Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തന്റെ സങ്കൽപ്പത്തിലെ ഭാര്യയാകാൻ ഉത്രയ്ക്ക് കഴിഞ്ഞില്ലെന്ന് സൂരജ്; കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വനം വകുപ്പിന് മുന്നിലും വിവരിച്ചു മൊഴി നൽകി; ഉത്രയെ കടിച്ച പാമ്പിന്റെ ശൽക്കങ്ങൾ വീണ്ടും പരിശോധനയ്ക്ക് അയച്ചു; പണം ലഭിച്ചാൽ എന്തു ചെയ്യുന്ന ആളാണ് എന്നതു കൊണ്ടാണ് സുരേഷിനോട് പാമ്പിനെ വാങ്ങിയത്; സൂരജിന് നൽകിയ മൂർഖൻ പാമ്പിന്റെ മുട്ട വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ ലഹരി മാഫിയ സംഘങ്ങൾക്ക് വിൽപ്പന നടത്താൻ ചാവറുകാവ് സുരേഷ് പദ്ധതിയിട്ടതായും വിവരം

തന്റെ സങ്കൽപ്പത്തിലെ ഭാര്യയാകാൻ ഉത്രയ്ക്ക് കഴിഞ്ഞില്ലെന്ന് സൂരജ്; കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വനം വകുപ്പിന് മുന്നിലും വിവരിച്ചു മൊഴി നൽകി; ഉത്രയെ കടിച്ച പാമ്പിന്റെ ശൽക്കങ്ങൾ വീണ്ടും പരിശോധനയ്ക്ക് അയച്ചു; പണം ലഭിച്ചാൽ എന്തു ചെയ്യുന്ന ആളാണ് എന്നതു കൊണ്ടാണ് സുരേഷിനോട് പാമ്പിനെ വാങ്ങിയത്; സൂരജിന് നൽകിയ മൂർഖൻ പാമ്പിന്റെ മുട്ട വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ ലഹരി മാഫിയ സംഘങ്ങൾക്ക് വിൽപ്പന നടത്താൻ ചാവറുകാവ് സുരേഷ് പദ്ധതിയിട്ടതായും വിവരം

ആർ പീയൂഷ്

കൊല്ലം: പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയതെങ്ങനെയെന്ന് സൂരജ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ വിശദമായി മൊഴി നൽകി. പൊലീസിനോട് താൻ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടില്ല എന്നും വനം വകുപ്പിന്റെ ചോദ്യം ചൈയ്യലിൽ ഇയാൾ വ്യക്തമാക്കി. സൂരജിന്റെ 65 പേജുള്ള കുറ്റപത്രമാണ് വനംവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ വ്യക്തമായി കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. അതിനാൽ കോടതിയിൽ കേസ് ഒന്നു കൂടി ബലപ്പെടും. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം വനംവകുപ്പ് തങ്ങൾക്ക് ലഭ്യമായിട്ടുള്ള എല്ലാ തെളിവുകളുടെ വിവരങ്ങളും പൊലീസിന് കൈമാറും. പൊലീസ് കണ്ടെത്താത്ത പല വിവരങ്ങളും വനംവകുപ്പിന്റെ കുറ്റപത്രത്തിലുണ്ട്. പാമ്പു പിടുത്തക്കാരൻ സുരേഷിനെ പറ്റിയുള്ള വിവരങ്ങളും കൂടുതലായി വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് കോടതിയിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ഉത്രയെ കടിച്ച പാമ്പിന്റെ ശൽക്കങ്ങൾ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലേക്ക് ഡി.എൻ.എ ടെസ്റ്റിന് അയച്ചിരിക്കുകയാണ്. അതിന്റെ റിസൾട്ട് ലഭിച്ചാലുടൻ റിപ്പോർട്ട് കോടതിക്ക് മുൻപാകെ സമർപ്പിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

പണത്തോട് അമിതമായി ആർത്തിയുള്ളയാളായതിനാലാണ് പാമ്പിനെ ചാവറുകാവ് സുരേഷിന്റെ പക്കൽ നിന്നും വാങ്ങാൻ കാരണമെന്ന് സൂരജ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇയാളോട് ആദ്യമായി സംസാരിച്ചപ്പോൾ തന്നെ എന്ത് കാര്യവും പണം കൊടുത്താൽ ചെയ്ത് തരുമെന്ന് മനസ്സിലായി. അങ്ങനെയാണ് പാമ്പിനെ വാങ്ങാൻ തീരുമാനിച്ചത്. പാമ്പിനെ കടിപ്പിക്കുന്ന രീതിയും വ്യക്തമായി സുരേഷ് പറഞ്ഞു മനസ്സിലാക്കിയിരുന്നു എന്നും സൂരജ് വെളിപ്പെടുത്തി. പിന്നീട് സുരേഷിനെ ചോദ്യം ചെയ്തപ്പോൾ പാമ്പുകളെ നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്നതും പാമ്പിൻ കുഞ്ഞുങ്ങളെ വിൽപ്പന നടത്താൻ തീരുമാനിച്ചിരുന്നതും അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ സമ്മതിച്ചു. ഇതോടെ കേസിൽ പല നിർണ്ണായക വിവരങ്ങളും വനംവകുപ്പിന് ശേഖരിക്കുവാൻ കഴിഞ്ഞു.

സങ്കൽപ്പത്തിലെ ഭാര്യയാകാൻ കഴിയാത്തതിനാലാണ് ഉത്രയെ സൂരജ് കൊലപ്പെടുത്തിയതെന്ന് സൂരജ് കുറ്റസമ്മതം നടത്തി. വനംവകുപ്പ് രജിസ്റ്റർ ചെയ്ത് കേസിൽ തെളിവെടുപ്പിന് എത്തിയപ്പോഴാണ് സൂരജിന്റെ വെളിപ്പെടുത്തൽ. ആദ്യ വധശ്രമത്തിൽ പശ്ചാത്താപം ഉണ്ടായെന്നും സൂരജ് പറഞ്ഞു. മെയ് 4, 5 തീയതികളിൽ കുഞ്ഞിന്റെ കാര്യത്തെ ചൊല്ലി ഉത്ര വഴക്കിട്ടിരുന്നു. ഇതാണ് പെട്ടെന്ന് പ്രകോപനം ഉണ്ടാക്കിയതെന്നും മൂർഖൻ പാമ്പിനെ ഉപേയാഗിച്ച് കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നും സൂരജ് മൊഴി നൽകി. അതേസമയം ജാറിൽ കൊണ്ടുവന്ന പാമ്പിനെ കിടക്കയിൽ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ല. ഉറക്കത്തിലായിരുന്ന ഉത്രയുടെ ദേഹത്തേക്കു മൂർഖനെ കുടഞ്ഞിട്ടെങ്കിലും കടിക്കാതിരുന്നതിനെത്തുടർന്ന് പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ച് ഉത്രയുടെ കൈകൾ ചലിപ്പിച്ചു. അനങ്ങിയ കയ്യിൽ പാമ്പ് കൊത്തി എന്ന് വനം വകുപ്പിന് മുമ്പാകെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

പാമ്പിനെ കൊന്നു കുഴിച്ചിട്ട സ്ഥലം, പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ബോട്ടിൽ ഒളിപ്പിച്ച കെട്ടിടം എന്നിവിടങ്ങളിൽ വനം വകുപ്പ് തെളിവെടുപ്പ് നടത്തി. സൂരജിനെ കൊണ്ടുവന്നതറിഞ്ഞ് ഉത്രയുടെ വീടിനു മുന്നിൽ നാട്ടുകാർ കൂടിയതു പരിഭ്രാന്തിക്കിടയാക്കി. സൂരജിനെതിരെ കല്ലേറ് ഉണ്ടാകുമെന്ന സൂചനയെ തുടർന്ന് ഹെൽമറ്റ് ധരിപ്പിച്ചാണു തെളിവെടുപ്പ് പൂർത്തിയാക്കിയത്. തോക്കേന്തിയ വനപാലകർ ഉൾപ്പെടെ 50 അംഗ സംഘമാണു സുരക്ഷ ഒരുക്കിയത്. ഇതിന് ശേഷമാണ് 60 പേജുള്ള സൂരജിന്റെ കുറ്റസമ്മതം തയ്യാറാക്കിയത്.

അതേ സമയം ഉത്രയെ കൊലപ്പെടുത്താനായി ഭർത്താവ് സൂരജിന് നൽകിയ മൂർഖൻ പാമ്പിന്റെ മുട്ട വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ ലഹരി മാഫിയ സംഘങ്ങൾക്ക് വിൽപ്പന നടത്താൻ ചാവറുകാവ് സുരേഷ് പദ്ധതിയിട്ടിരുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇയാളെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തതോടെയാണ് ഈ വിവരം പുറത്ത് വന്നത്. ഗോവയിൽ നിന്നുള്ള വൻ ലഹരിമരുന്ന് സംഘങ്ങൾക്ക് നൽകാനായിട്ടാണ് സുരേഷ് പദ്ധതിയിട്ടത്. ഇതിനായി ലക്ഷക്കണക്കിന് രൂപയും ഇയാൾ ആവിശ്യപ്പെട്ടിരുന്നു. സംഘം കല്ലുവാതുക്കലെ വീട്ടിലെത്തി പാമ്പിന് കുഞ്ഞുങ്ങളെ വാങ്ങാനായിരുന്നു ശ്രമം. എന്നാൽ ഉത്രയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ സുരേഷിന്റെ പദ്ധതികളെല്ലാം പൊളിഞ്ഞു. ഇതോടെ പാമ്പിൻ കുഞ്ഞുങ്ങളെ ഇത്തിക്കരയാറ്റിൽ തുറന്ന് വിട്ടു എന്നാണ് വനംവകുപ്പ് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഇയാൾ പറഞ്ഞത്.

ഗോവയിലെ പല പബ്ബുകളിലും പാമ്പിനെ കൊത്തിച്ച് ലഹരി തേടുന്നവർ ഏറെയാണ്. ഇതിനായി മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങളെയാണ് ഉപയോഗിക്കുന്നത്. വിഷത്തിന്റെ കാഠിന്യം കുറവായതിനാൽ ജീവഹാനിയുണ്ടാവില്ല. പാമ്പിൻ കുഞ്ഞുങ്ങളെ നാക്കിന്റെ തുമ്പിൽ കൊത്തിച്ചാണ് ലഹരി നേടുന്നത്. ഇതിനായി 15,000 രൂപ മുതലാണ് ഇത്തരം സംഘങ്ങൾ ലഹരി ഉപയോഗിക്കുന്നവരിൽ നിന്നും വാങ്ങുന്നത്. ഇതു വഴി കോടിക്കണക്കിന് രൂപയാണ് ഒരു പാമ്പിൻ കുഞ്ഞിനെ ഉപയോഗിച്ച് ഇവർ നേടുന്നത്. ഇത്തരം 10 പാമ്പിൻ കുഞ്ഞുങ്ങളെ കൈമാറാനായിരുന്നു ശ്രമം. കേരളത്തിലെ ചില പാമ്പു പിടുത്തക്കാർ ഇത്തരത്തിൽ പാമ്പുകളെ ഇത്തരം സംഘങ്ങൾക്ക് കൊടുക്കുന്നുണ്ട് എന്ന വിവരമാണ് സുരേഷിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിലെ എല്ലാ പാമ്പു പിടുത്തക്കാരെയും നീരിക്ഷിക്കാനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

ഏപ്രിൽ 24 ന് ആറ്റിങ്ങലിനു സമീപം ആലംകോട്ടെ ഒരു വീട്ടിൽ നിന്നാണ് സൂരജിന് പാമ്പിനെ നൽകിയ സുരേഷ് മൂർഖനെ പിടികൂടിയത്. ഉത്രയുടെ മരണശേഷം വീട്ടുകാർ തല്ലിക്കൊന്ന പെൺ മൂർഖൻ പാമ്പിന്റെ പോസ്റ്റുമോർട്ടം നടത്തിയിരുന്നു. കടിച്ചത് ഈ പാമ്പ് തന്നെയെന്ന് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. ഇതേ പാമ്പിന്റെ 12 മുട്ടകളും ആലംകോട്ടെ വീട്ടിൽ നിന്ന് പാമ്പുപിടുത്തക്കാരൻ കൊണ്ടുപോയി. രണ്ടു മുട്ടകൾ പൊട്ടിയെന്നും വിരിഞ്ഞിറങ്ങിയ 10 പാമ്പിൻ കുഞ്ഞുങ്ങളെ ഇത്തിക്കരയാറ്റിൽ ഒഴുക്കിയെന്നുമാണ് സുരേഷ് മൊഴി നൽകിയത്. പക്ഷേ ഈ മൊഴി വനം വകുപ്പ് വിശ്വസിച്ചിട്ടില്ല.

കേരളത്തിലെ ഒട്ടുമിക്ക പാമ്പു പിടുത്തക്കാരും പാമ്പിനെ പിടികൂടിയ ശേഷം വനം വകുപ്പിനെ ഏൽപ്പിക്കുകയാണ് പതിവ്. വനംവകുപ്പ് ഉദ്യോഗസ്ഥർ പാമ്പുകളുടെ വിശദ വിവരങ്ങൾ ശേഖരിച്ച ശേഷം വനത്തിലേക്ക് തുറന്ന വിടും. എന്നാൽ സുരേഷ് പിടികൂടുന്ന പാമ്പുകൾ ഇയാൾ തന്നെ കാട്ടിൽ തുറന്നു വിടുകയാണ് ചെയ്തിരുന്നതെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഉത്ര കൊലക്കേസിൽ ഇയാൾ പാമ്പിനെ വിൽപ്പന നടത്തിയ സംഭവം പുറത്ത് വന്നതോടു കൂടി ഇക്കാര്യത്തിലും വനം വകുപ്പിന് സംശയമായിരിക്കുകയാണ്. അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി.ആർ ജയന്റെ നേതൃത്വത്തിലാണ് വനംവകുപ്പ് ആന്വേഷണം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP