Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെറുതേ ഇന്ത്യയെ ചൊറിഞ്ഞ ചൈനയ്ക്ക് കിട്ടിയത് മുട്ടൻപണി; ഏഷ്യയിലെ ചൈനാ വിരുദ്ധർ ഒരുപോലെ കൈകോർത്തു; കമ്മ്യൂണിസ്റ്റ് ചൈനയുമായി വ്യാപാരപ്പോരിൽ കോർത്ത അമേരിക്ക ജപ്പാൻപക്ഷത്തു ചേർന്നു എന്തിനും തയ്യാറായി സൈനിക നീക്കവും നടത്തുന്നു; ഏതു സാഹചര്യത്തെയും നേരിടാൻ ഒരുങ്ങി ഇന്ത്യൻ നാവിക സേനയും; ഇന്ത്യൻ മുങ്ങിക്കപ്പലുകൾ ഇന്ത്യൻ മഹാസമുദ്രത്തിലെ ആധിപത്യം ഉറപ്പിച്ചു മുന്നോട്ട്; ഇന്ത്യ കരുത്തുകാണിച്ചതോടെ കൂടുതൽ മുങ്ങിക്കപ്പലുകൾ ഉണ്ടാക്കാൻ ചൈനയും

വെറുതേ ഇന്ത്യയെ ചൊറിഞ്ഞ ചൈനയ്ക്ക് കിട്ടിയത് മുട്ടൻപണി; ഏഷ്യയിലെ ചൈനാ വിരുദ്ധർ ഒരുപോലെ കൈകോർത്തു; കമ്മ്യൂണിസ്റ്റ് ചൈനയുമായി വ്യാപാരപ്പോരിൽ കോർത്ത അമേരിക്ക ജപ്പാൻപക്ഷത്തു ചേർന്നു എന്തിനും തയ്യാറായി സൈനിക നീക്കവും നടത്തുന്നു; ഏതു സാഹചര്യത്തെയും നേരിടാൻ ഒരുങ്ങി ഇന്ത്യൻ നാവിക സേനയും; ഇന്ത്യൻ മുങ്ങിക്കപ്പലുകൾ ഇന്ത്യൻ മഹാസമുദ്രത്തിലെ ആധിപത്യം ഉറപ്പിച്ചു മുന്നോട്ട്; ഇന്ത്യ കരുത്തുകാണിച്ചതോടെ കൂടുതൽ മുങ്ങിക്കപ്പലുകൾ ഉണ്ടാക്കാൻ ചൈനയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലഡാക്കിൽ ഇന്ത്യയെ വെറുതേ ചൊറിഞ്ഞ ചൈനയെ കാത്തിരിക്കുന്നത് ഉഗ്രൻ പണിയാണ്. ഏഷ്യയിലെ ചൈനാ വിരുദ്ധശക്തികളെല്ലാം കൂടി ഒരു ചേരിയിലേക്ക് എത്തുകയാണ്. ഇതിന് വഴിവെച്ചതാകട്ടെ ചൈനയുടെ മണ്ടത്തരവുമാണ്. ഇന്ത്യയിൽ നിന്നും കനത്ത തിരിച്ചടി ലഭിച്ച ചൈനയുടെ യുദ്ധതന്ത്രങ്ങൾ മുന്നേകൂട്ടി മനസ്സിലാക്കി അതിന് തടയിടാനുള്ള ശ്രമങ്ങൾ ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. ജപ്പാൻ, അമേരിക്ക, ഇന്ത്യ ചേരി ഇതോടെ പ്രത്യക്ഷത്തിൽ രൂപപ്പെട്ടു കഴിഞ്ഞു. അമേരിക്കൻ നാവികസേന പസഫിക് സമദ്രത്തിൽ നിലയുറപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിലെ എല്ലാകാര്യങ്ങളും നിയന്ത്രിച്ചു ഇന്ത്യൻ മുങ്ങിക്കപ്പലുകളും സജ്ജമായിട്ടുണ്ട്.

ജപ്പാനും അമേരിക്കയും ചൈനയ്‌ക്കെതിരെ ഒരു ഭാഗത്ത് നീങ്ങുമ്പോൾ തന്നെ രാജ്യത്തെ നാവികസേനയും ഏതു സാഹചര്യവും നേരിടാൻ സജ്ജമായി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇപ്പോൾ മുങ്ങിക്കപ്പലുകളുടെ ശക്തി വർധിപ്പിക്കുകയാണ് ഇന്ത്യൻ നാവികസേന പ്രധാനമായും ചെയ്യുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ആണവശക്തിയോടെയുള്ള മുങ്ങിക്കപ്പലുകളാണ് ഒരുക്കുന്നത് എന്നതാണ്. ചൈനീസ് ഭീഷണി നേരിടാൻ ആണവശേഷിയുള്ള മുങ്ങിക്കപ്പലുകൾ അത്യാവശ്യമാണെന്നാണ് കണക്കുകൂട്ടൽ. ഇതിലൂടെ ഇന്ത്യൻ മഹാസമുദ്രത്തിലെ ആധിപത്യം ഉറപ്പിച്ചു മുന്നോട്ടു നീങ്ങാനാണ് നാവികസേന ഉദ്ദേശിക്കുന്നത്. ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങൾക്കടുത്ത് തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാനും സേന ശ്രമിക്കുന്നുണ്ട്. തന്ത്രപ്രാധാന്യമുള്ള മലാക കടലിടുക്കാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ നീക്കങ്ങൾക്ക് ചൈനയുമായി വർധിച്ചുവരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രാധാന്യം വർധിക്കുന്നത്. ഏതു നിമിഷത്തിലും ഇന്ത്യ-ചൈന ബന്ധം വഷളാകാനുള്ള സാധ്യതയുണ്ട് എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. അടുത്തിടെ ഗാൽവാൻ താഴ്‌വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യയ്ക്ക് 20 സൈനികരെയാണ് നഷ്ടപ്പെട്ടത്. സംഘർഷം വഷളാകുകയാണെങ്കിൽ ഇന്ത്യൻ നാവികസേനയും സജീവമായേക്കുമെന്നാണ് കരുതുന്നത്. സംഘർഷം ഉടലെടുത്തിരിക്കുന്നത് കടലിൽ നിന്ന് വളരെ ഉള്ളിലാണെങ്കിലും നാവിക സേന ഇന്ത്യൻ മഹാസമുദ്രത്തിലും മലാക്കാ കടലിടുക്കിലും തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കും. അതേസമയം ഇന്ത്യൻ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ മുങ്ങിക്കപ്പലുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ചൈനയും ഒരുങ്ങുന്നുണ്ട്.

പീപ്പിൾസ് ലിബറേഷൻ ആർമി നേവി, അഥവാ പ്ലാൻ എന്ന പേരിൽ അറിയപ്പെടുന്ന ചൈനീസ് നാവിക സേന വരും വർഷങ്ങളിൽ വൻതോതിൽ മുന്നേറ്റം നടത്തുമെന്നാണ് വിശകലന വിദഗ്ദ്ധർ പറയുന്നത്. സൺഡേ ഗാർഡിയൻ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത് അടുത്ത പത്തു വർഷങ്ങൾക്കുള്ളിൽ പ്ലാനിന് 110 മുങ്ങിക്കപ്പലുകൾ ഉണ്ടായിരിക്കുമെന്നാണ്. എന്നാൽ, മലാക്ക കടലിടുക്കായിരിക്കും ചൈനീസ് ആക്രമണങ്ങൾക്കും ഇന്ത്യയ്ക്കുമടയ്ക്കുള്ള പ്രതിബന്ധം. ചൈനയുടെ അടുത്ത തലമുറയിലെ മുങ്ങിക്കപ്പലുകൾ അറിയപ്പെടുന്നത് ടൈപ്-095 എന്നായിരിക്കും. ഇവയിൽ ആദ്യത്തേത് അധികം താമസിയാതെ പുറത്തിറക്കിയേക്കും. ഇവ അത്യാധുനികവും ഒളിയാക്രമണ സജ്ജവും ആയിരിക്കുമെന്നാണ് കരുതുന്നത്. ഇവയ്ക്ക് വലുപ്പക്കൂടുതലും ഉണ്ടായിരിക്കും. എന്നു പറഞ്ഞാൽ ഇവയ്ക്ക് കൂടുതൽ സമയം കടലിനടിയിൽ കഴിയാൻ സാധിക്കുമെന്നാണർഥം.

ചൈനയുടെ ഇപ്പോഴുള്ള മുങ്ങിക്കപ്പലായ ടൈപ്-093 ഷാങ് ക്ലാസിന് (Type-093 Shang Class) ആണവശക്തിയുണ്ട്. എന്നു പറഞ്ഞാൽ അതിന്റെ വിഹാരശേഷിക്ക് പരിമിതികളില്ല. എന്നാൽ, ലോകത്തെ ഏറ്റവും പുതിയ പല മുങ്ങിക്കപ്പലുകളോടും താരതമ്യം ചെയ്യുമ്പോൾ അവയ്ക്ക് വലുപ്പക്കുറവുണ്ടെന്നു കാണാം. ഇതിനാൽ അതിൽ ഉൾക്കൊള്ളിക്കാവുന്ന സൈനികരുടെ എണ്ണത്തിനും മൊത്തത്തിലുള്ള സ്ഥിരതയ്ക്കും പരിമിതിയുണ്ടെന്നു കാണാം. ഇവ ചൈനയ്ക്ക് കുറച്ചിലുണ്ടാക്കുന്ന കാര്യങ്ങളായതിനാലാണ് അവർ അതിനൂതന ആണവശക്തിയുള്ള മുങ്ങിക്കപ്പലുകൾ നിർമ്മിക്കുന്നത്.

തങ്ങളുടെ മുങ്ങിക്കപ്പലുകളെ ഇന്ത്യൻ സമുദ്രത്തിലേക്ക് അയയ്ക്കാൻ ചൈനയ്ക്ക് ഉദ്ദേശമുണ്ടെങ്കിൽ, ടൈപ്-095 പോലെയുള്ളവ വൻ മാറ്റമായിരിക്കും കൊണ്ടുവരിക. ഒളിപ്പോരിൽ ഇവയുടെ പ്രഹരശേഷി മാരകമായിരിക്കാം. ഡിജിബൗട്ടി (Djibouti) എന്ന സ്ഥലത്ത് ചൈനയ്ക്ക് ഇപ്പോൾത്തന്നെ ഒരു നാവികേന്ദ്രമുണ്ടെന്നത് ഇന്ത്യയ്ക്ക് ഭീഷണിയാണ്. ഇതു കൂടാതെ പാക്കിസ്ഥാനിലെ ഗ്വാദർ (Gwadar) തുറമുഖത്തും പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടം ചൈനീസ് നാവികസേനയുടെ വിദേശ താവളങ്ങളിലൊന്നായിരിക്കുമെന്നും അഭ്യൂഹമുണ്ട്.

ഇന്ത്യ-ചൈന പോര് കടലിലേക്കും നീളുമെന്ന സൂചനയുണ്ട്. സമുദ്രാതിർത്തി വഴിയുള്ള ആക്രമണം ചൈന ലക്ഷ്യമിടുന്നെന്ന സൂചനയെ തുടർന്ന് ആൻഡമാൻ ദ്വീപുകൾക്കു സമീപം നാവികസേന സുരക്ഷ ശക്തമാക്കി. ഇന്ത്യയുടെ പ്രധാന ഭൂപ്രദേശത്തിൽ നിന്ന് 700 നോട്ടിക്കൽ മൈൽ അകലെയുള്ള ആൻഡമാൻ ദ്വീപുകൾ സുരക്ഷാ ഭീഷണയിലാണെന്ന് നാവികസേനാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി മേഖലയിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) പ്രവർത്തനങ്ങൾ സജീവമാണ്. ഡിസംബറിൽ ഇന്ത്യൻ സമുദ്രാതിർത്തിക്ക് തൊട്ടടുത്ത് വരെ ചൈനയുടെ മുങ്ങിക്കപ്പലുകൾ കണ്ടെത്തിയിരുന്നു. ദക്ഷിണ ചൈനാക്കടലിൽ ചൈന ഇതിനകം തന്നെ കൃത്രിമ ദ്വീപുകൾ നിർമ്മിച്ചിട്ടുണ്ട്. ഏതു സമയവും സൈനിക താവളങ്ങളായി മാറ്റാവുന്നതാണ് അത്. റിപ്പോർട്ടുകൾ പ്രകാരം, തർക്ക പ്രദേശത്ത് ഇതിനകം തന്നെ അത്തരം ഏഴ് താവളങ്ങളുണ്ട്. ഈ താവളങ്ങളിലെല്ലാം ഹെലിപാഡുകൾ, റഡാർ സൗകര്യങ്ങൾ, മറ്റ് സൈനിക സൗകര്യങ്ങൾ എന്നിവയുണ്ട്.

ആൻഡമാനിലെ ഇന്ത്യൻ ആധിപത്യം ഇന്ത്യൻ സമുദ്ര മേഖലയിലെ (ഐഒആർ) ചൈനീസ് സ്വപ്നങ്ങൾക്ക് ഭീഷണിയാണ്. 2019 ജനുവരിയിൽ ഇന്ത്യൻ നാവികസേന ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഒരു പുതിയ എയർബേസ് ആരംഭിച്ചിരുന്നു. സമുദ്രാതിർത്തിയിൽ വർധിച്ചുവരുന്ന ചൈനയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുകയായിരുന്നു ലക്ഷ്യം. ഈ എയർബേസ് രൂപീകരണം പിഎൽഎ അംഗീകരിച്ചിരുന്നു.

2019 ഡിസംബറിൽ ആൻഡമാനിലെ പോർട്ട് ബ്ലെയറിനു സമീപം ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ച ചൈനീസ് ഗവേഷണ കപ്പലായ ഷിയാൻ 1 മടങ്ങാൻ ഇന്ത്യൻ നാവികസേന നിർദ്ദേശം നൽകിയിരുന്നു. ഗൽവാനിൽ പിഎൽഎയ്ക്ക് തിരിച്ചടിയേറ്റതിനാൽ ഇന്ത്യചൈന സംഘർഷത്തിന്റെ തുടർച്ച ഇനി ആൻഡമാൻ ദ്വീപുകളിലേക്ക് മാറിയേക്കാമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. ആൻഡമാനിൽ ഇന്ത്യ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ആൻഡമാൻ നിക്കോബർ ദ്വീപുകളിലെ മുൻ കമാൻഡർ ഇൻ ചീഫ് വൈസ് അഡ്‌മിറൽ പി.കെ.ചാറ്റർജി പറഞ്ഞു.

അതിനിടെ ഇന്ത്യയുടെ ശത്രുക്കളായ പാക്കിസ്ഥാനും തങ്ങളുടെ നാവിക ശക്തി വർധിപ്പിക്കാനായി ആധുനികവൽക്കരണം നടപ്പിൽ വരുത്തുകയാണ്. തങ്ങളുടെ മുങ്ങിക്കപ്പലുകളുടെ എണ്ണം വർധിപ്പിക്കാൻ പാക്കിസ്ഥാനും തീരുമാനിച്ചിട്ടുണ്ട്. ഇവയിൽ ചൈനയിൽ നിന്നു വാങ്ങിയ റോന്തുചുറ്റാനുള്ള മുങ്ങിക്കപ്പലുകളും അടങ്ങും. എക്സ്-ക്രാഫ്റ്റ് (X-Craft) എന്നറിയപ്പെടുന്ന ചെറിയ മുങ്ങിക്കപ്പലുകളും നീറ്റിലിറക്കും. ഇവ ചില പ്രത്യേക ആവശ്യങ്ങൾക്കായിരിക്കും ഉപയോഗിക്കുകയത്രെ.

അതിവേഗം വളരുന്ന ഈ ഭീഷണികൾക്കെതിരെ ഇന്ത്യയും വളരെ പെട്ടെന്നു നീങ്ങേണ്ടതായിട്ടുണ്ടെന്ന ചിന്തയാണ് മുങ്ങിക്കപ്പലുകളുടെ ആധുനികവൽക്കരണം ഗൗരവത്തിലെടുക്കാൻ നാവികസേനയെ പ്രേരിപ്പിച്ചത്. ബംഗാൾ ഉൾക്കടിലിലുള്ള നാവിക കേന്ദ്രം ഇന്ത്യയ്ക്ക് കടലിലുള്ള സ്വാഭാവിക പ്രതിരോധം വർധിപ്പിക്കും. ഇന്ത്യ നിർമ്മിച്ചുവരുന്ന പുതിയ മുങ്ങിക്കപ്പലുകളിലൊന്ന് ഐഎൻഎസ് വർഷയാണ്. കിഴക്കെ പ്രതിരോധ മേഖല മലാക്ക കടലിടുക്കിൽ നിന്ന് കുറച്ചു ദൂരെയാണെന്നുള്ളതിനാൽ അവിടം ശക്തിപ്പെടുത്തേണ്ടത് ഇന്ത്യയുടെ തന്ത്രങ്ങളിൽ പ്രധാനമായിരിക്കും. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുങ്ങിക്കപ്പലുകളാണ് ഈ മേഖലയ്ക്ക് ഇപ്പോൾ പ്രതിരോധം തീർക്കുന്നത്. അധികം താഴ്ചയില്ലാത്ത ഈ മേഖലയ്ക്ക് ഉചിതം ഇന്ത്യയുടെ ഡീസൽ-ഇലക്ട്രിക് മുങ്ങിക്കപ്പലുകളാണു താനും. ആഴത്തിൽ പ്രവർത്തിക്കുന്ന ആണവ ശക്തിയുള്ള മുങ്ങിക്കപ്പലുകൾക്കും ശത്രുവിനുമിടയിലായിക്കും ഇവ പ്രവർത്തിക്കുക.

ഇന്ത്യൻ നാവികസേനയും കൂടുതൽ സുസജ്ജമാകുന്നുണ്ട്. ഇന്ത്യൻ നാവികസേന 24 മുങ്ങിക്കപ്പലുകൾ കൂടി സ്വന്തമാക്കാനും ഒരുങ്ങുകയാണ്. ആണവശേഷിയുള്ള ആറ് മുങ്ങിക്കപ്പലുകളും 18 അന്തർവാഹിനികളും റഷ്യയിൽ നിന്നാണ് വാങ്ങുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് യുദ്ധകപ്പലുകളുടെ സജീവസാന്നിധ്യവും നാവികസേന സുരക്ഷത്താവളഅടിസ്ഥാനസൗകര്യവികസനവും ആണ് ഇത്രയും കപ്പലുകൾ വാങ്ങാൻ കാരണം. മുങ്ങിക്കപ്പൽ വാങ്ങുന്ന വിവരം പ്രതിരോധ പാർലമെന്റ് സമിതിയെ സേന അധികൃതർ അറിയിച്ചു.

നിലവിൽ ഐഎൻഎസ് ചക്ര, ഐഎൻഎസ് അരിഹന്ത് എന്നീ ആണവമുങ്ങിക്കപ്പലുകളടക്കം 15 മുങ്ങിക്കപ്പലുകളാണ് സേനക്കുള്ളത്. രണ്ട് ആണവശേഷിയുള്ള മുങ്ങികപ്പലുകളുമുണ്ട്. പുതിയവ കൂടി സ്വന്തമാക്കുന്നതോടെ സേനക്ക് 39 മുങ്ങിക്കപ്പലുകളാകും. 25 കൊല്ലത്തോളം പഴക്കമുണ്ട് ഇപ്പോഴുള്ള മിക്ക മുങ്ങിക്കപ്പലുകൾക്കും. 13 എണ്ണത്തിന് 17 കൊല്ലത്തിനും 32 കൊല്ലത്തിനും ഇടക്ക് പ്രായമുണ്ട്. മുംബൈ മസഗോൺ റോക്സിലെ 75 സബ്മറൈനുകൾ നിർമ്മിക്കുന്ന പ്രോജക്ടടക്കം മുങ്ങിക്കപ്പൽ നിർമ്മാണ പ്രോജക്ടുകളെല്ലാം തന്നെ മന്ദഗതിയിലായിരുന്നു. ആറ് പഴയ മുങ്ങിക്കപ്പലുകളുടെ മീഡിയം റെഫിറ്റ് കം ലൈഫ് സർട്ടിഫിക്കേഷന്(എംആർഎൽസി) പ്രതിരോധ മന്ത്രാലയം അനുവാദം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP