Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വനം വകുപ്പ് ഒന്നും അറിഞ്ഞിട്ടില്ല..ആരും അറിയിച്ചിട്ടുമില്ല; മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ സർക്കാർ; പ്രോസിക്യൂഷൻ നടപടികൾ പിൻവലിക്കാൻ ഈയാഴ്ച തന്നെ പെരുമ്പാവൂർ കോടതിയിൽ അപേക്ഷ നൽകും; കേസ് പിൻവലിക്കുന്നത് പബ്ലിക് പ്രോസിക്യൂട്ടർക്ക് പ്രത്യേകാധികാരം നൽകുന്ന സെക്ഷൻ 321 പ്രകാരം; മുമ്പ് കേസ് പിൻവലിക്കാൻ എതിർപ്പില്ലാ സർട്ടിഫിക്കറ്റ് നൽകിയതും വനംവകുപ്പ് അറിയാതെ

വനം വകുപ്പ് ഒന്നും അറിഞ്ഞിട്ടില്ല..ആരും അറിയിച്ചിട്ടുമില്ല; മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ സർക്കാർ; പ്രോസിക്യൂഷൻ നടപടികൾ പിൻവലിക്കാൻ ഈയാഴ്ച തന്നെ പെരുമ്പാവൂർ കോടതിയിൽ അപേക്ഷ നൽകും; കേസ് പിൻവലിക്കുന്നത് പബ്ലിക് പ്രോസിക്യൂട്ടർക്ക് പ്രത്യേകാധികാരം നൽകുന്ന സെക്ഷൻ 321 പ്രകാരം; മുമ്പ് കേസ് പിൻവലിക്കാൻ എതിർപ്പില്ലാ സർട്ടിഫിക്കറ്റ് നൽകിയതും വനംവകുപ്പ് അറിയാതെ

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: സൂപ്പർതാരം മോഹൻലാലിന് എതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ എൽഡിഎഫ് സർക്കാർ നടപടി സ്വീകരിക്കും. എറണാകുളത്തെ വിചാരണക്കോടതിയെ ഇതിന് വേണ്ടി സമീപിക്കും. പ്രോസിക്യൂഷൻ നടപടികൾ പിൻവലിക്കുന്നതിനുള്ള പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിൽ ഈയാഴ്ച നൽകുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ദി ഹിന്ദു പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അനധികൃതമായി ആനക്കൊമ്പ് കൈവശം വച്ച കേസിൽ സെക്ഷൻ 321 ത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ കേസ് പിൻവലിക്കുന്നതിനായി കോടതിയിൽ അപേക്ഷ നൽകുക.

മോഹൻലാലിനും മറ്റുമൂന്നുപേർക്കുമെതിരെയാണ് മേക്കപ്പള്ള ഫോറസ്റ്റ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ കുറ്റപത്രം അനുസരിച്ച് ആരോപണവിധേയർ 1972ലെ വന്യജീവി സംരക്ഷണ നിയമം ലംഘിക്കുകയും, അനധികൃതമായി ആനക്കൊമ്പ് കൈമാറ്റം ചെയ്യുകയും കൈവശം വയ്ക്കുകയും ചെയ്തു. താരത്തിന്റെ വീട്ടിൽ നടന്ന ആദായനികുതി പരിശോധനയ്ക്കിടയാണ് ആനക്കൊമ്പ് അനധികൃതമായി സൂക്ഷിക്കുന്നത് കണ്ടെത്തിയത്.

കോടനാട്ടെ റേഞ്ച് ഓഫീസർ ജി.ധനിക് ലാലാണ് കുറ്റപത്രം ഫയൽ ചെയ്തത്. ദീർഘനാളായി മോഹൻലാൽ ആനക്കൊമ്പ് അനധികൃതമായി കൈവശം വച്ചിരിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് എറണൊകുളത്തെ വീട്ടിലേക്ക് ആനക്കൊമ്പ് മാറ്റി. ഒരുസ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ആനക്കൊമ്പ് മാറ്റുമ്പോൾ ആവശ്യമായ അനുമതിയും വാങ്ങിയില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു.

തൃശൂർ ഒല്ലൂർ സ്വദേശി പി.എൻ. കൃഷ്ണകുമാർ രണ്ടാം പ്രതിയും, തൃപ്പൂണിത്തുറ എരൂർ സ്വദേശി കെ.കൃഷ്ണകുമാർ മൂന്നാം പ്രതിയും, ചെന്നൈ പെനിൻസുല ഹൈറോഡിൽ താമസിക്കുന്ന നളിനി രാധാകൃഷ്ണൻ നാലാം പ്രതിയുമാണ്.പരമാവധി അഞ്ചു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്

നേരത്തെ കേസ് പിൻവലിക്കാൻ സർക്കാർ എൻഒസി നൽകിയിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മോഹൻലാൽ 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും സർക്കാരിന് അപേക്ഷ നൽകിയിരുന്നു. 2019 ഡിസംബർ നാലിന് ഡിജിപിയോട് നിയമോപദേശവും തേടിയിരുന്നു. തുടർന്നായിരുന്നു കേസ് പിൻവലിക്കുന്നതിന് എൻഒസി നൽകിയത്.വിചാരണകോടതിയിൽ കേസിനെ നേരിട്ടുന്ന വനംവകുപ്പിനെ അമ്പരപ്പിച്ച നടപടിയായിരുന്നു ഇത്. കേസ് പിൻവലിക്കാൻ ക്രിമിനൽ പ്രൊസിജ്യൂർ കോഡിലെ സെക്ഷൻ 321 അടിസ്ഥാനമാക്കും. കോടതിയുടെ അനുമതിയോടെ പബ്ലിക് പ്രോസിക്യൂട്ടർക്കോ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർക്കോ ഏതെങ്കിലും വ്യക്തിക്കെതിരെയോ അയാൾ ചെയ്ത ഏതെങ്കിലും കുറ്റവുമായി ബന്ധപ്പെട്ടോ കേസ്‌നടപടികൾ പിൻവലിക്കാൻ ഈ സെക്ഷൻ അധികാരം നൽകുന്നു. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് ഏതുസമയത്തും ഈ അപേക്ഷ നൽകാവുന്നതാണ്. അതേസമയം, കേസ് പിൻവലിക്കുന്നത് വനം വകുപ്പിനോട് ചോദിച്ചിട്ടല്ല. ഇക്കാര്യത്തെ കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നാണ് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രതികരണം.

2012 ജൂണിലാണ് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ മോഹൻലാലിന്റെ തേവരയിലെ വസതിയിൽനിന്നും ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. നാല് ആനക്കൊമ്പുകളാണ് പിടിച്ചെടുത്തത്. ലൈസൻസില്ലാതെ ആനക്കൊമ്പുകൾ കൈവശം വയ്ക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് നിയമം. എന്നാൽ മോഹൻലാലിന്റെ കാര്യത്തിൽ ഈ നിയമം പാലിക്കപ്പെട്ടില്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നു.ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഐസക് വർഗീസാണ് ഹൈക്കോടതിയിൽ മോഹൻലാലിനെതിരെ കേസ് നൽകിയിട്ടുള്ളത്

തൃശൂരിലും, ചെന്നൈയിലും ഉള്ള സ്വകാര്യവ്യക്തികളിൽ നിന്നാണ് ആനക്കൊമ്പുകൾ വാങ്ങിയതെന്നും അവർക്ക് ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഉണ്ടായിരുന്നുവെന്നുമാണ് മോഹൻലാൽ പറഞ്ഞത്. പക്ഷെ രണ്ട് ആനക്കൊമ്പുകൾ മോഹൻലാൽ ഷൂട്ടിംഗിനായി വന്നപ്പോൾ ഒറ്റപ്പാലത്തെ ഒരു വീട്ടിൽ നിന്ന് വാങ്ങിയതാണെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ ലൈസൻസുള്ളവരിൽ നിന്നോ സർക്കാരിൽ നിന്നോ വാങ്ങിയാലും ലൈസൻസ് ഇല്ലാതെ ആനക്കൊമ്പ് കൈവശം വച്ചാൽ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമുള്ള അറസ്റ്റോ മറ്റുനടപടികളോയെടുക്കണമെന്നിരിക്കെ, മോഹൻലാലിന്റെ കാര്യത്തിൽ അതൊന്നുമുണ്ടായില്ലെന്നും കേസിൽ പ്രതിയായ മോഹൻലാലിന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പുകൾ പിടിച്ചെടുക്കണമെന്നും, ആനക്കൊമ്പ് എവിടെ നിന്നു കിട്ടി തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണമെന്നുമാണ് ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടിരുന്നത്.

കേസിൽ മോഹൻലാൽ അകപ്പെട്ടപ്പോൾ അന്നത്തെ വനം, സിനിമ മന്ത്രിയായിരുന്ന കെ.ബി.ഗണേശ്കുമാർ മോഹൻലാലിനെ രക്ഷിക്കാൻ പുറത്തിറങ്ങിയിരുന്നു. ലൈസൻസില്ലാത്ത ആനക്കൊമ്പുകൾ സ്വയമേവ വനംവകുപ്പിൽ സറണ്ടർ ചെയ്താൽ കേസ് എടുക്കില്ല എന്നൊരു നിയമം കൊണ്ടു വരാനായിരുന്നു ശ്രമിച്ചത്. സംസ്ഥാനത്തിന് മാത്രം ഇത്തരമൊരു നിയമം കൊണ്ടുവരാൻ കഴിയാത്തതിനാൽ ഇതിന്റെ ബിൽ അന്നത്തെ കേന്ദ്ര വൈൽഡ് ലൈഫ് മന്ത്രി ജയന്തി നടേശന് അയച്ചു കൊടുത്തിരുന്നു. അവർ ആ നിർദ്ദേശം തള്ളിയതിനാൽ നിയമം കൊണ്ടുവരാൻ കഴിഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP