Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂൾ വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് ഇന്നോവ കാറിൽ കയറ്റി പേപ്പാറ വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസ് : ഇമാമടക്കം എട്ട് പ്രതികളെ ഹാജരാക്കാൻ പോക്‌സോ സ്‌പെഷ്യൽ കോടതി ഉത്തരവ്; പ്രതികളെ നെടുമങ്ങാട് ഡിവൈഎസ്‌പി ഹാജരാക്കേണ്ടത് ഓഗസ്റ്റ് നാലിന്

സ്‌കൂൾ വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് ഇന്നോവ കാറിൽ കയറ്റി പേപ്പാറ വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസ് : ഇമാമടക്കം എട്ട്  പ്രതികളെ ഹാജരാക്കാൻ പോക്‌സോ സ്‌പെഷ്യൽ കോടതി ഉത്തരവ്; പ്രതികളെ നെടുമങ്ങാട് ഡിവൈഎസ്‌പി ഹാജരാക്കേണ്ടത് ഓഗസ്റ്റ് നാലിന്

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ പതിനഞ്ചുകാരിയെ പ്രലോഭിപ്പിച്ച് ഇന്നോവ കാറിൽ കയറ്റിക്കൊണ്ടു പോയി പേപ്പാറ വനത്തിനുള്ളിൽ പീഡിപ്പിച്ച കേസിൽ നെടുമങ്ങാട് തൊളിക്കോട് ജുമാ മസ്ജിദ് മുസ്ലിം പള്ളി ഇമാമടക്കം എട്ടു പ്രതികളെ ഹാജരാക്കാൻ തിരുവനന്തപുരം പോക്‌സോ സ്‌പെഷ്യൽ കോടതി ഉത്തരവിട്ടു. എട്ടു പ്രതികളെയും ഓഗസ്റ്റ് 4 ന് ഹാജരാക്കാൻ നെടുമങ്ങാട് ഡി വൈ എസ് പിയോടാണ് കോടതി ഉത്തരവിട്ടത്.

മുൻ ഇമാം ഷഫീഖ് അൽ ഖാസിമി ( 37 ) , കൃത്യത്തിന് ശേഷം ഇമാമിനെ ഒളിവിൽ പോകാൻ സഹായിച്ചവരും അഭയം കൊടുത്ത് ഒളിവിൽ പാർപ്പിച്ചവരും തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നവരുമായ ഇമാമിന്റെ സഹോദരങ്ങളും പെരുമ്പാവൂർ സ്വദേശികളുമായ നൗഷാദ് ( 32 ) , സുധീർ ( 34 ) , അൽഅമീൻ ( 35 ) , ബന്ധുക്കളും സഹായികളുമായ അഷ്‌റഫ് ( 41) , അഷ്‌ക്കർ തൊളിക്കോട് എന്ന അഷ്‌ക്കർ ( 45 ) , അബ്ദുൾ ഖാദർ ( 40 ) , ഇമാമിന്റെ ബന്ധുവും ഡ്രൈവറും ഒളിവിൽ പാർക്കാൻ സഹായിച്ചയാളുമായ പെരുമ്പാവൂർ സ്വദേശി ഫാസിൽ ( 38 ) എന്നീ എട്ട് പ്രതികളെ ഹാജരാക്കാനാണ് പോക്‌സോ കോടതി ഉത്തരവ്.

2019 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിൽ നിന്ന് മടങ്ങി വന്ന ബാലികയെ വശീകരിച്ച് സ്വന്തം ഇന്നോവാ കാറിൽ തട്ടിക്കൊണ്ടുപോയി പേപ്പാറ വനമേഖലയിലേക്ക് കൊണ്ടുപോയി വനത്തിനുള്ളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ആറു തൊഴിലുറപ്പ് തൊഴിലാളികൾ സംഭവം കണ്ടതോടെയാണ് പീഡനം പുറം ലോകമറിഞ്ഞത്. ദൃശ്യങ്ങൾ അവരിൽ ചിലർ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.

തുടർന്ന് പള്ളി പ്രസിഡന്റ് വിതുര പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ ഇമാമിന്റെ ഉന്നത സ്വാധീനത്താൽ പെൺകുട്ടിയുടെ മാതാവും ഇളയച്ഛനും പരാതിപ്പെടുന്നതിൽ നിന്നും ഇമാമിനെതിരെ മൊഴി നൽകുന്നതിൽ നിന്നും പെൺകുട്ടിയെ വിലക്കി. ഇമാമിനെ രക്ഷിക്കാൻ വൻ ഇടപെടലുണ്ടായെങ്കിലും കേസിൽ നിർണ്ണായകമായത് വനിതാ സെൽ സി ഐ സിസിലി കുമാരിയുടെ ഇടപെടലാണ്.

പെൺകുട്ടിയുടെ മാതാവടക്കമുള്ള ബന്ധുക്കളും ഉന്നതരും ഇമാമിനെതിരെ മൊഴി കൊടുക്കാതിരിക്കാൻ പെൺകുട്ടിയിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. സംഭവത്തിന് ശേഷം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന കുട്ടിക്ക് പല തവണ കൗൺസലിങ്ങ് നൽകിയതായി സി.ഡബ്ല്യു. സി പറഞ്ഞിരുന്നു. കുട്ടിയെ വൈദ്യപരിശോധന നടത്താനും സി ഡബ്ല്യു സി മുതിർന്നില്ല. ഇക്കാര്യത്തിൽ വിതുര പൊലീസും ഒത്തുകളിക്കുന്നതായി ആരോപണമുയർന്നു. ഇതിനിടെയാണ് മൊഴി രേഖപ്പെടുത്താൻ റൂറൽ ജില്ലാ പൊലീസ് മേധാവി വനിതാ സെൽ സി ഐ :സിസിലി കുമാരിയെ നിയോഗിച്ചത്.

സമ്മർദ്ദങ്ങൾക്കടിപ്പെട്ട പെൺകുട്ടി ആദ്യം സത്യം പറയാൻ തയ്യാറായിരുന്നില്ല.എന്നാൽ സിഐ സിസിലി കുമാരി നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി സത്യാവസ്ഥ വെളിപ്പെടുത്തിയത്. 2019 മാർച്ചിൽ ചൈൽഡ് വെൽഫയർ കമ്മിറ്റി ഓഫീസിൽ വച്ച് മൊഴി രേഖപ്പെടുത്തുമ്പോഴാണ് സി ഐ ക്ക് മുന്നിൽ പെൺകുട്ടി പീഡനവിവരം തുറന്ന് പറഞ്ഞത്.സംഭവം വിവാദമായതോടെ ഇമാം ഒളിവിൽ പോയി. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനും ശ്രമിച്ചു. മൂന്നു സഹോദരങ്ങളുടെയും ബന്ധുക്കളുടെയും സഹായികളുടെയും സഹായത്തോടെ എറണാകുളം , കോയമ്പത്തൂർ , വിജയവാഡ ,വിശാഖപട്ടണം ,ഊട്ടി , മധുര എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. കോയമ്പത്തൂർ നിന്ന് വിജയവാഡ കടക്കുന്നതിനിടയിൽ താടി അടക്കമുള്ള രൂപം മാറ്റി ടീഷർട്ടും ജീൻസുമിട്ട് വേഷം മാറി '' ന്യൂ ജെൻ ലുക്ക് '' ആയി പുതിയ രൂപത്തിലേക്ക് മാറി. ഒടുവിൽ മധുര കളവാസൽ ക്ഷേത്രത്തിന് സമീപമുള്ള അർച്ചന ലോഡ്ജിൽ നിന്നാണ് ഇമാമിനെയും ഡ്രൈവർ ഫാസിലിനെയും പിടികൂടിയത്. ഇമാം വാടകക്കെടുത്ത വെള്ള സെലോറിയ കാറും ബന്തവസ്സിലെടുത്തു.

ഇരയുടെ പേരും എഡന്റിറ്റിയും വെളിപ്പെടുത്തരുതെന്ന നിയമം നിയമം നിലവിലിരിക്കേ ഇമാം ഒളിവിൽ കഴിയുന്നതിനിടെ സോഷ്യൽ മീഡിയയിൽ മൂന്ന് തവണ ഓഡിയോ ക്ലിപ്പിട്ടതിനും കൂടുതൽ വകുപ്പ് ചേർത്ത് പൊലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുമ്പും ഇമാമിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി പെൺകുട്ടി നെടുമങ്ങാട് ഡിവൈഎസ്‌പി ഡി. അശോകന് മൊഴി നൽകി. പെൺകുട്ടിയുടെ വൈദ്യ പരിശോധനയിൽ പീഡനം തെളിഞ്ഞതോടെ ബലാൽസംഗ കുറ്റത്തിന്റെ വകുപ്പ് ചേർത്തു. എസ്.എ.ടി ആശുപത്രിയിലെ ഡോക്ടർമാർക്കും ചൈൽഡ് ലൈനിനും പൊലീസിനും പെൺകുട്ടി മൊഴി നൽകി. അതിനിടെ പെൺകുട്ടിയുടെ രഹസ്യ മൊഴി ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം ജുഡീഷ്യൽ മജിസ്‌ട്രേട്ട് രേഖപ്പെടുത്തി. തന്റെ ഇംഗിതത്തിന് വിരുദ്ധമായി ബലമായി പീഡിപ്പിച്ചെന്ന് പെൺകുട്ടി രഹസ്യ മൊഴിയിൽ വിശദമാക്കുന്നുണ്ട്. ആറു തൊഴിലുറപ്പ് തൊഴിലാളികളും ഇമാം ഖാസിമിനെതിരെ പൊലീസിന് മൊഴി നൽകി. വനത്തിനുള്ളിലെ പീഡനം വെളിവാക്കുന്ന മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോ ചിത്രങ്ങളും പൊലീസിന് കൈമാറി.

2019 മെയ് 24 നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 363 ( തട്ടിക്കൊണ്ടു പോകൽ ) , 363 (എ) മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിയുന്ന മൈനർ കുട്ടിയെ കൈവശപ്പെടുത്തി കൊണ്ടു പോകൽ ) , 368 ( തട്ടിക്കൊണ്ടുപോയ ആളെ അന്യായ തടങ്കലിൽ വക്കൽ ) , 201 ( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാൻ തെളിവ് അപ്രത്യക്ഷമാക്കലും കളവായ വിവരം നൽകലും ) , 212 ( കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിക്കൽ ) , 228 എ ( പീഡനക്കേസിലെ ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തൽ ) എന്നീ വകുപ്പുകളും 2012 ലെ പോക്‌സോ നിയമത്തിലെ 3 (എ) , 4 , 5 (പി) , 6 , 7 , 8 എന്നീ വകുപ്പുകളും ചുമത്തിയുള്ളതാണ് ?പ്രതികൾക്കെതിരെയുള്ള പൊലീസ് കുറ്റപത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP