Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക് വിമാനം തകർന്ന് വീണതിന് പിന്നിൽ പൈലറ്റുമാരുടെ കോക്പിറ്റിലെ കൊറോണ ചർച്ച; യാത്രയിലുടനീളം പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ശ്രദ്ധിച്ചില്ലെന്നും കൊറോണ ചർച്ചയായിരുന്നെന്നും കണ്ടെത്തൽ; അമിത ആത്മവിശ്വാസവും ശ്രദ്ധകുറവുമാണ് ദുരന്തത്തിന് വഴിയൊരുക്കിയതെന്ന് പാർലമെന്റിൽ വ്യോമയാന മന്ത്രി ഗുലാം സർവർ ഖാൻ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ കഴിഞ്ഞ മാസം 97 പേരുടെ മരണത്തിനിടയാക്കി തകർന്നുവീണ യാത്രാവിമാനത്തിലെ പൈലറ്റുമാർ യാത്രയിലുടനീളം കോവിഡിനെക്കുറിച്ചുള്ള ചർച്ചയിലായിരുന്നുവെന്നും വിമാനത്തിന്റെ പ്രവർത്തനം ശ്രദ്ധിച്ചിരുന്നില്ലെന്നും കണ്ടെത്തൽ. വ്യോമയാനമന്ത്രി ഗുലാം സർവർ ഖാൻ ആണ് ഇക്കാര്യം പാക്ക് പാർലമെന്റിനെ അറിയിച്ചത്. അമിത ആത്മവിശ്വാസവും ശ്രദ്ധക്കുറവുമാണ് ദുരന്തത്തിനു കാരണമായതെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് മന്ത്രി പറഞ്ഞു.

മെയ്‌ 22ന് ലാഹോറിൽനിന്നു കറാച്ചിയിലേക്കു പറന്ന എ320 എയർബസ് ലാൻഡിങ്ങിനു തൊട്ടുമുൻപ് കറാച്ചിയിലെ ജിന്ന വിമാനത്താവളത്തിനു സമീപം ജനവാസകേന്ദ്രത്തിൽ തകർന്നുവീഴുകയായിരുന്നു. 91 യാത്രക്കാരും 8 ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. 97 പേർ മരിച്ചു. രണ്ട് യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. യാത്രയിലുടനീളം പൈലറ്റുമാർ കൊറോണയെക്കുറിച്ചാണു ചർച്ച ചെയ്തിരുന്നത്. വിമാനം ഉയർത്താൻ കൺട്രോൾ ടവറിൽനിന്ന് നിർദ്ദേശിച്ചെങ്കിലും സാരമില്ല, ഞങ്ങൾ കൈകാര്യം ചെയ്തുകൊള്ളാം എന്നായിരുന്നു മറുപടി. അമിത ആത്മവിശ്വാസമായിരുന്നു പൈലറ്റുമാർക്കെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിനു കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ പൂർണ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.

മാനുഷികമായ പിഴവാണ് ദുരന്തത്തിന് ഇടയാക്കിയതെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. എയർ ട്രാഫിക് കൺട്രോളർമാർ വിമാനം പറന്നിരുന്ന ഉയരത്തെക്കുറിച്ചു നൽകിയ നിർദ്ദേശങ്ങൾ പൈലറ്റുമാർ അവഗണിച്ചു. എയർ ട്രാഫിക് കൺട്രോളും നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് റിപ്പോർട്ടിലുണ്ട്. ലാൻഡിങ് ശ്രമത്തിനിടെ വിമാനത്തിന്റെ എൻജിനുകൾക്കു തകരാറു സംഭവിച്ച കാര്യം ട്രാഫിക് കൺട്രോളർമാർ പൈലറ്റുമാരെ അറിയിച്ചില്ലെന്നും മന്ത്രി പറഞ്ഞു. പൈലറ്റുമാരും ട്രാഫിക് കൺട്രോളർമാരുമായുള്ള ആശയവിനിമയം റെക്കോർഡ് ചെയ്തതു താൻ കേട്ടുവെന്നും മന്ത്രി പറഞ്ഞു.

വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ലെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. പൈലറ്റുമാർ ഇതുസംബന്ധിച്ച് കൺട്രോൾ റൂമിൽ പരാതിപ്പെട്ടിരുന്നുമില്ല. വിമാനം നിലത്തിറക്കിയപ്പോൾ ലാൻഡിങ് ഗിയർ പ്രവർത്തിച്ചിരുന്നില്ല. മൂന്നുവട്ടം റൺവേയിൽ ഇടിച്ച വിമാനം വീണ്ടും ഉയർത്തുകയായിരുന്നു. നിലത്തിടിച്ച രണ്ട് എൻജിനുകളും വിമാനം വീണ്ടും പറന്നുയർന്നപ്പോൾ തകരാറിലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിയന്ത്രിത വിമാനക്കമ്പനിയിൽ 40 ശതമാനം പൈലറ്റുമാർ വ്യാജലൈസൻസ് ഉപയോഗിച്ചാണു വിമാനം പറത്തുന്നതെന്നു മന്ത്രി പറഞ്ഞു. രാഷ്ട്രീയ അടിസ്ഥാനത്തിൽ പൈലറ്റുമാരെ നിയമിക്കുന്നത് ദൗർഭാഗ്യകരമാണ്. നാല് പൈലറ്റുമാരുടെ ബിരുദം വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈസ് (പിഐഎ) ഉടച്ചുവാർക്കുമെന്നും മന്ത്രി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP