Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശത്രുരാജ്യമായ ചൈനയിൽ പോയാൽ 55 രൂപ കൊടുത്താൽ പെട്രോൾ കിട്ടും; നേപ്പാളിൽ 54ഉം; ശ്രീലങ്കയിൽ വില 48 രൂപ; മ്യാന്മറിൽ പോയാൽ വെറും 33 രൂപയ്ക്ക് ഇന്ധനം; ഡോളറിന്റെ മൂല്യം ഉയരുന്നതും ഇറക്കുമതിച്ചെലവ് വർധിപ്പിക്കുന്നതും അയൽ രാജ്യങ്ങളുടെ ഇന്ധന വിലയിൽ കാണുന്നില്ല; ഇന്ത്യയിൽ നടക്കുന്നത് തീവെട്ടിക്കൊള്ള തന്നെ; 22 രൂപയ്ക്ക് കിട്ടുന്ന പെട്രോൾ 81 രൂപയ്ക്ക് വിറ്റ് സാധാരണക്കാരെ കൊള്ളയടിച്ച് മോദി സർക്കാർ; പെട്രോൾ-ഡീസൽ വില തുടർച്ചയായ 17-ാം ദിവസവും കൂടുമ്പോൾ

ശത്രുരാജ്യമായ ചൈനയിൽ പോയാൽ 55 രൂപ കൊടുത്താൽ പെട്രോൾ കിട്ടും; നേപ്പാളിൽ 54ഉം; ശ്രീലങ്കയിൽ വില 48 രൂപ; മ്യാന്മറിൽ പോയാൽ വെറും 33 രൂപയ്ക്ക് ഇന്ധനം; ഡോളറിന്റെ മൂല്യം ഉയരുന്നതും ഇറക്കുമതിച്ചെലവ് വർധിപ്പിക്കുന്നതും അയൽ രാജ്യങ്ങളുടെ ഇന്ധന വിലയിൽ കാണുന്നില്ല; ഇന്ത്യയിൽ നടക്കുന്നത് തീവെട്ടിക്കൊള്ള തന്നെ; 22 രൂപയ്ക്ക് കിട്ടുന്ന പെട്രോൾ 81 രൂപയ്ക്ക് വിറ്റ് സാധാരണക്കാരെ കൊള്ളയടിച്ച് മോദി സർക്കാർ; പെട്രോൾ-ഡീസൽ വില തുടർച്ചയായ 17-ാം ദിവസവും കൂടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശ്രീലങ്കയിൽ 48 രൂപ(ഇന്ത്യൻ രൂപ) നൽകിയാൽ ഒരു ലിറ്റർ പെട്രോൾ കിട്ടും. ചൈനയിലാണെങ്കിൽ 55 രൂപയും നേപ്പാളിൽ 54 രൂപയും ഭൂട്ടാനിൽ 47 രൂപയും കൊടുക്കണം. ബംഗ്ലാദേശിൽ 59 രൂപ. മ്യാന്മറിൽ പോയാൽ വെറും 33 രൂപയും. എന്നാൽ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 82 രൂപയും. അതായത് ഭൂട്ടാനിലേതിനേക്കാൾ ഇരട്ടിയിൽ അധികം. കേന്ദ്ര സർക്കാരിന് 23 രൂപയ്ക്ക് കിട്ടുന്ന പെട്രോളാണ് തിരുവനന്തപുരത്ത് അവർ 82 രൂപയ്ക്ക് വിൽക്കുന്നത്. ഈ വിഷയത്തെ ചർച്ചയാക്കാൻ പ്രതിപക്ഷവും അതിശക്തമായ ഇടപെടൽ നടത്തുന്നില്ല. അതുകൊണ്ട് തന്നെ 17-ാം ദിവസവും പെട്രോൾ ഡീസൽ വില കൂട്ടുകയാണ് എണ്ണ കമ്പനികൾ.

ഈ മാസം 16ന് ലീറ്ററിന് 22.44 രൂപ വിലയിൽ പമ്പുകളിലെത്തിയ പെട്രോൾ ജനം വാങ്ങിയത് 76.99 രൂപയ്ക്ക്. ഡീലർ കമ്മിഷൻ: 3.60 രൂപ; നികുതി കേന്ദ്രത്തിന്: 32.98 രൂപ, സംസ്ഥാനത്തിന്: 17.97. (ആകെ നികുതി ഉൽപന്നവിലയുടെ 227%). ഡീസൽ 23.23 രൂപയ്ക്കു പമ്പിലെത്തിയത് 196% നികുതി നൽകി 71.29 രൂപയ്ക്കാണു ജനം വാങ്ങിയത് (കേന്ദ്രത്തിന് 31.83, സംസ്ഥാനത്തിന് 13.70). ഇതിൽ കേന്ദ്ര സർക്കാരിന് കിട്ടുന്ന 31.83 പൈസ എക്സൈസ് നികുതിയാണ്. ഇത് സംസ്ഥാനവുമായി കേന്ദ്രം പങ്കുവയ്ക്കും. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാരിനേക്കാൾ തുക സംസ്ഥാനത്തിന് നികുതി ഇനത്തിൽ കിട്ടും. അങ്ങനെ സാധാരണക്കാരുടെ പോക്കറ്റ് കാലിയാകുമ്പോഴും സർക്കാരുകൾ സന്തോഷത്തിലാണ്. കൊറോണയിൽ വീർപ്പമുട്ടുന്ന ജനങ്ങൾക്കുള്ള കോവിഡ് സമ്മാനമാണ് പെട്രോളിന്റേയും ഡീസലിന്റേയും വില വർദ്ധനവ്.

രാജ്യത്തെ പെട്രോൾ, ഡീസൽ വില റെക്കോർഡ് കുതിപ്പിലാണ്. ഡീസൽ ലിറ്ററിന് 52 പൈസയും പെട്രോൾ ലിറ്ററിന് 19 പൈസയും ചൊവ്വാഴ്ച കൂട്ടി. തുടർച്ചയായ പതിനേഴാം ദിവസമാണ് എണ്ണ കമ്പനികൾ ഇന്ധന വില വർധിപ്പിക്കുന്നത്. കഴിഞ്ഞ 17 ദിവസത്തിനിടെ ഡീസലിന് 9.50 രൂപയും പെട്രോളിന് 8.52 രൂപയുമാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. നിലവിൽ 80.02 രൂപയാണ് കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ വില 75.17 രൂപയിലുമെത്തി. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസർക്കാർ എക്സൈസ് നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് വിലവർധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. ജൂൺ ഏഴ് മുതലാണ് ദിനംപ്രതി ഇന്ധന വില വർധിപ്പിച്ച് തുടങ്ങിയത്. 17-ാം ദിവസവും കൂട്ടി എണ്ണ കമ്പനികൾ തങ്ങൾക്ക് ആരേയും ഭയമില്ലെന്ന് പ്രഖ്യാപിക്കുക കൂടിയാണ്.

നികുതി അടിക്കടി ഉയർത്തിയതാണ് വില ഈ നിലയിലെത്തിച്ചത്. ഒരു രാജ്യം ഒരു വിപണി എന്ന പേരിൽ നടപ്പാക്കിയ ജിഎസ്ടിയിൽ പെട്രോൾ ഉൾപ്പെടുത്തിയാൽ തീരുന്നതേയുള്ളൂ സാധാരണക്കാരുടെ വേദന. ജിഎസ്ടിയിലെ ഏറ്റവും ഉയർന്ന സ്ലാബിൽ പോലും 28% നികുതിയും 22% സെസും ചേർന്ന് 50% നികുതിയേ വരൂ. പെട്രോളിന് വില 37 രൂപയ്ക്കടുത്ത് നിൽക്കും. ഇതു ചെയ്യുന്നില്ലെന്നു മാത്രമല്ല രാജ്യാന്തര എണ്ണവില കുറയുന്നതിന്റെ ആനുകൂല്യം ജനത്തിനു കിട്ടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഇതിന് വേണ്ടി എക്സൈസ് ഡ്യൂട്ടി കൂട്ടും.

രാജ്യാന്തര എണ്ണവില ഏറ്റവും താഴ്ന്ന ലോക്ഡൗൺ വേളയിൽ കേന്ദ്രസർക്കാർ ചെയ്തത് ഇറക്കുമതിത്തീരുവയിൽ ( അധിക എക്സൈസ് ഡ്യൂട്ടി) ചരിത്രത്തിലെ വലിയ വർധന വരുത്തുകയാണ് പെട്രോൾ ലീറ്ററിന് 13 രൂപയും ഡീസൽ ലീറ്ററിന് 10 രൂപയും കൂട്ടി. ഡോളറിന്റെ മൂല്യം ഉയരുന്നത് ഇറക്കുമതിച്ചെലവ് വർധിപ്പിക്കുന്നുവെന്നാണു ന്യായീകരണമെങ്കിൽ എങ്ങനെ അയൽരാജ്യങ്ങളിൽ പെട്രോളിനും ഡീസലിനും വില ക്രമാതീതമായി കൂടുന്നില്ലെന്നതാണ് ഉയരുന്ന ചോദ്യം.

രാജ്യാന്തര വിപണയിൽ എണ്ണ വില കൂട്ടുമ്പോൾ നികുതി കൂട്ടി പെട്രോൾ-ഡീസൽ വില കേന്ദ്ര സർക്കാർ ഉയർത്തും. എണ്ണ കമ്പനികളിൽ നിന്ന് അങ്ങനെ നേട്ടം കേന്ദ്ര സർക്കാരിന് കിട്ടും. എണ്ണ വില പതിയെ ഉയരുമ്പോൾ അതിന്റെ ഗുണം നികുതി കുറച്ച് കേന്ദ്ര സർക്കാർ നൽകുകകയുമില്ല. ഇതിനൊപ്പം വില എണ്ണ കമ്പനികൾ കൂട്ടൂകയും ചെയ്യും. വലിയ ക്രൂരതയാണ് മോദി സർക്കാർ ഇന്ധന വില ഉയർത്തി കൊറോണക്കാലത്ത് ഇന്ത്യാക്കാർക്ക് നൽകുന്നത്. വില കുറയുമ്പോഴൊന്നും സാധാരണക്കാർക്ക് അതിന്റെ നേട്ടം കിട്ടില്ല. ഇതിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹത്തിനുള്ളിൽ പുകയുന്നത്.

ലോക്ഡൗൺ കാലത്ത് ക്രൂഡ് വില 20 ഡോളറിന് താഴേക്ക് ഇടിഞ്ഞ് സമീപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. അതിന്റെ പ്രയോജനം ജനത്തിന് കൊടുക്കാത്ത സർക്കാരും എണ്ണ കമ്പനികളും ആ നിലയിൽനിന്ന് നേരിയ തോതിൽ തിരിച്ചുകയറിയപ്പോൾ ദിനംപ്രതി വില വർധിപ്പിക്കുകയാണ്. ആഗോള വിപണിയിൽ എണ്ണ വില ഇടിഞ്ഞപ്പോൾ വില കുറയ്ക്കുന്നതിനു പകരം, 2020 മാർച്ചിൽ പെട്രോളിന്റെയും ഡീസലിന്റെയും തീരുവ വർധിപ്പിക്കുക കൂടി ചെയ്തു. ഇതിനെതിരെ ആരും അതിശക്തമായ പ്രതിഷേധം ഉയർത്തുകയുമില്ല. കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും നികുതിയുടെ നേട്ടം കിട്ടുമെന്നതു കൊണ്ടാണ് ഇത്.

2017 ജൂണിലാണ് പെട്രോൾ, ഡീസൽ വില ദിവസേന പുതുക്കുന്ന സംവിധാനം നിലവിൽവന്നത്. 2010-ൽ എണ്ണവില നിയന്ത്രണത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറി. എണ്ണക്കമ്പനികൾക്ക് അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് മാറ്റം വരുത്താൻ അവസരം നൽകി. 2014-ൽ, പൊതുതിരഞ്ഞെടുപ്പ് നടന്ന അതേവർഷം, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയാൻ തുടങ്ങി. ക്രൂഡ് ഓയിൽ വില കുറഞ്ഞെങ്കിലും പെട്രോൾ, ഡീസൽ വിലയിൽ അതിനനുസരിച്ചുള്ള മാറ്റം ഉണ്ടായില്ല. എന്നാൽ വില ഉയരുമ്പോൾ ആനുപാതികമായി കൂടുകയും ചെയ്തു. അങ്ങനെ അന്താരാഷ്ട്ര വിപണയിലെ മാറ്റം രാജ്യത്തെ ജനങ്ങൾ അനുഭവിച്ചതേ ഇല്ലെന്നതാണ് വസ്തുത. ഒരു ബാരൽ എന്നാൽ 159 ലിറ്ററാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 40 ഡോളറാണ് ഇപ്പോഴത്തെ വില. ഈ കണക്ക് അനുസരിച്ച് ഒരു ബാരൽ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ നൽകുന്നത് 3032 ഓളം രൂപ. അതായത് ഒരു ലിറ്റർ ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണയിൽ 19 രൂപയേ ഉള്ളൂ. ഇതാണ് 82 രൂപയ്ക്ക് ഇന്ത്യയിൽ വിൽക്കുന്നത്.

2014ന്റെ മധ്യത്തോടെ തുടങ്ങിയ ആഗോള വില തകർച്ച നിലവിൽ 70 ശതമാനത്തോളം കുറവാണ് ഉണ്ടാക്കിയത്. എന്നാൽ, സർക്കാർ എക്‌സൈസ് തീരുവ വർധിപ്പിക്കുന്നതിനാലാണ് ഇന്ത്യയിൽ വിലകുറയാത്തത്. 2014 മെയ് 26ന് മോദി സർക്കാർ അധികാരമേൽക്കുമ്പോൾ ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് 108.05 ഡോളറായിരുന്നു. 2015 ജനുവരിയിൽ അത് 44 ഡോളറിൽ താഴെയായി. ഇപ്പോൾ 38 ഡോളറും. മൊത്തം ആവശ്യത്തിന്റെ 80 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ഈ സാമ്പത്തിക വർഷം രണ്ടു ലക്ഷം കോടിയിലേറെ രൂപയുടെ നേട്ടമുണ്ടാവും ആഗോള വിപണിയിലെ വിലയിടിവു മൂലം എന്നാണു കണക്കാക്കപ്പെടുന്നത്. പെട്രോളിയം സബ്‌സിഡിയിനത്തിലെ ലാഭം വേറെയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മൊത്തം ഇറക്കുമതി ബില്ലിലെ മൂന്നിലൊന്നും ക്രൂഡ് ഓയിലിന്റേത്. അതുകൊണ്ട് തന്നെ ക്രൂഡ് ഓയിൽ വില ഇടിയുമ്പോൾ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി ഇടിയും.

അതുകൊണ്ട് തന്നെ ക്രൂഡ് ഓയിൽ വിലയിൽ വരുന്ന കുറവനുസരിച്ച് എണ്ണ കമ്പനികൾ പെട്രോൾ, ഡീസൽ വിലയിൽ കുറവു വരുത്താൻ തുനിഞ്ഞാൽ എക്‌സൈസ് തീരുവ വർധിപ്പിച്ച് വില കുറയാതെ നോക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. ഇപ്പോഴത്തെ ക്രൂഡ് ഓയിൽ വില അനുസരിച്ച് ഒരു ലിറ്റർ പെട്രോളിന് ഉൽപാദനച്ചെലവ് കേവലം 25 രൂപയിൽ താഴെ മാത്രമാണെന്നാണ് എണ്ണക്കമ്പനികളുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം.അതായത് വില കൂടുമ്പോൾ കൂടിയ വില, വില കുറയുമ്പോൾ കുറഞ്ഞ വില എന്നായിരുന്നു പെട്രോൾ, ഡീസൽ എന്നിവയുടെ വിലനിയന്ത്രണം എടുത്തുകളയുമ്പോൾ സർക്കാർ നൽകിയ വിശദീകരണം. വില കൂടിയപ്പോഴെല്ലാം അതിന്റെ ഭാരം ഉപഭോക്താവിന്റെ ചുമലിലേക്ക് തള്ളിയ സർക്കാർ പക്ഷേ, വിലയിടിവിന്റെ നേട്ടമത്രയും ഖജനാവിലേക്ക് മുതൽക്കൂട്ടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP