Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്നലെ ഏഴ് പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചത് ഇംഗ്ലണ്ട് പര്യടനത്തിനായി വിമാനം കയറുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ; പാക്ക് ടീമിലെ പത്ത് ടീമംഗങ്ങൾക്കും കോവിഡ് പിടിപെട്ടതോടെ ഇംഗ്ലണ്ട് പര്യടനം അനിശ്ചിതത്വത്തിൽ

ഇന്നലെ ഏഴ് പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചത് ഇംഗ്ലണ്ട് പര്യടനത്തിനായി വിമാനം കയറുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ; പാക്ക് ടീമിലെ പത്ത് ടീമംഗങ്ങൾക്കും കോവിഡ് പിടിപെട്ടതോടെ ഇംഗ്ലണ്ട് പര്യടനം അനിശ്ചിതത്വത്തിൽ

സ്വന്തം ലേഖകൻ

ഇസ്‌ലാമബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ഏഴ് താരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച മൂന്ന് താരങ്ങൾക്ക് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിന് പിന്നാലെയാണ് ഇന്നലെ ഏഴ് താരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിനായി വിമാനം കയറുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് പത്ത് പാക്കിസ്ഥാൻ താരങ്ങൾക്കും രോഗബാധ സ്ഥിരീകരിച്ചു. പാക്ക് ടീമിലെ 10 താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇംഗ്ലണ്ട് പര്യടനത്തിന്റെ കാര്യം അനിശ്ചിതത്വത്തിലായി.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക്ക് ടീമിൽ അംഗങ്ങളായ കഷീഫ് ഭാട്ടി, മുഹമ്മദ് ഹസ്നയ്ൻ, ഫഖർ സമാൻ, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഇമ്രാൻ ഖാൻ എന്നിവർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ച പാക്കിസ്ഥാൻ താരങ്ങളുടെ എണ്ണം പത്തായി ഉയർന്നു. ഹൈദർ അലി, ഷതാബ് ഖാൻ, ഹാരിസ് റൗഫ് എന്നിവർക്ക് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.

പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് (പിസിബി) താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. ഇവരിലാർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പിസിബി നൽകുന്ന സൂചന. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ക്രിക്കറ്റ് പരമ്പരകൾ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലേക്ക് പര്യടനത്തിന് ഒരുങ്ങുന്നത്. കോവിഡ് സ്ഥിരീകരിച്ചവരോടെല്ലാം ഐസലേഷനിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചതായി പിസിബി വ്യക്തമാക്കി. ഇവരുമായി സമ്പർക്കമുണ്ടായവരോടും ഐസലേഷനിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ലഹോറിൽനിന്ന് ഈ മാസം 28ന് ചാർട്ടേർഡ് വിമാനത്തിൽ മാഞ്ചസ്റ്ററിലേക്കു പോകാനിരിക്കുന്ന പാക്ക് സംഘത്തിൽ ഉൾപ്പെട്ടവരാണ് പത്ത് താരങ്ങളും.

ലോകത്ത് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ പൂർണമായും മാറുന്നതിനു മുൻപേ മത്സരങ്ങൾ പുനഃരാരംഭിക്കുമ്പോഴുള്ള പ്രശ്‌നങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ് പത്ത് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോവിഡ് പ്രതിസന്ധി മാറും മുമ്പ് അന്തർ ദേശിയ മത്സരങ്ങൾ നടത്തിയാലുള്ള അപകടത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. അതേസമയം പാക്കിസ്ഥാനിൽ കോവിഡ് വ്യാപിച്ചു കഴിഞ്ഞു എന്നതിന്റെ സൂചനയാണ് പത്ത് താരങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചത്.

മൂന്നു ടെസ്റ്റുകളും മൂന്ന് ട്വന്റി20 മത്സരങ്ങളും ഉൾപ്പെടുന്ന പരമ്പരയ്ക്കായി പാക്ക് ടീം ഇംഗ്ലണ്ടിലേക്ക് പോകാൻ ഒരാഴ്ച മാത്രം ശേഷിക്കെയാണ് 10 താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ബോളിങ് പരിശീലകൻ വഖാർ യൂനിസ്, ഇന്ത്യയിലുള്ള ഭാര്യ സാനിയ മിർസയെയും കുഞ്ഞിനെയും കാണുന്നതിന് ഇംഗ്ലണ്ടിലേക്ക് വൈകി വിമാനം കയറാൻ അനുമതി ലഭിച്ച ശുഐബ് മാലിക്ക്, ക്ലിഫെ ഡീക്കൻ എന്നിവരൊഴികെ പാക്ക് ടീമിലെ മറ്റ് താരങ്ങളും പരിശീലക സംഘവും കോവിഡ് പരിശോധനയ്ക്ക് വിധേയരായിരുന്നു.

ഇക്കുറി ഇംഗ്ലണ്ട് പര്യടനത്തിനു പോകുമ്പോൾ താരങ്ങളും പരിശീലകരും കുടുംബാംഗങ്ങളെ കൊണ്ടുപോകരുതെന്ന് പിസിബി നിർദ്ദേശം നൽകിയിരുന്നു. ഇതിനുപിന്നാലെ ഹാരിസ് സുഹൈൽ, മുഹമ്മദ് ആമിർ എന്നിവർ പരമ്പരയിൽനിന്ന് പിന്മാറുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP