Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹരിയാനയിലുള്ള അച്ഛൻ കോവിഡ് പോസിറ്റീവായതോടെ അമ്മയ്‌ക്കൊപ്പം നാട്ടിലെത്തി; അമ്മയ്ക്കും അസുഖം പിടിച്ചതോടെ തനിച്ചായി പോയത് ആറ് മാസം പ്രായമുള്ള കുരുന്ന്: കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്ത് ക്വാറന്റൈനിൽ പോയത് ഡോ. മേരി അനിത എന്ന അമ്മ മനസ്സ്

ഹരിയാനയിലുള്ള അച്ഛൻ കോവിഡ് പോസിറ്റീവായതോടെ അമ്മയ്‌ക്കൊപ്പം നാട്ടിലെത്തി; അമ്മയ്ക്കും അസുഖം പിടിച്ചതോടെ തനിച്ചായി പോയത് ആറ് മാസം പ്രായമുള്ള കുരുന്ന്: കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്ത് ക്വാറന്റൈനിൽ പോയത് ഡോ. മേരി അനിത എന്ന അമ്മ മനസ്സ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരക്ക് പിടിച്ച ജീവിതത്തിൽ നിന്നും മാറി ഇപ്പോൾ ഹോം ക്വാറന്റൈനിലാണെങ്കിലും ഡോ. മേരി അനിത ഫുൾ ടൈം ബിസിയാണ്. ആറു മാസം പ്രായമുള്ള ഉണ്ണിയെ ശുശ്രൂഷിച്ചും അവന്റെ കുസൃതി ചിരിയുമെല്ലാമാണ് ബോറടി ഇല്ലാതെ ഡോ. മേരി അനിതയെ ഫുൾ ടൈം ബിസിയാക്കി വച്ചിരിക്കുന്നത്. ഇതെല്ലാം അനുഭവിക്കുമ്പോൾ ഡോ. മേരി അനിതയുടെ അമ്മ മനസ്സിന് മുമ്പെങ്ങും കിട്ടാത്ത ആത്മ നിർവൃതിയുമാണ്.

അപ്പോൾ നിരങ്ങി നീങ്ങാൻ പോലും പ്രായമാകാത്ത മകന്റെ കളി ചിരികൾ വീഡിയോ കോളിലൂടെ അങ്ങ് അകലെ നിന്ന് കണ്ട് കുഞ്ഞിന്റെ അച്ഛനും കൊച്ചിയിലെ ഒരാശുപത്രിയിൽ അമ്മയും നിറകൺചിരിയോടെ ആശ്വസിക്കും! ഒന്ന് അടുത്ത് കാണാൻ പോലും സാധിക്കില്ലെങ്കിലും മകൻ സന്തോഷവാനാണല്ലോ എന്ന ചിന്തമാത്രമാണ് ഈ മാതാപിതാക്കൾക്കുള്ളത്. കോവിഡ് പോസിറ്റീവായ മാതാപിതാക്കളുടെ 6 മാസം മാത്രം പ്രായമുള്ള കുരുന്നാണ് ഉണ്ണി. അച്ഛനും അമ്മയും ആശുപത്രിയിലായപ്പോൾ അവന്റെ ദൈവ ദൂതയെപ്പോലെ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്ത് അവനൊപ്പം ക്വാറന്റീനിൽ പ്രവേശിച്ചതാണ് ഡോ. മേരി അനിത. രക്ത ബന്ധം കൊണ്ട് ആരോരും അല്ലെങ്കിലും അന്നു മുതൽ ആ കുഞ്ഞിന്റെ അച്ഛനും അമ്മയും എല്ലാം ഡോ. മേരി അനിതയാണ്.

ഹരിയാനയിലെ ആശുപത്രിയിൽ നഴ്‌സിങ് ജോലിയിലായിരുന്നു പെരുമ്പാവൂർ സ്വദേശികളായ ദമ്പതികളുടേതാണ് കുഞ്ഞ്. ഹരിയാനയിൽ വെച്ച് ആശുപത്രി സേവനത്തിനിടയിൽ ആദ്യം ഉണ്ണിയുടെ പിതാവിനു രോഗം പിടിപെട്ടു. അദ്ദേഹം ആശുപത്രിയിലായതോടെ ഭാര്യയും ജന്മനാ വൃക്കരോഗമുള്ള കുഞ്ഞും നാട്ടിലേക്കു തിരിച്ചു. നാട്ടിൽ ക്വാറന്റീനിൽ കഴിയവേ, കുഞ്ഞിന്റെ അമ്മയും കോവിഡ് പോസിറ്റീവായി. അപ്പോൾതന്നെ കുഞ്ഞിനെയും പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവ്.

ഇതോടെയാണ് ഈ ദമ്പതികൾ ജീവിത്തതിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത്. കോവിഡ് പോസിറ്റീവായ ആളുകളുടെ വാർഡിൽ എങ്ങനെ കുഞ്ഞിനെ താമസിപ്പിക്കും? മുലപ്പാൽ മാത്രം കുടിക്കുന്ന കുഞ്ഞിനെ ആരെ ഏൽപിക്കും? പെരുമ്പാവൂരിലെ വീട്ടിലുള്ളതു പിതാവിന്റെ മുത്തശ്ശിയും രോഗിയായ മുത്തച്ഛനും മാത്രം. മെഡിക്കൽ കോളജിലെ ഡോക്ടർമാരും അധികൃതരും കുഴങ്ങി. ശിശുക്ഷേമ സമിതി മുൻപാകെ പ്രശ്‌നമെത്തി.

ഒടുവിൽ, അന്വേഷണം ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി 12 വർഷമായി സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എന്റിച്ച്‌മെന്റ് എന്ന സ്ഥാപനം നടത്തുന്ന ഡോ. അനിതയിലെത്തി. ഇത്തരം കുട്ടികൾക്കായി എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന 'ജ്യോതി' എന്ന പദ്ധതിയുടെ നോഡൽ ഓഫിസർ കൂടിയായ അനിത ആ ദൗത്യം ഏറ്റെടുത്തു. അഭിഭാഷകനായ ഭർത്താവും 3 മക്കളും അനിതയ്ക്ക് പിന്തുണ നൽകി.

അതോടെ ഉണ്ണിക്കൊപ്പം അനിത കഴിഞ്ഞ 15നു ക്വാറന്റീനിൽ പ്രവേശിച്ചു. 19നു കുഞ്ഞിന്റെ രണ്ടാം ടെസ്റ്റിലും ഫലം നെഗറ്റീവ്. കുഞ്ഞിന്റെ പിതാവിനു ഹരിയാനയിൽ നടത്തിയ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. പക്ഷേ, 2 ടെസ്റ്റുകൾകൂടി നെഗറ്റീവായാലേ ആശുപത്രി വിടാനാകൂ. ആശുപത്രിവിട്ടു നാട്ടിലെത്തിയാൽ പിന്നെയും 14 ദിവസം ക്വാറന്റീനിൽ കഴിയണം. അതു കഴിഞ്ഞേ ഉണ്ണിയെ ഏറ്റെടുക്കാനാകൂ. അമ്മയുടെ പരിശോധനാഫലങ്ങളും നെഗറ്റീവാകണം. അതുവരെ കുഞ്ഞിനെ സംരക്ഷിക്കാൻ താനുണ്ടെന്ന ഉറപ്പു പറയുന്നു അനിത.

കുഞ്ഞിന്റെ മാതാപിതാക്കളുമായി അനിത വിഡിയോ കോളിൽ സംസാരിക്കും. കുഞ്ഞിനെ കാണിച്ചുകൊടുക്കും. അവർക്ക് അനിത മാലാഖയാണ്. പ്രതിസന്ധിയിൽ കരുണയുടെ കരങ്ങൾ നീട്ടിത്തന്ന കാരുണ്യസ്പർശം. അനിത പറയും, 'മൂന്നു കുട്ടികളുടെ അമ്മയാണു ഞാൻ. എന്നിലെ അമ്മയാണിതു ചെയ്യുന്നത്.'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP