Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൃഥ്വിരാജ് എന്ന ഹിന്ദു ഒരു മുസ്ലിം കഥാപാത്രമാകുന്നതല്ല ഇവിടെ പ്രശ്‌നമെന്ന് 'എന്ന് നിന്റെ മൊയ്തീനും' വരാൻ പോകുന്ന 'ആടുജീവിതവും' തെളിയിച്ചതാണ്; പ്രശ്‌നം വാരിയംകുന്നൻ എന്ന പേരുമല്ല; സിനിമയുടെ അണിയറയിൽ ഉള്ളവരുടെ ദുരുദ്ദേശം മാത്രമാണ്; വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മതഭ്രാന്തനായ ഒരു വർഗ്ഗീയവാദിയാണ്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

പൃഥ്വിരാജ് എന്ന ഹിന്ദു ഒരു മുസ്ലിം കഥാപാത്രമാകുന്നതല്ല ഇവിടെ പ്രശ്‌നമെന്ന് 'എന്ന് നിന്റെ മൊയ്തീനും' വരാൻ പോകുന്ന 'ആടുജീവിതവും' തെളിയിച്ചതാണ്; പ്രശ്‌നം വാരിയംകുന്നൻ എന്ന പേരുമല്ല; സിനിമയുടെ അണിയറയിൽ ഉള്ളവരുടെ ദുരുദ്ദേശം മാത്രമാണ്; വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മതഭ്രാന്തനായ ഒരു വർഗ്ഗീയവാദിയാണ്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

രാണ് വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി? ഇതാണല്ലോ ഇപ്പോഴത്തെ ട്രെൻഡിങ് ആയിട്ടുള്ള ചോദ്യം. കേരളത്തിന്റെ തെക്കേയറ്റത്തുള്ള തിരുവനന്തപുരത്ത് ജനിച്ചുവളർന്ന എനിക്ക് മലബാർ കലാപമെന്നത് ചരിത്രപുസ്തകങ്ങളിൽ പഠിച്ച വെറുമൊരു പാഠം മാത്രമാണ്. ആ കലാപവുമായി ബന്ധപ്പെട്ട് വായിച്ചറിഞ്ഞ അനേകം പേരിൽ ഒരാൾ മാത്രമാണ് വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി. വായിച്ചറിഞ്ഞ പുസ്തകങ്ങളിൽ മലബാർ കലാപം ഒരേസമയം സ്വാതന്ത്ര്യസമരവും വർഗ്ഗീയകലാപവുമാണ്. വാരിയംകുന്നത്തും അലി മുസലിയാരും ഒരേപോലെ ഖിലാഫത്ത് പ്രസ്ഥാനക്കാരും വർഗ്ഗീയവാദികളുമാണ്. അങ്ങനെയാണ് ചരിത്രകാരന്മാരും ചരിത്രാഖ്യായങ്ങളും ആ കലാപത്തെയും അവരെയും വരച്ചുകാട്ടുന്നത്. ആ പുസ്തകങ്ങൾ വായിക്കുന്നയാളുടെ മനോധർമ്മമനുസരിച്ച് അയാൾ ചിലർക്ക് വീരനായ സമരനേതാവും മറ്റുചിലർക്ക് അതിക്രൂരനായ വർഗ്ഗീയവാദിയുമാകുന്നു. ഞാനെന്ന കോൺഗ്രസ്സുകാരിക്ക് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു സ്വാതന്ത്ര്യസമരസേനാനിയല്ല, മറിച്ച് മതഭ്രാന്തനായ ഒരു വർഗ്ഗീയവാദിയാണ്. എനിക്ക് മലബാറിന്റെ ഐക്കണായ അബ്ദുറഹിമാൻ സാഹിബെന്ന ഗാന്ധിജിയുടെ അനുയായിയാണ് ഹീറോ. ടൂ നേഷൻസ് തിയറിയെ എന്നും എതിർത്തിരുന്ന ദേശീയവാദിയായ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബാണ് എന്റെ പ്രിയപ്പെട്ട സ്വാതന്ത്ര്യസമരസേനാനി.

ഒരു ചരിത്രകാരനും പക്ഷഭേദം കാണിക്കാതെ ചരിത്രപുസ്തകങ്ങൾ എഴുതിയിട്ടില്ല. സ്വാതന്ത്ര്യസമരചരിത്രമെന്നത് ചരിത്രകാരന്മാർക്ക് ആന്റി-ബ്രിട്ടിഷ് മാത്രമാണ്. അത് ബിപിൻ ചന്ദ്ര മുതൽ കെ.എൻ പണിക്കർക്ക് വരെയും അത് തന്നെയാണ്. അതിനാൽ തന്നെ പാശ്ചാത്യർക്കെതിരെ നടന്ന ഏതൊരു സമരമുറയും ദേശീയതയ്ക്കുവേണ്ടിയുള്ളതാണെന്ന അനിവാര്യതയിലേയ്ക്ക് അവരെത്തുന്നു. വായിക്കുന്ന നമ്മളും അങ്ങനെ ധരിക്കുന്നു.ആ അനിവാര്യതയ്ക്കുവേണ്ടി ചിലർ നടത്തിയ സമരമുറ വിപ്ലവവും അതിന്റെ പേരിൽ പലരും ചിന്തിയ ചോര കണ്ടില്ലെന്നും നടിക്കേണ്ടി വരുന്നു. കർഷകസമരമെന്നും മാപ്പിളകലാപമെന്നും പേരിട്ടു വിളിക്കുന്ന 1921 ലെ കലാപത്തിനും അതിന്റെ പിന്നിലുണ്ടായിരുന്നവർക്കും അത് തന്നെയാണ് സംഭവിച്ചത്.വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ രാഷ്ട്രീയ ജീവിതത്തെ വസ്തുതാപരമായ തെളിവുകളിൽ ഊന്നി വിമർശിക്കാനും ചരിത്രപരമായ ഓഡിറ്റിങ് നടത്താനുമുള്ള അവകാശം ഓരോ ചരിത്രാന്വേഷിക്കുമുണ്ട്.

സി. ഗോപാലൻ നായർ തന്റെ മാപ്പിള കലാപം- 1921 എന്ന പുസ്തകത്തിൽ വാരിയംകുന്നനെ കുറിച്ച് ഇങ്ങനെ പറയുന്നു-He styled himself Raja of the Hindus, Amir of the Mohammedans and Colonel of the Khilafat Army'. ഇനി R.E. Miller തന്റെ Encyclopaedia Dictionary Islam Muslim World, ആറാം വോള്യത്തിൽ 459മത്തെ പേജിൽ പറയുന്നത് ഇങ്ങനെയാണ്-This was a spontaneous uprising (not one of 'systematic preparation', as stated by T.W. Arnold, EI, Mappilas) that included the establishment of a temporary 'Moplastan' in Ernad, South Malabar, under V.K. Kunyahamad Haji.' ഖിലാഫത്ത് സ്മരണകൾ എന്ന മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ പുസ്തകത്തിൽ ആ കലാപത്തെ ഖിലാഫത്ത് സമരമായും കലാപകാരികളെ ഖിലാഫത്ത് പ്രസ്ഥാനക്കാരായും ചിത്രീകരിച്ചിരിക്കുന്നു.

എന്നാൽ മലബാർ കലാപം എന്ന പുസ്തകത്തിൽ കെ മാധവൻ നായർ എഴുതിയത് വാരിയംകുന്നത് ഹാജിയെന്നത് ഭീരുത്വത്തിന്റെ പര്യായമായിട്ടാണ്. 1941ൽ Pakistan or partition of India എന്ന പുസ്തകത്തിൽ ബാബസാഹേബ് അംബേദ്കർ എഴുതിയത് ഇപ്രകാരമാണ്-.The Hindus were visited by a dire fate at the hands of the Moplas. Massacres, forcible conversions, desecration of temples, foul outrages upon women, such as ripping open pregnant women, pillage, arson and destruction-in short, all the accompaniments of brutal and unrestrained barbarism, were perpetrated freely by the Moplas upon the Hindus until such time as troops could be hurried to the task of restoring order through a difficult and extensive tract of the country. ആനി ബസന്റ് തന്റെ പുസ്തകമായ The Future of Indian Politicsൽ ഇങ്ങനെ എഴുതി-They murdered and plundered abundantly, and killed or drove away all Hindus who would not apostatize.

ഇഎംഎസ് നമ്പൂതിരിപ്പാട് തന്റെ ആത്മകഥയിൽ ആറാമത്തെ അദ്ധ്യായത്തിൽ ഖിലാഫത്ത് എന്ന തലക്കെട്ടിൽ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്- ക്രമേണ ലഹള കുറയുന്നതിനു പകരം പരക്കുകയാണെന്ന റിപ്പോർട്ടുകൾ വരാൻ തുടങ്ങി. ഇന്ന സ്ഥലത്ത് പാലം പൊളിച്ചു, താലൂക്ക് കച്ചേരി കയ്യേറി, നെല്ലും പണവും ചോദിക്കുകയും ബലമായി പിടിച്ചു വാങ്ങുകയും ചെയ്തു, ഇതൊക്കെയാണ് കേൾക്കുന്ന കഥകൾ. ഈ സാഹചര്യത്തിൽ എത്ര കാവലുണ്ടെങ്കിലും സ്ത്രീകളും കുട്ടികളും കുറച്ചു ദിവസത്തേക്ക് മാറി താമസിക്കുകയാണ് നല്ലതെന്ന് തീരുമാനിച്ചു. ഒരു ദിവസം രാവിലെയാണ് ഞങ്ങൾ അവിടെ നിന്ന് പുറപ്പെട്ടത്. പുഴ കടന്ന് ഏഴെട്ടു മൈൽ ദൂരമുള്ള ഷൊർണൂർക്ക് നടന്നു പോവുകയായിരുന്നു. ഉച്ചയൂണിന് വല്ലപ്പുഴയുള്ള അമ്മയുടെ ഗൃഹത്തിൽ കയറി ഊണു കഴിഞ്ഞ് ഷൊർണൂർക്ക് നടന്നു..ഷൊർണൂരിൽ നിന്ന് വണ്ടി കയറി തൃശൂർ വഴി ഇരിങ്ങാലക്കുട സ്റ്റേഷനിലിറങ്ങി. അവിടെ നിന്ന് കുതിര വണ്ടിക്ക് എട്ടു പത്തു മൈൽ ദൂരത്തുള്ള ബന്ധുഗൃഹത്തിലെത്തി. അന്നു മുതൽ അഞ്ചു മാസത്തോളം അവിടെയാണ് കഴിച്ചു കൂട്ടിയത്.

കോൺഗ്രസ്സുകാരനായ മാധവൻ നായർ തന്റെ റിപ്പോർട്ടിൽ ഇപ്രകാരമെഴുതി-A pregnant woman carrying 7 months was cut through the abdomen by a rebel and she was seen lying dead with on the way with the dead child projecting out.Another baby of six months was nsatched away from the breast of the mother and cut into two pieces. Are these rebels human beings or monsters?'ഖിലാഫത്ത് പ്രസ്ഥാനത്തിനൊപ്പം തുടക്കത്തിൽ ഉണ്ടായിരുന്ന അതേ മാധവൻ നായർ തന്നെയാണ് താൻ കണ്ട അതിദാരുണമായ സംഗതികളെ കുറിച്ച് ഇങ്ങനെയെഴുതിയത് എന്നത് ഏറെ പ്രസക്തം. ആനി ബസന്റും മഹാത്മാഗാന്ധിയും മലബാർ കലാപത്തെ അങ്ങേയറ്റം നിന്ദ്യമായിട്ടാണ് അപലപിച്ചിരിക്കുന്നത് എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്.

നിലമ്പൂർ കോവിലകത്തെ ആറാം തിരുമുൽപാടിന്റെ തോക്ക് കളവു പോയതാണ് കലാപങ്ങൾക്ക് വഴിവച്ചത്ത് എന്നാണ് ശ്രീധരമേനോൽ ഉൾപ്പെടെയുള്ള ചരിത്രകാരന്മാർ എഴുതിയിട്ടുള്ളത്. തോക്ക് മോഷ്ടിച്ചത് പൂക്കോട്ടൂർ ഖിലാഫത്ത് കമ്മറ്റി സെക്രട്ടറി വടക്കേ വീട്ടിൽ മുഹമ്മദാണെന്നായിരുന്നു പൊലീസിന്റെ നിഗമനം. അവിടെ തുടങ്ങുന്നു ഹിന്ദു-മുസ്ലിം കലാപമെന്നതാണ് പല ചരിത്രകാരന്മാരും പറഞ്ഞുവയ്ക്കുന്നത്. എന്നാൽ 1921 ലെ മാപ്പിളകലാപത്തിനു മുന്നേ 1800കളിൽ ഏറനാട് പ്രദേശങ്ങളിൽ വർഗ്ഗീയകലാപമുണ്ടായിരുന്നു.മലബാർ കലാപം അല്ലെങ്കിൽ മാപ്പിള കലാപത്തിന്റെ അടിവേരുകൾ 1921-ന് ശതാബ്ദങ്ങൾക്കു മുമ്പിലേക്ക് നീളുന്നു. ടിപ്പുസുൽത്താനിൽ നിന്നും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് മലബാർ പ്രദേശം കിട്ടിയതും ജന്മിമാർക്ക് ഭൂമി തിരിച്ച് കമ്പനി നൽകിയതും, മുസ്ലിം സമുദായത്തിലെ അംഗങ്ങൾക്ക് ഭൂമി ഇല്ലായ്മയും, അല്പം മതഭ്രാന്തും എല്ലാം ഈ കലാപങ്ങൾക്ക് പിന്നിലുണ്ടെന്ന് യഥാർത്ഥ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. 1836-1852 വരെയുള്ള കാലഘട്ടത്തിൽ 53 മാപ്പിള കലാപങ്ങൾ വള്ളുവനാട്, ഏറനാട് പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. ഇതേപ്പറ്റി പഠിക്കാൻ മലബാർ ജഡ്ജി ടി.എൻ. സ്‌ട്രേഞ്ചിനെ ഏകാംഗ കമ്മിഷനായി സർക്കാർ നിയമിച്ചു. പക്ഷേ കലാപം 'മതഭ്രാന്ത്' എന്നായിരുന്നു സ്‌ട്രേഞ്ചിന്റെ റിപ്പോർട്ട്.

1920-ൽ ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനം കേരളത്തിലെത്തുമ്പോൾ ബഹുഭൂരിപക്ഷം മുസ്ലിങ്ങളും അതിനൊപ്പം നിന്നുവെന്നതാണ് വാസ്തവം. 1920-ൽ നടന്ന മഞ്ചേരി സമ്മേളനത്തിൽ പ്രധാനപങ്കുവഹിച്ചവർ കോൺഗ്രസ്സുകാരായ , കെ.പി. രാമന്മേനോൻ, ഗോപാലമേനോൻ, മാധവൻ നായർ തുടങ്ങിയവരായിരുന്നു. അതായത് വർഗ്ഗീയ ദൃഷ്ടിയിലായിരുന്നില്ല അന്ന് വസ്തുതകളെ വിലയിരുത്തിയിരുന്നത്. 1921 ആഗസ്റ്റിനു ശേഷം ഖിലാഫത്ത് - നിസ്സഹകരണ സമരം കലാപമായതും പിന്നീട് വർഗ്ഗീയ കലാപമായതും വളരെ പെട്ടെന്നായിരുന്നു.1921 മാർച്ച് 17-ന് തൃശൂരിൽ തിയ്യ-ക്രൈസ്തവ വിഭാഗവും സവർണ്ണ ഹിന്ദു-മുസ്ലിം വിഭാഗവുമായി ഏറ്റുമുട്ടൽ നടന്നു.(അന്നത്തെ Madras Government Under Secretary ആയിരുന്ന G R F Tottenham ന്റെ ലഹളയെ ക്കുറിച്ച് ആധികാരികമായ റിപ്പോർട്ട് Malabar Tottenham page 10) തുടർന്ന് അവിടവിടെയായി ഏറ്റുമുട്ടൽ ഉണ്ടായി. ഖിലാഫത്ത് -നിസ്സഹകരണ പ്രസ്ഥാനക്കാർ 1921 ഓഗസ്റ്റ് മാസത്തിൽ പിക്കറ്റിങ്ങ് നടത്തുകയുണ്ടായി. ഓഗസ്റ്റ് മൂന്നിന് കള്ളുചെത്തുകാരുടെ കള്ളുകുടം പൊട്ടിച്ചു.എന്നാൽ എങ്ങനെ അത് അക്രമത്തിന്റെ പാതയിലൂടെ നീങ്ങി വർഗ്ഗീയകലാപത്തിലെത്തിയെന്നതിനെ സംബന്ധിച്ച് മാപ്പിള കലാപം സംബന്ധിച്ച സർക്കാർ രേഖകൾ സമാഹരിച്ചു പ്രസിദ്ധീകരിച്ച മലബാർ കലാപം 1921-'22 എന്ന ഗ്രന്ഥത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് നൽകിയ ഒരു നോട്ട് ഇപ്രകാരം പറയുന്നുണ്ട്-ഖിലാഫത്ത്, പ്രസ്ഥാനത്തിനെതിരെയുള്ള പ്രചരണത്തിന്റെ ഭാഗമായി പണ്ഡിതനായ ഒരു മുസലിയാർ ലഘുലേഖ പ്രസിദ്ധീകരിച്ചു.

1921 ജൂലൈ മാസത്തിൽ സർക്കാരിനോടു വിധേയത്വമുള്ള മാപ്പിള സമുദായ നേതാക്കൾ പൊന്നാനിയിൽ യോഗം കൂടി. ഖിലാഫത്ത് - നിസ്സഹകരണ സമരങ്ങൾ അനിസ്ലാമികമായതുകൊണ്ട് സമരത്തെ എതിർത്തു. കോൺഗ്രസ്സിന്റെ ഹിന്ദു-മുസ്ലിം ഐക്യം തട്ടിപ്പാണെന്നും സ്വരാജ് എന്നു പറയുന്നത് ഹിന്ദുഭരണത്തിന്റെ മറ്റൊരു മുഖമാണെന്നും ഒരു നേതാവ് വാദിച്ചു. ഒരു വിദേശ രാജാവിൻ കീഴിൽ മാത്രമേ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഒന്നിച്ചു ജീവിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.ഖിലാഫത്ത് സമരവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിൽ നടന്ന ഒരു യോഗത്തിൽ സമരകാലത്ത് അഫ്ഗാൻ രാജാവ് ഇന്ത്യയെ അക്രമിക്കുകയാണെങ്കിൽ എന്തുചെയ്യണമെന്നൊരു സംശയം ഷൗക്കത്ത് അലി പ്രകടിപ്പിക്കുകയുണ്ടായി. അഫ്ഗാൻ രാജാവ് അപ്രകാരം ഇന്ത്യയെ അക്രമിച്ച് ഖലീഫയുടെ സ്ഥാനം പുനഃപ്രതിഷ്ഠിക്കുമെങ്കിൽ അതിനെ സ്വാഗതം ചെയ്യുമെന്ന് മറുപടിയായി ഗാന്ധിജി പറഞ്ഞു .ഇതാണ് അവർ ( കലാപകാരികൾ) ആയുധമാക്കിയത്.

എന്തായാലും 1921 ആഗസ്റ്റോടെ തിരൂരങ്ങാടി, പൂക്കോട്ടൂർ, മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ, പാണ്ടിനാട്, കരുവാരകുണ്ട്, തിരൂർ തുടങ്ങി 250ൽ പരം പ്രദേശങ്ങൾ കലാപകാരികളുടെ നിയന്ത്രണത്തിലായി. ഓഗസ്റ്റ് 21ന് കലാപകാരികൾ നിലമ്പൂർ കോവിലകം ആക്രമിച്ച് പതിനേഴ് പേരെ കൊന്നു. ഇതോടെ കലാപങ്ങളുടെ ഉദ്ദേശം വർഗീയത മാത്രമായി മാറി. 1921 ഓഗസ്റ്റ് 24 മുതൽ കലാപത്തിന്റെ തലവനായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മാറി. അഹിംസാവാദികളായ ഗാന്ധിജിയും അംബേദ്കറും സ്വാതന്ത്ര്യസമരത്തെ രണ്ടു പാതകളിലുടെയെങ്കിലും അഹിംസയെന്ന തത്വത്തിലൂടെ മുന്നോട്ടുകൊണ്ടുപോകുമ്പോഴാണ് ഹിംസാവാദത്തിലൂന്നിയുള്ള വാരിയംകുന്നിന്റെ സമരമുറയെന്നതുകൊണ്ടുതന്നെ അതിനെ പിന്തുണയ്ക്കാൻ എങ്ങനെ കഴിയും? നിർബന്ധിത മതപരിവർത്തനത്തെയും വിശുദ്ധ നാട് സ്ഥാപിക്കലിനെയും സ്വാതന്ത്ര്യസമരവുമായി എങ്ങനെ ബന്ധിപ്പിക്കാൻ കഴിയും?

മലബാറിലെ സ്വാതന്ത്ര്യചരിത്രത്തിന്റെ ഭാഗമായി ഈ ലഹളയെ കോൺഗ്രസ് കണ്ടിട്ടേയില്ല. അതിനവർ ഒരിക്കലും തയ്യാറുമായിരുന്നില്ല. അഹമ്മദാബാദിൽ ആയിടെ ചേർന്ന് കോൺഗ്രസ് സമ്മേളനം മലബാറിൽ അഹിംസാ സന്ദേശം പ്രചരിക്കാത്തതാണ് കലാപകാരണമെന്ന് വിലയിരുത്തിയിരുന്നു.കലാപകാരികൾക്കും കോൺഗ്രസിനും യാതോരു ബന്ധവുമില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

ഇനി ഈ കലാപത്തെ ,പ്രത്യേകിച്ച് ഏറനാട്ടിലെ ഹൈന്ദവകൂട്ടക്കുരുതിയെ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പിന്തുണച്ച ഒരേ ഒരാൾ മൗലാന ഹസ്രത്ത് മൊഹാനിയായിരുന്നു.ഇൻക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം തയ്യാറാക്കിയ അതേ മൗലാന ഹസ്രത്ത് മൊഹാനി .1924-ൽ സത്യഭക്ത രൂപീകരിച്ച കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാനും 1925-ലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്ക സമ്മേളനത്തിന്റെ സംഘാടകനുമായിരുന്നു ഹസറത് മൊഹാനി.

ഖിലാഫത്ത് സമരത്തെത്തുടർന്നുണ്ടായ വർഗ്ഗീയ ലഹളയേയും നിർബ്ബന്ധിത മതംമാറ്റത്തേയും ന്യായീകരിച്ച ഏക വ്യക്തിയും ഇദ്ദേഹമായിരുന്നു. അതേ കുറിച്ച് സ്വാമി ശ്രദ്ധാനന്ദ 1926 ഓഗസ്റ്റ് 26ലെ ലിബറേറ്ററിൽ ഇങ്ങനെ ചോദിക്കുന്നു- The original resolution condemned the Moplahs wholesale for the killing of Hindus and burning of Hindu homes and the forcible conversion to Islam.But some of the Muslim leaders could not bear this even. Maulana Fakir and other Maulanas, of course, opposed the resolution and there was no wonder. But I was surprised, an out-and-out Nationalist like Maulana Hasrat Mohani opposed the resolution on the ground that the Moplah country no longer remained Dar-ul-Aman but became Dar-ul-Harab and they suspected the Hindus of collusion with the British enemies of the Moplahs. Therefore, the Moplahs were right in presenting the Quran or sword to the Hindus.'

അതേ മൗലാന ഹസ്രത്ത് മൊഹാനിമാർ ഒരു നൂറ്റാണ്ടിനിപ്പുറവും ഇവിടെയുണ്ട് എന്നതിന്റെ ഉത്തരമാണ് ആഷിഖ് അബുവും അയാളുടെ ഈ വാരിയംകുന്നൻ എന്ന സിനിമയും. വാരിയംകുന്നൻ എന്ന സിനിമയുടെ പേരിൽ പൃഥ്വിരാജിനെതിരെയും പ്രത്യേകിച്ച് അദ്ദേഹത്തിന്റെ അമ്മയ്‌ക്കെതിരെയും സൈബറിടങ്ങളിൽ നടക്കുന്ന മോശവും സംസ്‌കാരശൂന്യവുമായ പരാമർശങ്ങളെ ശക്തമായി എതിർക്കുന്നതിനൊപ്പം ഒരു കാര്യം ചൂണ്ടികാണിക്കാൻ ആഗ്രഹിക്കുന്നു. പണ്ട് ബ്രിട്ടിഷുകാർ പരീക്ഷിച്ച അതേ divide and rule പോളിസിയുടെ ആധുനികവേർഷനാണ് ആഷിഖ് അബുവിന്റെ ഈ സിനിമ. പൃഥ്വിരാജ് എന്ന നട്ടെല്ലുള്ള നടൻ ഇവിടെ സമർത്ഥമായി ട്രാപ്പിലാക്കപ്പെട്ടിരിക്കുന്നു. അയാളുടെ ഇടതുപക്ഷപ്രസ്താവനകളെ ചേർത്തുവായിക്കപ്പെട്ടുകൊണ്ട് ഡൽഹി കലാപവുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനങ്ങളെ വിലയ്‌ക്കെടുത്തുകൊണ്ട് ഒരേ സമയം അയാളെ ഇടതുപക്ഷത്തിന്റെ അപ്പോസ്തലനായും മൗദൂദികളുടെ അഞ്ചാം ഖലീഫയായും അവരോധിക്കപ്പെട്ടിരിക്കുന്നു. 1921ൽ ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്ന ഒരു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മാത്രമായിരുന്നില്ല പൃഥ്വിരാജിലൂടെ അനൗൺസ് ചെയ്യിപ്പിച്ചത്. മറിച്ച് അതിലെ തീർത്തും പ്രകോപനപരമായ ചില വാചകങ്ങൾ അയാളിലൂടെ പറയിപ്പിച്ച് ഒരു കലാപത്തിനുള്ള കോപ്പ് കൂട്ടുകയാണ് അവർ ചെയ്തത്.മലബാറിലെ വീരപുത്രനായ ശ്രീ അബ്ദുറഹിമാൻ സാഹിബെന്ന ഗാന്ധിജിയുടെ അനുയായിയെ, ബഹുമാനാർത്ഥം രാജ്യം തപാൽമുദ്രയിൽ ചിത്രം ആലേഖനം ചെയ്ത വ്യക്തിയായ അദ്ദേഹത്തെ ഗ്ലോറിഫൈ ചെയ്യാൻ ആഷിക് അബുവും റമീസുമൊന്നും തയ്യാറാവാത്തത് അതിൽ വർഗ്ഗീയതയ്ക്കും അതുവഴി ഒരു കലാപത്തിനും സ്‌ക്കോപ്പ് ഇല്ലാത്തതിനാലാണ്.

പൃഥ്വിരാജ് എന്ന ഹിന്ദു ഒരു മുസ്ലിം കഥാപാത്രമാകുന്നതല്ല ഇവിടെ പ്രശ്‌നമെന്ന് എന്ന് നിന്റെ മൊയ്തീനും വരാൻ പോകുന്ന ആടുജീവിതവും തെളിയിച്ചതാണ്.പ്രശ്‌നം വാരിയംകുന്നൻ എന്ന പേരുമല്ല. ആ സിനിമയുടെ അണിയറയിൽ ഉള്ളവരുടെ ദുരുദ്ദേശം മാത്രമാണ്. പൃഥ്വിരാജിനെ കൊണ്ടെഴുതിച്ച മലയാളരാജ്യം സ്ഥാപിച്ച വ്യക്തിയാണ് വാരിയംകുന്നത്ത് ഹാജിയെന്നതിന് എന്താണ് ചരിത്രരേഖ? വിശുദ്ധരാജ്യമെന്നർത്ഥം വരുന്ന ദൗളയെ മലയാളരാജ്യമെന്നു പറയിപ്പിക്കുന്നതിലെ തെറ്റ് തന്നെയാണ് ഈ സിനിമ ചരിത്രത്തെ വളച്ചൊടിക്കുമെന്ന ആശങ്കയ്ക്ക് പിന്നിൽ.പിന്നെ പൃഥ്വിരാജിനെപ്പോലൊരാൾ സ്‌ക്രിപ്റ്റ് വായിക്കാതെ ഇത്തരമൊരു സംരംഭത്തിനു തലവെച്ചു കൊടുക്കില്ല. ആ സ്‌ക്രിപ്റ്റിൽ എന്തായാലും വാരിയംകുന്നിനെ ഹീറോയാക്കി ചിത്രീകരിക്കുമ്പോൾ ഹൈന്ദവകൂട്ടക്കുരുതി കാണിക്കാൻ സാധ്യതയുണ്ടാവില്ല. 1921 ഓഗസ്റ്റ് 24 മുതൽ കലാപത്തിന്റെ നേതൃത്വം ഏറ്റെടുത്ത വാരിയംകുന്നൻ പൂക്കോട്ട് കോവിലകത്തിൽ നടത്തിയ അക്രമപരമ്പരയും അദ്ദേഹം ബ്രിട്ടീഷ് പിടിയിലാകുന്ന ജനുവരി വരെയുള്ള കാലയളവിലെ ബദൽ ഭരണസംവിധാനവും സിനിമയിൽ ഒഴിവാക്കാൻ കഴിയില്ലല്ലോ. ആ കാലയളവിൽ അതായത് ആ ആറുമാസത്തോളം കാലം തന്നെയായിരുന്നു വർഗ്ഗീയകലാപത്തിന്റെ തേർവാഴ്ചകാലം .പക്ഷേ സിനിമയിൽ അതിനെ വെള്ളപ്പുശാതെ പറ്റില്ലയെന്നതുതന്നെയാണ് ചരിത്രനിഷേധം.

വാഗൺട്രാജഡിയിലെ 90 മൃതശരീരങ്ങൾക്കൊപ്പം കിരാതമായ ഒന്നാണ് തുറവൂർ കിണറിൽ ചത്തുമലച്ച വെട്ടിയരിഞ്ഞ ശരീരങ്ങൾ. എല്ലാം മറക്കാൻ ശ്രമിക്കുന്ന ഒരു സമുദായത്തിന്റെ , അവർ നേരിട്ട കിരാതമായ നരവേട്ടയെ വീണ്ടുമോർമിപ്പിക്കാൻ വെറുതെ ചരിത്രത്തെ കൂട്ടുപ്പിടിക്കരുതായിരുന്നു. എല്ലാം മറന്ന് പരസ്പരസാഹോദര്യത്തിൽ കഴിയുന്ന ഇരു സമുദായത്തിൽപ്പെട്ട ഏറനാട്ടുകാരെ തമ്മിലടിപ്പിക്കാൻ ഉതകുന്നത് ആവരുത് കലാസൃഷ്ടി.History is nothing but a pack of tricks we play on the dead എന്ന് വോൾട്ടയർ പറഞ്ഞത് വെറുതെയല്ല. ആവിഷ്‌കാരസ്വാതന്ത്ര്യമെന്നതുകൊണ്ട് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കണമെന്ന് അർത്ഥമില്ല. It is always wise not to digout the past,if it leadട to communal disharmony.

NB: ഇതേകുറിച്ച് ഒരു കുറിപ്പ് എഴുതാൻ ഇത്രയും വൈകിയത് വികാരത്തേക്കാൾ വിചാരത്തിനു പ്രാധാന്യം കൊടുക്കണമെന്നു കരുതിയാണ്. ഒപ്പം അതിനെ കുത്തിപ്പൊക്കി മത-രാഷ്ട്രീയമുതലെടുപ്പിനു താല്പര്യമില്ലാത്തതിനാലാണ്. ദുരവസ്ഥയെന്ന ആശാൻ കൃതിയെ വ്യാഖ്യാനിച്ചെഴുതിയ ലേഖനം പോലും വേണ്ടായെന്നുവച്ചത് 1921 അല്ല 2020 എന്ന് വ്യക്തമായ തിരിച്ചറിവിന്മേലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP