Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൽവാൻ നദിയുടെ മറുകരയിൽ ചൈനീസ് സൈന്യം മലയിടിച്ച് ഉണ്ടാക്കിയത് വിപുലമായ സൈനിക താവളം; പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളിൽ കാണുന്നത് ടെന്റുകളും സൈനിക വാഹനങ്ങളും പാലവും; ഗൽവാൻ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്തും വിധം ബുൾഡോസർ പ്രയോഗവും; എൽഎസിയിലേക്കുള്ള റോഡിന്റെ വീതിയും കൂട്ടി; കമാൻഡർതല ചർച്ചക്ക് ശേഷവും പിന്മാറില്ലെന്ന നിലപാടിൽ ഉറച്ചു ചൈനീസ് സേന; തർക്കം ദൗലത് ബേഗ് ഓൾഡിയിലേക്കും; പട്രോളിങ് തടസ്സപ്പെടുത്താൻ ശ്രമം; അതീവ ജാഗ്രതയോടെ ഇന്ത്യൻ സേനയും

ഗൽവാൻ നദിയുടെ മറുകരയിൽ ചൈനീസ് സൈന്യം മലയിടിച്ച് ഉണ്ടാക്കിയത് വിപുലമായ സൈനിക താവളം; പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളിൽ കാണുന്നത് ടെന്റുകളും സൈനിക വാഹനങ്ങളും പാലവും; ഗൽവാൻ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്തും വിധം ബുൾഡോസർ പ്രയോഗവും; എൽഎസിയിലേക്കുള്ള റോഡിന്റെ വീതിയും കൂട്ടി; കമാൻഡർതല ചർച്ചക്ക് ശേഷവും പിന്മാറില്ലെന്ന നിലപാടിൽ ഉറച്ചു ചൈനീസ് സേന; തർക്കം ദൗലത് ബേഗ് ഓൾഡിയിലേക്കും; പട്രോളിങ് തടസ്സപ്പെടുത്താൻ ശ്രമം; അതീവ ജാഗ്രതയോടെ ഇന്ത്യൻ സേനയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ചൈനയെ വിശ്വാസിച്ചു ഗൽവാനിൽ നിന്നും ഇന്ത്യൻ സേനയ്ക്ക് പിന്മാറാൻ എളുപ്പം സാധിക്കില്ലെന്ന് ഉറപ്പായി. ഗൽവാൻ താഴ് വര തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ചൈന രണ്ടും കൽപ്പിച്ചാണ് ഇവിടെ നിലകൊള്ളുന്നത്. വിപുലമായ സന്നാഹങ്ങളോടെ ഇവിടെ തമ്പടിക്കുകയാണ് ഇവർ. ഇന്ത്യൻ മേഖലയിലേക്ക് ഇവർ കടന്നുകയറി എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നതോടെ വിപുലമായ കൈയേറ്റം വ്യക്തമാണ്.

ഗൽവാനിലെ പട്രോൾ പോയിന്റ് 14നു സമീപം ചൈനീസ് സേന ടെന്റുകളും മറ്റു സന്നാഹങ്ങളും സജ്ജമാക്കിയതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നു. ഈ മാസം 15നു സംഘർഷമുണ്ടായതിന്റെ പിറ്റേന്നുള്ള ദൃശ്യങ്ങളിൽ ഇവിടെയുള്ള ചൈനീസ് ടെന്റുകൾ നീക്കം ചെയ്തതായി കണ്ടെത്തിയിരുന്നു. കടന്നുകയറ്റ നീക്കത്തിൽ നിന്ന് അവർ പിന്മാറുന്നതിന്റെ സൂചനയായി ഇതു വിലയിരുത്തപ്പെട്ടു. എന്നാൽ ഈ മാസം 22ലെ ദൃശ്യങ്ങളിൽ അവിടെ വീണ്ടും ടെന്റുകൾ ഉയർന്നതായി കാണാം.

ലഡാക്കിലെ ഇന്ത്യചൈന തർക്കത്തിൽ അയവു വരുത്താൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതിനു പിന്നാലെയാണ് ഗൽവാൻ താഴ്‌വരയിലെ യഥാർഥ നിയന്ത്രണ രേഖയുടെ (എൽഎസി) ഇരുഭാഗങ്ങളിലും ചൈനീസ് കെട്ടിടങ്ങളുള്ളതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നത്. പുതുതായി പുറത്തുവന്ന ഹൈ റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങളിലാണ് ചൈനീസ് സൈനികരെയും നിർമ്മാണപ്രവർത്തനങ്ങളും കാണാനാകുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ജൂൺ 15 ന് ഏറ്റുമുട്ടലുണ്ടായെന്നു കരുതുന്ന പട്രോൾ പോയിന്റ് 14 ന് സമീപത്തെ ചിത്രങ്ങളാണു പുറത്തുവന്നത്. മെയ്‌ 22ലെ ഉപഗ്രഹ ചിത്രം പരിശോധിച്ചാൽ ഒരു ടെന്റ് മാത്രമാണു സ്ഥലത്തുള്ളത്. പട്രോൾ പോയിന്റ് 14 നു ചുറ്റും കയ്യേറ്റം നടന്നിട്ടുള്ളതായാണ് അടയാളങ്ങൾ കാണിക്കുന്നതെന്ന് അഡിഷനൽ സർവേയർ ജനറൽ ഓഫ് ഇന്ത്യ ആയിരുന്ന റിട്ട. മേജർ ജനറൽ രമേഷ് പാദി വ്യക്തമാക്കി. വലിയ വാഹനങ്ങളുടെ സഞ്ചാരവും ചിത്രങ്ങളിൽ കാണാം. പ്രദേശത്തു വിന്യാസം തുടരാൻ ചൈനീസ് സൈന്യത്തിന് ഉദ്ദേശമുണ്ടാകാമെന്നും അദ്ദേഹം വിലയിരുത്തി.

എൽഎസിക്ക് ഒരു കിലോമീറ്റർ മാത്രം അകലെ ഗൽവാൻ നദിക്കു കുറുകെ ചെറുപാലങ്ങൾ നിർമ്മിച്ചിട്ടുള്ളതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂൺ 16 ലെ ഒരു ഉപഗ്രഹ ചിത്രത്തിൽ ഗൽവാൻ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്താൻ ബുൾഡോസർ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ പ്രദേശത്തിനു സമീപത്താണ് ഇപ്പോൾ പാലം ശ്രദ്ധയിൽപെട്ടത്. ജൂൺ 22ന് പകർത്തിയ ചിത്രത്തിൽ പാലത്തിന് അടിയിലൂടെ ഗൽവാൻ നദി വീണ്ടും ഒഴുകി തുടങ്ങിയിട്ടുണ്ട്.

എൽഎസിയിലേക്കുള്ള റോഡിന്റെ വീതിയും ചൈന കൂട്ടിയിട്ടുണ്ട്. എന്നാൽ ഗൽവാനിലെ ഇന്ത്യയുടെ ഭാഗങ്ങളിൽ സമാനമായ നിർമ്മാണ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടിട്ടില്ല. ഈ പ്രദേശത്തുനിന്നും ഏകദേശം ആറു കിലോമീറ്റർ മാത്രം അകലെ ഇന്ത്യ തന്ത്രപ്രധാനമായ റോഡ് നിർമ്മാണം പൂർത്തിയാക്കിയിരുന്നു. പ്രദേശത്തെ ഇന്ത്യൻ സൈന്യത്തിന്റെ നീക്കത്തിന് റോഡ് ഉപകരിക്കും. ഇതാകാം ചൈനീസ് സൈന്യത്തെ ആശങ്കയിലാഴ്‌ത്തിയതെന്നാണ് വിലയിരുത്തൽ.

ചൈനയെ വിശ്വസിക്കാനാവില്ലെന്നും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും സേനാ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യയ്ക്കു മേൽ സമ്മർദം ചെലുത്താനാണ് അതിർത്തിയോടു ചേർന്നു സൈനികരെ പാർപ്പിക്കുന്ന ടെന്റുകൾ ചൈന സജ്ജമാക്കിയത്. പാംഗോങ് മലനിരകളിലും സമാന സാഹചര്യമാണ്. സംഘർഷ മേഖലകളിൽ നിന്ന് ഇരു സേനകളും സമാധാനപരമായി പിന്മാറാൻ ഇന്ത്യചൈന സൈനാതലത്തിലെ ചർച്ചയിൽ ധാരണയായെന്ന് കരസേന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ധാരണ പാലിക്കുമെന്നും എത്രയും വേഗം സംഘർഷം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയൻ വ്യക്തമാക്കി.

അതേസമയം, ഇന്ത്യൻ സൈനികരുടെ പ്രകോപനമാണ് ഗൽവാൻ ഏറ്റുമുട്ടലിൽ കലാശിച്ചതെന്ന് ചൈനീസ് വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾ ആവർത്തിച്ചു. അതിനിടെ ഗൽവാന് പുറമേ മറ്റിടങ്ങളിലേക്കും സംഘർഷം വ്യാപിക്കുകയാണ്. സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ ഭാഗത്തുള്ള ദൗലത് ബേഗ് ഓൾഡിയോടു (ഡിബിഒ) ചേർന്നുള്ള അതിർത്തി മേഖലകളിലും തർക്കമുന്നയിച്ച് ചൈന രംഗത്തുവന്നു. ഇവിടെ 10, 13 പട്രോളിങ് പോയിന്റുകൾക്കിടയിൽ ഇന്ത്യൻ സേനാംഗങ്ങളുടെ പട്രോളിങ് ചൈനീസ് സേന തടസ്സപ്പെടുത്താൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

ഇന്ത്യൻ സേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുദ്ധവിമാനങ്ങൾക്കിറങ്ങാൻ കഴിയുന്ന എയർസ്ട്രിപ് സ്ഥിതി ചെയ്യുന്ന ഡിബിഒ, അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ സേനാ നടപടികളിലെ അവിഭാജ്യ ഘടകമാണ്. കാരക്കോറം മേഖലയിലേക്കു കടന്നുകയറാനുള്ള ചൈനയുടെ ശ്രമമാണു ഡിബിഒയിലെ തർക്കങ്ങളെന്നു സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പാംഗോങ് മലനിരകൾ, ഗൽവാൻ, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളിലെ സംഘർഷങ്ങൾക്കു പിന്നാലെയാണു മറ്റൊരിടത്തു കൂടി കടന്നുകയറാനുള്ള ചൈനയുടെ ശ്രമം.

അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ യുദ്ധവിമാനങ്ങളും മിസൈൽ പ്രതിരോധ യൂണിറ്റുകളും ചൈന സജ്ജമാക്കിയിട്ടുണ്ട്. ചൈനീസ് യുദ്ധവിമാനങ്ങളുടെ നിരീക്ഷണ പറക്കൽ വർധിച്ചതായി സേനാ വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യൻ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ലഡാക്ക് മേഖലയിൽ നിരീക്ഷണ പറക്കൽ നടത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP