Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെറുവള്ളി തോട്ടം 60 വർഷം മുമ്പ് സർക്കാർ വിലയ്ക്കു വാങ്ങിയ ഭൂമി; ഭൂമി പാട്ടമാണെന്നുള്ള കാര്യം മറച്ചുവെച്ച് ബിലീവേഴ്‌സ് ചർച്ചിനും കൈമാറിയത് ഹാരിസൺ പ്ലാന്റേഷൻസ്; ശബരിമല വിമാനത്താവളത്തിൻ പേരിൽ ഒരിക്കൽ സർക്കാർ വാങ്ങിയ ഭൂമി വീണ്ടും വിലകൊടുത്തു വാങ്ങാൻ ശ്രമിക്കുന്നത് എന്തിനെന്ന ചോദ്യവുമായി രാഷ്ട്രീയ പാർട്ടികൾ; എസ്റ്റേറ്റ് ഏറ്റെടുക്കുവാൻ ഉള്ള തീരുമാനത്തിനു പ്രത്യക്ഷ സമരവുമായി ഹിന്ദു ഐക്യവേദിയും

ചെറുവള്ളി തോട്ടം 60 വർഷം മുമ്പ് സർക്കാർ വിലയ്ക്കു വാങ്ങിയ ഭൂമി; ഭൂമി പാട്ടമാണെന്നുള്ള കാര്യം മറച്ചുവെച്ച് ബിലീവേഴ്‌സ് ചർച്ചിനും കൈമാറിയത് ഹാരിസൺ പ്ലാന്റേഷൻസ്; ശബരിമല വിമാനത്താവളത്തിൻ പേരിൽ ഒരിക്കൽ സർക്കാർ വാങ്ങിയ ഭൂമി വീണ്ടും വിലകൊടുത്തു വാങ്ങാൻ ശ്രമിക്കുന്നത് എന്തിനെന്ന ചോദ്യവുമായി രാഷ്ട്രീയ പാർട്ടികൾ; എസ്റ്റേറ്റ് ഏറ്റെടുക്കുവാൻ ഉള്ള തീരുമാനത്തിനു പ്രത്യക്ഷ സമരവുമായി ഹിന്ദു ഐക്യവേദിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ശബരിമല വിമാനത്താവളത്തിന് വേണ്ടി വിലയ്ക്ക് വാങ്ങാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ആറന്മുളയിലെ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചു കൊണ്ടാണ് ശബരിമല വിമാനത്താവള പദ്ധതി ചെറുവള്ളിയിൽ വിഭാവനം ചെയ്യുന്നത്. ഈ ഭൂമി സർക്കാർ വിമാനത്താവളത്തിനായി ഏറ്റെടുക്കുമ്പോൾ സാങ്കേതികമായി സർക്കാർ ഇത് രണ്ടാം തവണയാകും വിലകൊടുത്തു ഭൂമി വാങ്ങുക. ഹാരിസൺ മലയാളത്തിന് പാട്ടത്തിന് കൊടുത്ത ഭൂമി സർക്കാർ ബിലീവേഴ്‌സ് ചർച്ചിന്റെ കൈവശമാണ് ഇപ്പഴുള്ളത്. ഈ ഭൂമി ബിലീവേഴ്‌സ് ചർച്ചിന് ഹാരിസൺ വിൽക്കുകയായിരുന്നു. വ്യാജ ആധാരം ചമച്ചാണ് ഭൂമി ബിലീവേഴ്‌സ് ചർച്ചിന് വിറ്റിരുന്നത്. അതുകൊണ്ട് തന്നെ ഈ ഭൂമി വീണ്ടും സർക്കാർ ഏറ്റെടുക്കാൻ തീരുമാനിക്കുന്നതോടെ രാഷ്ട്രീയ പാർട്ടികളും എതിർപ്പുമായി രംഗത്തുണ്ട്.

60 വർഷങ്ങൾക്ക് മുമ്പാണ് ഈ ഭൂമി സർക്കാർ വത്തിപ്പുഴ മഠത്തിൽ നിന്നും വിലയ്ക്കുവാങ്ങിയത്. കോട്ടയം ജില്ലയിലെ പെരുവന്താനം വില്ലേജിൽപ്പെട്ട 2267 ഏക്കർ വരുന്ന ചെറുവള്ളിതോട്ടം വഞ്ഞിപ്പുഴ മഠത്തിന്റെ അവകാശികളിൽ നിന്നും 1955 ഒക്ടോബർ മാസത്തിലാണ് 27-ാം ആക്റ്റ് പ്രകാരം 4591/1955 -ാം നമ്പർ ഡീഡായി സർക്കാർ വില നൽകി ഏറ്റെടുത്തത്. ഈ ഭൂമി പിന്നീട് 1913-ൽ ഹാരിസൻെ്റ മുൻഗാമിയായ ലണ്ടനിലെ റബർ പ്രൊഡ്യൂസിങ് കമ്പനിക്ക് ഭൂമി കൈമാറുകയാണ് ഉണ്ടായത്. ഈ ഭൂമി പാട്ടമാണെന്നുള്ള കാര്യം മറച്ചുവച്ചാണ് വ്യാജ ആധാരത്തിൻെ്റ മറവിൽ ഹാരിസൺ ഭൂമി ബിലീവേഴ്സ് ചർച്ച് മേധാവി ബിഷപ് യോഹന്നാന് വിറ്റത്.

ഈ ഭൂമിയുടെ ഇടപാടു സംബന്ധിച്ച വിവരങ്ങൾ പുറത്തു കൊണ്ടുവന്നത് സജിത് പരമേശ്വരൻ എന്ന മാധ്യമപ്രവർത്തകനാണ്. ഈ ഭൂമി സർക്കാർ വീണ്ടും വിലകൊടുത്തു വാങ്ങാൻ ഒരുങ്ങുമ്പോൾ സജി പരമേശ്വരൻ വർഷങ്ങൾക്ക് മുമ്പ് ഫേസ്‌ബുക്കിൽ കുറിച്ച വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരിക്കൽ സർക്കാർ വിലകൊടുത്തു വാങ്ങിയ ഭൂമി വീണ്ടും സർക്കാർ കാശുകൊടുത്ത് എന്തിന് വാങ്ങുന്നു എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്.

സജിത്ത് പരമേശ്വരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ:

അറുപത് വർഷം മുമ്പ് സർക്കാർ വഞ്ഞിപ്പുഴ മഠത്തിൽ നിന്നും വിലയ്ക്കുവാങ്ങിയ ഭൂമിയാണ് ചെറുവള്ളിതോട്ടം. ഇത് സംബന്ധിച്ച് പത്തുവർഷം മുമ്പ് സർവ രേഖകൾ സഹിതം ഞാൻ വാർത്ത നൽകിയിട്ടും സർക്കാർ യാതൊരന്വേഷണവും നടത്താൻ തയ്യാറായില്ല. കോട്ടയം ജില്ലയിലെ പെരുവന്താനം വില്ലേജിൽപ്പെട്ട 2267 ഏക്കർ വരുന്ന ചെറുവള്ളിതോട്ടം വഞ്ഞിപ്പുഴ മഠത്തിന്റെ അവകാശികളിൽ നിന്നും 1955 ഒക്ടോബർ മാസത്തിലാണ് 27-ാം ആക്റ്റ് പ്രകാരം 4591/1955 -ാം നമ്പർ ഡീഡായി സർക്കാർ വില നൽകി ഏറ്റെടുത്തത്. ഇത് സംബന്ധിച്ച രേഖകൾ ഇതോടൊപ്പം ചേർക്കുന്നു. ഇനി നിങ്ങൾ വിലയിരുത്തുക. സർക്കാർ ഈ ഭൂമി വീണ്ടും എന്തിന് വില നൽകി വാങ്ങുന്നു?

വഞ്ഞിപ്പുഴ മഠത്തിന്റെ വക ഇടവക റൈറ്റ്്‌സിൽ ഉൾപ്പെട്ട ഭൂമിയാണ് ചെറുവള്ളിതോട്ടം. ചെറുവള്ളി, ചിറക്കടവ്, പെരുവന്താനം എന്നീ വില്ലേജുകളുടെ ഭരണം മാർത്തണ്ഡവർമ്മ മഹാരാജാവാണ് വഞ്ഞിപ്പുഴ മഠത്തിന് കൈമാറിയത്. ഈ ഭരണമേഖലയിൽ ഉൾപ്പെട്ട ഭൂമി കൃഷിചെയ്യാനായി പാട്ടത്തിന് ഹാരിസൺ മുൻഗാമികൾ ഏറ്റെടുത്തു. തുടർന്ന് വ്യാജരേഖ ചമച്ച് 1923-ൽ സ്വന്തമാക്കുകയായിരുന്നു.

ചെറുവള്ളി തോട്ടത്തിന്റെ നാൾവഴികൾ
....................................................................................

-വഞ്ഞിപ്പുഴ മഠത്തിന്റെ ഭരണാധികാരികൾ നൂറുവർഷം മുമ്പ് 2117 ഏക്കർ വരുന്ന ചെറുവള്ളി ഭൂമേഖല ജെ.ആർ.വിൻസെന്റ് എന്ന സായ്‌പ്പിന് തേയില, റബർ എന്നിവ കൃഷി ചെയ്യാൻ പാട്ടത്തിന് നൽകുന്നു.

-ജന്മിയായ വഞ്ഞിപ്പുഴ മഠം അറിയാതെ ജെ.ആർ.വിൻസെന്റ് എന്ന സായ്‌പ്പ് എച്ച്.എം നൈറ്റ് എന്ന ആളിന് മേൽപാട്ടം നൽകുന്നു.

-1913-ൽ ഹാരിസൻെ്റ മുൻഗാമിയായ ലണ്ടനിലെ റബർ പ്രൊഡ്യൂസിങ് കമ്പനിക്ക് ഭൂമി കൈമാറുന്നു.

1923-ൽ ലണ്ടൻ ആസ്ഥാനമായ മലയാളം പ്്ളാൻേ്റഷൻ കമ്പനിയുടെ പക്കൽ എത്തിച്ചേരുന്നു.

ഇതിൽ ഒരു കാര്യം ശ്രദ്ധേയമാണ് റബർ പ്രൊഡ്യൂസിങ് കമ്പനി എന്ന സ്ഥാപനവും മലയാളം പ്ലാൻഡേഷൻ കമ്പനി എന്ന സ്ഥാപനവും ഒന്നാണ്. നമ്പർ 4-10 ഗ്രേറ്റ് ടവർ ഇൻ ലണ്ടൻ എന്നാണ് രണ്ടുകമ്പനിയുടെയും മേൽവിലാസം. 18-ാം നൂറ്റാണ്ടിൻെ്റ അവസാന കാലത്ത് കേരളത്തിൽ ഉടനീളം ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്ത റബർ പ്രാഡ്യൂസിങ് കമ്പനി 1923-ൽ അതിൻെ്റപേര് മലയാളം പ്ലാൻഡേഷൻ (യു.കെ)ലിമിറ്റഡ് എന്നാക്കി മാറ്റികൊണ്ട് വ്യാജ ആധാരം ചമച്ച് ഭൂമി സ്വന്തമാക്കുകയായിരുന്നു. റബർ പ്രൊഡ്യൂസിങ് കമ്പനി, മലയാളം പ്ലാൻേ്റഷന് ഭൂമി കൈമാറികൊണ്ട് കൊല്ലം സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത 1600/1923ാം നമ്പർ ആധാരത്തിൽ ഭൂമി വിറ്റതും വാങ്ങിയതും ജോൺ മക്കി എന്ന സായ്‌പ്പാണ്.

എന്നാൽ 1955-ൽ സർക്കാർ നിയമപ്രകാരം വഞ്ഞിപ്പുഴ മഠത്തിൻെ്റ പക്കൽ നിന്നുമാണ് ഭൂമി ഏറ്റെടുത്തത്. കാരണം പാട്ടഭൂമിയിൽ ഹാരിസണ് അധികാരമില്ലാത്തതിനാലാണ്.

ഭൂമി പാട്ടമാണെന്നുള്ള കാര്യം മറച്ചുവച്ചാണ് വ്യാജ ആധാരത്തിൻെ്റ മറവിൽ ഹാരിസൺ ഭൂമി ബിലീവേഴ്സ് ചർച്ച് മേധാവി ബിഷപ് യോഹന്നാന് വിറ്റത്.

കഴിഞ്ഞ 20 വർഷമായി ഞാൻ ഹാരിസണെതിരെ വാർത്ത എഴുതുന്നു. പത്തുവർഷം മുമ്പ് പ്രസിദ്ധീകരിച്ച വാർത്തകളിൽ ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്തിരുന്ന കാര്യവും വ്യക്തമാക്കിയിരുന്നു. ആരു കേൾക്കാൻ.

അതേസമയം പണം കെട്ടിവെച്ചു ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുവാൻ ഉള്ള തീരുമാനത്തിനു എതിരെ ഹിന്ദു ഐക്യ വേദി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുകയാണ്. സർക്കാർ നിലപാടിനെതിരെ സെക്രട്ടറിയേറ്റ് നടയിലും സംസ്ഥാനവ്യാപകമായും ഭൂരഹിത സംരക്ഷണ സംഘടനകളെ ഒന്നിച്ചു ചേർത്ത് പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഹിന്ദു ഐക്യവേദിസംസ്ഥാന ജനറൽ സെക്രട്ടറി ഇ. എസ് ബിജു അറിയിച്ചു. സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല വിമാന താവളത്തിനായി പണം കൊടുത്തു ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ ഉള്ള സർക്കാർ നീക്കത്തിന് എതിരെ ആണ് ഹിന്ദു ഐക്യവേദി രംഗത്ത് എത്തിയത്. പാട്ടകാലാവധി കഴിഞ്ഞ ചെറുവള്ളി എസ്റ്റേറ്റ് കോടതിയിൽ പണം കെട്ടിവെച്ച് ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം നീതീകരിക്കാൻ കഴിയില്ല. വലിയ അഴിമതി ആണ് ഇതിനു പിന്നിൽ. സംസ്ഥാന വ്യാപകമായി ശക്തമായ സമരവുമായി ഹിന്ദു ഐക്യ വേദി മുന്നോട്ടു പോകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു പറഞ്ഞു.

ഗ്രീൻ ഫീൽഡ് വിമാനത്താവളം നിർമ്മിക്കാൻ ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള പിണറായി സർക്കാർ ഉത്തരവ് കൈയേറ്റ ഭൂമി വിലക്കു വാങ്ങി കൈയേറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലവും ആേേരാപിച്ചു. എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഭൂമി കേസ് നിലനിൽക്കുന്നതിനാൽ 2700 ഏക്കർ ഭൂമിയുടെ തുക കോടതിയിൽ കെട്ടിവച്ച് ഏറ്റെടുക്കാനാണ് സർക്കാർ കോട്ടയം കലക്ടറോട് നിർദ്ദേശിച്ചിരിക്കുന്നത്. സർക്കാരിൽ നിന്നും തോട്ടത്തിനായി ഹാരിസൺ പാട്ടത്തിനെടുത്ത ഭൂമിയാണ് ഹാരിസൺ നിയമവിരുദ്ധമായി വൻ തുകക്ക് ബിലീവേഴ്‌സ് ചർച്ചിന് വിറ്റത്. ഈ വിൽപന നിയമപരമായി നിൽക്കുന്നതല്ല എന്നിരിക്കെ കോടതിയിൽ ബിലീവേഴ്‌സ് ചർച്ചിന് പണം കിട്ടുന്ന സ്ഥിതി ഉണ്ടാകും.

സർക്കാർ നേരത്തേ പ്രഖ്യാപിച്ച നിലപാടിന് വിരുദ്ധവുമാണിത്. ഹാരിസൺ പതിനായിരക്കണക്കിന് ഏക്കർ ഭൂമി പല ജില്ലകളിലായി അനധികൃതമായി കൈവശം വച്ചിട്ടുണ്ടെന്ന് രാജമാണിക്യം കമ്മിറ്റിയടക്കം വിവധ സർക്കാർ സംവിധാനങ്ങൾ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇവ സംബന്ധിച്ച് നിലനിൽക്കുന്ന കേസുകളെയെല്ലാം ദുർബലപ്പെടുത്തുന്ന നീക്കമാണ് സർക്കാർ ഇപ്പോൾ നടത്തുന്നത്.

ഇപ്പോൾ ഇത് എസ്റ്റേറ്റ് അല്ലാതായാൽ മിച്ചഭൂമിയാകും. ഭൂപരിഷ്‌കരണത്തിൽ വഞ്ചിക്കപ്പെട്ട് കോളനികളിൽ ഒതുക്കപ്പെട്ടിരിക്കുന്ന ദലിതരടക്കമുള്ള ഭൂരഹിതർക്ക് അവകാശപ്പെട്ട ഭൂമിയാണിത്. കൈയേറ്റക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് അധികാരമേറ്റ നാൾ മുതൽ പിണറായി സർക്കാർ ചെയ്യുന്നത്. ലോക്ഡൗണിന്റെ കാലത്തുള്ള സാമൂഹ്യ നിയന്ത്രണങ്ങളുടെ മറവിൽ ഭൂരഹിതരുടെ അവകാശം തട്ടിയെടുത്ത കോർപറേറ്റുകളെ വാഴിക്കുകയാണ് സർക്കാർ. ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലൂടെ പിണറായി സർക്കാരിന്റെ ഈ കൊടുംവഞ്ചനയെ ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP