Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവതികളെ വിളിച്ചിറക്കി കൊണ്ടുപോയത് വിവാഹം കഴിക്കാമെന്ന ഉറപ്പിൽ; ലൈം​ഗിക ബന്ധത്തിന് ശേഷം സയനൈഡ് നൽകിയത് ​ഗർഭ നിരോധന ​ഗുളികയെന്ന് വിശ്വസിപ്പിച്ചും; സീരിയൽ കില്ലർ സയനൈഡ് മോഹൻ ഇരുപതാമത്തെ കേസിലും കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വിധിക്കുക ജൂൺ 24ന്

യുവതികളെ വിളിച്ചിറക്കി കൊണ്ടുപോയത് വിവാഹം കഴിക്കാമെന്ന ഉറപ്പിൽ; ലൈം​ഗിക ബന്ധത്തിന് ശേഷം സയനൈഡ് നൽകിയത് ​ഗർഭ നിരോധന ​ഗുളികയെന്ന് വിശ്വസിപ്പിച്ചും; സീരിയൽ കില്ലർ സയനൈഡ് മോഹൻ ഇരുപതാമത്തെ കേസിലും കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വിധിക്കുക ജൂൺ 24ന്

മറുനാടൻ മലയാളി ബ്യൂറോ

മംഗളൂരു: സീരിയൽ കില്ലർ സയനൈഡ് മോഹനനെതിരെ രജിസ്റ്റർ ചെയ്ത ഇരുപതാമത്തെ കേസിലും കുറ്റക്കാരനെന്ന് കോടതി. 2009ൽ യുവതിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ ജൂൺ 24ന് ശിക്ഷ വിധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ അഞ്ച് കൊലപാതക കേസുകളിൽ മോഹനന് കോടതി വധശിക്ഷയും മൂന്ന് കേസുകളിൽ ജീവപര്യന്തവും വിധിച്ചിരുന്നു. വധശിക്ഷയിൽ രണ്ടെണ്ണം പിന്നീട് ജീവപര്യന്തമാക്കി മാറ്റി.

കാസർകോടുള്ള ലേഡീസ് ഹോസ്റ്റലിൽ പാചകക്കാരിയായി ജോലി ചെയ്തിരുന്ന 25 കാരിയെയാണ് മോഹൻ കൊലപ്പെടുത്തിയത്. മോഹനുമായി ഇവർ 2009 ൽ ആണ് പരിചയപ്പെടുന്നത്. മൂന്നിലേറെ തവണ മോഹൻ ഈ യുവതിയുടെ വീട് സന്ദർശിച്ചിരുന്നു. വിവാഹം കഴിക്കാമെന്ന് മോഹൻ വാഗ്ദാനവും നൽകി. എന്നാൽ 2009 ജൂലൈ എട്ടിന് ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ യുവതി മോഹനോടൊപ്പം ബെംഗളുരുവിലേക്ക് പോയി. പിന്നീട് തങ്ങൾ വിവാഹിതരാണെന്നും ഉടനെ നാട്ടിലേക്ക് വരുമെന്നും വീട്ടുകാരെ വിളിച്ചറിയിച്ചു.

ബെംഗളുരുവിലെത്തിയ മോഹൻ ലോഡ്ജിൽ മുറിയെടുത്ത് യുവതിയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടു. പിറ്റേദിവസം നാട്ടിലേക്ക് മടങ്ങുംമുമ്പ് ആഭരണങ്ങൾ ലോഡ്ജിൽ അഴിച്ചുവെയ്ക്കാൻ യുവതിയോട് ആവശ്യപ്പെട്ടു. പിന്നീട് ഇരുവരും ബസ് സ്റ്റാൻഡിലെത്തി. ഇവിടെ വെച്ച് ഗർഭ നിരോധന ഗുളികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിക്ക് സയനൈഡ് നൽകിയ ശേഷം മോഹൻ സ്ഥലം വിട്ടു. സയനൈഡ് കഴിച്ച ഉടനെ കുഴഞ്ഞുവീണ യുവതിയെ ഒരു കോൺസ്റ്റബിളാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും യുവതി മരിച്ചിരുന്നു.

വിവാഹവാഗ്ദാനം നൽകി യുവതികളെ വശീകരിച്ച് ഹോട്ടലുകളിൽ കൊണ്ടുപോയി താമസിപ്പിച്ച് ലൈംഗികബന്ധത്തിനുശേഷം സയനൈഡ് നൽകി കൊന്ന് ആഭരണങ്ങൾ കവരുകയായിരുന്നു ഇയാളുടെ രീതി. ഗർഭനിരോധന ഗുളിക എന്ന വ്യാജേനയാണ് യുവതികൾക്ക് സയനൈഡ് നൽകിയിരുന്നത്. കേരള, കർണാടക സ്വദേശികളായ 20 യുവതികളെയാണ് ഇയാൾ ഇത്തരത്തിൽ കൊലപ്പെടുത്തിയത്.

ദക്ഷിണകന്നഡയിൽ ഉൾപ്പെട്ട ജില്ലയിലെ ബന്ത്വൽ സ്വദേശിയാണ് മോഹൻ കുമാർ. ഇവിടെയുള്ള ഒരു പ്രൈമറി സ്‌കൂളിൽ ഫിസിക്കൽ എഡുക്കേഷൻ അദ്ധ്യപകനുമായിരുന്നു. അതിന് ശേഷമാണ് പല പേരുകളിൽ പല നാടുകളിൽ പല ജോലിക്കാരനായി കൊലപാതകങ്ങൾ നടപ്പിലാക്കിയത്. ബരിമാരു ഗ്രാമവാസിയായിരുന്ന 22കാരിയായ അനിതയെ കാണാതായ കേസിലെ അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. അനിതയുടെ ഫോണിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് മുൻപ് ഉപയോഗിച്ചിരുന്നത് മോഹനാണെന്ന് കണ്ടെത്തുന്നത്. ഇരുവരും തമ്മിൽ നിരവധി തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും വ്യക്തമായതോടെ മോഹനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആദ്യം പിടിക്കപ്പെട്ടപ്പോൾ തന്നെ മോഹൻ, അയാൾ കൊലപ്പെടുത്തിയ 18 കേസുകളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനോട് പറഞ്ഞിരുന്നു. തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ മറ്റ് രണ്ട് കേസുകൾ കൂടി തെളിഞ്ഞു. കോടതികളിൽ നിന്നും വധശിക്ഷയടക്കം ആയുസ്സിൽ അനുഭവിച്ചുതീർക്കാൻ സാധിക്കാത്തത്ര ജീവപര്യന്തം തടവിന് ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

മോഹൻ കൊലപ്പെടുത്തിയ 18 യുവതികളിൽ നാല് പേർ പ്രതിയുടെ നാടായ ബന്ത്വൽ താലൂക്കിലെയും രണ്ട് പേർ സുള്ള്യയിലെയും മൂന്ന് പേർ പുത്തൂറിലെയും ഒരാൾ മൂഡബിദ്രിയിലെയും രണ്ട് പേർ ബൽത്തങ്ങാടിയിലെയും ഒരാൾ മംഗലുരുവിലെയും നിവാസികളായിരുന്നു. ഇതിൽ പത്തുകൊലപാതകങ്ങൾ നടന്നത് മൈസുരു ബസ് സ്റ്റാന്റിലാണ്. മൂന്ന് പേരെ മടിക്കേരി ബസ് സ്റ്റാന്റിലും രണ്ട് പേരെ ഹാസ്സൻ ബസ് സ്റ്റാന്റിലും രണ്ട് പേരെ ബെംഗലുരുവിലെ ബസ് സ്റ്റാന്റിലും മറ്റൊരാളെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും കൊലപ്പെടുത്തി.

മധ്യവർഗത്തിൽ പെട്ട താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിൽ നിന്നുള്ള യുവതികളെയാണ് നോട്ടമിടുക. ബസ്സ്‌റ്റോപ്പുകളിലും മറ്റും അവരുമായി ചങ്ങാത്തത്തിലാകും, പതിയെ അടുത്ത് വിവാഹ വാഗ്ദാനം നടത്തും. സ്ത്രീധനം വേണ്ടെന്ന് ആദ്യമേ പറയും. ദൂരെ എവിടെയെങ്കിലും പോയി ജീവിക്കാമെന്ന് പറയും. 12 ഓളം പേരുകൾ ഇയാൾ ഉപയോഗിച്ചിരുന്നു. ഇരയുടെ അതേ ജാതിയിൽ പെട്ടതാണെന്ന് കാട്ടാൻ ഇതേ സർനെയിം ഉപയോഗിക്കും, ഏതെങ്കിലും ഒരു ചെറിയ ലോഡ്ജിൽ എത്തിച്ച ശേഷം യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടും. കല്യാണത്തലേന്നായിരിക്കും അതും. ഈ പ്രദേശങ്ങളിൽ സ്ത്രീധനം ചോദിക്കാതിരിക്കുക വലിയ കാര്യമാണ്. അതുകൊണ്ട് തന്നെ മോഹനനെ പോലുള്ളവർ വന്ന വിളിച്ചാൽ, യുവതികൾ ഇറങ്ങിപ്പോരുന്ന സാഹചര്യമാണ്. തങ്ങൾക്കുള്ള നല്ല വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം എടുത്ത് അവർ പുറത്തിറങ്ങും. മോഹന്റെ ഇരകളിൽ ഒരാളായ സുനന്ദ പൂജാരി ഒളിച്ചോടും മുമ്പ് 25,000 രൂപയുടെ ബാങ്ക് വായ്പയും എടുത്തിരുന്നു.

അതീവ ബുദ്ധിമാനെങ്കിലും സയനൈഡ് മോഹനും ചില പിഴവുകൾ പറ്റി. പല തെളിവുകളും ഇയാൾ അവശേഷിപ്പിച്ചു. ലോഡ്ജുകളിൽ ചെക്ക് ഇൻ ചെയ്യാൻ പല പേരുകൾ നൽകിയെങ്കിലും മേൽവിലാസം ഒന്നുതന്നെയായിരുന്നു.

എല്ലാ മരണങ്ങളും സയനൈഡ് ഉള്ളിൽ ചെന്ന്

എല്ലാ മരണങ്ങളും സയനൈഡ് ഉള്ളിൽ ചെന്നായിട്ടും ആറു വർഷത്തോളം പൊലീസുകാർ അതേപ്പറ്റി അന്വേഷിച്ചില്ല. സയനൈഡ് എന്നത് ആത്മഹത്യക്ക് അങ്ങനെ പതിവായി ഉപയോഗിക്കാത്ത, അത്ര എളുപ്പം സ്ത്രീകൾക്ക് കിട്ടാത്ത ഒരു വിഷമായിരുന്നിട്ടുകൂടി അന്വേഷണങ്ങളുണ്ടായില്ല. പത്തൊമ്പതാമത്തെ ഇര, അനിത ബാരിമാർ കൊല്ലപ്പെട്ടതോടെയാണ് അന്വേഷണം ചൂടുപിടിക്കുന്നത്. അതിനു കാരണമാകുന്നത് ഒരു വർഗീയ കലാപത്തിന്റെ പടപ്പുറപ്പാടും. ബാംഗെറാ സമുദായാംഗമായിരുന്നു അനിത. ഒരു സുപ്രഭാതത്തിൽ കാണാതായ അനിത ഒളിച്ചോടിയത് പ്രദേശത്തെ ഒരു മുസ്ലിം യുവാവുമായാണ് എന്നാരോപിച്ച് സംഗതി ഒരു ലഹളയുടെ വക്കുവരെ എത്തി. ബാംഗെറകൾ സംഘടിച്ച് പൊലീസ് സ്റ്റേഷൻ വളയുകയും, സ്റ്റേഷന് തീയിടും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തല്ക്കാലം ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ട് പൊലീസുകാർ അവരെ മടക്കിയയച്ചു. എന്തായാലും, അന്വേഷണം അതോടെ ചൂടുപിടിച്ചു.

പൊലീസ് അനിതയുടെ കാൾ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. കാണാതാവുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ അനിത രാത്രി ഏറെ വൈകിയും ഒരു അജ്ഞാത നമ്പറിലേക്ക് വിളിച്ച് മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു. ഈ നമ്പർ ട്രേസ് ചെയ്തു വന്നതോടെ പൊലീസ് വീണ്ടും കുഴങ്ങി. അത് കാവേരി മങ്കു എന്ന മടിക്കേരി സ്വദേശിയായ ഒരു യുവതിയുടേതായിരുന്നു. ആ യുവതിയെയും മാസങ്ങളായി കാണ്മാനില്ല എന്നതായിരുന്നു പൊലീസിനെ കൂടുതൽ സംശയത്തിലാക്കിയത്. പൊലീസ് അടുത്തതായി പരിശോധിച്ചത് ആ നമ്പറിന്റെ കോൾ റെക്കോർഡുകളാണ്. അതിൽ, കാവേരിയുടെ കുടുംബക്കാർക്ക് അറിയാത്ത ഒരു നമ്പറിൽ നിന്ന് നിരവധി കോളുകൾ വന്നതായി കണ്ടു. ഈ നമ്പറാകട്ടെ കാസർകോട് സ്വദേശി പുഷ്പ വാസുകോടയുടേതായിരുന്നു. അതും മാസങ്ങളായി കാണ്മാനില്ലാത്ത ഒരു യുവതി. അതിലെ കോൾ റെക്കോർഡുകൾ പൊലീസിനെ കാണാതായ മറ്റൊരു യുവതി, വിനുത പിജിന എന്ന പുത്തൂർ സ്വദേശിയിലേക്കെത്തിച്ചു. അങ്ങനെ ആ ലീഡുകൾ ഒന്നിന് പിറകെ ഒന്നായി കാണ്മാനില്ലാത്ത പല യുവതികളിലേക്കും നീണ്ടു.

അതോടെ പൊലീസിന് ഒരു കാര്യം ബോധ്യമായി. ഇത് ഒരു 'സീരിയൽ കില്ലിങ്ങ്' ആണ്. അതോടെ സൈബർ അനലിറ്റിക്സ് വിങ്ങിന്റെ സഹായം പൊലീസ് തേടി. അതുവരെ ലഭ്യമായ സകല കോൾ റെക്കോർഡുകളും ഒന്നിച്ചു ചേർത്ത് ശാസ്ത്രീയമായ വിശകലനങ്ങൾ നടത്താൻ പൊലീസ് തയ്യാറായി. അതിൽ നിന്നാണ് നിർണായകമായ മറ്റൊരു വിവരം പൊലീസിന് കിട്ടുന്നത്. ഈ സിമ്മുകൾ എല്ലാം തന്നെ എന്നെങ്കിലും ഒരിക്കൽ മംഗളൂരുവിന് അടുത്തുള്ള ദേരളകട്ട എന്ന പട്ടണത്തിൽ വെച്ച് ആക്റ്റീവ് ആയിരുന്നു. അതോടെ പൊലീസ് പല സംഘങ്ങളായി പിരിഞ്ഞ് ദേരളകട്ടയിലെ സകല ലോഡ്ജുകളും കേറിയിറങ്ങി പരിശോധിച്ചു.

ആ ഘട്ടത്തിൽ പൊലീസ് കരുതിയത് അത് ഏതോ ഒരു 'പ്രോസ്റ്റിട്യൂഷൻ റാക്കറ്റ്' ആണെന്നായിരുന്നു. അതായിരുന്നു അവരുടെ ഹോട്ടൽ റെയ്ഡുകൾക്ക് പിന്നിലെ പ്രേരണ. ആ റെയ്ഡുകൾ പുരോഗമിക്കെ പൊലീസിന് സൈബർ സെല്ലിൽ നിന്ന് ഏറെ നിർണായകമായ ഒരു വിവരം കിട്ടുന്നു. മേൽപ്പറഞ്ഞ സിമ്മുകളിൽ ഒന്ന്, കാവേരിയുടെ ഫോൺ, ഏതാനും നിമിഷങ്ങൾക്ക് മുമ്പ്, ദേരളകട്ടയിൽ വെച്ച് ആക്റ്റീവ് ആയിട്ടുണ്ട്. ആ വിവരത്തെ പിന്തുടർന്ന് ചെന്ന പൊലീസ് പിടികൂടിയത്, ധനുഷ് എന്ന ഒരു ചെറുപ്പക്കാരനെയാണ്.

പൊലീസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ വിരണ്ടുപോയ ആ പയ്യൻ, തനിക്ക് കാണാതായ യുവതികളെപ്പറ്റി യാതൊന്നുമറിയില്ല എന്ന് വ്യക്തമാക്കി. ആ ഫോണും സിമ്മും തനിക്ക് തന്റെ അമ്മാവനായ മോഹൻ കുമാർ എന്ന മോഹൻ മാസ്റ്റർ തന്നതാണ് എന്നും അവൻ പൊലീസിനോട് പറഞ്ഞു. അതോടെ, ഒന്നുകിൽ ഒരു മാംസക്കച്ചവടറാക്കറ്റ്, അല്ലെങ്കിൽ ഒരു സീരിയൽ കില്ലർ. രണ്ടിലൊന്നിന്റെ തൊട്ടടുത്ത് തങ്ങളെത്തി എന്ന് പൊലീസിന് ഉറപ്പായി. അത് രണ്ടാമത്തേതായിരുന്നു. ഒരു സീരിയൽ കില്ലർ. മോഹൻ മാസ്റ്റർ എന്ന സീരിയൽ കില്ലർ. ആ സമയത്ത് പുതുതായി പരിചയപ്പെട്ട യുവതിയുമായുള്ള പ്രണയഭാഷണങ്ങളിൽ മുഴുകിയിരിക്കുകയായിരുന്ന മോഹൻ കുമാറിനെ പൊലീസ് സ്റ്റേഷനിലേക്ക് മറ്റൊരു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എന്ന ഭാവേന വിളിച്ചു വരുത്തി, അറസ്റ്റുചെയ്തു.

കുടുക്കിയതും യുവതി തന്നെ

മോഹൻ കുമാറിന്റെ മരണ വലയിൽ നിന്നും കഷ്ടിച്ചു രക്ഷപെട്ട ഒരു യുവതിയാണ് ഇയാളെ കുടുക്കാൻ പൊലീസിനെ സഹായിച്ചത്. വിവാഹം വാഗ്ദാനം ചെയ്ത്, പ്രലോഭിപ്പിച്ച് മടിക്കേരിയിലെ ഒരു ലോഡ്ജിലെത്തിച്ച ആ യുവതിയെ മോഹൻ കുമാർ ഉപയോഗിച്ചു. പതിവു പോലെ ബസ്റ്റാൻഡിൽ എത്തിച്ച ശേഷം ഗുളിക നൽകി, സ്റ്റാൻഡിലെ മൂത്രപ്പുരയിലേക്ക് പറഞ്ഞു വിട്ടു. എന്നാൽ ഗുളിക വിഴുങ്ങുന്നതിനു പകരം അവൾ അതിലൊന്നു നക്കുക മാത്രമേ ചെയ്തുള്ളു. ഉടൻ നിലത്തു വീണു. എന്നാൽ ഭാഗ്യവശാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അവൾ രക്ഷപെട്ടു. ആത്മഹത്യാ ശ്രമം എന്നായിരുന്നു ആശുപത്രിയിൽ യുവതി പറഞ്ഞിരുന്നത്. തുടർന്ന് ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ നാട്ടിൽ തിരികെയെത്തി. മൂന്നു മാസങ്ങൾക്കു ശേഷം അവളുടെ വിവാഹവും നടന്നു. കേസിന്റെ പ്രധാന്യം ബോധ്യപ്പെടുത്തിയതോടെ മോഹൻ കുമാറിനെതിരെ മൊഴി നൽകാൻ യുവതി തയാറതോടെ സീരിയൽ കില്ലർ അഴിക്കുള്ളിലായി.

2009 ൽ ദേരലകട്ട ഗ്രാമത്തിൽ നിന്ന് മൂന്നാം ഭാര്യ ശ്രീദേവി റായിയുടെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സയനൈഡിന്റെ വയലുകൾ അവിടെ നിന്ന് കണ്ടെടുത്ത്. വ്യാജ ഐഡി കാർഡുകൾ, വിസിറ്റിങ് കാർഡുകൾ വ്യാജ സർക്കാർ സീലുകൾ, റബർ സ്റ്റാമ്പുകൾ, സ്വർണാഭരണങ്ങൾ, മൊബൈലുകൾ എന്നിവയെല്ലാം കണ്ടെടുത്തു. താൻ സമീപിച്ച സ്തീകളുടെയും പേരുകൾ അടങ്ങിയ ഡയറിയും ഇയാൾ സൂക്ഷിച്ചിരുന്നു. താൻ സമീപിച്ചിട്ട് വിജയിക്കാത്ത സ്ത്രീകളുടെ പേരുകൾ ഇയാൾ ചുവന്ന മഷിയിൽ രേഖപ്പെടുത്തി. 10 സ്ത്രീകളെ പരിചയപ്പെട്ടതിൽ രണ്ടെണ്ണത്തിലെങ്കിലും ഇയാൾ വിജയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP