Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ടു ചെയ്യപ്പെട്ടത് 15,968 കോവിഡ് കേസുകൾ; മരണം 465ഉം; പ്രതിദിന കണക്കുകളിൽ റെക്കോർഡ് രേഖപ്പെടുത്തിയതോടെ രാജ്യം നീങ്ങുന്നത് അതീവ ഗുരുതരാവസ്ഥയിലേക്ക്; കണ്ടെയ്ന്മെന്റ് സോണുകളിൽ ലോക്ക്ഡൗൺ ജൂലൈ 31 വരെ പ്രഖ്യാപിച്ചു ബംഗാൾ സർക്കാർ; മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 1.40 ലക്ഷം കടന്നു; കോവിഡ് ഭേദമാകുന്നവരുടെ നിരക്കിൽ രാജസ്ഥാൻ ഒന്നാമത്; മധ്യപ്രദേശ്, ബിഹാർ, ഒഡീഷ തൊട്ടുപിന്നിൽ

24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ടു ചെയ്യപ്പെട്ടത് 15,968 കോവിഡ് കേസുകൾ; മരണം 465ഉം; പ്രതിദിന കണക്കുകളിൽ റെക്കോർഡ് രേഖപ്പെടുത്തിയതോടെ രാജ്യം നീങ്ങുന്നത് അതീവ ഗുരുതരാവസ്ഥയിലേക്ക്; കണ്ടെയ്ന്മെന്റ് സോണുകളിൽ ലോക്ക്ഡൗൺ ജൂലൈ 31 വരെ പ്രഖ്യാപിച്ചു ബംഗാൾ സർക്കാർ; മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 1.40 ലക്ഷം കടന്നു; കോവിഡ് ഭേദമാകുന്നവരുടെ നിരക്കിൽ രാജസ്ഥാൻ ഒന്നാമത്; മധ്യപ്രദേശ്, ബിഹാർ, ഒഡീഷ തൊട്ടുപിന്നിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ കണക്കുകളിൽ വലിയ വർദ്ധനവ്. ദിവസം ചെല്ലും തോറും ഇന്ത്യയിൽ കോവിഡ് ബാധികരുടെ എണ്ണം വർദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മരണ നിരക്കിലും കോവിഡ് കേസുകളിലും റെക്കോർഡ് വർദ്ധനവാണ് അനുഭവപ്പെട്ടത്. 15,968 പേർക്കാണു രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 465 പേർ മരിച്ചു. 10495 പേർ രോഗമുക്തരായി. പ്രതിദിന കോവിഡ് കേസുകളുടെ വർധനയിൽ രോഗരാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഏറെ മുകളിലാണ്. രാജ്യത്ത് ഇതുവരെ 4.65 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2.65 ലക്ഷം പേർ രോഗമുക്തരായപ്പോൾ 14625 പേർ മരിച്ചു. ഇപ്പോഴത്തെ നിലയിൽ കോവിഡ് ബാധിക്കുന്നവരുടെ കണക്കിൽ രാജ്യം മറ്റുള്ളവരേക്കാൾ മുന്നിലാണ്.

അതേസമയം ലോക്ക് ഡൗൺ തീർന്നാലും ചില സംസ്ഥാനങ്ങൾ ലോക്കഡൗണുമായി മുന്നോട്ടു പോകാനുള്ള ശ്രമമാണ് നടത്തുന്നത്. കണ്ടെയ്ന്മെന്റ് സോണുകളിൽ ലോക്ക്ഡൗൺ ജൂലൈ 31 വരെ പ്രഖ്യാപിച്ചു ബംഗാൾ സർക്കാർ രംഗത്തെത്തി. സമാനമായ വിധത്തിലേക്ക് ചില സംസ്ഥാനങ്ങൾ കൂടി കടക്കാൻ സാധ്യതയുണ്ട്. അതേസമയം രോഗബാധ ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയിൽ എല്ലാക്കാര്യങ്ങളും കൈവിട്ടു പോകുന്ന അവസ്ഥയിലാണ്. അതേസമയം കോവിഡ് മരണ നിരക്കിൽ ഇന്ത്യ പിന്നിലാണെന്ന് ആശ്വാസം പകരുന്നതാണ്.

ഒരുലക്ഷം പേരിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ കണക്കെടുത്താൽ ഏറ്റവും കുറവ് ഇന്ത്യയിലാണെന്ന് ലോകാരോഗ്യസംഘടന. ഒരു ലക്ഷംപേരിൽ ശരാശരി ഒരാളാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിക്കുന്നത്. ആഗോള ശരാശരി ഇതിന്റെ ആറിരട്ടിയിലധികമാണ്. ലക്ഷത്തിൽ 6.04 ആണ് ആഗോളതലത്തിൽ മരണനിരക്ക്. യു.കെ.യിൽ ഇത് 63.13 ആണ്. സ്പെയിനിൽ 60.60, ഇറ്റലിയിൽ 57.19, അമേരിക്കയിൽ 36.30 എന്നിങ്ങനെയാണ് കണക്ക്. രാജ്യത്ത് കോവിഡ് മുക്തരാകുന്നവരുടെ എണ്ണവും വർധിക്കുകയാണ്. രോഗമുക്തിനിരക്ക് ഇപ്പോൾ 56.38 ശതമാനമായി വർധിച്ചു.

1.40 ലക്ഷം കടന്ന് മഹാരാഷ്ട്ര

രോഗവ്യാപനം കൂടുന്ന മഹാരാഷ്ട്രയിൽ 208 മരണം കൂടി. 3890 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഇതുവരെയുള്ള ഉയർന്ന രോഗി സംഖ്യയാണിത്. ആകെ രോഗികൾ 1,42,900. ഇവരിൽ 69,625 പേർ മുംബൈയിൽ. സംസ്ഥാനത്തെ ആകെ മരണം 6739. ആകെ രോഗികളിൽ ഒരു ലക്ഷത്തിലേറെയും മുംബൈയും സമീപ ജില്ലകളും ഉൾപ്പെടുന്ന മുംബൈ മെട്രോപ്പൊലിറ്റൻ റീജനിൽ. മുംബൈയിൽ രോഗികൾ കുറയുമ്പോഴും സമീപമേഖലകളിലെ കോർപറേഷനുകളിൽ കോവിഡ് നിയന്ത്രിക്കാനായിട്ടില്ല. മലയാളികളേറെയും താമസിക്കുന്നത് മുംൈബയുടെ പ്രാന്തപ്രദേശങ്ങളിലും നഗരത്തിനു പുറത്തുള്ള കോർപറേഷൻ പരിധികളിലുമാണ്. ആശുപത്രികളും ചികിത്സാ സംവിധാനങ്ങളും കുറവാണെന്നതും വെല്ലുവിളി ഉയർത്തുന്നു. പുണെയ്ക്കടുത്തു ലോണാവാലയിൽ നാവികസേനയുടെ പരിശീലന കേന്ദ്രമായ ഐഎൻഎസ് ശിവാജിയിലെ 12 ട്രെയിനി നാവികർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ച് സംസ്ഥാനത്ത് മരിച്ച പൊലീസുകാരുടെ എണ്ണം 52.

രോഗബാധ ഉയരുമ്പോൾ നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്

കോവിഡ് വ്യാപനം തടയാൻ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് തമിഴ്‌നാട്. ഇന്നു മുതൽ 30 വരെ ജില്ല വിട്ടു യാത്ര ചെയ്യാൻ ഇ പാസ് നിർബന്ധം. ജില്ലകളിൽ കർശന ലോക്ഡൗൺ പ്രഖ്യാപിക്കാൻ കലക്ടർമാർക്ക് പൂർണ അധികാരം. പുതിയ നിയന്ത്രണം കേരളത്തിലേക്കുള്ള യാത്രയെ ബാധിക്കില്ല. ചെന്നൈയ്ക്കും സമീപ ജില്ലകൾക്കും പുറമെ, മധുരയിലും തേനിയിലും കർശന ലോക്ഡൗൺ തുടങ്ങി. ഒരു ദിവസത്തെ ഉയർന്ന രോഗസംഖ്യയായി 2865 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 67468. ചെന്നൈയിൽ 1654 പേർക്കു കൂടി രോഗം കണ്ടെത്തിയതോടെ ആകെ രോഗികൾ 45814. ഇന്നലെ 33 പേർ കൂടി മരിച്ചതോടെ ആകെ മരണം 866. ഇതിൽ 90% മരണവും ചെന്നൈയിലും സമീപ ജില്ലകളിലും. ആശ്വാസം പകർന്ന് ഇന്നലെ ആശുപത്രി വിട്ടത് 2422 പേർ.

കർണാടകത്തിൽ കോവിഡ് ബാധിതർ 10,000 കടന്നു

കർണാടകത്തിൽ കോവിഡ് ബാധിതരുടെ എണ്ണവും മരണവും കുത്തനെ ഉയരുന്നു. രോഗബാധിതർ 10,000 കടന്നു. ചികിത്സയിലായിരുന്ന 14 പേർകൂടി മരിച്ചു. ഒരുദിവസത്തെ ഏറ്റവും വലിയ മരണനിരക്കാണിത്. മരിച്ചവരുടെ എണ്ണം 164 ആയി. ബെംഗളൂരുവിൽ അഞ്ചുപേർ മരിച്ചതോടെ നഗരത്തിലെ മരണം 78 ആയി. തൊട്ടടുത്ത ജില്ലയായ രാമനഗരയിൽ രണ്ടുപേരും ബല്ലാരിയിൽ നാലുപേരും മരിച്ചു. കലബുറഗിയിൽ രണ്ടുപേരും തുമകൂരുവിൽ ഒരാളും ചികിത്സയിലിരിക്കെ മരിച്ചു.

സംസ്ഥാനത്ത് 397 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ 75 പേർ ഇതരസംസ്ഥാനങ്ങളിൽനിന്നും എട്ടുപേർ വിദേശത്തുനിന്നുമെത്തിയവരാണ്. ഇതോടെ രോഗബാധിതർ 10,118 ആയി. സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കുകയാണ്. പലർക്കും രോഗം പകർന്നതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ബുധനാഴ്ച 149 പേർ രോഗമുക്തി നേടിയതോടെ രോഗം മാറിയവരുടെ എണ്ണം 6151 ആയി. ചികിത്സയിലുള്ള 3799 പേരിൽ 112 പേർ തീവ്രപരിചരണവിഭാഗത്തിലാണ്.

ബെംഗളൂരുവിൽ രോഗികൾ കുത്തനെ ഉയരുകയാണ്. കൂടുതൽപ്പേർക്ക് രോഗം കണ്ടെത്തുന്നതും നഗരത്തിലാണ്. 173 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. രോഗവ്യാപനത്തോടൊപ്പം മരണവും കൂടുകയാണ്. ഏറ്റവും കൂടുതൽപ്പേർ കോവിഡ് ബാധിച്ച് മരിച്ചതും ബെംഗളൂരുവിലാണ്. രോഗവ്യാപനത്തെത്തുടർന്ന് നാലു വാർഡുകളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിൽ സമ്പൂർണ ലോക്ഡൗൺ വേണമെന്ന ആവശ്യവും ശക്തമാക്കിയിരിക്കുകയാണ്.

ബല്ലാരിയിൽ 34 പേർക്കും കലബുറഗി, രാമനഗര എന്നിവിടങ്ങളിൽ 22 പേർക്കുവീതവും രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച ഏറ്റവും കൂടുതൽപ്പേർ രോഗമുക്തി നേടിയത് കലബുറഗിയിലാണ് -50 പേർ. ബെംഗളൂരുവിൽ 41 പേരും ബീദറിൽ 12 പേരും രോഗമുക്തിനേടി. രോഗികൾ കൂടുന്നതോടൊപ്പം തീവ്രപരിചരണവിഭാഗത്തിലുള്ളവരുടെ എണ്ണവും കൂടുകയാണ്.

രോഗമുക്തി നിരക്കിൽ മുന്നിൽ രാജസ്ഥാൻ

കോവിഡ് രോഗമുക്തി നിരക്കിൽ രാജസ്ഥാൻ ഒന്നാമത്. 78.15 ശതമാനമാണ് രാജസ്ഥാന്റെ കോവിഡ് രോഗമുക്തി നിരക്കെന്ന് കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. മധ്യപ്രദേശ്, ബിഹാർ, ഒഡീഷ എന്നി സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. കേന്ദ്രസർക്കാർ കണക്ക് അനുസരിച്ച് രാജസ്ഥാനിൽ 15,627 പേർക്കാണ് ഇതുവരെ രോഗബാധ ഉണ്ടായത്. ഇതിൽ നല്ലൊരു ഭാഗവും രോഗമുക്തി നേടി ആശുപത്രി വിട്ടു. 12,213 പേരുടെ കോവിഡ് പരിശോധനാ ഫലമാണ് നെഗറ്റീവായത്. അതായത് 78.15 ശതമാനമാണ് സംസ്ഥാനത്തിന്റെ രോഗമുക്തി നിരക്കെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയ ശരാശരി 56.70 ശതമാനമാണ്.

മധ്യപ്രദേശാണ് തൊട്ടുപിന്നിൽ. 12,261 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 9335 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. 76.13 ശതമാനമാണ് രോഗമുക്തി നിരക്ക്. ബിഹാറിൽ ഇത് 74.86 ശതമാനമാണ്. 8153 കോവിഡ് കേസുകളിൽ 6104 പേരും രോഗമുക്തി നേടി ആശുപത്രി വിട്ടു. ഒഡീഷയിൽ ഇത് 72 ശതമാനമാണ്. 5470 പേരിലാണ് ഇതുവരെ രോഗബാധ കണ്ടെത്തിയത്. ഇതിൽ 3988 പേർ ആശുപത്രി വിട്ടു. ഗുജറാത്തിൽ മരണസംഖ്യ ആശങ്കപ്പെടുത്തുന്നതാണെങ്കിലും കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ആശ്വാസം നൽകുന്നു. 28371 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 20513 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ഝാർഖണ്ഡിൽ രോഗമുക്തി നിരക്ക് 69.56 ശതമാനമാണ്. പഞ്ചാബ് 69.29 ശതമാനം, ഛത്തീസ്‌ഗഡ് 65.74, അസം 64.51, ഉത്തർപ്രദേശ് 64.12 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളുടെ രോഗമുക്തി നിരക്ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP