Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓൺലൈൻ പഠനത്തിന് സഹായമേകാൻ രണ്ടു പദ്ധതികളുമായി കെ.എസ്.എഫ്.ഇ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിന് പിന്തുണയുമായി രണ്ടു പദ്ധതികളുമായി കെ.എസ്.എഫ്.ഇ. ഓൺലൈൻ പഠനകേന്ദ്രങ്ങൾ സ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സഹായം നൽകുന്ന പദ്ധതിയും, കുടുംബശ്രീ മിഷനുമായി സഹകരിച്ച് ലാപ്‌ടോപ് വാങ്ങാൻ പണം ലഭ്യമാക്കുന്ന മൈക്രോ ഫിനാൻസ് പദ്ധതിയുമാണ് ആരംഭിക്കുന്നതെന്ന് ധനകാര്യമന്ത്രി ഡോ: ടി.എം. തോമസ് ഐസക് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആദ്യപദ്ധതിയിൽ തദ്ദേശസ്ഥാപനം ടി.വി സ്ഥാപിച്ച് പഠനസൗകര്യമൊരുക്കാൻ പൊതുസ്ഥലവും കുട്ടികളുടെ എണ്ണവും കണ്ടെത്തി പ്രദേശത്തെ കെ.എസ്.എഫ്.ഇ ബ്രാഞ്ചിൽ പട്ടിക നൽകിയാൽ പദ്ധതിക്കുള്ള 75 ശതമാനം സഹായത്തുക രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ ചെക്കായി നൽകും. 25 ശതമാനം തുക തദ്ദേശസ്ഥാപനം വഹിച്ചാൽ മതി. പദ്ധതിക്കായി ടി.വി ഉൾപ്പെടെയുള്ള സാമഗ്രികൾ വാങ്ങി സ്ഥാപിച്ചുകഴിഞ്ഞാൽ യുട്ടിലിറ്റി സർട്ടിഫിക്കറ്റ് തദ്ദേശസ്ഥാപനം കെ.എസ്.എഫ്.ഇക്ക് നൽകണം.

തദ്ദേശസ്ഥാപനങ്ങൾക്ക് പുറമേ വിവിധ ഏജൻസികൾക്കും ഇത്തരത്തിൽ കേന്ദ്രങ്ങളൊരുക്കാം. മത്സ്യഫെഡ് ആരംഭിക്കുന്ന പഠനകേന്ദ്രങ്ങൾക്കുള്ള ചെക്ക് കൈമാറി മന്ത്രി ഡോ: ടി.എം തോമസ് ഐസക് പദ്ധതി ഉദ്ഘാടനം ചെയ്തു. ത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ ചെക്ക് ഏറ്റുവാങ്ങി. ഇതിനകം 110 പഠനകേന്ദ്രങ്ങൾ മത്സ്യഫെഡ് ആരംഭിച്ചിട്ടുണ്ട്. 40 കേന്ദ്രങ്ങൾ കൂടി തുടങ്ങും. ഈ പദ്ധതി ഭംഗിയായി നടത്തുന്ന പഠനകേന്ദ്രങ്ങളെ പ്രതിഭാതീരമായി ഉയർത്തും.

കെ.എസ്.എഫ്.ഇ, കുടുംബശ്രീ മിഷനുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് കെ.എസ്.എഫ്.ഇ-കുടുംബശ്രീ മൈക്രോ ഫിനാൻസ് പദ്ധതി. കുടുംബശ്രീ അംഗങ്ങളുടെ വിദ്യാർത്ഥികളായ മക്കൾക്ക് വിദ്യാഭ്യാസത്തിന് ആവശ്യമായ ലാപ്‌ടോപ്പ് വാങ്ങുന്നതിന് പണം ലഭ്യമാക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് തയാറാക്കിയ ലാപ്‌ടോപ്പുകൾ ഐ.ടി വകുപ്പ് എം പാനൽ ചെയ്ത സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമാക്കും. പ്രതിമാസം 500 രൂപവെച്ച് 30 മാസം കൊണ്ട് തീരുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 30 മാസം കൊണ്ട് അടയ്‌ക്കേണ്ട ആകെ തുകയായ 15,000 രൂപയിൽനിന്നും അഞ്ചുശതമാനം കുറച്ച് 14250 രൂപ പദ്ധതി ആരംഭിച്ച് മൂന്നുമാസത്തിനുള്ളിൽ ആവശ്യമുള്ള അംഗങ്ങൾക്ക് ലാപ്‌ടോപ് വാങ്ങാൻ കൈപ്പറ്റാം.
കൃത്യമായി പണം തിരിച്ചടക്കുന്ന അംഗങ്ങളുകെ മൂന്നു തവണ സംഖ്യകൾ കെ.എസ്.എഫ്.ഇ അവർക്കുവേണ്ടി അടയ്ക്കും. അതായത് കൃത്യമായ തിരിച്ചടവ് നടത്തുന്ന അംഗങ്ങൾക്ക് 1500 രൂപ ഇളവ് ലഭിക്കും.

ഇതിനുപുറമേ, ജനപ്രതിനിധികൾക്കും സന്നദ്ധ സംഘടനകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും ലാപ്‌ടോപ്പ് വാങ്ങുന്ന കുടുംബശ്രീ അംഗങ്ങളെ സഹായിക്കാനായി സബ്ഡിസി തുക ഈ പദ്ധതിയിലേക്ക് കൈമാറാം. ലാപ്‌ടോപ്പ് വാങ്ങുന്നവർക്ക് ഈ തുകയുടെ ആനുകൂല്യം ലഭ്യമാക്കും. ലാപ്‌ടോപ്പ് ആവശ്യമില്ലാത്ത അംഗങ്ങൾക്ക് 13ാമത്തെ തവണ മുതൽ പണത്തിന് അപേക്ഷിക്കാം. 13ാമത്തെ തവണ വാങ്ങുന്നവർക്ക് 15408 രൂപയും 25ാമത് തവണ വാങ്ങുന്നവർക്ക് 16777 രൂപയും ചിട്ടി അവസാനിച്ചശേഷം വാങ്ങുന്നവർക്ക് 16922 രൂപയുമാണ് ലഭിക്കുക. അതത് സ്ഥലങ്ങളിലെ കെ.എസ്.എഫ്.ഇ ശാഖയേയും കുടുംബശ്രീ അയൽക്കൂട്ടങ്ങളെയും കൂട്ടിയിണക്കിയാണ് ഈ പദ്ധതി പ്രാവർത്തികമാക്കുക.

വാർത്താസമ്മേളനത്തിൽ കെ.എസ്.എഫ്.ഇ എം.ഡി സുബ്രഹ്മണ്യൻ വി.പി, കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, മത്സ്യഫെഡ് എം.ഡി ലോറൻസ് ഹരോൾഡ് എന്നിവർ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP