Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരന് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ സമൂഹ വ്യാപനമെന്ന് സൂചന; ഈമാസം 16ാം തീയ്യതി വരെ ജീവനക്കാരൻ ജോലി നോക്കിയത് കാഷ്വാലിറ്റിയിൽ; നൂറ് കണക്കിന് പേരുമായി സമ്പർക്കവും പുലർത്തി; മെഡിക്കൽ കോളേജ് കോവിഡ് ക്ലസ്റ്റർ രൂപപ്പെടുമെന്ന ഭീതിയിൽ ആരോഗ്യ പ്രവർത്തകർ; പാളയം, ചാല മാർക്കറ്റുകളിൽ 50 ശതമാനം കടകൾ മാത്രമേ തുറക്കൂവെന്ന് മേയർ; മാളുകൾ ഇടവിട്ട ദിവസങ്ങളിലേ തുറക്കുകയുള്ളൂ; കർശന നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരന് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ സമൂഹ വ്യാപനമെന്ന് സൂചന; ഈമാസം 16ാം തീയ്യതി വരെ ജീവനക്കാരൻ ജോലി നോക്കിയത് കാഷ്വാലിറ്റിയിൽ; നൂറ് കണക്കിന് പേരുമായി സമ്പർക്കവും പുലർത്തി; മെഡിക്കൽ കോളേജ് കോവിഡ് ക്ലസ്റ്റർ രൂപപ്പെടുമെന്ന ഭീതിയിൽ ആരോഗ്യ പ്രവർത്തകർ; പാളയം, ചാല മാർക്കറ്റുകളിൽ 50 ശതമാനം കടകൾ മാത്രമേ തുറക്കൂവെന്ന് മേയർ; മാളുകൾ ഇടവിട്ട ദിവസങ്ങളിലേ തുറക്കുകയുള്ളൂ; കർശന നിയന്ത്രണം ഏർപ്പെടുത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തുപുരം: തിരുവനന്തപുരത്ത് കോവിഡ് സമൂഹവ്യാപനഭീതി ശക്തം. ഉറവിടം ഏതെന്ന് അറിയാത്ത കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളിലേക്കും കടക്കുകയാണ് നഗരസഭാ അധികൃതരും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരന് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ സമൂഹ വ്യാപനമെന്ന് സൂചനമെന്ന ആശങ്ക അതിശക്തമായി. ഇദ്ദേഹത്തിന്റെ റൂട്ട്മാപ്പും സമ്പർക്കവും അതിവിപുലമാകും എന്നാണ് ലഭിക്കുന്ന സൂചനകൾ. ഈ മാസം 16ാം തീയ്യതി വരെ മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരനായി ഇദ്ദേഹം ജോലി നോക്കിയിരുന്നു. കാഷ്വാലിറ്റിയിലാണ് ജോലി നോക്കിയത് എന്നതിനാൽ തന്നെ വിപുലമായ സമ്പർക്കമാണ് ഇദ്ദേഹത്തിന് ഉള്ളത്.

വെള്ളിയാഴ്‌ച്ച അഡ്‌മിറ്റാക്കിയ ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം ഇന്നലെ ലഭിച്ചെങ്കിലും ഇന്ന് മാത്രമാണ് പുറത്തുവിട്ടത്. അടുത്തിടെ തിരുവനന്തപുരത്ത് കോവിഡ് പോസിറ്റീവായ കേസുകൾ പരിശോധിച്ചാൽ രോഗബാധയുടെ ഉറവിടം എവിടെയാണെന്ന് കൃത്യമായി അറിവില്ലാത്ത അവസ്ഥയാണുള്ളത്. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് നിരവധി ആളുകൾ എത്തുന്ന ക്വാഷ്യാലിറ്റിയുമായി ബന്ധപ്പെട്ട് അടക്കം ജോലി ചെയ്യേണ്ടി വന്ന ജീവനക്കാരനെ ആശുപത്രിയിൽ അഡ്‌മിറ്റു ചെയ്തത്. കടുത്ത കോവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നായിരുന്നു ഇയാളെ അഡ്‌മിറ്റ് ചെയ്യേണ്ടി വന്നത്. അഡ്‌മിറ്റ് ചെയ്തു ഐസോലേഷനിൽ ആക്കിയ ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ എന്നാൽ ഇതുവരെ സർക്കാർ പുറത്തു വിടാതിരിക്കുകയായിരുന്നു. ഇന്ന് പോസിറ്റീവായെന്ന വിവരം പുറത്തുവിടുകയും ചെയ്തു.

ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവായതോടെ അത് തലസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ എത്രകണ്ട് ബാധിക്കും എന്ന കാര്യത്തിലും ആശങ്ക നിലനിൽക്കുന്നുണ്ട്. നൂറു കണക്കിന് ആളുകളുമായി ഇദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ട്. കരിക്കകം സ്വദേശിയാണ് ഇദ്ദേഹം. കഴിഞ്ഞ ചൊവാഴച്ച വരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരനാണ് വെള്ളിയാഴ്ച അഡ്‌മിറ്റ് ആയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഭാഗത്ത് കോവിഡ് ക്ലസ്റ്റർ രൂപപ്പെടുമോ എന്ന ആശങ്കയുണ്ട്. നേരത്തെ കോവിഡ് ബാധിച്ചുമരിച്ച മൂന്ന് പേർക്ക് രോഗം എവിടെ നിന്നാണ് വന്നതെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിരുന്നില്ല. വൈദികനെ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് കോവിഡ് ഉണ്ടായതെന്ന സൂചനയും പുറത്തുവന്നിരുന്നു.

അതേസമയം തലസ്ഥാനത്ത് സമൂഹ വ്യാപനമുണ്ടെന്ന സൂചനാണ് മേയർ കെ ശ്രീകുമാർ നല്കുന്നത്. തലസ്ഥാനത്ത് ഓട്ടോ ഡ്രൈവർക്കും, വൈദികനും കോവിഡ് സ്ഥിരീകരിച്ചത് വളരെ ഗൗരവത്തോടെ കാണാമെന്നും അദ്ദേഹം പറഞ്ഞു. വിവാഹ, മരണ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് നിബന്ധനയുണ്ട്. വിവാഹ ചടങ്ങിൽ 50 ൽ കൂടുതലും മരണ ചടങ്ങിൽ 20 ൽ കൂടുതലും ആളുകൾ പങ്കെടുക്കാൻ പാടില്ല. തലസ്ഥാനത്തെ മാളുകൾ ഇടവിട്ട ദിവസങ്ങളിൽ തുറക്കൂ. പാളയം, ചാല മാർക്കെറ്റുകളിൽ 50% കടകൾ മാത്രമേ തുറക്കൂ. കോർപറേഷൻ ഓഫീസിൽ പരാതികൾ സ്വീകരിക്കുന്നതിന് വേണ്ടി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയതെയും മേയർ മാധ്യമങ്ങളോട് പറഞ്ഞു.

തലസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ആശുപത്രികളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ആശുപത്രികളിൽ കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കൂ. സമരങ്ങൾക്ക് 10 പേരിൽ കൂടാൻ പാടില്ല. സർക്കാർ പരിപാടികളിൽ 20 പേർ മാത്രമേ പാടുള്ളു. ഓട്ടോറിക്ഷയിലും ടാക്‌സിയിലും യാത്ര ചെയ്യുന്നവർ വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണം. നിയന്ത്രണങ്ങൾ പാലിക്കാത്ത കടകൾ അടപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ബ്രേക്ക് ദ ചെയിൻ ജില്ലയിൽ കൂടുതൽ ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചു.

ആളുകൾ കൂട്ടം കൂടുന്നിടത്ത് കൈ കഴുകാനുള്ള സംവിധാനം ഏർപ്പെടുത്തുന്നത് കർശനമാക്കും.മാസ്‌കും സാമൂഹിക അകലവും ഉറപ്പാക്കും. മരണ ചടങ്ങിൽ 20 പേരിലും വിവാഹത്തിൽ 50 പേരിലും അധികം ആളുകൾ പങ്കെടുക്കരുത്. മാതൃകയെന്നോണം എം പി മാരും എം എൽ എ മാരും അത്തരം ചടങ്ങുകളിൽ നിന്നും വിട്ടു നിൽക്കും. പഞ്ചായത്ത് തലത്തിൽ മിനിമം ഒരു ഇൻസ്റ്റിറ്റിയുഷണൽ ക്വറന്റീൻ സെന്റർ എങ്കിലും തുടങ്ങാൻ തീരുമാനിച്ചു. പഞ്ചായത്ത് വാർഡുതല കർമസമിതി ശക്തമാക്കാനും സർക്കാർ തീരുമാനിച്ചു.

രണ്ട് ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് സങ്കീർണമെന്ന് ആരോഗ്യവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇയാൾ ടെലിവിഷൽ സീരിയലുകളിൽ അഭിനയിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. കൂടാതെ നിരവധി യാത്രക്കാരുമായി വിവിധ സ്ഥലങ്ങളിലേക്ക് ഇയാൾ സഞ്ചരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പറയുന്നു. ഇയാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടിട്ടുണ്ട്. നഗരത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും യാത്രക്കാരുമായി ഇയാൾ എത്തിയിട്ടുണ്ട്. കരമന, ആനയറ, വട്ടിയൂർക്കാവ്, തിരുമല, പൂജപ്പുര, കുളത്തറ, പാൽക്കുളങ്ങര, സ്റ്റാച്യു, വഞ്ചിയൂർ, തമ്പാനൂർ, പേരൂർക്കട, അമ്പലമുക്ക് തുടങ്ങി നിരവധി സ്ഥലങ്ങളിലേയ്ക്ക് ഇദ്ദേഹം പോയിട്ടുണ്ട്. രോഗലക്ഷണങ്ങൾ തുടങ്ങുന്ന ദിവസം വരെ ഇദ്ദേഹം ഓട്ടോറിക്ഷ ഓടിച്ചിരുന്നു. KL-01 BJ 4836 ആണ് ഇയാളുടെ ഓട്ടോ റിക്ഷയുടെ നമ്പർ. ഇയാളുടെ ഓട്ടോറിക്ഷയിൽ കയറിയവരെക്കുറിച്ചുള്ള വിവരങ്ങൾ പൂർണമായും ലഭിച്ചിട്ടില്ല.

ഓട്ടോഡ്രൈവർ സീരിയലുകളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയും പ്രവർത്തിച്ചിരുന്നു. അടുത്ത ദിവസങ്ങളിലും രണ്ട് സീരിയലുകളിൽ അഭിനയിച്ചിരുന്നു. കരമനയിലും പൂജപ്പുരയിലും നടന്ന ഷൂട്ടിങ്ങുകളിലാണ് ഇയാൾ പങ്കെടുത്തത്. ഡ്രൈവറുടെ കുടുംബാംഗങ്ങൾക്കും രോഗം പകർന്നിട്ടുണ്ട്. 17 -നാണ് ഓട്ടോ ഡ്രൈവറുടെ ഭാര്യക്കും 14 വയസ്സുള്ള മകൾക്കും ലക്ഷണങ്ങൾ കണ്ടത്. കഴിഞ്ഞ ദിവസം 18 വയസ്സുള്ള ഇവരുടെ മകൾക്കും രോഗം സ്ഥിരീകരിച്ചു. കുട്ടികളടക്കം നിരവധി പേർ ഈ കുടുംബവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്. രണ്ട് ആശുപത്രികളിലെ ഡോക്ടർമാരും ജീവനക്കാരുമടക്കം സമ്പർക്കവിലക്കിലാണ്.

ഇയാൾക്ക് രോഗം ബാധിച്ചതിന്റെ ഉറവിടവും ഇതുവരെ കണ്ടെത്താനായിട്ടില്ല. 12-ന് ഇദ്ദേഹം രോഗലക്ഷണങ്ങളോടെ ഐരാണിമുട്ടം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. 17-ന് ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇവിടെനിന്നാണ് ജനറൽ ആശുപത്രിയിലേക്കു മാറ്റിയത്. രോഗം സ്ഥിരീകരിക്കുന്നതിനു മുൻപുള്ള ദിവസങ്ങളിൽ നഗരത്തിലെ പല ഓട്ടോറിക്ഷാ സ്റ്റാൻഡുകളിലും ഇദ്ദേഹം പോയി. ചില കടകളിലും എത്തിയിരുന്നു. ഈ പ്രദേശങ്ങളാണ് കണ്ടെയ്‌ന്മെന്റ് സോണുകളാക്കിയിട്ടുള്ളത്. ഓട്ടോറിക്ഷയിൽ കയറിയ പലരെയും ഇദ്ദേഹത്തിന് അറിയില്ല. വഞ്ചിയൂരിൽ മരിച്ച രമേശനും പാപ്പനംകോട് ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി. ഡ്രൈവർക്കും എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്നും വ്യക്തമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP