Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഒമ്പതായി; തൃശ്ശൂർ സ്വദേശി അദീബ് അഹമ്മദ് ഇന്ന് മരിച്ചത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ; പ്രതിസന്ധിയെ തുടർന്ന് പല പ്രവാസികളും ഒമാനിൽ നിന്നും മടങ്ങിപ്പോകുകയാണെന്ന് സ്ഥിതിവിവര മന്ത്രാലയം

ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഒമ്പതായി; തൃശ്ശൂർ സ്വദേശി അദീബ് അഹമ്മദ് ഇന്ന് മരിച്ചത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ; പ്രതിസന്ധിയെ തുടർന്ന് പല പ്രവാസികളും ഒമാനിൽ നിന്നും മടങ്ങിപ്പോകുകയാണെന്ന് സ്ഥിതിവിവര മന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

മസ്കറ്റ്: കോവിഡ് ബാധിച്ച് ഒമാനിൽ ഇതുവരെ മരിച്ചത് ഒമ്പത് മലയാളികൾ. തൃശൂർ വലപ്പാട് സ്വദേശി മനയിൽ ചെറിയ പുരയിൽ അദീബ് അഹമ്മദ്(60) ഇന്ന് രാവിലെയാണ് മരിച്ചത്. മസ്‌കറ്റിലെ ഒരു സ്വകാര്യ ആശുപതിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണമടഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്ന അദീബ് അഹമ്മദ് ഗൾഫാർ ഇഞ്ചനിയറിങ് കമ്പനിയിലെ മുതിർന്ന ജീവനക്കാരനായിരുന്നു.

കഴിഞ്ഞ 35 വർഷമായി ഒമാനിൽ താമസിക്കുകയായിരുന്ന ഇദ്ദേഹം അടുത്ത നവംബറിൽ വിരമിക്കാനിരിക്കുകയായിരുന്നു. ബെംഗളൂരുവിനടുത്ത് തുംകൂരിലാണ് ഇദ്ദേഹം കുടുംബ സമേതം സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഭാര്യയും മകനും മകളും മസ്കറ്റിൽ ഉണ്ട്. കോവിഡ് ബാധിച്ച് ഒമാനിൽ മരണപ്പെടുന്ന ഒൻപതാമത്തെ മലയാളിയാണ് അദീബ് അഹമ്മദ്.

കഴിഞ്ഞ ദിവസം 905 പേർക്ക്​ കൂടി ഒമാനിൽ കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 29,471 ആയി. 2804 പേർക്കാണ്​ രോഗപരിശോധന നടത്തിയത്​. പുതിയ രോഗികളിൽ 503 പേർ പ്രവാസികളും 402 പേർ സ്വദേശികളുമാണ്​. 772 പേർക്ക്​ കൂടി രോഗം ഭേദമായിട്ടുണ്ട്​. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 15552 ആയി. മൂന്ന്​ പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 131 ആയി ഉയരുകയും ചെയ്​തു.

13788 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. 33 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 396 ആയി. ഇതിൽ 101 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. പുതിയ രോഗികളിൽ 608 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 21158 ആയി. 11290 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​. മരണപ്പെട്ടതിൽ 96 പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​.

അതിനിടെ കോവിഡ് പ്രതിസന്ധിയെ തുടർന്ന് പല പ്രവാസികളും ഒമാനിൽ നിന്നും മടങ്ങിപ്പോകുകയാണ്. 2020 മാർച്ച് മുതൽ മെയ് വരെ ഒമാനിൽ 39862 പ്രവാസികൾ കുറഞ്ഞതായി ഒമാൻ ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നു. 2020 മാർച്ചിൽ പ്രവാസി തൊഴിലാളികളുടെ എണ്ണം ഒമാനിൽ 1,662,113 ആയിരുന്നു. 2020 മെയ് അവസാനത്തോടെ 1,622,251 ആയി കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഒമാനിൽ നിന്നും മടങ്ങിയ പ്രവാസികളിൽ 33,352 പേർ സ്വകാര്യസ്ഥാപനങ്ങളിലും 564 ജീവനക്കാർ സർക്കാർ മേഖലയിലും 5,956 പേർ ഗാർഹിക രംഗത്തും പുറമെ കൃഷിയിടങ്ങളിലും തൊഴിലെടുക്കുന്നവരായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ മേഖലകളും പ്രതിസന്ധിയിലായതു മൂലം കഴിഞ്ഞ രണ്ട് മാസമായി ഒമാനിൽ നിന്നും ധാരാളം വിദേശികളാണ് തൊഴിൽ നഷ്ടപ്പെട്ടും മറ്റും തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങിയത്. കഴിഞ്ഞ 44 ദിവസങ്ങളിൽ 83 വിമാനങ്ങളിലായി 15033 ഇന്ത്യക്കാരും ഒമാനിൽ നിന്നും മടങ്ങുകയുണ്ടായി. അതോടൊപ്പം പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെയും മടക്കയാത്രകൾ പുരോഗമിച്ചു വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP