Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക സമ്പദ് വ്യവസ്ഥ ഈ വർഷം 4.9 ശതമാനം ഇടിയും; 908 ലക്ഷം കോടി രൂപ കൊറോണയിൽ ഒഴുകിപ്പോകും; രണ്ടാം പാദത്തിൽ മാത്രം 300 ദശലക്ഷം തൊഴിലുകൾ ഇല്ലാതാവും; ഇന്ത്യ പിന്നോട്ടടിക്കുമ്പോൾ ചൈനക്ക് മാത്രം വളർച്ച; ഐ എം എഫ് ആദ്യ റിപ്പോർട്ട് തിരുത്തി ലോകത്തെ ഭയപ്പെടുത്തുന്നത് ഇങ്ങനെ

ലോക സമ്പദ് വ്യവസ്ഥ ഈ വർഷം 4.9 ശതമാനം ഇടിയും; 908 ലക്ഷം കോടി രൂപ കൊറോണയിൽ ഒഴുകിപ്പോകും; രണ്ടാം പാദത്തിൽ മാത്രം 300 ദശലക്ഷം തൊഴിലുകൾ ഇല്ലാതാവും; ഇന്ത്യ പിന്നോട്ടടിക്കുമ്പോൾ ചൈനക്ക് മാത്രം വളർച്ച; ഐ എം എഫ് ആദ്യ റിപ്പോർട്ട് തിരുത്തി ലോകത്തെ ഭയപ്പെടുത്തുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മനില: ആഗോള സാമ്പത്തിക വളർച്ച പിന്നെയും കുറയുമെന്ന് വ്യക്തമാക്കി ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് അവരുടെ ആദ്യ റിപ്പോർട്ട് തിരുത്തിയിരിക്കുന്നു. കൊറോണമൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പ്രതീക്ഷിച്ചതിലും രൂക്ഷമാകുമെന്നാണ് ഇവർ പറയുന്നത്. സമാനകളില്ലാത്ത ഈ പ്രതിസന്ധി ആഗോള ജി ഡി പി ഈ വർഷം 4.9 ശതമാനം താഴുന്നതിന് ഇടയാക്കും എന്നാണ് പുതിയ റിപ്പോർട്ടിൽ പറയുന്നത്. രണ്ട് വർഷം കൊണ്ട് 12 ട്രില്ല്യൺ ഡോളർ (908 ലക്ഷം കോടി രൂപ) അപ്രത്യക്ഷമാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഏപ്രിലിൽ പുറത്തിറക്കിയ ഐ എം എഫിന്റെ ആദ്യ റിപ്പോർട്ടിൽ പറഞ്ഞിരുന്നത് ആഗോള ജി ഡി പി 3 ശതമാനം താഴുമെന്നായിരുന്നു.

1930- ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ലോകം കണ്ട ഏതൊരു സാമ്പത്തിക മാന്ദ്യത്തേക്കാൾ വലിയ ദുരന്തമായിരിക്കും ഇനി ഉണ്ടാകാൻ പോകുന്നതെന്നാണ് ഐ എം എഫ് പറയുന്നത്. സാനോത്തിക രംഗത്തുണ്ടാകുന്ന മാന്ദ്യം പ്രധാനമായും ബാധിക്കുന്നത് തൊഴിൽ വിപണിയേയായിരിക്കും. വർഷത്തിന്റെ രണ്ടാം പാദത്തിൽ ഏകദേശം 300 ദശലക്ഷം തൊഴിലുകൾ ഇല്ലാതെയാകുമെന്നും ഐ എം എഫ് പറയുന്നു. അമേരിക്കയുടെ മൊത്തം ആഭ്യന്തര ഉല്പാദനം (ജി ഡി പി) 8 ശതമാനത്തോളം കുറയും എന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിലിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ഇത് 5.9 ശതമാനം കുറയും എന്നായിരുന്നു പറഞ്ഞിരുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അമേരിക്ക അനുഭവിക്കുവാൻ പോകുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയായിരിക്കും ഇത്. എന്നാൽ ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനക്ക് ഇക്കാര്യത്തിൽ ആശ്വാസത്തിന് വകയുണ്ട്. ചൈനയുടെ സമ്പദ്ഘടന 1 ശതമാനം വളർച്ച കൈവരിക്കും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നടപ്പുവർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ ലോക്ക്ഡൗൺ അവസാനിപ്പിക്കാൻ സാധിച്ച ചൈനക്ക് മാത്രമാണ് ഈ വർഷം സാമ്പത്തിക വളർച്ച പ്രതീക്ഷിക്കുന്നത്. ഏപ്രിലിൽ പ്രസിദ്ധീകരിച്ച വേൾഡ് എക്കണോമിക്ക് ഔട്ട്ലുക്ക് തിരുത്തി പുതിയ നിരീക്ഷണവുമായി ബുധനാഴ്‌ച്ചയാണ് ഐ എം എഫ് രംഗത്ത് വന്നത്.

ലോക സമ്പദ്ഘടനയെ കുറിച്ചുള്ള മറ്റ് പ്രവചനങ്ങളുമായി ഒത്തുപോകുന്നതാണ് ഈ പുതിയ റിപ്പോർട്ട്. ഈ മാസം ആദ്യം ആഗോള സമ്പദ്ഘടനയിൽ 5.2 ശതമാനത്തിന്റെ കുറവ് ലോകബാങ്ക് പ്രവചിച്ചിരുന്നു. ഈ പകർച്ചവ്യാധി, താഴ്ന്ന വരുമാനക്കാരെയാണ് കാര്യമായി ബാധിക്കുന്നത് എന്ന് നിരീക്ഷിച്ച ഐ എം എഫ്, 1990 മുതൽ ലോകത്ത് നടത്തിവരുന്ന വിവിധ ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളെ ഈ മഹാവ്യാധി നിഷ്ഫലമാക്കി എന്നും വിലയിരുത്തിൽ. ഒരു രാജ്യവും ഇതിന്റെ വിപത്ത് അനുഭവിക്കാതിരുന്നിട്ടില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതീവ ദാരിദ്യത്തിൽ കഴിയുന്നവർ 1990 ന് മുൻപ് ഏകദേശം 35% ഉണ്ടായിരുന്നപ്പോൾ അത് സമീപകാലത്ത് 10 ശതമാനമാക്കി കുറക്കാനായി എന്നും അവർ വിലയിരുത്തി. ഈ നേട്ടത്തെ പിന്നോട്ടടിപ്പിക്കുകയാണ് കോവിഡ് 19.വികസ്വര രാജ്യങ്ങളിൽ 90 ശതമാനത്തിന്റെയും സമ്പദ്ഘടന തകരുകയും പ്രതിശീർഷ വരുമാനത്തിൽ കാര്യമായ കുറവ് സംഭവിക്കുകയും ചെയ്യുമെന്നും ഐ എം എഫ് പറയുന്നു. എന്നാൽ, കൊറോണയുടെ രണ്ടാം വരവ് ഉണ്ടായില്ലെങ്കിൽ, അടുത്തവർഷം ഏകദേശം 5.4 ശതമാനത്തിന്റെ വളർച്ച ലോക സമ്പദ്ഘടനയിൽ ഉണ്ടാകുമെന്നും ഐ എം എഫ് പ്രവചിക്കുന്നു. ഇത് ഏപ്രിലിൽ പ്രവചിച്ചിരുന്നതിനേക്കാൾ 0.4% കുറവാണ്.

ഐ എം എഫ് പുറത്തിറക്കിയ വിശദമായ റിപ്പോർട്ടിൽ എല്ലാ പ്രധാന രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും പരാമർശമുണ്ട്. യൂറോ കറൻസി ഉപയോഗിക്കുന്ന 19 യൂറോപ്യൻ രാജ്യങ്ങളുടെ വളർച്ചയിൽ 10.2 ശതമാനത്തിന്റെ കുറവാണ് പ്രവചിച്ചിരിക്കുന്നത്. ഏപ്രിലിലെ റിപ്പോർട്ടിൽ ഇത് 8 ശതമാനമായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി 4.5% താഴും എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ലാറ്റിൻ അമേരിക്കയിലെ രണ്ട് പ്രധാന സാമ്പത്തിക ശക്തികളായ ബ്രസീലിനും മെക്സിക്കോയ്ക്കും യഥാക്രമം 9.1%, 10.5% തളർച്ചയാണ് റിപ്പോർട്ടിൽ പറയുന്നത്.

നിലവിലെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോർട്ട്. കൊറോണയുടെ രണ്ടാം വരവ് ഉണ്ടായാൽ കാര്യങ്ങൾ ഇനിയും കൂടുതൽ വഷളാകും എന്നും ഐ എം എഫ് പറയുന്നുണ്ട്. 2021 ആദ്യ പാദത്തിൽ ഒരു രണ്ടാം വരവ് ഉണ്ടായാൽ അടുത്തവർഷം പിന്നെയും 4.9 ശതമാനത്തിന്റെ തളർച്ച കൂടി ലോക സമ്പദ്ഘടനയിൽ കാണുവാനാകും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP