Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മന്ത്രിയുടെ വാക്കുകളെല്ലാം പാഴ് വാക്കായി; ഓൺലൈൻ ക്ലാസ് തുടങ്ങി 20 ദിവസം പിന്നിടുമ്പോഴും കുട്ടികളുടെ കൈകളിൽ പാഠപുസ്തകം എത്തിയില്ല; പ്രതിഷേധ സമരവുമായി സ്കൂൾ മാനേജ്മെന്റുകളും; നാളെ ടെക്സ്റ്റ് ബുക്ക് ഓഫീസിന് മുന്നിൽ ധർണ നടത്തുമെന്ന് കെആർഎസ്എംഎ

മന്ത്രിയുടെ വാക്കുകളെല്ലാം പാഴ് വാക്കായി; ഓൺലൈൻ ക്ലാസ് തുടങ്ങി 20 ദിവസം പിന്നിടുമ്പോഴും കുട്ടികളുടെ കൈകളിൽ പാഠപുസ്തകം എത്തിയില്ല; പ്രതിഷേധ സമരവുമായി സ്കൂൾ മാനേജ്മെന്റുകളും; നാളെ ടെക്സ്റ്റ് ബുക്ക് ഓഫീസിന് മുന്നിൽ ധർണ നടത്തുമെന്ന് കെആർഎസ്എംഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകൾ തുടങ്ങി 20 ദിവസം പിന്നിട്ടിട്ടും സംസ്ഥാനത്തെ ഭൂരിപക്ഷം സ്കൂൾ കുട്ടികൾക്കും പാഠപുസ്തകം കൈയിൽ കിട്ടിയില്ല. ജൂണിന് മുമ്പേ പാഠപുസ്തകങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്ന വിദ്യാഭ്യാസ മന്ത്രിയും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ആഴ്‌ച്ചയിൽ അഞ്ച് ദിവസം അരമണിക്കൂർ മാത്രം ക്ലാസ് കിട്ടുകയും പാഠപുസ്തകം ഇല്ലാതിരിക്കുകയും ചെയ്യുന്നത് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം അവതാളത്തിലാക്കുമോ എന്ന ഭീതിയിലാണ് രക്ഷിതാക്കൾ. പാഠപുസ്തകം സമയ ബന്ധിതമായി വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് സമരത്തിന് ഒരുങ്ങുകയാണ് സ്കൂൾ മാനേജ്മെന്റുകൾ.

പാഠപുസ്തകങ്ങൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള അംഗീകൃത സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷന്റെ നേത്വത്തിൽ മാനേജർമാർ നാളെ ടെക്സറ്റ് ബുക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തുന്നു. നാളെ രാവിലെ തിരുവനന്തപുരം ടെക്സ്റ്റ് ബുക്ക് ഓഫീസിന് മുന്നിലും മറ്റന്നാൾ എല്ലാ ജില്ലകളിലും ടെക്സ്റ്റ്ബുക്ക് ഡിപ്പോകൾക്ക് മുന്നിലുമാണ് സമരം. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധ ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജിൻ കലാം, അബ്ദുൾ കലാം, ദിലീപ് സദനത്തിൽ എന്നിവർ സംസാരിക്കും.

ജനുവരിയിൽ തന്നെ ഇൻഡന്റ് നൽകി ഫെബ്രുവരി-മാർച്ച് മാസത്തോടെ പുസ്തകങ്ങളുടെ മുഴുവൻ തുകയും സ്കൂളുകൾ അടച്ചുകഴിഞ്ഞുവെന്ന് സ്കൂളുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇന്നേവരെ ഒരു അംഗീകൃത സ്കൂളിനും പാഠപുസ്തകം വിതരണം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തുന്ന വിക്ടേഴ്സ് ചാനൽ വഴിയും സ്കൂളുകൾ സ്വന്തം നിലക്ക് നടത്തുന്ന വാട്സാപ് ഓൺലൈൻ ക്ലാസുകളും ആരംഭിച്ചിച്ച് 20 ദിവസം പിന്നിട്ടിരിക്കുകയാണ്. സ്കൂളുകൾ എന്ന് തുറക്കും എന്ന് ഇനിയും വ്യക്തമായി പറയാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ വിദൂരവിദ്യാഭ്യാസ സംവിധാനത്തിൽ ഏറ്റവും അധികം ഗുണം ചെയ്യുന്ന പാഠപുസ്തകങ്ങൾ കുട്ടികളിൽ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിന് കഴിയുന്നില്ല. അഞ്ച് മാസം മുമ്പ് തന്നെ മുഴുവൻ പണവും അടച്ച സ്കൂളുകളോടാണ് സർക്കാർ ഈ നിലപാട് സ്വീകരിക്കുന്നത്. പാഠപുസ്തകങ്ങൾ സ്കൂളുകൾ തുറക്കുന്നതിന് മുന്നേ വിദ്യാലയങ്ങളിൽ എത്തിയെന്ന് പരസ്യം ചെയ്യുകയും അതേസമയം, ഭൂരിപക്ഷം വരുന്ന വിദ്യാർത്ഥികൾക്ക് പുസ്തകം അപ്രാപ്യമാകുകയും ചെയ്യുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ഇത് ഇനിയും അനുവദിച്ച് കൊടുക്കാനാകില്ലെന്ന് കെആർഎസ്എംഎ സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശ പറഞ്ഞു.

കേരള ബുക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റിയാണ് പാഠപുസ്തകങ്ങൾ തയാറാക്കി സ്കൂളുകളിലേക്ക് എത്തിക്കുന്നത്. ജൂൺ 20ന് അകം പുസ്തകങ്ങൾ സ്കൂളുകളിൽ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ജൂൺ 2ന് സൊസൈറ്റിയോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനമൊട്ടാകെ 2.82 കോടി പുസ്തകങ്ങൾ വേണ്ടിടത്ത് ജൂൺ ആദ്യ ആഴ്ചയിൽ പകുതി പുസ്തകങ്ങൾ മാത്രമാണു തയാറായത്. എന്നാൽ ഇതുപോലും നീതിയുക്തമായി വിതരണം ചെയ്യാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞില്ല.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് വിഭാഗം വിദ്യാലയങ്ങൾക്കാണ് കെപിബിഎസ് പുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നത്. സർക്കാർ സ്കൂളുകൾ, എയ്ഡഡ് സ്കൂളുകൾ, സർക്കാർ അംഗീകൃത സ്കൂളുകൾ എന്നിവയിൽ അംഗീകൃത സ്കൂളുകൾ മാത്രമാണ് പാഠപുസ്തകങ്ങൾ പണം നൽകി വാങ്ങുന്നത്. നാലോ അഞ്ചോ മാസം മുമ്പേ പണം മുൻകൂറായി നൽകുകയാണ് പതിവ്. എന്നാൽ, സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങൾക്ക് ഡിപ്പോ അധികൃതർ സൊസൈറ്റി വഴി പുസ്തകം എത്തിച്ച് നൽകും. അംഗീകൃത സ്കൂളുകൾ ഡിപ്പോകളിൽ നിന്ന് നേരിട്ട് വാങ്ങുകയുമാണ് ചെയ്യേണ്ടത്. സ്കൂളുകൾ ഡിപ്പോകളുമായി ബന്ധപ്പെടുമ്പോൾ പുസ്തകം എത്തിയിട്ടില്ല എന്നാണ് മറുപടി. സംസ്ഥാനത്ത് 1137 അംഗീകൃത സ്കൂളുകളിൽ പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ പഠനമാണ് പാഠപുസ്തകം ലഭിക്കാത്തതിനാൽ ഗുരുതരമായ പ്രതിസന്ധിയിൽ ആയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP