Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലബാർ കലാപം ആസ്പദമാക്കി അഞ്ചാമത് ഒരു സിനിമകൂടി; 'വാഗൺ ട്രാജഡി ദി ബ്ലാക്ക് ഹിസ്റ്ററി' എന്ന ചലച്ചിത്രം രണ്ടുമാസത്തിനുള്ളിൽ തുടങ്ങുമെന്ന് സംവിധായകൻ റജി ആർ നായർ; പോസ്റ്റർ ഒരു വർഷം മുമ്പ് പുറത്തുവിട്ടത്; നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ടൊവീനോയെയെന്നും റിപ്പോർട്ടുകൾ; ഒരേ വിഷയത്തിൽ അഞ്ചു സിനിമകൾ പ്രഖ്യാപിക്കപ്പെടുന്ന അത്യപൂർവത മലയാള സിനിമക്ക് സ്വന്തം

മലബാർ കലാപം ആസ്പദമാക്കി അഞ്ചാമത് ഒരു സിനിമകൂടി; 'വാഗൺ ട്രാജഡി ദി ബ്ലാക്ക് ഹിസ്റ്ററി' എന്ന ചലച്ചിത്രം രണ്ടുമാസത്തിനുള്ളിൽ തുടങ്ങുമെന്ന് സംവിധായകൻ റജി ആർ നായർ; പോസ്റ്റർ ഒരു വർഷം മുമ്പ് പുറത്തുവിട്ടത്; നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ടൊവീനോയെയെന്നും റിപ്പോർട്ടുകൾ; ഒരേ വിഷയത്തിൽ അഞ്ചു സിനിമകൾ പ്രഖ്യാപിക്കപ്പെടുന്ന അത്യപൂർവത മലയാള സിനിമക്ക് സ്വന്തം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ആസ്പദമാക്കി പ്രഖ്യാപിക്കപ്പെട്ട നാല് സിനിമകൾക്ക് പിന്നാലെ മലബാർ സമരത്തിലെ പ്രധാന സംഭവമായ വാഗൺ ട്രാജഡിയെ ആസ്പദമാക്കി അഞ്ചാമത് ഒരു ചിത്രം കൂടി ഒരുങ്ങുന്നു. 'വാഗൺ ട്രാജഡി ദി ബ്ലാക്ക് ഹിസ്റ്ററി' എന്ന സിനിമ രണ്ട് മാസത്തിനകം ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകൻ റജി ആർ നായർ അറിയിച്ചു. ഒരു വർഷം മുമ്പേ സിനിമയുടെ പോസ്റ്റർ പുറത്ത് വിട്ടിരുന്നു.

മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിൽ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന സിനിമാ വിവാദം കൊഴുക്കുന്നതിനിടെയാണ് 'വാഗൺ ട്രാജഡി ദി ബ്ലാക്ക് ഹിസ്റ്ററി' എന്ന സിനിമ ചിത്രീകരണത്തിന് തയ്യാറെടുക്കുന്നത്. ചരിത്ര സംഭവം അതേപടി പകർത്തുന്നതിനു പകരം മരണമുഖത്തെ മനുഷ്യന്റെ നിസ്സഹായാവസ്ഥയാണ് സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നതെന്ന് സംവിധായകൻ പറയുന്നു. നിലവിലെ വിവാദങ്ങൾ സംഘപരിവാർ ശക്തികളുടെ അജണ്ടയുടെ ഭാഗമാണെന്നും ആഷിഖ് അബു എന്ന സംവിധായകനിൽ ഉപരി ആഷിഖ് അബു എന്ന നാമധാരിക്ക് എതിരെയുള്ള ആക്രമണമാണെന്നും റജി നായർ പറഞ്ഞു. സ്വാതന്ത്ര്യ സമര കാലഘട്ടം പുനരാവിഷ്‌കരിക്കുന്നതോടൊപ്പം ഒരുപറ്റം മനുഷ്യരുടെ ജീവിതം പറയുന്ന സിനിമയിൽ പ്രണയവും നൊമ്പരങ്ങളും ചിത്രത്തിൽ ഉൾച്ചേരുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു

പൃഥ്വിരാജിനെയും ടൊവിനോ തോമസിനെയുമാണ് പ്രധാന കഥാപാത്രങ്ങളായി ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്നത്. മമ്മൂട്ടി നായകനായ ലാൽജോസ് ചിത്രം പട്ടാളം, പൃഥ്വിരാജ്- ഇന്ദ്രജിത് ചിത്രമായ 'ഒരുവൻ ' എന്നി സിനിമകളുടെ തിരക്കഥാകൃത്തും ശാരദ നായികയായെത്തിയ 'കലികാലം' സിനിമയുടെ സംവിധായകനുമാണ് റജി നായർ. ഇപ്പോൾ നായകനായി ടൊവീനോയെയാണ് പരിഗണിക്കുന്നതെങ്കിലും കാര്യങ്ങൾ അന്തിമായി തീരുമാനിച്ചിട്ടില്ല.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് ഒരേസമയം നാല് സിനിമകളാണ് പ്രഖ്യാപിക്കപ്പെട്ടത്. ഇത് ലോക സിനിമയിലെ തന്നെ അത്യപുർവതയാണ്. ആഷിഖ് അബു പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന വാരിയംകുന്നന് പിറകെ സിനിമ പ്രഖ്യാപിച്ചത് പി ടി കുഞ്ഞുമുഹമ്മദാണ്. 'ഷഹീദ് വാരിയംകുന്നൻ' എന്നാണ് സിനിമയുടെ പേരെന്നാണ് വിവരം. കൂടാതെ നാടക കഥാകൃത്തായയ ഇബ്രാഹിം വേങ്ങരയാണ് സിനിമ പ്രഖ്യാപിച്ചത്. മൂന്ന് വർഷം മുൻപ് താനും വൺലൈനും തിരക്കഥയും തയാറാക്കിയെന്ന് നാടകകഥാകൃത്തായ ഇബ്രാഹിം വേങ്ങര അവകാശപ്പെട്ടു കൂടാതെ സംവിധായകൻ അലി അക്‌ബറും സിനിമ പ്രഖ്യാപിച്ചു.1921ന്റെ യഥാർത്ഥ മുഖം 2021ൽ ജനം കാണുമെന്ന് അലി അക്‌ബർ പറയുന്നത്. എന്നാൽ അലിഅക്‌ബറിന്റെ സിനിമക്കെതിരെ കേസ് കൊടുക്കുമെന്നാണ് വാരിയൻ കുന്നന്റെ കുടുംബം പറയുന്നത്.

അതേസമയം ആഷിഖ് അബുവിന്റെ സിനിമയിൽ അഭിനയിക്കുമെന്ന് പ്രഖ്യാപിച്ച പൃഥ്വിരാജിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്നത്. അദ്ദേഹത്തെ കുടുംബത്തെക്കൂടി വലിച്ചിഴച്ചുള്ള സൈബർ ആക്രമണമാണ് അരങ്ങേറുന്നത്. എന്നാൽ സൈബർ ആക്രമണം തന്നെയോ പൃഥ്വിരാജിനെയോ റിമയെയോ ബാധിക്കില്ലെന്നും ഒന്നിലധികം സിനിമ വരുന്നത് നല്ലതാണെന്നും ആഷിഖ് അബു പറയുന്നു. സിനിമക്ക് മറുപടി സിനിമതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP