Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലായിൽ ചിഹ്നം നിഷേധിച്ച് തോൽപ്പിച്ച ജോസഫ് ഒരു ദയയും അർഹിക്കുന്നില്ലെന്ന നിലപാടിൽ ഉറച്ച് ജോസ് കെ മാണി; ബെന്നി ബെഹന്നാന്റെ അന്ത്യശാസനം നിരസിച്ചതോടെ കോട്ടയത്തെ ചൊല്ലിയുള്ള യുഡിഎഫിലെ കലഹം പൊട്ടിത്തെറിയിലേക്ക്; എത്രയും വേഗം ജോസിനെ പുറത്താക്കണമെന്ന് ജോസഫ്; പുറത്ത് പോവേണ്ടി വന്നാലും വിട്ടു വീഴ്ചയ്ക്കില്ലെന്ന് ജോസും; പിജെ ജോസഫ് പറയുന്നത് കോൺഗ്രസിലെ ഉള്ളിലിരുപ്പ്; കോട്ടയത്ത് കാര്യങ്ങൾ കടുകട്ടി

പാലായിൽ ചിഹ്നം നിഷേധിച്ച് തോൽപ്പിച്ച ജോസഫ് ഒരു ദയയും അർഹിക്കുന്നില്ലെന്ന നിലപാടിൽ ഉറച്ച് ജോസ് കെ മാണി; ബെന്നി ബെഹന്നാന്റെ അന്ത്യശാസനം നിരസിച്ചതോടെ കോട്ടയത്തെ ചൊല്ലിയുള്ള യുഡിഎഫിലെ കലഹം പൊട്ടിത്തെറിയിലേക്ക്; എത്രയും വേഗം ജോസിനെ പുറത്താക്കണമെന്ന് ജോസഫ്; പുറത്ത് പോവേണ്ടി വന്നാലും വിട്ടു വീഴ്ചയ്ക്കില്ലെന്ന് ജോസും; പിജെ ജോസഫ് പറയുന്നത് കോൺഗ്രസിലെ ഉള്ളിലിരുപ്പ്; കോട്ടയത്ത് കാര്യങ്ങൾ കടുകട്ടി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കെ എം മാണിയായിരുന്നു അഞ്ച് പതിറ്റാണ്ടോളം കോട്ടയത്തെ രാഷ്ട്രീയത്തിലെ പ്രധാനി. ഇത് അംഗീകരിക്കാൻ കോൺഗ്രസ് ഏറെ ബുദ്ധിമുട്ടിയിരുന്നു. അതുകൊണ്ട് തന്നെ മാണിയെ യുഡിഎഫിൽ നിന്ന് പുകച്ച് ചാടിക്കാനും തകർക്കാനുമാണ് ബാർ കോഴ ചർച്ചയാക്കിയത്. ഇതിന് പിന്നിലെ കോൺഗ്രസ് താൽപ്പര്യം പല ഘട്ടത്തിലും മറ നീക്കി പുറത്തു വരികയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയോടെ വീണ്ടും കോൺഗ്രസ് മാണിയെ യുഡിഎഫിൽ എത്തിച്ചു. മുസ്ലിം ലീഗായിരുന്നു ചർച്ചകൾക്ക് നേതൃത്വം കൊടുത്തത്. ഇതിന്റെ ഗുണം ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയത്തും കോൺഗ്രസിന്റെ മുന്നണിക്ക് കിട്ടി. പിന്നാലെ മാണി യാത്രയായി. ഇതോടെ ജോസ് കെ മാണിയെ ഇല്ലായ്മ ചെയ്ത് കോട്ടയത്തെ കേരളാ കോൺഗ്രസ് മുൻതൂക്കം തകർക്കാനുള്ള ഗൂഢാലോചനകൾ യുഡിഎഫിൽ ഒരുങ്ങി. ഇതാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിലെ ചർച്ചകളിൽ നിഴലിക്കുന്നത്.

ഇതോടെ എന്തു വന്നാലും കടുത്ത നിലപാടെന്ന പക്ഷത്തിലാണ് ജോസ് കെ മാണി. ഇത് യുഡിഎഫിനെ കോട്ടയത്ത് തകർക്കും. പിജെ ജോസഫിന്റെ കേരളാ കോൺഗ്രസിന് കോട്ടയത്തും പത്തനംതിട്ടയിലും സ്വാധീനം കുറവാണ്. എങ്കിലും ജോസ് കെ മാണിയെ പുറത്താക്കി യുഡിഎഫിന്റെ കോട്ടയം ജില്ലയിൽ ഒന്നാം നമ്പർ പാർട്ടിയാക്കാനാണ് കോൺഗ്രസിന്റെ ജില്ലാ നേതാക്കളുടെ ശ്രമം. ഇത് ജോസ് കെ മാണിയും തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം ജോസഫിന് അടിയറവ് പറയാത്തതും. കെ എം മാണിയുണ്ടാക്കി കരാർ പ്രകാരം ജില്ലാ പ്രസിഡന്റാകേണ്ട ആളാണ് ചുമതലയിലുള്ളത്. പാർട്ടിയുടെ ചിഹ്നവും ഔദ്യോഗിക അംഗീകരാവും തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിലാണ്. കേരളാ കോൺഗ്രസ് പാർട്ടിക്കാണ് സീറ്റ് നൽകിയത്. അതിൽ തർക്കമുള്ളതിനാൽ സ്ഥാനം രാജിവയ്ക്കില്ലെന്നാണ് ജോസ് കെ മാണിയുടെ പക്ഷം.

പാലായിൽ ചിഹ്നം പോലും ജോസഫ് നൽകിയില്ല. ഇതാണ് പാലായിലെ തോൽവിക്ക് കാരണം. ഇതിന് പിന്നിലും കോൺഗ്രസിന്റെ താൽപ്പര്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കോട്ടയത്തെ കാര്യത്തിൽ വീട്ടു വീഴ്ചയില്ലെന്നാണ് ജോസ് കെ മാണിയുടെ പക്ഷം. തദ്ദേശ തെരഞ്ഞെടുപ്പിലെ കേരളാ കോൺഗ്രസ് സീറ്റുകളിൽ ജയിക്കാനുള്ള പ്രാദേശിക കരുത്ത് കേരളാ കോൺഗ്രസിനുണ്ട്. മാണി വികാരത്തിന് അതിന് കഴിയുമെന്നാണ് ജോസ് കെ മാണിയുടെ കണക്കു കൂട്ടൽ. യുഡിഎഫിൽ നിന്നാലും പാലം വലിച്ച് തോൽപ്പിക്കും. ഈ സാഹചര്യത്തിലാണ് കടുത്ത നിലപാടിലേക്ക് ജോസ് കെ മാണി കടക്കുന്നത്. പാലായിൽ ജോസഫ് വിലപേശൽ നടത്തി. വിമത സ്ഥാനാർത്ഥിയെ നിർത്തി. കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അംഗീകാരം റദ്ദാക്കണമെന്ന് പോലും ആവശ്യപ്പെട്ടു. എന്നാൽ കോൺഗ്രസ് ജോസഫിനെതിരെ നടപടി എടുത്തില്ല.

അങ്ങനെ വിമത പ്രവർത്തനം നടത്തിയ ജോസഫിന് വേണ്ടി ഇപ്പോൾ കോൺഗ്രസ് നിലപാട് എടുക്കുന്നു. പാലായിൽ ചിഹ്നം നിഷേധിച്ച് തോൽപ്പിച്ച ജോസഫ് ഒരു ദയയും അർഹിക്കുന്നില്ലെന്ന നിലപാടിൽ ഉറച്ച് ജോസ് കെ മാണി മുന്നോട്ട് പോകുകയാണ്. ബെന്നി ബെഹന്നാന്റെ അന്ത്യശാസനം നിരസിച്ചതോടെ കോട്ടയത്തെ ചൊല്ലിയുള്ള യുഡിഎഫിലെ കലഹം പൊട്ടിത്തെറിയിലേക്ക് കടക്കുകയാണ്. എത്രയും വേഗം ജോസിനെ പുറത്താക്കണമെന്ന് ജോസഫ് പറയുമ്പോൾ ചിത്രം വ്യക്തവുമാണ്. പുറത്ത് പോവേണ്ടി വന്നാലും വിട്ടു വീഴ്ചയ്ക്കില്ലെന്ന് ജോസും നിലപാട് എടുക്കുമ്പോൾ യുഡിഎഫ് പ്രതിസന്ധിയിലാണ്. പിജെ ജോസഫ് പറയുന്നത് കോൺഗ്രസിലെ ഉള്ളിലിരുപ്പാണെന്ന് ജോസ് കെ മാണിയും തിരിച്ചറിയുന്നു.

യുഡിഎഫിൽ പി.ജെ. ജോസഫ് കലഹം സൃഷ്ടിക്കുകയാണെന്ന് ജോസ് കെ മാണി പറയുന്നു. ഇത്തരം നീക്കങ്ങൾ അവസാനിപ്പിക്കാൻ തീരുമാനം വേണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും ജോസ് കെ. മാണി പറഞ്ഞു. ജോസഫ് യുഡിഎഫിന്റെ മനോവീര്യം തകർക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നു. നിർണായക തിരഞ്ഞെടുപ്പുകൾ വരുമ്പോൾ കലഹമുണ്ടാക്കുക പതിവാണ്. പാലാ ഉപതിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥിയെ നിർത്തി. യുഡിഎഫ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക തള്ളണമെന്ന് വരണാധികാരിയോട് ആവശ്യപ്പെട്ടു. ചിഹ്നം കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് വരണാധികാരിക്കു കത്തെഴുതി. കുട്ടനാട് ഉപതിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വരുന്നതിനു മുൻപ് യുഡിഎഫിൽ ആലോചിക്കാതെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് ആവശ്യപ്പെട്ടു. അകലക്കുന്നത്തും കാസർകോട് ജില്ലയിലെ ബളാൽ പഞ്ചായത്തിലും വിമത സ്ഥാനാർത്ഥിയെ നിർത്തിയെന്നും ജോസ് കെ. മാണി പറഞ്ഞു.

ചങ്ങനാശേരി നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം ജയിച്ചത് ഞങ്ങളുടെ അംഗത്തിന്റെ വോട്ടിലാണ്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും ജില്ലയിലെ മറ്റു പഞ്ചായത്തുകളിലും യുഡിഎഫുമായി ഉണ്ടാക്കിയ രേഖാമൂലമുള്ള കരാറുകൾ ഞങ്ങൾ പാലിച്ചു. ഇതേ കരാറാണ് കോട്ടയം ജില്ലാ പഞ്ചായത്തിലുമുള്ളത്. അവിടെ മാത്രം കരാറിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്നത് അനീതിയാണ് ജോസ് കെ. മാണി പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തലേന്ന് പി.ജെ. ജോസഫ് വച്ച നിർദ്ദേശങ്ങൾ അപ്പോൾത്തന്നെ തള്ളിക്കളഞ്ഞതാണ്. ഇവ ധാരണയാണെന്നു വരുത്താനുള്ള നുണപ്രചാരണമാണ് നടത്തുന്നത്. തിരഞ്ഞെടുപ്പിന്റെ തലേരാത്രി കൂറുമാറിയ വ്യക്തിക്ക് പ്രസിഡന്റ് പദവി കൊടുക്കണം എന്ന് ആവശ്യപ്പെടുന്നത് അധാർമികമാണെന്നും ജോസ് കെ. മാണി പറഞ്ഞു. അങ്ങനെ ജോസ് കെ മാണി നിലപാട് കടുപ്പിക്കുന്നു.

എല്ലാ കരാറുകളും ലംഘിക്കുന്ന രീതിയാണ് ജോസ് കെ.മാണി വിഭാഗത്തിന്റേതെന്ന് പി.ജെ ജോസഫ് പറയുന്നു. ജോസ് കെ. മാണി വിഭാഗത്തിന്റേത് ഗീബൽസിയൻ നയമാണ്. ധാരണ കരാറിനു തുല്യമാണെന്നും ജോസഫ് പറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഏകപക്ഷീയമായി ജോസ് കെ.മാണി സ്ഥാനാർത്ഥിയെ നിശ്ചയിച്ചു. പാലായിലെ സമ്മേളനത്തിൽ എന്നെ കൂക്കിവിളിച്ചതും ചിഹ്നം വേണ്ടെന്നു പറഞ്ഞതും അവർ തന്നെയാണ്. ചിഹ്നം വേണ്ടെന്നു സ്ഥാനാർത്ഥിയും പറഞ്ഞു. പാലായിൽ പരാജയം ഏറ്റുവാങ്ങിയതിന്റെ ഉത്തരവാദിത്തം അവർക്കു തന്നെയാണെന്നും ജോസഫ് പറഞ്ഞു. അങ്ങനെ രണ്ടു കൂട്ടരും നേർക്കു നേർ നിൽക്കുകയാണ്. ഇതിനിടെയാണ് ജോസഫിനൊപ്പമാണെന്ന് കോൺഗ്രസും വ്യക്തമാക്കി രംഗത്ത് വരുന്നത്.

ഈ സാഹചര്യത്തിലാണ് മുന്നണിയിലെ മുൻധാരണപ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച് ജോസഫ് വിഭാഗത്തിനു കൈമാറണമെന്നു കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തോടു യുഡിഎഫ് ഔദ്യോഗികമായി ആവശ്യപ്പെട്ടത്. ആഴ്ചകൾ നീണ്ട ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ രൂപപ്പെടാതിരുന്നതോടെയാണു കർശന നിലപാടെടുത്തു പരസ്യപ്പെടുത്താൻ മുന്നണി തയാറായത്. നിർദ്ദേശം അംഗീകരിക്കില്ലെന്ന ജോസ് കെ മാണിയും പറയുന്നു. എട്ടുമാസം ജോസ് വിഭാഗത്തിനും ആറുമാസം പി.ജെ. ജോസഫ് വിഭാഗത്തിനുമായിട്ടാണു ധാരണ ഉണ്ടാക്കിയത്. ഇരുവിഭാഗങ്ങളുമായി നടന്ന ചർച്ചയിൽ ഉയർന്നുവന്ന മറ്റു നിർദ്ദേശങ്ങൾ പിന്നീടു ചർച്ച ചെയ്തു തീരുമാനിക്കുമെന്നു യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ അറിയിച്ചു.

യുഡിഎഫ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണു കൺവീനർ തീരുമാനം പ്രഖ്യാപിച്ചത്. യുഡിഎഫ് തീരുമാനം അംഗീകരിച്ചുകൊണ്ട് രണ്ടു കൂട്ടരും യുഡിഎഫിൽ തുടരാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. മുന്നണിതീരുമാനം അനുസരിച്ചില്ലെങ്കിൽ അടുത്ത നടപടി അവിശ്വാസം കൊണ്ടുവരുകയാണ്. എന്നാൽ, കോൺഗ്രസും ജോസഫ് ഗ്രൂപ്പുംകൂടി ചേർന്നാലും ജില്ലാ പഞ്ചായത്തിൽ ഭൂരിപക്ഷമാകില്ല. മാത്രമല്ല, അവിശ്വാസപ്രമേയം വന്നാൽ എൽ.ഡി.എഫ്. ജോസ് പക്ഷത്തെ പിന്തുണയ്ക്കാനും സാധ്യതയുണ്ട്. അവിശ്വാസപ്രമേയം പാസാകില്ലെന്നതാണ് ജോസ് പക്ഷത്തിന്റെ ധൈര്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP