Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോടികൾ മുടക്കി ദേശീയപാതയിൽ സ്ഥാപിച്ച ക്യാമറകൾ മുഴുവൻ നോക്കുകുത്തികൾ; ഇന്റർസെപ്റ്റർ വാഹനങ്ങൾക്കും വന്നത് ക്യാമറകളുടെ അതേഗതി; സേഫ് കേരള പ്രോജക്റ്റിൽ വീണ്ടും കോടികൾ പൊടിക്കാൻ ഒരുങ്ങി മോട്ടോർ വാഹനവകുപ്പ്; ആർട്ടിഫിഷ്യൽ ഇന്റലിജൻസും എഎൻപിആർ സംവിധാനവുമുള്ള ക്യാമറകൾക്ക് വകയിരുത്തുന്നത് അഞ്ചു കോടിയോളം രൂപ; 65 ഇലക്ട്രിക് ടാറ്റാ നെക്‌സൺ കാറുകൾ വാടകയ്ക്കും എടുക്കുന്നു; മോട്ടോർ വാഹനവകുപ്പിന്റെ സേഫ് കേരള പ്രോജക്ട് അഴിമതിയിൽ മുങ്ങിക്കുളിക്കുമോ?

കോടികൾ മുടക്കി ദേശീയപാതയിൽ സ്ഥാപിച്ച ക്യാമറകൾ മുഴുവൻ നോക്കുകുത്തികൾ; ഇന്റർസെപ്റ്റർ വാഹനങ്ങൾക്കും വന്നത് ക്യാമറകളുടെ അതേഗതി; സേഫ് കേരള പ്രോജക്റ്റിൽ വീണ്ടും കോടികൾ പൊടിക്കാൻ ഒരുങ്ങി മോട്ടോർ വാഹനവകുപ്പ്; ആർട്ടിഫിഷ്യൽ ഇന്റലിജൻസും എഎൻപിആർ സംവിധാനവുമുള്ള ക്യാമറകൾക്ക് വകയിരുത്തുന്നത് അഞ്ചു കോടിയോളം രൂപ; 65 ഇലക്ട്രിക് ടാറ്റാ നെക്‌സൺ കാറുകൾ വാടകയ്ക്കും എടുക്കുന്നു; മോട്ടോർ വാഹനവകുപ്പിന്റെ സേഫ് കേരള പ്രോജക്ട് അഴിമതിയിൽ മുങ്ങിക്കുളിക്കുമോ?

എം മനോജ് കുമാർ

തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിന്റെ സേഫ് കേരള പ്രോജക്റ്റ് അഴിമതിയിൽ മുങ്ങിക്കുളിക്കുമോ? നിയമലംഘനം തടയാനുള്ള സേഫ് കേരളപദ്ധതിയുടെ ഭാഗമായി സ്പീഡ് ക്യാമറ പദ്ധതിയും ഇതിനായുള്ള ഇലക്ട്രിക് വാഹനം വാടകയ്ക്ക് എടുക്കുന്നതിലുമാണ് അഴിമതിക്കുള്ള സാധ്യത തെളിഞ്ഞു വരുന്നത്. കോടികൾ മുതൽ മുടക്കിയുള്ള പദ്ധതിയാണ് സ്പീഡ് ക്യാമറ സ്ഥാപിക്കാനായി അണിയറയിൽ ഒരുങ്ങുന്നത്. നിയമലംഘനം തടയാൻ കോടികൾ മുടക്കി മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച ക്യാമറകൾ മുഴുവൻ ഉപയോഗമില്ലാത്ത നോക്കുകുത്തികൾ പോലെ നിൽക്കുന്ന അവസ്ഥയാണ്. അത്യാധുനിക യന്ത്രസംവിധാനത്തിന്റെ സഹായത്തോടെ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് ലക്ഷങ്ങൾ മുടക്കി വാങ്ങിയ ഇന്റർസെപ്റ്റർ വാഹനങ്ങളും ഒരുപയോഗവുമില്ലാതെ ഇരിക്കുകയാണ്.

അമിത വേഗം പിടിക്കുകയോ, ആൽക്കഹോൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള ഇന്റർസെപ്റ്റർ വാഹന സംവിധാനങ്ങൾ ഒന്നും ഉപയോഗിക്കുന്നില്ല. പതിനഞ്ചു ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് ഇന്റർസെപ്റ്ററിൽ ഉപയോഗമില്ലാതെ വെറുതെയിരിക്കുന്നത്. ഇതെല്ലാം മൂടിവച്ചാണ് വീണ്ടും കോടികൾ മുടക്കി ഫെയ്‌സ് ക്യാമറകൾ എന്ന പേരിൽ സ്പീഡ് ക്യാമറകൾ സംസ്ഥാനം മുഴുവൻ സ്ഥാപിക്കാൻ മോട്ടോർ വാഹനവകുപ്പ് ഒരുങ്ങുന്നത്.

കോടികൾ മുടക്കി സ്പീഡ് ക്യാമറ സ്ഥാപിക്കാനും ലക്ഷങ്ങൾ മാസവാടക നൽകി സേഫ് കേരള സ്വകാഡുകൾക്ക് ഇലക്ട്രിക് വാഹനങ്ങൾ വാടയ്ക്ക് എടുക്കാനുള്ള ഭരണപരമായ തീരുമാനം വന്നിട്ടുണ്ട്. ഡിസംബറോടെ സംസ്ഥാനം മുഴുവൻ സ്പീഡ് ക്യാമറ സംവിധാനം നടപ്പിൽ വരുത്തുന്ന രീതിയിലാണ് പദ്ധതി മുന്നോട്ടു നീങ്ങുന്നത്. ഇതിലെല്ലാം പിന്നിൽ വൻ അഴിമതി നടക്കുന്നതായാണ് ആരോപണം. എടുത്തുകൊണ്ട് നടക്കാവുന്ന ഫെയ്‌സ് ക്യാമറകളാണ് സംസ്ഥാനത്ത് സ്ഥാപിക്കാൻ മോട്ടോർവാഹനവകുപ്പ് ഒരുങ്ങുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നീഷനുമുള്ള ഫെയ്‌സ് ക്യാമറകളാണ് സംസ്ഥാനം മുഴുവൻ സ്ഥാപിക്കപ്പെടുന്നത്. കെൽട്രോണിനാണ് കൺസൽട്ടൻസി കരാർ നൽകിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ജില്ലയിൽ 20 ക്യാമറകൾ വീതം ആദ്യ സ്റ്റേജായി സ്ഥാപിക്കാനാണ് ഒരുങ്ങുന്നത്.

രണ്ടു ലക്ഷം രൂപ വിലവരുന്ന 20 ക്യാമറകളാണ് ഒരു ജില്ലയിൽ ആദ്യ ഘട്ടം സ്ഥാപിക്കുന്നത്. അഞ്ചു കോടിക്ക് അടുത്തു തുക ഇതിന്നായി വകയിരുത്തേണ്ടി വരും. സേഫ് കേരള സ്വകാഡിനു വേണ്ടി ഇലക്ട്രിക് വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനുള്ള നീക്കമാണ് മറ്റൊന്ന്. 65 ഇലക്ട്രിക് ടാറ്റാ നെക്‌സൺ കാറുകൾ വാടകയ്ക്ക് എടുക്കാനാണ് സർക്കാർ അനുമതി നൽകിയത്. ഒരു കാറിനു 35000 രൂപയാണ് മാസ വാടക. ഇതിനായി 22 ലക്ഷത്തോളം രൂപ ഒരു മാസത്തേക്ക് മാത്രമായി വകയിരുത്തെണ്ടിയും വരും. അനെർട്ട് വഴിയാണ് ഈ വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പ് എടുക്കുന്നത്. സ്വന്തമായി വാഹനം എടുക്കാതെ മാസവാടക ഇനത്തിൽ വൻ തുക ചെലവിടാനാണ് തീരുമാനം. ഇതിനു ഭരണ തലത്തിൽ അനുമതി വന്നിട്ടുണ്ട്. കോടിക്കണക്കിന് രൂപ മുടക്കി കൊട്ടിഗ്‌ഘോഷിച്ച് ദേശീയ പാതയോരത്ത് സ്ഥാപിച്ച ക്യാമറകൾ മുഴുവൻ കണ്ണടച്ച അവസ്ഥയിലാണ്. യഥാവിധി മെയിന്റൻസ് നടക്കാത്തതാണ് ക്യാമറകൾ കണ്ണടയ്ക്കാൻ കാരണം. സേഫ് കേരള പദ്ധതിയുടെ ഭാഗമായി ലക്ഷങ്ങൾ മുടക്കിയുള്ള ഇന്റർസ്‌പെറ്റർ വാഹനങ്ങൾ ജില്ലാ തലത്തിൽ വകുപ്പ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്റർസ്‌പെറ്റർ എന്ന രീതിയിൽ ഉള്ള ഉപയോഗം മാറ്റി നിർത്തി മറ്റുള്ള ഉപയോഗത്തിനാണ് വകുപ്പ് ഈ വാഹനം ഉപയോഗിക്കുന്നത്.

പതിനാലു ജില്ലകളിൽ ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പതിനാലു കൺട്രോൾ റൂമുകളും ഒരുങ്ങും. ഒരു സ്ഥലത്ത് സ്ഥിരമായി സ്ഥാപിക്കാതെ മറ്റു സ്ഥലങ്ങളിലേക്ക് എടുത്തു കൊണ്ട് പോകാവുന്ന ക്യാമറകളാണ് ഇവ. ജില്ലയിൽ ക്യാമറകൾ റൊട്ടെറ്റ് ചെയ്തുകൊണ്ടിരിക്കും. അതിനായി കോൺക്രീറ്റ് തൂണുകൾ വാർക്കാനും പദ്ധതിയിടുന്നുണ്ട്. മോട്ടോർ വാഹനവകുപ്പ് നിഷേധിക്കുന്നുണ്ടെങ്കിലും ക്യാമറ സ്ഥാപിക്കാനുള്ള കോൺക്രീറ്റ് ഭിത്തിക്ക് നാല് ലക്ഷത്തോളം രൂപ ആവശ്യമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഒരു മാസം ഒരുസ്ഥലത്ത് എങ്കിൽ അടുത്ത മാസം വേറെ സ്ഥലത്താകും ക്യാമറ. അപ്പോൾ ഈ തൂണുകൾ എന്ത് ചെയ്യും എന്ന ചോദ്യവും മുഴങ്ങുന്നുണ്ട്. ഇത് പിന്നെ വഴിമുടക്കിയാകും അപകട സാധ്യതയാകും നിലകൊള്ളുന്ന അവസ്ഥയാകും.

കോൺക്രീറ്റ് തൂണിൽ അഴിമതി സാധ്യത എന്ന് ആരോപണം വന്നതോടെ രണ്ടു രീതിയിൽ മറ്റൊരു പദ്ധതിയും ആലോചിക്കുന്നുണ്ട്. ഒന്ന് കെഎസ്ഇബി പോസ്റ്റുകളിൽ സ്ഥാപിക്കുക. അല്ലെങ്കിൽ അഴിച്ചു കൊണ്ടുപോകാൻ കഴിയുന്ന രീതിലുള്ള സംവിധാനം ക്യാമറ സ്ഥാപിക്കാൻ വേണ്ടി ഒരുക്കുക. എന്തായാലും ഇതിനുള്ള ആലോചനകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഫെയ്‌സ് ക്യാമറ സംവിധാനം ബിഒടി വ്യവസ്ഥയിൽ കൊണ്ടുവരാനും ആലോചന ശക്തമാണ്. ആധുനിക രീതിയിലാണ് ഈ ക്യാമറകൾ ഫംഗ്ഷൻ ചെയ്യുക. സോളാർ പാനൽ വെച്ച് വർക്ക് ചെയ്യുന്ന രീതിയാകും വരുന്നത്. അപ്പോൾ കണക്ടിവിറ്റി പ്രശ്‌നങ്ങൾ വരുകയില്ലെന്നാണ് വകുപ്പ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. വാഹനങ്ങളുടെ നമ്പർ ഓട്ടോമാറ്റിക് ആയി ക്യാമറ റീഡ് ചെയ്യും. വാഹൻ സൈറ്റിൽ പോയി ഇത് ക്രോസ് മാച്ച് ചെയ്യും എന്നൊക്കെയാണ് ക്യാമറയെക്കുറിച്ച് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP