Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു കൊല്ലം പോലും പഠിക്കാൻ ഇല്ലാത്ത പാഠപുസ്തകങ്ങൾ നാലു വർഷത്തേക്ക് നീട്ടിക്കൊണ്ട് എന്തിനാണ് കുട്ടികളുടെ ഭാവി നശിപ്പിക്കുന്നത്? പഠിക്കുന്നത് പ്രായോഗത്തിൽ വരുത്താനുള്ളത് ചെയ്യാതെ എന്തെല്ലാം പഠിപ്പിച്ചാലും ആർക്കാണ് പ്രയോജനം? ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള ഭാവി കോഴ്സുകൾ മറന്ന് എഞ്ചിനീയറിങ് പഠിപ്പിച്ചിട്ടെന്ത് കാര്യം? നഴ്സിങിനൊപ്പം ഐഇഎൽടിഎസ് കൂടി ഉൾപ്പെടുത്താൻ പോലും ആകാത്തവർ പരിഷ്‌ക്കാരം നടത്തുമ്പോൾ

ഒരു കൊല്ലം പോലും പഠിക്കാൻ ഇല്ലാത്ത പാഠപുസ്തകങ്ങൾ നാലു വർഷത്തേക്ക് നീട്ടിക്കൊണ്ട് എന്തിനാണ് കുട്ടികളുടെ ഭാവി നശിപ്പിക്കുന്നത്? പഠിക്കുന്നത് പ്രായോഗത്തിൽ വരുത്താനുള്ളത് ചെയ്യാതെ എന്തെല്ലാം പഠിപ്പിച്ചാലും ആർക്കാണ് പ്രയോജനം? ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള ഭാവി കോഴ്സുകൾ മറന്ന് എഞ്ചിനീയറിങ് പഠിപ്പിച്ചിട്ടെന്ത് കാര്യം? നഴ്സിങിനൊപ്പം ഐഇഎൽടിഎസ് കൂടി ഉൾപ്പെടുത്താൻ പോലും ആകാത്തവർ പരിഷ്‌ക്കാരം നടത്തുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ഇന്നത്തെ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് വരുത്താൻ പോകുന്ന പരിഷ്‌ക്കാരങ്ങളെക്കുറിച്ചുള്ള വാർത്തകളാണ്. കേരളത്തിലെ സർവകലാശാലകൾ നടത്തുന്ന ഡിഗ്രി കോഴ്സുകൾ മൂന്ന് വർഷത്തേതിന് പകരം നാല് വർഷമായി ഉയർത്തി അത് ഓണേഴ്‌സ് ഡിഗ്രിയാക്കിമാറ്റും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശമായി ഉയർത്തിക്കാട്ടുന്നത്. അംഗീകൃത ബിരുദാനന്തര ബിരുദം അടക്കമുള്ള കുറേ പരിഷ്‌ക്കാരങ്ങൾക്കൂടി ഗാന്ധിയൂണിവേഴ്‌സിറ്റി വൈസ്ചാൻസൽ ഡോ. സാബു ജോസ് ചെയർമാനായ കമ്മിഷൻ സമർപ്പിച്ചിരിക്കുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് ആധികാരികമായി പറയുന്നതിനുള്ള ദിഷണയും വൈഭവവും ഒന്നും എനിക്കില്ലെങ്കിലും പ്രായോഗിക ജീവിതത്തിൽ കണ്ടതും കേട്ടതുമായ ചില കാര്യങ്ങൾ ഇതേക്കുറിച്ച് പറയാതിരിക്കാൻ നിവർത്തിയില്ല. വാസ്തവത്തിൽ നമ്മുടെ പഠനസംവിധാനങ്ങളും പഠനരീതികളും പരിഷ്‌കരിക്കണം എന്ന വാദത്തോട് എനിക്കും യോജിപ്പ് മാത്രമാണുള്ളത്.

ഒരു വർഷം കൊണ്ട് പഠിച്ച് തീർക്കാൻ കഴിയുന്ന പാഠങ്ങൾ മൂന്ന് വർഷമായി പഠിപ്പിക്കുന്ന മ്ലേച്ഛതയാണ് ഇപ്പോളിവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അത് നാല് വർഷമാക്കി കുട്ടികളുടെ ഒരു വർഷം കൂടി നശിപ്പിക്കാം എന്നല്ലാതെ എന്ത് മേന്മയാണ് ഈ നിർദ്ദേശങ്ങളിൽ ഉള്ളതെന്ന വ്യക്തമല്ല. പരീക്ഷയെഴുതുന്ന സാധാരണ കുട്ടികളോട് ഒന്ന് അന്വേഷിച്ച് നോക്കുക. അവർ അവരുടെ സെമസ്റ്ററിന്റെ ഭൂരിഭാഗം സമയവും വെറുതെ കളഞ്ഞിട്ട് പരീക്ഷയുടെ ഒരാഴ്ച മാത്രം പുസ്തകം പഠിച്ചിട്ടാണ് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങുന്നത്. അതായത് ആ ഒരാഴ്ച കൊണ്ട് പഠിച്ച് തീരുന്നതിനുള്ള പാഠങ്ങൾ മാത്രമെ നമ്മുടെ പരീക്ഷയ്ക്ക് വരുന്നുള്ളുവെന്നർത്ഥം. വാസ്തവത്തിൽ ഒരു പാഠപുസ്തകം മുഴുവൻ പഠിച്ച് ആ വിഷയവുമായി ബന്ധപ്പെട്ട മറ്റ് പൊതു അറിവുകൾ കൂടി ശേഖരിച്ച ശേഷം അയാളുടെ പൊതു അറിവിനെക്കുറിച്ച് അറിയേണ്ടതാവേണ്ടതാണ് പരീക്ഷ. എന്നാൽ സിലബസിൽ ഇല്ലാത്ത ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയ വാദങ്ങളുമായി മാധ്യമങ്ങൾ രംഗത്തിറങ്ങും എന്നുള്ളതുകൊണ്ട് തന്നെ പാഠപുസ്തകത്തിലോ, അല്ലെങ്കിലോ, അല്ലെങ്കിൽ അതിന്റെ പേരിൽ ഇറങ്ങുന്ന ഗൈഡിലോ ഉള്ളത് മാത്രമാണ് പരീക്ഷയ്ക്ക് ചോദിക്കുന്നത്.

മൂന്ന് വർഷം മുൻപ് എൽഎൽബി പഠനം സായാഹ്ന കോഴ്‌സിൽ പങ്കെടുത്ത് പൂർത്തിയാക്കിയ ഒരു വ്യക്തിയാണ് ഞാൻ. പല സെമസ്റ്ററുകളിലായി മുപ്പതോളം പരീക്ഷകൾ എഴുതേണ്ടി വന്നെങ്കിലും അവയെല്ലാം ഞാൻ പഠിച്ച് പാസായത് പത്തോ അൻപതോ പേജുള്ള അനിൽ കെ നായർ എന്നു പേരുള്ള ഒരു അഭിഭാഷകൻ എഴുതിയ ഒരു ഗൈഡ് നോക്കിയാണ്. ആ ഗൈഡിൽ നിന്നല്ലാതെ ഒരു ചോദ്യം പോലും കേരള സർവകലാശാലയുടെ എൽഎൽബി പരീക്ഷക്ക് വരുന്നില്ല എന്നുള്ളത് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആളുകൾ സാക്ഷ്യം പറയുന്നു. ആ പുസ്തകം പഠിച്ച് തീർക്കാൻ ഒരു ദിവസത്തെ ആവശ്യമെയുള്ളു. അതിന് വേണ്ടിയാണ്, കുട്ടികൾ മൂന്ന് വർഷം ചിലവഴിക്കേണ്ടിവരുന്നത്. അതാണ് ഇപ്പോൾ നാല് വർഷമാക്കി ഉയർത്തുന്നത്. ഞാനൊക്കെ പഠിച്ചുകൊണ്ടിരുന്നപ്പോൾ പരീക്ഷ എന്നത് ഓർമ പുതുക്കുന്ന ഒരു ചടങ്ങ് മാത്രമായിരുന്നു. പിന്നീട് പരിഷ്‌കാരത്തിന്റെ പേരിൽ എൺപത് ശതമാനം മാത്രം മാർക്ക് പരീക്ഷയ്ക്ക് കൊടുക്കുകയും, ബാക്കി 20% മറ്റ് വർക്കുകൾക്കായി മാറ്റി വയ്ക്കുകയും ചെയ്തു. എന്നാൽ പരീക്ഷണം ഒരു പരാജയമാണ് എന്നറിയാവുന്നവർക്ക് അറിയാം. ഇന്റേണൽ അസസ്‌മെന്റ് എന്ന പേരിൽ കൊടുക്കുന്ന ഈ 20 മാർക്കിൽ 18 മാർക്കും കിട്ടുന്നതിന് ഒന്നും ചെയ്യാത്ത കുട്ടികൾക്കും അർഹത ലഭിക്കാറുണ്ട്. ഹാജറിനും, ടെസ്റ്റ് പേപ്പറിനും, അസൈന്മെന്റിനും ഒക്കെയായി വീതിച്ച് കൊടുക്കുന്ന ഈ മാർക്ക് നിഷേധിക്കാൻ സാധാരണ കോളജ് അധികൃതർ മെനക്കെടാറില്ല.

അതായത് ആ പരിഷ്‌കാരം കൊണ്ട് നിലവിൽ ഉണ്ടായിരുന്ന ഓർമ പരിശോധനയെക്കാൾ പരിതാപകരമായ അവസ്ഥയിലേയ്ക്ക് നമ്മുടെ വിദ്യാഭ്യാസം വീണുപോയെന്നർത്ഥം. അത്തരത്തിലുള്ള ഒരു ക്ണാപ്പൻ പരിഷ്‌കാരം മാത്രമായിരിക്കും ഈ പുതിയ നാല് വർഷ നീക്കവും എന്ന പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. വാസ്തവത്തിൽ കുട്ടികളെ പഠിപ്പിക്കേണ്ടത് ജീവിക്കാനാണ്. അവർ പാഠ പുസ്തകം പഠിച്ച് പരീക്ഷ എഴുതി പാസാകുന്നതുകൊണ്ട് മാത്രം ജീവിതം പഠിക്കുന്നില്ല. പഠിക്കുന്നത് പ്രായോഗികമാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് ആലോചിക്കാതെ നമുക്ക് രക്ഷപെടാൻ ഒരു വഴിയുമില്ല.

എല്ലാവർക്കുമറിയാം, നഴ്‌സിങ് പാസായാൽ ലോകമെമ്പാടും ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കുമെന്ന്. അതുകൊണ്ട് തന്നെ ആയിരക്കണക്കിന് മലയാളികൾ ഇപ്പോൾ നഴ്‌സിങ് പഠനത്തിന് പോകുന്നു. പക്ഷെ, എല്ലായിടത്തും ആയിരക്കണക്കിന് വേക്കൻസികൾ ഉണ്ടായിട്ടും പഠിച്ചിറങ്ങുന്ന അഞ്ചോ പത്തോ ശതമാനം പേർക്ക് മാത്രമാണ് നല്ല ജോലി ലഭിക്കുന്നത്. എന്തുകൊണ്ടാണ്? അവർക്ക് ഓസ്‌ട്രേലിയയിലോ, ബ്രിട്ടനിലോ, അയർലണ്ടിലോ മറ്റേതെങ്കിലും പാശ്ചാത്യ രാജ്യങ്ങളിലോ ജോലിക്ക് പോകണമെങ്കിൽ ഇംഗ്ലീഷിൽ ഉയർന്ന നിലവാരം ഉണ്ടാവണം. എന്തുകൊണ്ടാണ് ഈ മൂന്നോ നാലോ കൊല്ലം കൊണ്ട് നഴ്‌സിങ് പഠിക്കുമ്പോൾ അതിനോടൊപ്പം ഐഇഎൽടിഎസ് കൂടി ഉൾപ്പെടുത്താൻ നമ്മുടെ അധികാരികൾക്ക് കഴിയാത്തത്? നഴ്‌സിങ് പഠനത്തിന്റെ ഭാഗമായി ഇംഗ്ലീഷ് വിദ്യാഭ്യാസം കൂടി ചേർക്കുകയും, നാല് വർഷവും അവർക്ക് ഐഇഎൽടിഎസ് പരീക്ഷയെഴുതാൻ അവർക്ക് അവസരം കൊടുക്കുകയും ചെയ്താൽ അവർ പഠനം പൂർത്തിയാകുമ്പോൾ തന്നെ വിദേശത്തേയ്ക്ക് അവസരം ലഭിക്കും. അതുപോലും ചെയ്യാൻ സാധിക്കാത്തവർ കുട്ടികളെ പാഠപുസ്തകങ്ങൾ മാത്രം പഠിപ്പിച്ച് മണ്ടന്മാരാക്കിക്കൊണ്ടിരിക്കുകയാണ്. പത്താം ക്ലാസിന് ശേഷം പഠനം നിർത്തി, ഒരു വർഷം കൂലിപ്പണിയെടുത്ത് പണമുണ്ടാക്കിയ ശേഷം പഠനം തുടർന്ന വ്യക്തിയാണ് ഞാൻ. ഞാൻ ഉണ്ടാക്കിയ പണം കൊണ്ട് പഠിക്കാൻ കഴിഞ്ഞു എന്നതിനപ്പുറം ഈ ഒരു വർഷത്തെ ഗ്യാപ്പ് കൊണ്ട് ഞാൻ പഠിച്ചത് ജീവിതമാണ്. ഇന്നും വിദേശ രാജ്യങ്ങളിൽ വിദ്യാർത്ഥികൾ അവരുടെ പഠനത്തിനിടയിൽ ഒരു വർഷം ഗ്യാപ്പ് ഇയർ എടുത്ത് ലോകം പഠിക്കാൻ പോകുന്നു. നമ്മളാവട്ടെ ഡിഗ്രി പഠിക്കുന്ന കുട്ടികളെപ്പോലും ഒറ്റയ്ക്ക് വഴി ക്രോസ് ചെയ്യാൻ പോലും അനുവദിക്കാതെ പൊതിഞ്ഞുകെട്ടി കോളജുകളിൽ കൊണ്ടെത്തിച്ച് വെറും പുസ്തകപ്പുഴുക്കളാക്കി അവരെ ജീവിതത്തിൽ പരാജയപ്പെടുത്തുന്നു.

എന്റെ ചെറുപ്പത്തിൽ എന്റെ അയൽപ്പക്കത്തുള്ള ഒരു പെൺകുട്ടിയെ പഠനത്തിന് സഹായിച്ചത് ഞാൻ ഇപ്പോഴും ഓർക്കുന്നു. എന്റെ നിർദ്ദേശ പ്രകാരം കമ്പ്യൂട്ടർ പഠനത്തിന് പോയ ആ പെൺകുട്ടി ആ കോഴ്‌സ് പൂർത്തിയായി എന്റെ നിർദ്ദേശപ്രകാരം ഒരിടത്ത് ജോലിക്ക് ചെന്നപ്പോൾ അഭിമുഖത്തിന് ചെന്നപ്പോൾ അവർ ആവശ്യപ്പെട്ടത് കമ്പ്യൂട്ടർ ഓണാക്കാനാണ്. പക്ഷെ ആ പെൺകുട്ടിയെ കമ്പ്യൂട്ടർ ഓണാക്കാൻ പഠിപ്പിച്ചിരുന്നില്ല. ഓണാക്കിയിരുന്ന കമ്പ്യൂട്ടറിലാണ് ആ പെൺകുട്ടി പഠിച്ചിരുന്നത്. ആലോചിച്ച് നോക്കൂ... ആ കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ അവസ്ഥ. ഇത്തരത്തിലൊരു പ്രയോജനവുമില്ലാതെ പാഠപുസ്തകങ്ങൾ മാത്രം പഠിക്കുന്നത് മാറ്റി തൊഴിൽ പരിശീലനം കൊടുക്കുന്ന തരത്തിലേയ്ക്ക് പഠനം മാറ്റേണ്ടിയിരിക്കുന്നു. ബിരുദാനന്തരബിരുദവും, എഞ്ചിനീയറിങ് ബിരുദവും പാസായ പലരും മറുനാടനിൽ തൊഴിൽ അന്വേഷിച്ച് എത്താറുണ്ട്. പക്ഷെ അവർക്കാർക്കും എഴുതാൻ അറിയില്ല. ഡിഗ്രിയും, ഡിപ്ലോമയും ഒന്നുമില്ലാത്ത ഒരാൾ ഭംഗിയായി ആളുകൾക്ക് വായിച്ചാൽ മനസിലാവുന്ന തരത്തിൽ എഴുതുമെങ്കിൽ ഞങ്ങൾ ജോലി കൊടുക്കും. പഠിക്കുന്നതും പ്രയോഗിക്കുന്നതും തമ്മിൽ ഒരു ബന്ധവുമില്ലാതെ നമ്മൾ മാറുന്നു.

അതുകൊണ്ട് വിദ്യാഭ്യാസരംഗത്ത് പരിഷ്‌ക്കാരങ്ങൾ വരുത്തുന്നവർ എന്ത് പഠിക്കുന്നുവോ അത് പരിശീലിപ്പിക്കുന്നതിനുള്ള സൗകര്യവും കൂടി ഒരുക്കുക. അപ്രന്റീസ് എന്ന സംവിധാനം നിർബന്ധമാക്കുകയും, സകല സ്ഥാപനങ്ങളും നിയമപരമായി തന്നെ അവർ ചെയ്യുന്ന തൊഴിൽ പരിശീലിക്കുന്ന കുട്ടികളെ ചെറിയൊരു സ്റ്റൈഫന്റോട് കൂടി പരിശീലിപ്പിച്ച് തൊഴിൽ പഠിപ്പിക്കുകയും ചെയ്യേണ്ടത് നിയമപരമായ ആവശ്യമായി മാറ്റിയാൽ ഇവിടുത്തെ വിദ്യാഭ്യാസം മെച്ചപ്പെടും. ഇപ്പോൾ ലോകം എന്താണോ അതിന് അനുസൃതമായ കോഴ്‌സുകൾ അല്ല, ഇനിയെന്താണോ ലോകത്തിന് ആവശ്യമായി വരുന്നത്, അതിന് അനുസൃതമായ കോഴ്‌സുകളാണ് കൊണ്ടുവരേണ്ടത്. ഭാവിയിൽ ലോകത്തെ നിയന്ത്രിക്കാൻ പോകുന്നത് ആർട്ടിഫഷൽ ഇന്റലിജൻസ് ആണെന്ന് എല്ലാവർക്കും അറിയാം. പക്ഷെ, നമ്മൾ ഇപ്പോഴും അതിന് ആവശ്യമായ തരത്തിലുള്ള ഒരു കോഴ്‌സ് ഒരുക്കുകയോ, കുട്ടികളെ പഠിപ്പിക്കുകയോ ചെയ്യുന്നില്ല. ഗൾഫ് രാജ്യങ്ങളിൽ എണ്ണക്കമ്പനികളുമായി ബന്ധപ്പെട്ട് എന്ത് പഠിച്ചാലും ജോലി കിട്ടുമെന്ന് നമുക്കറിയാം. പക്ഷെ നമ്മുടെ കുട്ടികളെ എണ്ണപ്പാടങ്ങളിൽ എഞ്ചിനീയർ ആവുന്നതിനോ അല്ലെങ്കിൽ അതിന്റെ സംസ്‌ക്കരണത്തിന് ഉതകുന്ന തരത്തിലോ ഉള്ള കോഴ്‌സുകൾ പരിശീലിപ്പിക്കുന്നില്ല.

ഭാഷ പഠിച്ചാൽ പോലും ചിലപ്പോൾ നമ്മൾ രക്ഷപെടും. സ്പാനിഷ് ഭാഷയോ, ഫ്രഞ്ച് ഭാഷയോ ഒക്കെ ഒരു പക്ഷെ നമുക്ക് വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യാൻ കഴിഞ്ഞെന്ന് വരാം. അതായത് ഭാവിയിൽ നമ്മൾ എന്താവാൻ പോകുന്നുവോ, അതിന് ഒരുക്കുന്ന തരത്തിൽ ഉള്ള വിദ്യാഭ്യാസം പ്രായോഗികമായി അഴിച്ചുപണിയണം. മൂന്ന് വർഷത്തിന് പകരം നാല് വർഷമാക്കി, നാല് വർഷവും പാഠപുസ്തകങ്ങൾ അരച്ചുകലക്കി പഠിപ്പിക്കുന്ന സംമ്പ്രദായം കൊണ്ട് ഈ നാട് നന്നാവുകയേയില്ല. എന്ത് പഠിച്ചാലും അത് നന്നായി ചെയ്യാൻ കഴിയുന്ന ഒരു തലമുറയെ വാർത്തെടുക്കണം. നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ ആയിരങ്ങൾ തൊഴിൽ അന്വേഷിച്ച് നടക്കുന്നുണ്ടെങ്കിലും, ഒരു പണിയും എടുക്കാനറിയാത്ത, കാര്യശേഷിയില്ലാത്തവരാണ് ഭൂരിഭാഗവും. ജേർണലിസം അടക്കം സമസ്ത മേഖലകളിലും തൊഴിലന്വേഷർ ധാരാളമുണ്ട്. തൊഴിൽ അന്വേഷകരും ധാരാളമുണ്ട്. എന്നാൽ പണി അറിയാത്തവരെ ആരാണെടുത്ത് പരിശീലിപ്പിക്കുന്നത്? അതുകൊണ്ട് കോഴ്‌സിന് ധൈർഘ്യം കൂട്ടുകയല്ല, എന്ത് പഠിപ്പിച്ചാലും അത് പ്രായോഗിക തലത്തിൽ മനസിലാവുന്ന തരത്തിൽ പരിഷ്‌ക്കരിക്കുകയാണ് വേണ്ടത്. അല്ലാത്തിടത്തോളം കാലം ഉയർന്ന് മാർക്ക് വാങ്ങി പാസാവുന്ന പുസ്തക പുഴുക്കളായ കഴിവുകെട്ടവരെ മാത്രമെ നമ്മളിനിയും സൃഷ്ടിച്ചുകൊണ്ടിരിക്കു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP