Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അലി അക്‌ബറിന്റെ സിനിമക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വാരിയൻ കുന്നന്റെ കുടുംബം; രാജ്യത്തിനായി ജീവിച്ച് മരിച്ച രക്തസാക്ഷികൾ ഓർക്കപ്പെടുന്നതിന്ന് ഗാന്ധി ഘാതകരായ സംഘ്പരിവാറിന്റെ സാക്ഷ്യപത്രം ആവശ്യമില്ല; ആഷിക് അബുവിനും താരങ്ങൾക്കും എതിരെയുള്ള സംഘ് പരിവാർ നീക്കം സാംസ്‌കാരിക കേരളം ചെറുത്ത് തോൽപ്പിക്കണമെന്നും വാരിയൻ കുന്നന്റെ കുടുംബം

അലി അക്‌ബറിന്റെ സിനിമക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വാരിയൻ കുന്നന്റെ കുടുംബം; രാജ്യത്തിനായി ജീവിച്ച് മരിച്ച രക്തസാക്ഷികൾ ഓർക്കപ്പെടുന്നതിന്ന് ഗാന്ധി ഘാതകരായ സംഘ്പരിവാറിന്റെ സാക്ഷ്യപത്രം ആവശ്യമില്ല; ആഷിക് അബുവിനും താരങ്ങൾക്കും എതിരെയുള്ള സംഘ് പരിവാർ നീക്കം സാംസ്‌കാരിക കേരളം ചെറുത്ത് തോൽപ്പിക്കണമെന്നും വാരിയൻ കുന്നന്റെ കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കിക്കൊണ്ട് സംഘപരിവാർ സഹായത്തോടെ സംവിധായകൻ അലി അക്‌ബർ ചെയ്യാൻ ഉദ്ദേശിക്കുന്ന സിനിമക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് വാരിയൻ കുന്നന്റെ കുടുംബം. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബ കൂട്ടായ്മയായ ചക്കിപറമ്പൻ ഫാമിലി അസോസിയേഷനാണ്് ഇക്കാര്യം വ്യക്തമാക്കിയത്. ചരിത്രം വളച്ചൊടിക്കാനാണ് സംഘപരിവാറിന്റെ നീക്കമെന്നും, സ്വാതന്ത്ര്യ സമരത്തെ ഒറ്റികൊടുത്ത പാരമ്പര്യമുള്ള സംഘ്പരിവാർ എക്കാലവും ഈ നിലപാട് തന്നെയാണ് പുലർത്തിപ്പോന്നതെന്നും ചക്കിപറമ്പൻ ഫാമിലി അസോസിയേഷൻ മലപ്പുറം ജില്ലാ ഘടകം ജനറൽ സെക്രട്ടറി സി പി അബ്ദുൽ വഹാബ് മാധ്യമങ്ങളോട് പറഞ്ഞു.

വാരിയൻ കുന്നത്തിനെ പോലെ രാജ്യത്തിനായി ജീവിച്ച് മരിച്ച രക്തസാക്ഷികൾ ഓർക്കപ്പെടുന്നതിന്ന് ഗാന്ധി ഘാതകരായ സംഘ്പരിവാറിന്റെ സാക്ഷ്യപത്രം ആവശ്യമില്ല. സംവിധായകൻ ആഷിക് അബുവും, പി.ടി കുഞ്ഞഹമ്മദും പ്രഖ്യാപിച്ച സിനിമയ്ക്കും താരങ്ങൾക്കും എതിരെയുള്ള സംഘ് പരിവാർ നീക്കം സാംസ്‌കാരിക കേരളം ചെറുത്ത് തോൽപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.ജില്ല പ്രസിഡന്റ് സി.പി ഇബ്രാഹിം ഹാജി വള്ളുവങ്ങാട് ആധ്യക്ഷത വഹിച്ച പരിപാടിയിൽ സി പി ചെറീത് ഹാജി, സി.പി ഇസ്മായിൽ, സി.പി കുഞ്ഞിമുഹമ്മദ്, സി.പി കുട്ടിമോൻ, സി.പി മുഹമ്മദലി, സി.പി കുഞ്ഞാപ്പ, സി.പി ഷുക്കൂർ, സി.പി ബഷീർ, സി.പി സുഹൈൽ, സി.പി അൻവർ സാദത്ത്, സി പി ഇബ്രാഹിം, സി പി ജലീൽ എന്നിവർ പ്രസംഗിച്ചു.

തിങ്കളാഴ്ചയാണ് ആഷിഖ് അബു തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ഇത് സ്ഥിരീകരിച്ചുകൊണ്ട് നടൻ പൃഥ്വിരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റും വന്നു. 'ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.'- എന്നായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്. മുഹസിൻ പരാരി കോ ഡയറക്ടറാകുന്ന പ്രൊജക്ടിന് ക്യാമറ ചലിപ്പിക്കുന്ന ഷൈജു ഖാലിദ് ആണ്. സിക്കന്ദർ, മൊയ്തീൻ എന്നിവരാണ് നിർമ്മാണം. സൈജു ശ്രീധരൻ എഡിറ്റിംഗും, ജ്യോതിഷ് ശങ്കർ കലാസംവിധാനവും, സമീറാ സനീഷ് വസ്ത്രാലങ്കാരവും ബെന്നി കട്ടപ്പന നിർമ്മാണ നിയന്ത്രണവും നിർവഹിക്കും. കാംപസ് മുവീസും ആഷിക് അബുവും റിമാ കല്ലിങ്കലും നേതൃത്വം നൽകുന്ന ഒപിഎം സിനിമാസും ചേർന്നാണ് നിർമ്മാണം.'ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ സംഘപരിവാർ അനുകൂലികൾ സൈബർ ആക്രമണം നടത്തിയിരുന്നു.ചിത്രത്തിൽ നിന്ന് പൃഥ്വി പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സൈബർ ആക്രമണം നടക്കുന്നത്. പൃഥ്വിയുടെ അമ്മയെ അധിക്ഷേപിക്കുന്ന തരത്തിലടക്കം പരമർശങ്ങളാണ് സൈബർ ഇടത്തിൽ സംഘ് പ്രൊഫൈലുകളിൽ നിന്ന് എത്തുന്നത്. അംബിക, ബി രാധാകൃഷ്ണ മേനോൻ, അലി അക്‌ബർ തുടങ്ങിയവരും പൃഥ്വിക്ക് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

ആദ്യ ചിത്രം പ്രഖ്യാപിച്ച് മണിക്കുറുകൾക്കുള്ളിൽ തന്നെ പ്രശസ്ത സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദും ഇതേ വിഷയത്തിൽ സിനിയെടുക്കുന്നു എന്ന വാർത്തയെത്തി. ചിത്രത്തിന്റെ പേര് ഷഹീദ് വാരിയം കുന്നൻ. ഇതിനുപിന്നാലയാണ് ഇപ്പോൾ ഇബ്രാഹിം വെങ്ങരയുടെ ചിത്രവും എത്തുന്നത്. 'ദി ഗ്രേറ്റ് വാരിയം കുന്നത്ത്' എന്ന പേരിലാണ് സിനിമയൊരുക്കുന്നത്. കുറെകാലം പഠനം നടത്തിയശേഷശേഷമാണു സിനിമയുടെ കഥഴുതിയതെന്ന് ഇബ്രാഹിം വെങ്ങര ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറയുന്നു. സിനിമയുടെ വൺ ലൈൻ അദ്ദേഹം 'വാരിയൻ കുന്നത്ത് കുഞ്ഞമ്മദ് ഹാജി' എന്ന പേരിൽ ഏകപാത്ര നാടകമായി സുഹൃത്ത് അലി അരങ്ങാടത്തിന് എഴുതിക്കൊടുത്തിരുന്നു. നാടകം സ്റ്റേജുകളിൽ അവതരിപ്പിച്ചുവരികയാണ്.ചിത്രത്തിന്റെ വർക്കുകൾ നടന്നുവരികയാണെന്നും തിരക്കഥ രണ്ടുമൂന്നു പേർക്ക് കൈമാറിയിട്ടുണ്ടെന്നും ഇബ്രാഹിം വെങ്ങര ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറയുന്നു. മലയാളത്തിൽനിന്നുവള്ളർ കൂടാതെ ഇതര ഭാഷകളിൽനിന്നുള്ളവരും ചിത്രത്തിൽ അഭിനേതാക്കളാവും. ആഫ്രിക്കൻ നടിയാണ് നായിക. കണ്ണൂർ ജില്ലയിലെ പൈതൽ മലയാണ് പ്രാധാന ലൊക്കേഷനെന്നും അദ്ദേഹം വ്യക്തമാക്കുന്നു.നേരത്തെ ഐവി ശശി- ടി ദാമോദരൻ- മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന 1921 സിനിമയും പറഞ്ഞത് മലബാർ കലാപത്തിന്റെ കഥകൾ ആയിരുന്നു. പക്ഷേ അത് വാരിയൻ കുന്നന്റെ ജീവചരിത്രമായിട്ടല്ല എടുത്തിരുന്നത്.

അതിനിടെ ആഷിക്ക് അബുവിനും പൃഥ്വിരാജിനുമെതിരെ സംഘപരിവാർ അനുകൂല വിഭാഗങ്ങളിൽനിന്ന് ഫെയ്‌സ് ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. താരത്തിനും കുടുംബത്തിനുമെതിര വളരെ മോശം പദപ്രയോഗങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി നടക്കുന്നത്. വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി ഹിന്ദുവിരുദ്ധനാണെന്നും സിനിമ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നുമാണ് ഇക്കൂട്ടരുടെ ആരോപണം.

അതേസമയം, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാർ കലാപത്തിന്റെ നായകനാണെന്നും ബ്രിട്ടീഷുകാർക്ക് അനുകൂലമായി പ്രവർത്തിച്ച ഹിന്ദു ജന്മിമാരെ മാത്രമല്ല മുസ്ലിം ജന്മിയെയും അദ്ദേഹം കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഡോ. എംഎൻ കാരശേരി അടക്കമുള്ളവർ പറയുന്നു. ചിത്രത്തിൽനിന്ന് പൃഥ്വിരാജ് പിന്മാറണന്നെ ആവശ്യം അംഗീകരിക്കാൻ കഴിയില്ല. ആഷിഖ് അബുവിനെയോ പൃഥ്വിരാജിനെയോ മതത്തിന്റെയോ ജാതിയുടെയോ പേരിലല്ല, മറിച്ച് മികച്ച കലാകാരന്മാർ എന്ന നിലയിലാണ് നമ്മൾ കാണുന്നത്. സിനിമയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനു മുൻപുള്ള വിവാദങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വാദപ്രതിവാദങ്ങൾ നടക്കവേ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് എത്തി. 'വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന് പറയുന്നത് നമ്മുടെ നാട്ടിൽ ധീരമായ രീതിയിൽ ബ്രിട്ടീഷ് സ്വാമ്രാജിത്വത്തിനെതിരെ പടപൊരുതിയ ഒരു പടനായകനാണ്. വിവാദം എന്റെ ശ്രദ്ധയിലില്ല. പക്ഷെ അദ്ദേഹം ഒരു പടനായകനാണെന്ന് ഓർക്കണം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ആദരിച്ചു കൊണ്ടാണ് കേരളം എല്ലാക്കാലത്തും പോയിട്ടുള്ളത്. വർഗീയ ചിന്തയുടെ ഭാഗമായി മറ്റെന്തെങ്കിലും വരുന്നുണ്ടോ എന്നെനിക്കറിയില്ല', -മുഖ്യമന്ത്രി പറഞ്ഞു.

ഒരു സിനമക്കുള്ള മറുപടി മറ്റൊരു സിനിമ തന്നെയാണെന്നും അലി അക്‌ബറും സിനിമയെടുക്കട്ടെ എന്നായിരുന്നു ഈ വിഷയത്തിൽ ആഷിക്ക് അബുവിന്റെ പ്രതികരണം. എന്തായാലും ഒരേ വ്യക്തിയുടെപേരിൽ ഒരേ ദിവസം നാല് സിനിമകൾ അനൗൺസ് ചെയ്യുന്നത് മലയാള സിനിമാ ചരിത്രത്തിൽ മാത്രമല്ല, ലോക സിനിമയിൽ തന്നെ അപൂർവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP