Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

‘‘സാറേ ഇനിയവൻ കക്കില്ല, ഇനിയവനെ ഞാനെങ്ങും വിടില്ല; നന്ദിയുണ്ട്, ഒരുപാടൊരുപാട് നന്ദിയുണ്ട്..’’ കാക്കിക്കുള്ളിലെ കരുതലിന് കണ്ണീരോടെ നന്ദി പറഞ്ഞ് അജയ് ബാബുവിന്റെ അമ്മ

‘‘സാറേ ഇനിയവൻ കക്കില്ല, ഇനിയവനെ ഞാനെങ്ങും വിടില്ല; നന്ദിയുണ്ട്, ഒരുപാടൊരുപാട് നന്ദിയുണ്ട്..’’ കാക്കിക്കുള്ളിലെ കരുതലിന് കണ്ണീരോടെ നന്ദി പറഞ്ഞ് അജയ് ബാബുവിന്റെ അമ്മ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കാക്കിക്കുള്ളിലെ കരുതലിന് കണ്ണീരോടെ നന്ദി പറഞ്ഞ് ഒരമ്മ. ‘‘സാറേ ഇനിയവൻ കക്കില്ല, ഇനിയവനെ ഞാനെങ്ങും വിടില്ല. നന്ദിയുണ്ട്, ഒരുപാടൊരുപാട് നന്ദിയുണ്ട്...’’ - ആ അമ്മ ജയിൽ സൂപ്രണ്ടിനോട് പറഞ്ഞു. ആ അമ്മയെ നമ്മൾ അറിയില്ലെങ്കിലും മകനെ നാം അറിയും. ലോക് ഡൗൺ‍ കാലത്ത് യാചന പോലും പരാജയപ്പെട്ടപ്പോൾ മോഷണം നടത്തി പിടിയിലായ അജയ് ബാബു. മംഗളാ എക്സ്പ്രസിൽ തിങ്കളാഴ്ചയാണ് അജയ് ഝാൻസിയിലിറങ്ങി ഹാമിർപുർ ജില്ലയിലെ ടോളമാഹ് ഗ്രാമത്തിൽ മാതാപിതാക്കളുടെ അടുത്തെത്തിയത്. ഉത്തർപ്രദേശിലെ ഉൾനാട്ടിൽനിന്നുള്ള നിരക്ഷരനായ കുട്ടിത്തടവുകാരന് കേരളത്തിലെ ജയിലിൽ ലഭിച്ച വാത്സല്യവും ജയിലധികൃതർതന്നെ ജാമ്യത്തിലെടുത്ത കാര്യവും ദേശീയ മാധ്യമങ്ങളിലും വാർത്തയായിരുന്നു.

‘‘നാലുമാസംകൂടി ഇന്നലെയാണ് ഞാൻ ശരിക്കുറങ്ങിയത്, ഇവനെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങി’’ -പൊട്ടിക്കരഞ്ഞുകൊണ്ട് അവർ പറയുമ്പോൾ കേരളത്തോടുള്ള നന്ദി വാക്കുകളിൽ നിറഞ്ഞു. ലോക്ഡൗൺകാലത്ത് യാചനപോലും പരാജയപ്പെട്ടപ്പോഴാണ് ബാങ്ക് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് പൈപ്പ് പിടിച്ചുകയറി മേശതുറന്ന് 600 രൂപ മോഷ്ടിച്ചതെന്നാണ് അജയ്ബാബു കുറ്റസമ്മതം നടത്തിയത്. അമ്മയെ വിളിക്കുന്നതിനുള്ള ഫോൺ വീണ്ടെടുക്കാൻ കണ്ണൂർ ജയിലിൽനിന്ന് ചാടി കാസർകോട്ട് പൊലീസ് സ്റ്റേഷനിലേക്ക് ഓടുന്നതിനിടയിലാണ് അജയ് വീണ്ടും പിടിയിലായി കണ്ണൂർ സ്‌പെഷ്യൽ സബ്‌ ജയിലിലെത്തുന്നത്. ജാമ്യത്തിലെടുക്കാനാളില്ലാത്ത കുട്ടിത്തടവുകാരനായ അജയ്ബാബുവിന്റെ നാടും വീടും എവിടെയെന്ന് കണ്ടെത്തി ജയിൽമോചനത്തിനുള്ള എല്ലാ പ്രവർത്തനവും ജയിൽ അധികൃതർ നടത്തുകയായിരുന്നു.

കണ്ണൂർ ജയിലിന്റെ ചരിത്രത്തിലെ അപൂർവമായ ഒരു യാത്രയയപ്പ് ചടങ്ങാണ് ശനിയാഴ്ച നടന്നത്. കാസർകോട്ടുവെച്ച് മോഷണക്കേസിൽ പിടിയിലായ അജയ്ബാബു മാർച്ച് 25-ന് കണ്ണൂർ സെൻട്രൽ ജയിലിലെത്തുകയും ഏപ്രിൽ മൂന്നിന് ജയിൽ ചാടി പിറ്റേന്ന് വീണ്ടും പിടിയിലായി കണ്ണൂർ സ്‌പെഷ്യൽ സബ് ജയിലിലെത്തുകയുമായിരുന്നു. ജയിൽചാട്ടത്തിന്റെ പേരിൽ ജയിലിലെ നാലു ജീവനക്കാർ സസ്‌പെൻഷനിലായിരുന്നു. എന്നിട്ടും ജാമ്യത്തിനും യാത്രയയപ്പിനും മുൻകൈയെടുത്തത് ജയിലധികൃതർ.

വൈകീട്ട് മംഗള എക്സ്‌പ്രസ്സിലാണ് അജയ്ബാബു സ്വന്തം നാടായ ഹാമിർപുരിനടുത്ത ഝാൻസിയിലേക്ക് പോയത്. ജയിൽ സൂപ്രണ്ട് ടി.കെ.ജനാർദനൻ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സുദീപൻ, അസി. പ്രിസൺ ഓഫീസർമാരായ പ്രദീപ് മോഹൻ, ഷാജി എന്നിവർ അജയ്ബാബുവിനെ റെയിൽവേ സ്റ്റേഷനിലേക്ക് അനുഗമിച്ചു. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥരും പൊലീസുകാരുമെല്ലാം യാത്രയയപ്പിന് സാക്ഷികളായി. രണ്ട് ജോഡി പുതുവസ്ത്രം, രണ്ടുദിവസത്തേക്കുള്ള ഭക്ഷണം എന്നിവയും പോക്കറ്റ് മണിയായി 500 രൂപയും കൊടുത്തപ്പോൾ ജയിൽ ഉദ്യോഗസ്ഥരുടെ കാൽതൊട്ടുവന്ദിക്കാനായിരുന്നു അജയ് ബാബുവിന്റെ ശ്രമം. ഡൽഹിയിലേക്ക് പോകുന്ന ഉത്തരേന്ത്യക്കാരനായ പട്ടാളക്കാരൻ തൊട്ടടുത്തുള്ള സീറ്റിലുണ്ടായിരുന്നതിനാൽ താത്കാലിക രക്ഷാധികാരിയായി.

ഇതെല്ലാമറിഞ്ഞ അമ്മ എങ്ങനെ നന്ദി പറയേണ്ടതെന്ന് അറിയില്ലെന്നാണ് ചൊവ്വാഴ്ച ജയിലിൽ വിളിച്ച് സൂപ്രണ്ട് ടി.കെ. ജനാർദനനോട് പറഞ്ഞത്. താനിനി കേരളത്തിലേക്കില്ലെന്നും ലോക്ഡൗൺ കഴിഞ്ഞാൽ ഹൈദരാബാദിൽ കെട്ടിട നിർമ്മാണത്തൊഴിലിന് പോകാനാണ് ആഗ്രഹമെന്നും അജയ്ബാബു പറഞ്ഞു. ജയിലിൽനിന്ന് ലഭിച്ച സ്നേഹം ഒരിക്കലും മറക്കാനാവില്ലെന്നും എന്തുവന്നാലും ഇനി മോഷ്ടിക്കില്ലെന്ന് ആ സ്നേഹത്തെച്ചൊല്ലി സത്യം ചെയ്യുന്നെന്നും അജയ് പറഞ്ഞു.

ജോലി തേടി കേരളത്തിലെത്തിയ യുപി സ്വദേശി അജയ്കുമാർ കാസർകോട്ടെ ഹോട്ടലിൽ ജോലി ചെയ്‌തെങ്കിലും കൂലി കിട്ടാതിരുന്നതോടെയാണ് ആദ്യം യാചകനും പിന്നീട് മോഷ്ടാവുമായത്. ജയിൽ അധികൃതർ ഇടപെട്ടാണ് വീട്ടുകാരെ കണ്ടെത്താനും ജാമ്യം ലഭിക്കാനും വഴിയൊരുക്കിയത്. ജയിൽ അധികൃതർ തന്നെ ടിക്കറ്റെടുത്തു നൽകി. മംഗളയിലെ മടക്കയാത്രയ്ക്ക് അജയ്കുമാറിന് മംഗളം നേരുമ്പോൾ കാക്കിയിട്ടവരുടെ കണ്ണുകളും നിറഞ്ഞിരുന്നു. ജയിൽ ചാടി തങ്ങൾക്ക് സസ്‌പെൻഷൻ കിട്ടാൻ കാരണമായ പ്രതിയെ ജയിൽ വകുപ്പ് യാത്രയാക്കിയത് പുത്തനുടുപ്പും പോക്കറ്റ് മണിയും നൽകിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP