാനത്തെ തന്നെ മികച്ച യൂറോളജി വകുപ്പുള്ളതും നല്ല രീതിയിൽ മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കുള്ള ശസ്ത്രക്രിയകൾ നടത്തുകയും ചെയ്യുന്ന ആശുപത്രിയാണ് ഷിബ ഹോസ്്പിറ്റൽ. ഇവിടെ നടത്തിയ ശസ്ത്രക്രിയയോടെയാണ് സിനിക്ക് പുറത്തേക്കുള്ള ട്യൂബ് വഴിയല്ലാതെ മൂത്രമൊഴിക്കാനായതും സവേദനക്ക് പരിഹാരമായതും. നിലവിൽ കോഴിക്കോട് ഓമശ്ശേകി ശാന്തി ആശുപത്രിയിൽ നിന്നുള്ള ചികിത്സയിലാണ് സിനിയുള്ളത്. നല്ല രീതിയിൽ കൃഷിപ്പണികളെല്ലാം ചെയ്തിരുന്ന സിനിയിപ്പോൾ തുടർച്ചായയ ശസ്ത്രക്രിയകൾ കാരണം നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. പരമ്പരാഗത കർഷക കുടുംബത്തിലെ അംഗമാണ് ഇവർ. അസുഖം വരുന്നതിന് മുമ്പ് പറമ്പിലെ എല്ലാ ജോലികളും ചെയ്തിരുന്നെങ്കിലും ഇപ്പോൾ അഞ്ച് മിനുട്ട്‌പോലും നിവർന്നുനിൽക്കാൻ പറ്റത്ത അവസ്ഥയിലാണ്. വെയിലുകൊള്ളുകളെ വിയർക്കുകയോ ചെയ്യുമ്പോഴേക്കും സിനിക്ക് മൂത്രസംബന്ധമായ അസ്വസ്ഥതകൾ തുടങ്ങും. 50 കിലോയുടെ ചാക്ക് വരെ ഒറ്റക്ക് ചുമന്നിരുന്ന സിനിക്കിപ്പോൾ ഒരു ബക്കറ്റ് വെള്ളം പോലും ചുമക്കാൻ പറ്റാത്ത സ്ഥിതിയാണ്.

സിനിയുടെ ഭർത്താവ് ജോ ഷിയും അർബുദരോഗത്തിന് ചികിത്സ തേടുന്നയാളാണ്. സ്വകാര്യ ബസ്സിലെ ഡ്രൈവറായ ജോഷിക്ക് വായിലാണ് കാൻസർ. തിരുവനന്തപുരം ആർസിസിയിലെ ചികിത്സയാണ് അദ്ദേഹത്തിനുള്ളത്. രണ്ടു പെൺമക്കളാണ് ഇവർക്കുള്ളത്. മൂത്തമകളുടെ കല്യാണം കഴിഞ്ഞു. ഇളയ മകൾ ഡിഗ്രിക്ക് പഠിക്കുന്നു. തുടർച്ചയായ ചികിത്സകൾ ഇവരുടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെയും തകർത്തിരിക്കുന്നു. ചികിത്സകൾ കാരണമുണ്ടായ ബാധ്യത തീർക്കാൻ പുരയിടത്തിൽ നിന്നും കുറച്ച് ഭൂമി വിൽക്കാനുള്ള ഒരുക്കത്തിലാണ് ഈ കുടുംബമിപ്പോൾ. എന്നാൽ ഭൂമിക്ക് വിലയില്ലാത്തതും ആരും വാങ്ങാനില്ലാത്തതും ഇവരുടെ ഈ പ്രതീക്ഷക്കും മങ്ങലേൽപിച്ചിരിക്കുകയാണ്.

മലബാർ കാൻസർ സെന്ററിൽ പിഴവ് സംഭവിക്കില്ലെന്ന് ശൈലജ ടീച്ചർ

മലബാർ കാൻസർ സെന്ററിൽ നിന്നും കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരതകൾക്ക് നീതിതേടി പരാതിയുമായി സിനി നിരവധി അധികാര കേന്ദ്രങ്ങളിൽ കയറിയിറങ്ങിയെങ്കിലും ഒരിടത്തുനിന്നും പോലും അനുകൂലമായൊരു പ്രതികരണമോ മറുപടിയോ ഇതുവരെ ലഭിച്ചിട്ടില്ല. സിനിയെ ഏറ്റവും അധികം വേദനിപ്പിച്ചത് പരാതി നൽകിയപ്പോൾ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ നൽകിയ മറുപടിയാണ്. മലബാർ കാൻസർ സെന്ററിൽ നിന്നും പിശക് സംഭവിക്കില്ലെന്നും അവിടെയുള്ള ഡോക്ടർമാർ കഴിവുള്ളവരാണെന്നുമാണ് സിനിയോട് ആരോഗ്യമന്ത്രി പറഞ്ഞത്. മിംസ് ആശുപത്രി സംസ്ഥാനത്തെ മികച്ച ആശുപത്രിയാണെന്നും അവർക്കെതിരെ ഇക്കാര്യത്തിൽ നടപടിയെടുക്കാനാവില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞതായി സിനി പറയുന്നു. മാത്രവുമല്ല താനും ഗർഭപാത്രം നീക്കം ചെയ്തതാണെന്നും, ശസ്ത്രക്രിയ കഴിഞ്ഞ ദിവസങ്ങൾക്കകം തന്നെ തന്റെ ജോലികളിലേക്ക് പ്രവേശിച്ചതായും ആരോഗ്യമന്ത്രി തന്നോട് പറഞ്ഞതായി സിനി പറയുന്നു. ഈ മറുപടി തന്നെ ഏറെ വേദനിപ്പിച്ചെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.

മനുഷ്യവകാശ കമ്മീഷനും നടപടി എടുക്കുന്നില്ല

മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മനുഷ്യാവകാശ കമ്മീഷനിലും വനിതകമ്മീഷനിലുമെന്നാം പരാതി നൽകിയെങ്കിലും എല്ലായിടത്തു നിന്നും രസീത് ലഭിച്ചതല്ലാതെ പ്രതികരണമൊന്നുമുണ്ടായിട്ടില്ല. ഒരു തവണ മനുഷ്യാവകാശ കമ്മീഷനിൽ നിന്നാണെന്ന് പറഞ്ഞ് ഒരാൾ ഫോൺവിളിച്ച് കാര്യങ്ങൾ തിരക്കിയെന്നും സിനി പറയുന്നു. എന്നാൽ ആ നമ്പറിലേക്ക് പിന്നീട് വിളിച്ചിട്ട് എടുക്കുന്നുമില്ല. പരാതി നൽകാൻ തിരുവനന്തപുരത്തേക്കുള്ള യാത്രയും ദുരിതം നിറഞ്ഞതായിരുന്നെന്നും സിനി ഓർക്കുന്നു. ബത്തേരിയിൽ നിന്നും കോഴിക്കോട് റെയിൽവെ സ്റ്റേഷനിലെത്തുന്നതുവരെ അഞ്ച് തവണയാണ് സിനി ബസുകൾ മാറിക്കയറിയിരിക്കുന്നത്. എല്ലായിടത്തും ഇറങ്ങി മൂത്രമൊഴിക്കേണ്ട അവസഥയിലാണ് സിനി തിരുവനന്തപുരത്തേക്ക് പോയത്. ഇത്രയും കഷ്ടതകൾ സഹിച്ച് തലസ്ഥാനത്തെത്തി നൽകിയ പരാതികളാണ് ആരോഗ്യമന്ത്രിയടക്കം അവഗണിച്ചതെന്നും സിനി പറയുന്നു. അവരൊരു സ്ത്രീയല്ലെയെന്നും ഓരോ അഞ്ച്മിനുട്ടിലും മൂത്രമൊഴിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ അവസ്ഥപോലും മനസ്സിലാകാത്തയാളാണോ കേരളത്തിന്റെ ആരോഗ്യമന്ത്രിയെന്നും സിനി ചോദിക്കുന്നു.

2017ലാണ് സിനിയുടെ ആദ്യ ശസ്ത്രക്രിയ മലബാർ കാൻസർ സെന്ററിൽ വെച്ച് നടക്കുന്നത്. അർബുദത്തിന് വേണ്ടിയുള്ള ചികിത്സയായിരുന്നു അത്. എന്നാൽ ആ ശസ്ത്രക്രിയയിലെ പിഴവ് പരിഹരിക്കാനായി വിവിധ ആശുപത്രികൾ കയറിയിറങ്ങി സിനിക്ക് നഷ്ടമായത് മൂന്ന് വർഷവും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയുമാണ്. ഇക്കാലമത്രയും ആശുപത്രിയിൽ നിന്നും സംഭവിച്ച പിഴവ് പരിഹരിക്കാനുള്ള ചികിത്സകൾ നടത്തിയതല്ലാതെ അർബുദത്തിനുള്ള ചികിത്സ നടത്താനും കഴിഞ്ഞില്ല. അർബുദം തിരിച്ചറിഞ്ഞ് ആറ് മാസത്തിനകമെങ്കിലും കീമോയും റേഡിയേഷനും തുടങ്ങിയെങ്കിൽ അസുഖം പൂർണ്ണമായും സിനിയുടെ അർബുദം പൂർണ്ണമായും ഭേതമാക്കാമായിരുന്നു എന്നാണ് ഇപ്പോൾ ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നത്. എന്നാൽ അർബുദം സ്ഥിരീകരിച്ച മൂന്ന് വർഷത്തോളമായി സിനിയിപ്പോഴും മലബാർ കാൻസർ സെന്ററിലെ ഡോക്ടർമാർക്ക് സംഭവിച്ച പിഴവ് പരിഹരിക്കുന്നതിനാവശ്യമായി ചികിത്സയിലായിരുന്നു. ഇനിയെന്ന് അർബുദത്തിനുള്ള ചികിത്സ ആരംഭിക്കാനാകുമെന്നും സിനി ചോദിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP