Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലക്ഷങ്ങൾ കൈയിലിട്ട് അമ്മാനമാടിയ വെള്ളാപ്പള്ളിയുടെ 'കണ്ണിലുണ്ണി'ഒരുനാൾ തെറ്റിയതോടെ ആരുമല്ലാതായി; ഓഫീസ് ബോയ് പോലെ തുടങ്ങി കയ്യാളും കാവലാളുമായിട്ടും ഇടഞ്ഞപ്പോൾ ഇരയായി; 'തുഷാറുമായി ഇടഞ്ഞപ്പോൾ ശാശ്വതീകാനന്ദ ഇരയായത് ജലസമാധിക്കെന്നും പരമോന്നത നേതാവുമായി തെറ്റിയപ്പോൾ കെ.കെ.മഹേശൻ സ്വയം സമാധി വരിച്ചെന്നും' എസ്എൻഡിപി വിമതർ; മൈക്രോ ഫിനാൻസ് സ്റ്റേറ്റ് കോ-ഓർഡിനേറ്ററുടെ ആത്മഹത്യയിൽ പ്രതിരോധത്തിലാകുന്നത് ജനറൽ സെക്രട്ടറി തന്നെ

ലക്ഷങ്ങൾ കൈയിലിട്ട് അമ്മാനമാടിയ വെള്ളാപ്പള്ളിയുടെ 'കണ്ണിലുണ്ണി'ഒരുനാൾ തെറ്റിയതോടെ ആരുമല്ലാതായി; ഓഫീസ് ബോയ് പോലെ തുടങ്ങി കയ്യാളും കാവലാളുമായിട്ടും ഇടഞ്ഞപ്പോൾ ഇരയായി; 'തുഷാറുമായി ഇടഞ്ഞപ്പോൾ ശാശ്വതീകാനന്ദ ഇരയായത് ജലസമാധിക്കെന്നും പരമോന്നത നേതാവുമായി തെറ്റിയപ്പോൾ കെ.കെ.മഹേശൻ സ്വയം സമാധി വരിച്ചെന്നും' എസ്എൻഡിപി വിമതർ; മൈക്രോ ഫിനാൻസ് സ്റ്റേറ്റ് കോ-ഓർഡിനേറ്ററുടെ ആത്മഹത്യയിൽ പ്രതിരോധത്തിലാകുന്നത് ജനറൽ സെക്രട്ടറി തന്നെ

എം മനോജ് കുമാർ

തിരുവനന്തപുരം: എസ്എൻഡിപി എന്ന കുത്തഴിഞ്ഞ കണക്കു പുസ്തകത്തിലെ ഒടുവിലത്തെ മരണമായാണ് വെള്ളാപ്പള്ളിയുടെ അതിവിശ്വസ്തന്റെ കെ.കെ.മഹേശന്റെ മരണം വിലയിരുത്തപ്പെടുന്നത്. എസ്എൻഡിപിയുടെ ജീവാത്മാവും പരമാത്മാവുമായ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണ്ണിലുണ്ണിയായിരുന്നു അടുത്ത കാലം വരെ കെ.കെ.മഹേശൻ. വെള്ളാപ്പള്ളി കൂടി ഉൾപ്പെടുന്ന കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായ കെ.കെ. മഹേശനെയാണ് മാരാരിക്കുളം എസ്എൻഡിപി യൂണിയൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളാപ്പള്ളിയുടെ അതിവിശ്വസ്തനായ മഹേശൻ കുറച്ചു കാലമായി വെള്ളാപ്പള്ളിയുമായി അകൽച്ചയിലായിരുന്നു. ഈ അകൽച്ച തന്നെയാണ് മരണത്തിനു വഴിവെച്ചത് എന്നാണ് എസ്എൻഡിപി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. വെള്ളാപ്പള്ളി പ്രതിയായ മൈക്രോഫിനാൻസ് കേസുകളിൽ മുഖ്യപ്രതി സ്ഥാനത്ത് കെ.കെ.മഹേശനായിരുന്നു. എസ്എൻഡിപി മൈക്രോ ഫിനാൻസിന്റെ സ്റ്റേറ്റ് കോ-ഓർഡിനേറ്ററാണ് മഹേശൻ. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ പ്രതിയാണ് മഹേശൻ. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ബ്രാഞ്ച് മൈക്രോ ഫിനാൻസ് കേസുമായി ബന്ധപ്പെട്ട് മഹേശനെ ചോദ്യം ചെയ്തിരുന്നു. ആശ്രയമായ വെള്ളാപ്പള്ളിയെ അഭയം പ്രാപിക്കാൻ ശ്രമിച്ചെങ്കിലും മഹേശനു അതിനു കഴിഞ്ഞിരുന്നില്ല.

തിക്തമായ അനുഭവങ്ങൾ ആണ് മഹേശന് ഈ കാര്യത്തിൽ വെള്ളാപ്പള്ളിയിൽ നിന്നും നേരിടേണ്ടി വന്നത് എന്നാണ് എസ്എൻഡിപി പ്രവർത്തകരിൽ നിന്നും അറിയാൻ കഴിഞ്ഞത്. വെള്ളാപ്പള്ളി നടത്തുന്ന സകല ചെയ്തികൾക്കും അഴിമതികൾക്കും കയ്യാളും കാലാളുമായിരുന്നു മഹേശൻ. എസ്എൻഡിപി യോഗത്തിൽ പ്രവർത്തനത്തിലൂടെ കയറി വന്ന ആളല്ല. വെള്ളാപ്പള്ളിയുടെ ആശ്രിതനായി വന്ന നേതാവാണ്. ഓഫീസ് ബോയ് പോലെ പ്രവർത്തിച്ചു വന്നാണ് എസ്എൻഡിപിയിലേക്കും വെള്ളാപ്പള്ളിയുടെ വിശ്വസ്തൻ എന്ന ലേബലിലേക്ക് മഹേശൻ എത്തിയത്.

സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെ വെള്ളാപ്പള്ളി ഏൽപ്പിച്ചിരുന്നത് ഈ വിശ്വസ്തനെയായിരുന്നു. ഈ രീതിയിൽ നല്ല സ്വീകാര്യതയാണ് മഹേശന് ലഭിച്ചത്. എസ്എൻഡിപി യൂണിയൻ വഴിയും എസ്എൻട്രസ്റ്റും വഴിയും വരുന്ന ലക്ഷങ്ങൾ കൈകാര്യം ചെയ്തിരുന്നത് ഇയാളായിരുന്നു. ഈ രീതിയിൽ തന്നെയാണ് എസ്എൻഡിപിയിലേക്കും ഒടുവിൽ മൈക്രോ ഫിനാൻസ് സ്റ്റേറ്റ് കോ-ഓർഡിനെറ്റർ പദവിയിലേക്കും മഹേശൻ എത്തുന്നത്. മൈക്രോ ഫിനാൻസ് വന്നതോടെ അഴിമതിയിൽ നാട് മുഴുവൻ കേസും മഹേശന് നേരെ വന്നു.

കണിച്ചുകുളങ്ങര യൂണിയന്റെ കീഴിൽ വരുന്ന കോളെജ്-സ്‌കൂൾ നിയമനങ്ങളുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയും മഹേശനും അകന്നിരുന്നു. വലിയ ആരോപണങ്ങളാണ് ഇതുമായി ബന്ധപ്പെട്ടു വന്നിരുന്നത്. ഇതോടെ ആശ്രയവും അഭയവും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു മഹേശൻ. വെള്ളാപ്പള്ളിയുമായി ഇടഞ്ഞാൽ വെടക്കാക്കി പുറത്താക്കുകയാണ് വെള്ളാപ്പള്ളിയുടെ രീതി. ഈ രീതിക്ക് തന്നെയാണ് മഹേശനും ഇരയായത്.

വെള്ളാപ്പള്ളിയുമായി ഇടഞ്ഞാൽ ഒന്നുകിൽ ജലസമാധി, അല്ലെങ്കിൽ ടയർ സമാധി, അതുമല്ലെങ്കിൽ സ്വയം സമാധി. ഇതിൽ ഏതെങ്കിലും ഒന്നിന് ഇരയാവും എന്നാണ് എസ്എൻഡിപിയിലെപ്രബല വിശ്വാസം. ശാശ്വതീകാനന്ദ ജലസമാധിക്ക് ഇരയായപ്പോൾ ടയർ സമാധിക്ക് ഇരയായവരുണ്ട്. മഹേശൻ ആത്മഹത്യ ചെയ്തപ്പോൾ സ്വയം സമാധിക്ക് ആണ് എന്ന വിലയിരുത്തലിൽ ആണ് എസ്എൻഡിപി വൃത്തങ്ങൾ. വെള്ളാപ്പള്ളിയുമായി അകന്നതിനാലും വെള്ളാപ്പള്ളിയുടെ സാമ്പത്തിക ഇടപാടുകൾ അറിയുന്നതിനാൽ ഈ ഇടച്ചിൽ വന്നപ്പോൾ മഹേശന് ജീവൻ നഷ്ടമാകും എന്ന സൂചന എസ്എൻഡിപി വൃത്തങ്ങളിൽ പ്രബലമായിരുന്നു. ഇവർ പ്രതീക്ഷിച്ചതുപോലുള്ള ഒരു മരണത്തിനാണ് അതായത് സ്വയം സമാധിക്ക് ആണ് മഹേശൻ ഇരയായിരിക്കുന്നത്.

സാമ്പത്തിക കാര്യങ്ങളിൽ മഹേശനിൽ വെള്ളാപ്പള്ളിക്ക് വിശ്വാസം നഷ്ടമായിരുന്നു. കണിച്ചുകുളങ്ങര യൂണിയന്റെ കീഴിൽ വരുന്ന മഹേശൻ നിയന്ത്രിക്കുന്ന സ്‌കൂൾ-കോളെജ് നിയമനങ്ങളാണ് ഇവർ തമ്മിലുള്ള അകൽച്ചയ്ക്ക് ആക്കം കൂട്ടിയത്. ഇതിൽ ഭിന്നത വ്യക്തമായിരുന്നു. ഇതോടെ വിശ്വസ്തൻ എന്ന ലേബൽ മഹേശന് നഷ്ടമായി. വെള്ളാപ്പള്ളിയാണെങ്കിൽ സ്വയം രക്ഷപ്പെടാൻ കോടികളുടെ മൈക്രോഫിനാൻസ് കേസുകളുടെ മുഴുവൻ ഉത്തരവാദിത്തവും മഹേശന്റെ ചുമലിലാക്കിയിരുന്നു.

ക്രൈംബ്രാഞ്ച് ആണെങ്കിൽ മഹേശനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. രക്ഷയില്ലെന്നു മനസിലായപ്പോഴാണ് മൂന്നു മരണങ്ങളിൽ ഒന്നായ സ്വയം സമാധിയിലേക്ക് മഹേശൻ നീങ്ങിയത്. മഹേശനു മുൻപ് സുഭാഷ് വാസുവിനാണ് ഈ അവസ്ഥ നേരിട്ടത്. സുഭാഷ് വാസു വെള്ളാപ്പള്ളിയുടെ തട്ടകത്തിൽ കയറി വെള്ളാപ്പള്ളിയെ വെല്ലുവിളിച്ച് വീര പരിവേഷം നേടി. വെള്ളാപ്പള്ളിക്ക് എതിരായ നീണ്ട നിര സുഭാഷ് വാസുവിന് കണ്ണും പൂട്ടി പിന്തുണ നൽകുകയും ചെയ്തു.

സ്വയം സമാധിയ്‌ക്കോ ടയർ സമാധിയ്‌ക്കോ ജലസമാധിയ്‌ക്കോ സുഭാഷ് വാസുവിനെ വിധേയമാക്കാൻ എളുപ്പമല്ലാത്തതുകൊണ്ടാണ് സുഭാഷ് വാസു രക്ഷപ്പെട്ടു പോകുന്നത് എന്നാണ് എസ്എൻഡിപി വൃത്തങ്ങൾ പ്രതികരിക്കുന്നത്. എന്നാൽ വെള്ളാപ്പള്ളിയോട് ഇടഞ്ഞതോടെ മറുകണ്ടം ചാടാനുള്ള മനോഭാവം മഹേശൻ പ്രദർശിപ്പിച്ചില്ല. വെള്ളാപ്പള്ളി വിരോധികൾ മഹേശനുമായി ബന്ധപ്പെട്ടിരുന്നു. പക്ഷെ വെള്ളാപ്പള്ളിക്ക് ഒപ്പവുമില്ല എന്നാൽ എതിരാളികൾക്ക് ഒപ്പവുമില്ല എന്ന മനോഭാവമാണ് മഹേശൻ സ്വീകരിച്ചത്. ഇതോടെ ആശ്രയവും പരാശ്രയവും നഷ്ടപ്പെട്ടവനായി മഹേശൻ മാറി.

ഇത് തൂങ്ങി മരണം തന്നെയാണെങ്കിൽ ഇത്തരം ഒരു മരണത്തിലേക്ക് അതിവേഗം സഞ്ചരിക്കേണ്ട അവസ്ഥ മഹേശന് വന്നു ഭവിക്കുകയും ചെയ്തു. ഒരു തരത്തിലും തന്നിൽ നിന്ന് ഒരു സഹായവും ലഭിക്കില്ലെന്ന് വെള്ളാപ്പള്ളി ഒരു കാലത്ത് തന്റെ അതി വിശ്വസ്തനോട് നേരിട്ട് തന്നെ പറഞ്ഞതായാണ് സൂചനകൾ. ഇതോടെയാണ് സ്വയം സമാധിയിലേക്ക് മഹേശൻ നീങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം.

ശ്രീനാരായണ ഗുരുവിന്റെ സമ്പത്ത് അടിച്ചുമാറ്റാൻ കൂട്ട് നിൽക്കുകയോ അടിച്ചു മാറ്റി കൊഴുക്കുകയോ ചെയ്താൽ സംഭവിക്കുന്ന അനിവാര്യമായ ദുരന്തം മഹേശനേയും തേടി വന്നു എന്നാണ് എസ്എൻഡിപി വൃത്തങ്ങൾ പറയുന്നത്. ഈ മരണവും അത്തരം ഒരു സന്ദേശം തന്നെയാണ് നൽകുന്നത്. ഊർജ്വസ്വലനായ മഹേശന്റെ ജീവിതം ഒരു വലിയ പതനത്തിലേക്കും മരണത്തിലേക്കും നീങ്ങിയതിൽ എസ്എൻഡിപി വൃത്തങ്ങളിൽ അസ്വസ്ഥത പടരുകയാണ്. മൈക്രോ ഫിനാൻസ് കേസുകൾ കൂടി ഉള്ളതിനാൽ വെള്ളാപ്പള്ളിയോടൊപ്പം നിൽക്കുന്ന പലരും ഭീതിയിലാണ്.

ഇന്നു രാവിലെയാണ് ചേർത്തല എസ്എൻഡിപി യൂണിയൻ ഓഫീസിൽ കെ.കെ. മഹേശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് പതിറ്റാണ്ടുകളായി താൻ എസ്എൻഡിപിക്ക് നൽകിയ സംഭാവനകൾ വിവരി ക്കുന്ന 36 പേജുള്ള നോട്ട് വാട്‌സ്ആപ് ഗ്രൂപ്പുകളിൽ മഹേശൻ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോണിൽ വിളിച്ച് കിട്ടാതിരുന്ന ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മഹേശന്റെ വാഹനം ഓഫീസിന് പുറത്ത് നിർത്തിയിട്ടിരുന്നു. തുടർന്ന് ഓഫീസിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടത്. രാവിലെ 8.30 നാണ് വാടസ്ആപ് നോട്ട് പോസ്റ്റു ചെയ്തത്. എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് മഹേശൻ. വെള്ളാപ്പള്ളിയും കുടുംബവും അംഗങ്ങളായുള്ള യൂണിയനിലാണ് ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. ദീർഘനാളായി കണിച്ചുകുളങ്ങര യൂണിയന്റെ സെക്രട്ടറിയാണ്. ഇതിന് പുറമേ മൈക്രോ ഫിനാൻസ് കോ-ഓർഡിനേറ്റർ, ചേർത്തല യൂണിയൻ അഡ്‌മിനിസ്ട്രേറ്റർ തുടങ്ങിയ പദവികളും വഹിച്ചിരുന്നു. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മൈക്രോ ഫിനാൻസ് കേസുമായി ബന്ധപ്പെട്ട് മഹേശനെ ചോദ്യം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP