Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്തിന് ആശങ്കയായി കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 15,183പേർക്ക്; ഡൽഹിയിലും മുംബൈയിലും കർണാടകയിലും തെലങ്കാനയിലും കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മുംബൈയിൽ 1,000 കോവിഡ് രോഗികളെ കാണാനില്ല

രാജ്യത്തിന് ആശങ്കയായി കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 15,183പേർക്ക്; ഡൽഹിയിലും മുംബൈയിലും കർണാടകയിലും തെലങ്കാനയിലും കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മുംബൈയിൽ 1,000 കോവിഡ് രോഗികളെ കാണാനില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് വർദ്ധിക്കുന്നു. 24 മണിക്കൂറിനിടെ 15,183പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആദ്യമായാണ് ഒരു ദിവസം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,26,910 ആയി. ഞായറാഴ്ച 426 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 13,703 ആയി. 2,27,755 പേർക്കു രോഗം ഭേദമായെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ഇതോടെ രോഗമുക്തിനിരക്ക് 55.49 ശതമാനമായി. 1,73,033 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

രാജ്യത്ത് കോവിഡ് മുക്തി നേടിയവരുടെ നിരക്ക് 55.49% ആയെന്ന് ആരോഗ്യമന്ത്രാലയം. നിലവിലെ രോഗികളുടെ എണ്ണത്തേക്കാൾ അര ലക്ഷത്തിലേറെ പേർ രോഗമുക്തരായി. ഇതുവരെ 2.35 ലക്ഷത്തോളം പേരാണ് രോഗമുക്തി നേടിയത്. അതേസമയം ഡൽഹിയിലും മുംബൈയിലും കർണാടകയിലും തെലങ്കാനയിലും എല്ലാം കോവിഡ് വ്യാപനം രൂക്ഷമാകുന്ന കാഴ്ചയാണ്.

മുംബൈയിൽ 1000 കോവിഡ് രോഗികളെ കാണാനില്ല
മുംബൈയിൽ 1,000 രോഗികളെ കണ്ടെത്താൻ കഴിയാത്തതിൽ ആശങ്ക. കോവിഡ് പെരുകുന്നതിനിടെ, പരിശോധനാ കേന്ദ്രത്തിൽ കൃത്യമായ വിലാസം നൽകാത്തതാണുരോഗികളെ കണ്ടെത്താൻ കഴിയാത്തതിനു കാരണമെന്നു മുംബൈ കോർപറേഷൻ പറയുന്നു. ചിലരാകട്ടെ, പോസീറ്റിവാണന്ന് അറിയുമ്പോൾ മുങ്ങുകയാണ്. പുതുതായിയ 3,870 പേരിൽ കൂടി രോഗ ബാധ കണ്ടെത്തിയതോടെ മഹാരാഷ്ട്രയിലെ കോവിഡ് ബാധിതർ 1,32,075 ആയി. ഇന്നലെ 101 പേർ മരിച്ചതോടെ മൊത്തം മരണം 6,085 ആയി. കോവിഡ് ബാധിച്ച പൊലീകാർ 40,28 ആയി. 47 പേർ മരിച്ചു.

തമിഴ്‌നാട്ടിൽ ഇന്നലെ 2,532 പേർക്കു കോവിഡ്
തമിഴ്‌നാട്ടിൽ കേരളത്തിൽ നിന്നെത്തിയ 16 പേരുൾപ്പെടെ ഇന്ന് 2,532 പേർക്കു കോവിഡ്. ആകെ രോഗികൾ 59,377. ഇതിൽ, 41,172 പേരും ചെന്നൈയിലാണ്. ഇന്നലെ 53 പേർ കൂടി മരിച്ചതോടെ ആകെ മരണം 757 ആയി. ഇതിൽ 601 മരണവും ചെന്നൈയിൽ. കേരളത്തിൽ നിന്നെത്തിയ 60 പേർക്കാണിതുവരെ തമിഴ്‌നാട്ടിൽ രോഗബാധ. ഡിഎംകെ എംഎൽഎ വസന്ത് കാർത്തികേയനും (43) കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി കെ.പി. അൻപഴകൻ, എംഎൽഎ കെ.പളനി എന്നിവർ ചികിൽസയിൽ തുടരുന്നു. ഡിഎംകെ എംഎൽഎ ജെ. അൻപഴകൻ കോവിഡ് ബാധിച്ചു മരിച്ചതു ദിവസങ്ങൾക്കു മുൻപാണ്.

കർണാടകയിൽ 9000 കടന്നു
കർണാടകയിൽ കോവിഡ് ബാധിതരുട എണ്ണം 9000 കടന്നു. ഇന്നലെ പുതുതായി 453 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 9150 ആയി. ബെംഗളുരുവിൽ കോവിഡ് പടർന്നു പിടിക്കുന്നതായാണ് കഴിഞ്ഞ അഞ്ചു ദിവസത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. ബെംഗളുരുവിൽ മാത്രം ഇന്ന് 196 പേർക്ക് വൈറസ് ബാധ കണ്ടെത്തി.

ഉറവിടം അറിയാത്ത നിരവധി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ് തലസ്ഥാന നഗരത്തിൽ നിന്നും. ഇതുവരെ ബെംഗളുരുവിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട 1272പേരിൽ 411പേർ രോഗമുക്തി നേടിയതോടെ 796പേരാണ് ചികിത്സ തുടരുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പ്രതിരോധ ശേഷി കുറഞ്ഞു പോകുന്ന മറ്റു രോഗങ്ങൾ ഉള്ളവർ തുടങ്ങിയവർ എളുപ്പത്തിൽ ബെംഗളുരുവിൽ കോവിഡ് പോസറ്റീവ് ആകുന്നതായാണ് കാണുന്നത്.

കർണാടകയിൽ ഇന്ന് വിവിധ കോവിഡ് ആശുപത്രികളിൽ നിന്ന് 225പേർ രോഗ മുക്തി നേടി. ഇതുവരെ 5618പേർ ആശുപത്രി വിട്ടതോടെ നിലവിൽ 3391പേരാണ് ചികിത്സയിലുള്ളത്. ബെംഗളുരുവിൽ മൂന്നും ബീദറിൽ രണ്ടുമടക്കം 5 മരണങ്ങൾ കൂടി നടന്നതോടെ സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ 137 ആയി. ഇന്ന് 11,988 കോവിഡ് പരിശോധനകൾ നെഗറ്റീവ് ആയി. 12872 പുതിയ സാമ്പിളുകൾ ഞായറാഴ്ച പരിശോധനക്ക് ശേഖരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ഡൽഹിയിൽ ഇന്നലെ 3000 പേർക്ക് കൂടി കോവിഡ്
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് മൂവായിരം പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 59,746 ആയി. ഇന്ന് കോവിഡ്-19 മൂലം 63 പേർ മരിച്ചു. ഇതോടെ ഡൽഹിയിൽ കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 2,175 ആയി. ഇതുവരെ 33,013 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം ഡൽഹിയിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് യോഗം വിളിച്ചുചേർത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. വീഡിയോ കോൺഫറൻസ് മുഖാന്തരം നടന്ന യോഗത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവരും പങ്കെടുത്തു.

തെലങ്കാനയിലും കോവിഡ് പടരുന്നു
ഹൈദരാബാദ്: തെലങ്കാനയിൽലും കോവിഡ് പടരുന്നു. ഞായറാഴ്ച മാത്രം 730 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ഏറ്റവും കൂടുതൽ കേസുകളാണ് ഇത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7802 ആയി. ഇന്നലെ ഏഴ് പേരാണ് മരിച്ചത്. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 210 ആയി.

ഹൈദരാബാദിൽ മാത്രം 659പേർക്ക് വൈറസ് ബാധയേറ്റു. ഗ്രെയ്റ്റർ ഹൈദ്രബാദ് മുൻസിപ്പൽ കോർപറേഷൻ പരിധിയിലാണ് കോവിഡ് വ്യാപനം തീവ്രമായിരിക്കുന്നത്. ഹൈദരാബാദിന് പുറമെ ജൻഗൗൻ (34)രംഗറെഡ്ഢി (10)മേച്ചൽ (9)തുടങ്ങി 13 ജില്ലകളിലും കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 3, 731പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.

ഗുജറാത്തിൽ കോവിഡ് രോഗികൾ സ്വകാര്യ ആശുപത്രികളിലേക്ക്
അഹമ്മദാബാദ്: ഗുജറാത്തിൽ സ്വകാര്യ മേഖല കോവിഡ് രോഗികളിൽ പിടിമുറുക്കുന്നു. സർക്കാർ നയത്തെ കൂട്ടുപിടിച്ചാണ് സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളിൽ പിടിമുറുക്കുന്നത്. കോവിഡ് ഹോട്സ്‌പോട്ടായ അഹമ്മദാബാദിൽ സർക്കാർ ആശുപത്രികളിലെ കിടക്കകളിൽ 1500 എണ്ണം കാലി. കനത്ത ഫീസ് ഈടാക്കുന്ന സ്വകാര്യാശുപത്രികളിൽ ചികിത്സയിലുള്ളത് 1432 പേർ. ഇവയിലും പണം മുടക്കുന്നത് കോർപ്പറേഷൻതന്നെ. സ്വകാര്യമേഖലയ്ക്ക് മേൽക്കൈ നൽകുന്നതാണ് ഗുജറാത്തിലെ 50:50 ചികിത്സാ സമ്പ്രദായം.

സർക്കാർ ആശുപത്രികളിലെ കോവിഡ് ചികിത്സ ഹൈക്കോടതിയുടെവരെ വിമർശനത്തിനിരയായപ്പോൾ കൊണ്ടുവന്നതാണ് 50:50 പരിപാടി. കോവിഡ് രോഗികൾക്കായി സ്വകാര്യ ആശുപത്രികൾ മാറ്റിവെക്കുന്ന കിടക്കകളിൽ പകുതിയെണ്ണത്തിന്റെ പണം കോർപ്പറേഷൻ നൽകും. സർക്കാർ ആശുപത്രികളിൽനിന്ന് റഫർ ചെയ്യുന്ന രോഗികളെയാണ് കോർപ്പറേഷന്റെ ചെലവിൽ സ്വകാര്യാശുപത്രികളിൽ ചികിത്സിക്കുക. സ്വകാര്യാശുപത്രിയിൽ നേരിട്ടെത്തുന്ന രോഗികൾ പണം നൽകേണ്ടി വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP