Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇത് ഇന്ത്യാ-ചൈന അതിർത്തിയല്ലെന്നും ഇന്ത്യാ - ടിബറ്റ് അതിർത്തിയെന്നും ഓർമ്മിപ്പിച്ച് അരുണാചൽപ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു; ചൈനയുടെ ടിബറ്റ് അധിനിവേശത്തെ വീണ്ടും ഓർത്തെടുത്ത് സൈബർലോകം; ചൈനയുടെ യുദ്ധവെറി തകർത്തത് സമാധാനം ആ​ഗ്രഹിച്ച ഒരു ജനതയുടെ സ്വസ്ഥജീവിതം

ഇത് ഇന്ത്യാ-ചൈന അതിർത്തിയല്ലെന്നും ഇന്ത്യാ - ടിബറ്റ് അതിർത്തിയെന്നും ഓർമ്മിപ്പിച്ച് അരുണാചൽപ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു; ചൈനയുടെ ടിബറ്റ് അധിനിവേശത്തെ വീണ്ടും ഓർത്തെടുത്ത് സൈബർലോകം; ചൈനയുടെ യുദ്ധവെറി തകർത്തത് സമാധാനം ആ​ഗ്രഹിച്ച ഒരു ജനതയുടെ സ്വസ്ഥജീവിതം

മറുനാടൻ ഡെസ്‌ക്‌

ചൈനയുടെ ടിബറ്റൻ അധിനിവേശത്തെ ഓർമ്മിപ്പിച്ച് അരുണാചൽപ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു. ടിബറ്റ് എന്നൊരു ​രാജ്യം ഉണ്ടായിരുന്നെന്ന കാര്യം പലരും വിസ്മരിക്കുമ്പോഴാണ് പെമ ഖണ്ഡു ഇന്ത്യ-ടിബറ്റ് അതിർത്തി എന്ന പ്രയോഗവുമായി രം​ഗത്തെത്തിയത്. ഇതോടെ ടിബറ്റിൽ ചൈന നടത്തിയ അധിനിവേശം വീണ്ടും ചർച്ചകളിൽ നിറയുകയാണ്. ബുംല പോസ്റ്റിൽ ഇന്ത്യൻ സൈനികരുമായി കൂടിക്കാഴ്‌ച്ചക്ക് ശേഷമായിരുന്നു ഖണ്ഡുവിന്റെ ട്വീറ്റ്. 'സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇന്ത്യൻ സൈന്യത്തിന്റെ വീര്യം നമുക്കറിയാം. നിർഭയരായ ഇന്ത്യൻ ജവാന്മാരുമായി ഇന്തോ-ടിബറ്റ് അതിർത്തിയിലെ ബുംല പോസ്റ്റിൽ കൂടിക്കാഴ്‌ച്ചക്ക് അവസരം ലഭിച്ചു. അവരുടെ ആത്മവിശ്വാസം ഉയരത്തിലാണ്. അതിർത്തിയിൽ വരുമ്പോൾ അവരുടെ കൈയിൽ നമ്മൾ സുരക്ഷിതരാണ്'-ഖണ്ഡു ട്വീറ്റ് ചെയ്തു.

ഖണ്ഡുവിന്റെ പ്രയോഗത്തെ ട്വിറ്ററിൽ ആളുകൾ പ്രശംസിച്ചു. ആദ്യമായാണ് ഒരു ജനപ്രതിനിധി ഇന്ത്യ-ചൈന അതിർത്തിയെ ഇന്ത്യ-ടിബറ്റ് അതിർത്തിയെന്ന് ധൈര്യപൂർവം വിളിക്കുന്നതെന്ന് ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. രാജ്യസഭ എംപി രാജീവ് ചന്ദ്രശേഖറും ഖണ്ഡുവിന്റെ പ്രയോഗത്തെ പ്രകീർത്തിച്ചു. എല്ലാ രേഖകളും കാണിക്കേണ്ടത് ഇത് ഇന്ത്യ-തിബത്ത് അതിർത്തിയെന്നാണ്. വടക്കുകിഴക്കൻ അതിർത്തിയെ ഇതാണ് കൂടുതൽ ഉചിതമായതെന്നും രാജീവ് ചന്ദ്രശേഖർ എംപി വ്യക്തമാക്കി.

ജമ്മുകശ്മീർമുതൽ അരുണാചൽപ്രദേശ്‌വരെ 3488 കിലോമീറ്റർ അതിർത്തിയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ളത്. ലോകത്തെ ഏറ്റവും ഉയരംകൂടിയ മേഖലകളിലൂടെയാണ് ഇത്‌ കടന്നുപോകുന്നത്. ഈ അതിർത്തിയുടെ പലഭാഗവും ഇപ്പോഴും വ്യക്തമായി നിർണയിച്ചിട്ടില്ല. കോളനിഭരണത്തിന്റെ ബാക്കിപത്രമാണിത്. പലകാലങ്ങളിൽ വരച്ച ഭൂപടങ്ങളെ പലതരത്തിലാണ് ഇരുരാജ്യവും മനസ്സിലാക്കിയത്. ഇവ രണ്ടുമാണ് പതിറ്റാണ്ടുകളായി തുടരുന്ന അതിർത്തിപ്രശ്നത്തിന്റെ കാരണവും.

ഇരുരാജ്യവും തമ്മിലുള്ള പതിവ്‌ തർക്കപ്രദേശമായ ലഡാക്കിൽ 1865-ൽ ബ്രിട്ടീഷുകാർ വരച്ച അതിർത്തിയാണ് ഇന്ത്യ അംഗീകരിക്കുന്നത്. ഇതനുസരിച്ച് അക്സായി ചിൻ ജമ്മുകശ്മീരിന്റെ ഭാഗമാണ്. ചൈന ഇത് അംഗീകരിക്കുന്നില്ല. അംഗീകരിക്കുന്നില്ലെന്ന് അറിയിക്കാനായി 1950-കളിൽ വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷിൻജിയാങ്ങിനെയും ടിബറ്റിനെയും ബന്ധിപ്പിച്ച് അക്സായി ചിന്നിലൂടെ റോഡും പണിതു.

വടക്കുകിഴക്ക് ഭാഗത്തെത്തിയാൽ അതിർത്തിരേഖയായി ഇന്ത്യ അംഗീകരിക്കുന്നത് മക്മഹോൻ രേഖയാണ്. 1914-ലെ ഷിംല സമ്മേളനത്തിൽ ബ്രിട്ടന്റെയും ടിബറ്റിന്റെയും പ്രതിനിധികൾ അംഗീകരിച്ച ഈ രേഖയെ ചൈന വിലവെക്കുന്നില്ല. ടിബറ്റിനെ സ്വതന്ത്രപരമാധികാരരാജ്യമായി ചൈന കണക്കാക്കുന്നില്ല എന്നതാണ് കാരണം. അരുണാചൽപ്രദേശ് ടിബറ്റിന്റെ ഭാഗമാണെന്നാണ് ഇപ്പോഴും ചൈനയുടെ വാദം. തെക്കൻ ടിബറ്റ് എന്നാണ് അരുണാചലിനെ അവർ വിളിക്കുന്നത്. അക്സായി ചിൻ വിട്ടുകൊടുത്താൽ, അരുണാചലിനുമേലുള്ള അവകാശവാദം ഉപേക്ഷിക്കാമെന്നതുൾപ്പെടെ പല നിർദ്ദേശങ്ങളും പലകാലങ്ങളിലായി തർക്കപരിഹാരത്തിനായി ചൈന മുന്നോട്ടുവെച്ചിട്ടുണ്ട്.

ടിബറ്റിന്റെ ചരിത്രം

ക്രിസ്തുവർഷം ഏഴാം നൂറ്റാണ്ടിൽ ബുദ്ധമതം പ്രചരിച്ചു തുടങ്ങിയ ശേഷമുള്ള ചരിത്രരേഖകളെ ടിബറ്റിൽനിന്നു ഇതുവരെ കിട്ടിയിട്ടുള്ളു. അതനുസരിച്ച്‌ ചൈനയും ടിബറ്റും തമ്മിൽ 200 കൊല്ലക്കാലം നീണ്ട യുദ്ധം എഡി 821 ൽ സന്ധിയായി. അതിന്റെ ഉടമ്പടി മൂന്നു കരിങ്കൽ തൂണുകളിൽ കൊത്തിവെച്ചിരുന്നു. അവയിലൊന്നു ലാസയിലെ ജെഖാങ് ദേവാലയത്തിന്റെ മുമ്പിൽ ഇന്നുമുണ്ട്. തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ 1200 വർഷത്തെ ചരിത്രം ടിബറ്റൻ ജനത കണക്കുകൂട്ടുന്നത് അന്നുതൊട്ടാണ്. ആ സന്ധിക്കു ശേഷവും ചൈനക്കാർ പലപ്പോഴായി ടിബറ്റ് ആക്രമിക്കുകയും പല കാലം അതിന്റെ പ്രദേശങ്ങൾ കയ്യടക്കി വെക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ടിബറ്റ് എന്നും ചൈനയുടേതായിരുന്നു എന്ന് ചൈന അവകാശപ്പെടുന്നു.

1904ൽ ചൈനയുടെ സാന്നിധ്യം ദുർബലമായിരുന്നപ്പോൾ ഇന്ത്യയിലുണ്ടായിരുന്ന ബ്രിട്ടീഷ് സൈന്യം ടിബറ്റ് ആക്രമിച്ചു. എങ്കിലും അക്കൊല്ലം തന്നെ ടിബറ്റുമായി ഒരു സഖ്യമുണ്ടാക്കിയതിനു ശേഷം സൈന്യം തിരിച്ചുപോയി. ഈ ഉടമ്ബടിയെ ടിബറ്റുകാർ 1904ൽ തന്നെ അവരുടെ സ്വാതന്ത്ര്യത്തെ ബ്രിട്ടീഷുകാർ അംഗീകരിച്ചതിനുള്ള തെളിവായി എടുത്തു കാണിക്കുന്നു. 1912ൽ അന്നത്തെ ദലയ് ലാമ (പതിമൂന്നാമൻ) ടിബറ്റിൽ ബാക്കിയുണ്ടായിരുന്ന ചീനപ്പട്ടാളക്കാരെ മുഴുവൻ പുറത്താക്കി ടിബറ്റിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അന്നു ടിബറ്റിനു സ്വന്തം സൈന്യവും തപാൽവകുപ്പുമുണ്ടായിരുന്നു.വാണിജ്യവും രാജ്യത്തിനകത്തെ സഞ്ചാരവും സംബന്ധിച്ച്‌ ബ്രിട്ടനുമായി ഉണ്ടാക്കിയ കരാറുകൾ നിലവിലുണ്ടായിരുന്നു. ബ്രിട്ടൻ, ചൈന, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികൾ ലാസയിൽ സ്ഥിരമായി ഉണ്ടായിരുന്നു. 1947 ൽ ബ്രിട്ടീഷുകാർ പോയപ്പോൾ അവരുടെ സ്ഥാനം ഇന്ത്യ ഏറ്റെടുത്തു.

എന്നാൽ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് തൊട്ടുപിന്നാലെ 1949 ൽ ചീനപ്പട വടക്കുകിഴക്കൻ ടിബറ്റ് ആക്രമിച്ചു. ഈ പുതിയ വിപത്തു നേരിടാൻ ടിബറ്റിന്റെ റീജൻറും മന്ത്രിസഭയും ദേശീയ അസംബ്ലിയും പരിപൂർണ അധികാരം ഏറ്റെടുക്കാൻ ദലയ് ലാമയോട് അഭ്യർഥിച്ചു. ബന്ധം നേരെയാക്കാൻ ദലയ് ലാമ നടത്തിയ ശ്രമങ്ങൾ ചൈന തള്ളി. 1956 ൽ ലാമ ഇന്ത്യ സന്ദർശിച്ചത് ഈ സംഭവ വികാസങ്ങളുടെ നടുവിലായിരുന്നു. ആ സന്ദർശനം പക്ഷേ, ചൈനയുടെ സമീപനം കൂടുതൽ കർക്കശമാക്കാനേ സഹായിച്ചുള്ളൂ. അപ്പോഴേക്കും ഇന്ത്യയുടെ ടിബറ്റൻ നയത്തെപ്പറ്റി ചൈന സംശയാലുവായി തുടങ്ങിയിരുന്നു. 1949 ൽ ചൈന നടത്തിയ ആക്രമണത്തെപ്പറ്റി ഇന്ത്യയ്ക്കും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.

1959 മാർച്ച്‌ രണ്ടാം വാരത്തിൽ ഒരു ദിവസം ലാസയിലെ ചീനപ്പടയുടെ ജനറൽ ചിയാങ് ചീൻവു ഒരു ചീനാ നൃത്ത സംഘത്തിന്റെ പ്രദർശനത്തിനുള്ള ക്ഷണം ലാമയ്ക്ക് അയച്ചു കൊടുത്തു, ഒരു നിബന്ധനയോടെ. ടിബറ്റൻ സൈനികരെയോ അംഗരക്ഷകരെയോ ഒപ്പം കൂട്ടരുത്. ക്ഷണം ഒന്നിലേറെ തവണ ആവർത്തിച്ചപ്പോൾ ലാസയിലെ ജനങ്ങൾ സംശയാലുക്കളായി. ആയിരക്കണക്കിനു ജനങ്ങൾ ദലയ് ലാമയുടെ രക്ഷയ്ക്കായി കൊട്ടാരത്തിനു ചുറ്റും തടിച്ചുകൂടി. അങ്ങനെ ഉണ്ടായ ബഹളം നഗരം മുഴുവൻ റോന്ത് ചുറ്റുകയായിരുന്ന ചെമ്പടയെ വെട്ടിച്ചു രക്ഷപ്പെടാൻ ദലയ് ലാമയ്ക്ക് മറ ഒരുക്കിക്കൊടുത്തു.

1959 മാർച്ച്‌ 17 നു രാത്രി പത്തു മണിയോടടുത്ത് ദലയ് ലാമ ഒരു സാധാരണ സൈനികന്റെ വേഷത്തിൽ കൊട്ടാരത്തിനു പുറത്തു കടന്നു. അവിടെ ഉണ്ടായിരുന്ന ആൾക്കൂട്ടത്തിലറങ്ങി മറിഞ്ഞ് അദ്ദേഹവും കൂടെ ഉണ്ടായിരുന്ന ചെറുസംഘവും നഗരത്തിനു പുറത്തു കടന്നു. മൂന്നാഴ്ചകൾക്കു ശേഷം മാർച്ച്‌ 31ന് അവർ ഇന്ത്യൻ അതിർത്തിയിലെത്തി. അഭയം കൊടുക്കാൻ നേരത്തെ തീരുമാനിച്ചതനുസരിച്ച്‌ അവരെ ആദ്യം ബോംദിലയിലും പിന്നെ മുസ്സൂറിയിലും എത്തിച്ചു. മുസ്സൂറിയിൽ വച്ചായിരുന്നു നെഹ്റു ദലയ് ലാമയെ കണ്ടതും 80,000 ത്തോളം വരുന്ന ടിബറ്റൻ അഭയാർഥികളെ പുനരധിവസിപ്പിക്കുന്ന പ്രശ്നം ചർച്ച ചെയ്തതും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP