Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചില മനുഷ്യരെ നാം കണ്ടുമുട്ടണമെന്നത് നിയോഗമാവാം; ചന്തുക്കുട്ടി സ്വാമി എന്റെ ജീവിതത്തിലേക്ക് വന്നത് അജ്ഞാതമായ ഒരു നിയോഗത്താൽത്തന്നെയാണ്; തിങ്കളാഴ്ച പുലർച്ചെ ആ ചരടറ്റു.. സർവം ഭസ്മാന്തം; സ്വാമി രാമാനന്ദ സരസ്വതിയെ കുറിച്ച് മോഹൻലാലിന്റെ സ്മരണകൾ

ചില മനുഷ്യരെ നാം കണ്ടുമുട്ടണമെന്നത് നിയോഗമാവാം; ചന്തുക്കുട്ടി സ്വാമി എന്റെ ജീവിതത്തിലേക്ക് വന്നത് അജ്ഞാതമായ ഒരു നിയോഗത്താൽത്തന്നെയാണ്; തിങ്കളാഴ്ച പുലർച്ചെ ആ ചരടറ്റു.. സർവം ഭസ്മാന്തം; സ്വാമി രാമാനന്ദ സരസ്വതിയെ കുറിച്ച് മോഹൻലാലിന്റെ സ്മരണകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലൂർ രാമാനന്ദാശ്രമ സ്ഥാപകനും കൊല്ലൂരിൽ തീർത്ഥാടകരുടെ ആത്മീയ വഴികാട്ടിയുമായിരുന്ന സ്വാമി രാമാനന്ദ സരസ്വതി (ചന്തുക്കുട്ടി സ്വാമി–98) യുടെ മരണം ചർച്ചകളിൽ നിറഞ്ഞത് അദ്ദേഹത്തിന്റെ മരണം പ്രവചിച്ചതിവലൂടെ ആയിരുന്നു. മോഹൻലാലുമായി ബന്ധപ്പെട്ട ആത്മീയചർച്ചകളിൽ പലപ്പോഴും കേട്ടിട്ടുള്ള പേരാണ് ചന്തുക്കുട്ടി സ്വാമി. 35 വർഷങ്ങൾക്ക് മുൻപ് മോഹൻലാലിനെ ആദ്യമായി കുടജാദ്രിയിലേക്കു കൂട്ടിക്കൊണ്ടുപോയത് ഈ സ്വാമിയായിരുന്നു. ഒരിക്കൽ കൊച്ചിയിലെത്തി മോഹൻലാലിനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞിരുന്നു, 2020ൽ ആണ് തന്റെ ദേഹവിയോഗം എന്ന്. ഇപ്പോഴിതാ, മോഹൻലാൽ തന്നെ ആ ബന്ധത്തെ കുറിച്ച് എഴുതുന്നു.

ചന്തുക്കുട്ടി സ്വാമി എന്റെ ആരുമായിരുന്നില്ല. എന്നാൽ, എനിക്ക് ആരൊക്കെയോ ആയിരുന്നു ആ അവധൂതൻ എന്ന് മോഹൻലാൽ പറയുന്നു. ചില മനുഷ്യരെ നാം കണ്ടുമുട്ടണമെന്നത് നിയോഗമാവാം. ചന്തുക്കുട്ടി സ്വാമി എന്റെ ജീവിതത്തിലേക്ക് വന്നത് അജ്ഞാതമായ ഒരു നിയോഗത്താൽത്തന്നെയാണ് എന്നും താരം കുറിച്ചു.

ചന്തുക്കുട്ടി സ്വാമിയെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ..

തിങ്കളാഴ്ച രാവിലെയാണ് ആ വാർത്ത, ചെന്നൈയിൽ എന്നെത്തേടിയെത്തിയത്. സുരേഷ്‌ഗോപിയാണ് വിളിച്ചുപറഞ്ഞത്: ''ചന്തുക്കുട്ടിസ്വാമി പോയി.'' മൂകാംബികയിൽനിന്ന് ആരോ അദ്ദേഹത്തെ വിളിച്ചറിയിച്ചതായിരുന്നു. പുലർച്ചെ രണ്ടു മണിക്കായിരുന്നു മരണം.

ചന്തുക്കുട്ടി സ്വാമി എന്റെ ആരുമായിരുന്നില്ല. എന്നാൽ, എനിക്ക് ആരൊക്കെയോ ആയിരുന്നു ആ അവധൂതൻ. സിനിമയിൽ അധികമൊന്നും അറിയപ്പെടാത്ത കാലത്താണ് ഞാൻ ആദ്യമായി കൊല്ലൂരിൽ മൂകാംബികാ ദേവിയുടെ മുന്നിലെത്തുന്നത്; മുപ്പത്തിയഞ്ചുവർഷം മുൻപ്, തനിച്ച്. സൗപർണികയിൽ കുളിച്ച് ദേവിയെ തൊഴുതു. അങ്ങാടിയിലെ ഒരു ചായക്കടയിലിരുന്ന് ചായ കഴിച്ചു. കുടജാദ്രിയിൽ ഒന്നു പോകണമെന്നുണ്ടായിരുന്നു. വഴിയറിയില്ല, അവിടെ ആരെയും പരിചയവുമില്ല. കടക്കാരനോട് ആഗ്രഹം അവതരിപ്പിച്ചപ്പോൾ അയാൾ പറഞ്ഞു: ''ചന്തുക്കുട്ടി സ്വാമിക്കൊപ്പം പൊയ്ക്കോളൂ. ഒരുപാടാളുകളെ അദ്ദേഹമാണ് കുടജാദ്രിയിലേക്കു കൊണ്ടുപോകുക.''

അല്പസമയത്തിനകം ഞാനിരിക്കുന്ന അതേ കടയിലേക്ക് അർധനഗ്‌നനായ ഒരു സന്ന്യാസി വന്നുകയറി. കടക്കാരൻ എനിക്ക് പരിചയപ്പെടുത്തി: ''ഇതാണ് ചന്തുക്കുട്ടി സ്വാമി.'' സ്വാമി പറഞ്ഞു: ''എന്റെ കൂടെ പോന്നോളൂ. കുടജാദ്രിയിൽ പോയാലേ മൂകാംബികാ ദർശനം പൂർണമാവൂ.''

ഞാൻ സ്വാമിക്കു പിന്നാലെ നടന്നു. കുടജാദ്രിയിലേക്ക് അംബാവനത്തിന്റെ അപരിചിത പാതകളിലൂടെയാണ് ഞങ്ങൾ നടന്നത്. ഗണപതി ഗുഹ കണ്ടതോർക്കുന്നു. യാത്രയിൽ അധികം സംസാരമില്ലായിരുന്നു. വൈകുന്നേരം മുകളിലെത്തി. കാട്ടുചോലയിൽ കുളിച്ചു. സന്ധ്യയ്ക്ക് കോവിലിലെ ആരതി തൊഴുതു. ഭട്ടിന്റെ വീട്ടിലെ ഭക്ഷണം കഴിച്ചു. സ്വാമി വിരിച്ചുതന്ന കീറച്ചാക്കിൽ കിടന്നുറങ്ങി. പിറ്റേന്ന് ശങ്കരപീഠത്തിലും ചിത്രമൂലയിലും കൊണ്ടുപോയി. പിന്നെ കാടിറങ്ങി താഴെയെത്തി. വരുന്നവഴിയെ, എന്തോ ജോലിക്കായി കൂട്ടിയിട്ട മെറ്റൽ കഷണങ്ങൾക്കു നടുവിൽ ഒരു യോഗദണ്ഡ് ഇരിക്കുന്നതു കണ്ടു. ''അമ്മ തന്നതാണ്, എടുത്തോളൂ'' -സ്വാമി എന്നോടു പറഞ്ഞു. സ്വാമിയുടെ കുടിലിൽനിന്നു കഞ്ഞികുടിച്ചാണ് അന്ന് ഞാൻ മടങ്ങിയത്.

ചന്തുക്കുട്ടിസ്വാമിയുടെ നാടോ പൂർവാശ്രമമോ ഒന്നും ഞാൻ ചോദിച്ചില്ല. ഇന്നും എനിക്കതറിയില്ല. കുറച്ചുകാലങ്ങൾക്കുശേഷം ഒരുനാൾ സ്വാമി തിരുവനന്തപുരത്തെ എന്റെ വീട്ടിലെത്തി. ശരീരം അല്പം ഉടഞ്ഞിരിക്കുന്നു, കണ്ണ് മങ്ങിത്തുടങ്ങിയിരുന്നു. കണ്ണോപ്പറേഷനുള്ള ഏർപ്പാടുകൾ ഞാൻ ചെയ്തുകൊടുത്തു. കുറെ സംസാരിച്ചു മടങ്ങി.

കുറച്ചുവർഷങ്ങൾക്കുമുമ്പ് കൊച്ചിയിൽ തേവരയിലുള്ള എന്റെ വീട്ടിലേക്ക് അപ്രതീക്ഷിതമായി സ്വാമിയെത്തി. രാമേശ്വരത്തേക്കു പോവുന്ന വഴിയായിരുന്നു. കുറെ സംസാരിച്ചു. മൂകാംബികയിൽ തനിക്കുള്ള സ്ഥലത്ത് ഭക്തർക്കുകൂടി ഉപകാരപ്രദമായ രീതിയിൽ ഒരാശ്രമം പണിയുകയാണ് ആഗ്രഹമെന്നു പറഞ്ഞു. അതിനു ചില തടസ്സങ്ങളുണ്ടെന്നും എല്ലാം അമ്മ മാറ്റുമെന്നും പ്രത്യാശിച്ചു.

ഏറ്റവുമൊടുവിൽ 2018-ൽ ചന്തുക്കുട്ടിസ്വാമി കൊച്ചിയിലെ എന്റെ വീട്ടിലെത്തി. അന്നും കുറെ സംസാരിച്ചു. ആശ്രമമുണ്ടാക്കണം എന്ന ആഗ്രഹം അന്നും പറഞ്ഞു. (ആ ആശ്രമത്തിനു വേണ്ടി ഞാൻ കുറെ ശ്രമിച്ചതാണ്. സ്ഥലത്തിന്റെ രേഖകളുടെ പ്രശ്‌നങ്ങൾ കാരണം നടന്നില്ല) അന്ന് പോവുമ്പോൾ നിസ്സംഗനായി സ്വാമി പറഞ്ഞു: ''ഞാനിനി പരമാവധി ഒന്നരവർഷംകൂടിയേ ഉണ്ടാവൂ.'' ഞാൻ അദ്ദേഹത്തെ വണങ്ങി യാത്രയാക്കി. പിന്നെ കേൾക്കുന്നത് മരണവാർത്തയാണ്. മൂകാംബികയുടെ കൺവെട്ടത്തുതന്നെയായിരുന്നു സ്വാമിയുടെ ജീവിതം മുഴുവൻ. മരിച്ചപ്പോൾ അംബാവനത്തിൽ സമാധിയിരുത്തണമെന്നായിരുന്നു ആഗ്രഹം. കോവിഡ് കാലമായതിനാൽ അതിനു സാധിച്ചില്ല. സമാധിയിരുത്താൻ സാധിച്ചില്ലെങ്കിൽ മാവുകൊണ്ടുള്ള ചിതയിൽ നെയ്യൊഴിച്ച് ദഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെയാണുണ്ടായത്. ഒരു ചന്ദനമാല സ്വാമിയുടെ ചിതയിൽ അർപ്പിക്കാൻ ഞാൻ ഏർപ്പാടുചെയ്തു.

പച്ചമുളയുടെ കോണിയിൽ വെണ്മയിൽപ്പൊതിഞ്ഞ്, ചന്ദനമാലയണിഞ്ഞ് സ്വാമി അന്ത്യയാത്രയ്‌ക്കൊരുങ്ങിക്കടന്ന ചിത്രം എനിക്ക് അവിടെയുള്ള സുഹൃത്തുക്കൾ അയച്ചുതന്നു.

ചില മനുഷ്യരെ നാം കണ്ടുമുട്ടണമെന്നത് നിയോഗമാവാം. ചന്തുക്കുട്ടി സ്വാമി എന്റെ ജീവിതത്തിലേക്ക് വന്നത് അജ്ഞാതമായ ഒരു നിയോഗത്താൽത്തന്നെയാണ്. തിങ്കളാഴ്ച പുലർച്ചെ ആ ചരടറ്റു. സർവം ഭസ്മാന്തം. പ്രണാമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP