Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'നിങ്ങൾ അവരോട് ക്ഷമ ചോദിക്കുന്നില്ലെങ്കിൽ അവർ നിങ്ങളെ ജയിലിലടയ്ക്കും; നാശത്തിന്റെ പാതയാവും അത്; ആത്മഹത്യ ചെയ്യേണ്ടിവരും;' ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നടി കങ്കണ റണൗട്ട്

'നിങ്ങൾ അവരോട് ക്ഷമ ചോദിക്കുന്നില്ലെങ്കിൽ അവർ നിങ്ങളെ ജയിലിലടയ്ക്കും; നാശത്തിന്റെ പാതയാവും അത്; ആത്മഹത്യ ചെയ്യേണ്ടിവരും;' ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നടി കങ്കണ റണൗട്ട്

മറുനാടൻ ഡെസ്‌ക്‌

സുശാന്ത് സിങ്ങിന്റെ ആത്മഹത്യയെ തുടർന്നുണ്ടായ ചർച്ചകൾ ഇന്ത്യൻ സിനിമാലോകത്ത് ഒരാഴ്ചയായിട്ടും കെട്ടടങ്ങുന്നില്ല. ബോളിവുഡിലെ പ്രമുഖർക്കെതിരെ ആരോപണങ്ങളുമായി കൂടുതൽ പേർ രംഗത്തെത്തിയതോടെ വിവാദം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. നടി കങ്കണ റണൗട്ട് ആണ് ഇപ്പോൾ ഒരു തുറന്നു പറച്ചിലുകളുമായി രംഗത്തെത്തുന്നത്. സ്വജനപക്ഷപാതത്തിന് ചൂട്ടുപിടിക്കുന്ന​ ആളാണ് സംവിധായകൻ കരൺ ജോഹർ എന്ന് ആരോപിച്ച കങ്കണ, ഇപ്പോൾ തനിക്ക് പലപ്പോഴായി ഏൽക്കേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചും ഇൻഡസ്ട്രി തന്നെ കൂട്ടം ചേർന്ന് ഒറ്റപ്പെടുത്തുന്നതിനെ കുറിച്ചുമെല്ലാം തുറന്നു പറയുകയാണ്.നടൻ ഹൃതിക് റോഷനെതിരെയുള്ള നിയമപോരാട്ടങ്ങൾക്കിടെ താൻ അനുഭവിക്കേണ്ടി വന്ന മാനസിക പീഡനങ്ങളെക്കുറിച്ചാണ് നടിയുടെ വെളിപ്പെടുത്തൽ. രാകേഷ് റോഷനും കുടുംബവും വലിയ ആളുകളാണെന്നും അവരോട് മാപ്പ് പറഞ്ഞില്ലെങ്കിൽ ജയിലിലാകുമെന്ന് തന്നോട് ഗാനരചയിതാവും തിരക്കഥാകൃത്തുമായജാവേദ് അക്തർ പറഞ്ഞതായി കങ്കണ വെളിപ്പെടുത്തി.

‘ജാവേദ് അക്തർ എന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. ‘രാകേഷ് റോഷനും കുടുംബവും വളരെ വലിയ ആളുകളാണ്. നിങ്ങൾ അവരോട് ക്ഷമ ചോദിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് പോകാൻ ഒരിടവുമില്ല. അവർ നിങ്ങളെ ജയിലിലടയ്ക്കും. നാശത്തിന്റെ പാതയാവും അത്, ആത്മഹത്യ ചെയ്യേണ്ടിവരും.’ ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഹൃത്വിക് റോഷനോട് ഞാൻ ക്ഷമ ചോദിക്കുന്നില്ലെങ്കിൽ എനിക്ക് ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം ചിന്തിച്ചത് എന്തുകൊണ്ടാണ്? അലറിവിളിച്ചു കൊണ്ടാണ് അയാളത് പറഞ്ഞത്, ഞാൻ ആ വീട്ടിൽ വിറച്ചിരിക്കുകയായിരുന്നു. ”കങ്കണ പറയുന്നു.

‘എന്റെ അവസ്ഥയും സുശാന്തിന്റെ അവസ്ഥയും ഏറെക്കുറെ ഒന്നാണ്. അവർ സുശാന്തിനോടും ഇങ്ങനെ സംസാരിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. ഇത്തരം മാനസിക ബുദ്ധിമുട്ടുകൾ സുശാന്തിലേക്കും പകർന്നിരുന്നോ? എനിക്കറിയില്ല, പക്ഷേ അദ്ദേഹവും സമാന അവസ്ഥയിലായിരുന്നു. സ്വജനപക്ഷപാതത്തിനും കഴിവിനും ഒന്നിച്ച് മുന്നോട്ട് പോവാനാവില്ലെന്ന് സുശാന്ത് പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്, കാരണം അവർ പ്രതിഭകളെ പുറത്തുവരാൻ അനുവദിക്കില്ല. എനിക്ക് ആ അവസ്ഥ മനസ്സിലാവും, അതുകൊണ്ടാണ് ഞാൻ ചോദ്യങ്ങൾ ചോദിക്കുന്നത്. ഈ കളികളുടെ പുറകിൽ ആരാണെന്ന് എനിക്കറിയണം.’

‘സുശാന്തിനെപ്പോലെ ആദിത്യ ചോപ്രയുമായും പ്രശ്നങ്ങളുണ്ടായിരുന്നു. എന്നെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ഒരിക്കലും ഇനി സിനിമ ചെയ്യില്ലെന്ന് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. അവരെന്നെ ഒറ്റപ്പെടുത്തിയതു മുതൽ നിരവധി തവണ എനിക്ക് ഏകാന്തത അനുഭവപ്പെടുകയും എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന് ആലോചിക്കുകയും ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ പദവിയുള്ള ആളുകൾ ഒരിക്കലും മറ്റൊരാളുമായി പ്രവർത്തിക്കില്ലെന്ന് പറയുന്നത്? എന്ത് അധികാരമാണ് അതിനുള്ളത്?

‘ഒരാൾക്ക് മറ്റൊരാളുടെ കൂടെ പ്രവർത്തിക്കണോ എന്നത് വ്യക്തിഗതമായ തിരഞ്ഞെടുപ്പാണ്, പക്ഷേ എന്തിനാണ് അത് ലോകത്തിനു മുന്നിൽ പ്രഖ്യാപിക്കുന്നത്, കൂട്ടംചേർന്ന് അത് സാധ്യമാക്കുന്നത്? ഇത് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അവരുടെ കൈകളിൽ രക്തം പുരണ്ടിട്ടുണ്ട്. അവർ ഉത്തരം പറയേണ്ടതുണ്ട്, ഈ ആളുകളെ തുറന്നുകാട്ടാൻ ഞാൻ ഏതു പരിധിവരെയും പോവും.’–കങ്കണ കൂട്ടിച്ചേർത്തു.

സിനിമാരംഗത്തെ പ്രശ്‌നങ്ങൾ തന്റെ സ്വകാര്യ ജീവിതം തകർത്തെന്നും നടി വിശദീകരിക്കുന്നു. ഈ പ്രശ്‌നങ്ങൾക്കിടയിലും ഒരാൾക്ക് എന്നെ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു. എന്നാൽ ഒടുവിൽ അയാൾ പിന്മാറി. അയാൾ ഓടി രക്ഷപ്പെട്ടെന്ന് അവർ ഉറപ്പുവരുത്തി. എന്റെ കരിയർ അനിശ്ചിതത്വത്തിലാണെന്ന് മനസ്സിലായപ്പോഴാണ് പ്രണയം ഒഴിവാക്കിപ്പോയത്. ആറ് കേസുകൾ നൽകി അവരെന്നെ ജയിലിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കങ്കണ പറഞ്ഞു.

കങ്കണയ്ക്ക് പിറകെ, ബോളിവുഡിലെ സ്വജനപക്ഷപാതത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടൻ അഭയ് ഡിയോളും രംഗത്തെത്തിയിട്ടുണ്ട്. ‘സിന്ദഗി നാ മിലേഗി ദോബാര’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് നടൻ. ചിത്രത്തിലെ നായകനായെത്തിയ ഹൃത്വിക്കിനോടൊപ്പം തന്നെ തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടും തന്നെയും നടൻ ഫർഹാനെയും സഹതാരങ്ങളായി തരംതാഴ്‌ത്തിയിരുന്നുവെന്നാണ് അഭയ് പറയുന്നത്. ഈ വേർത്തിരിവുകളോട് ഒത്തുപോവാൻ പറ്റാത്തതിനാൽ അത്തരം വേദികൾ താൻ ബഹിഷ്‌കരിച്ചിരുന്നുവെന്നും അഭയ് ഡിയോൾ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP