Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കവളപ്പാറ ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട 30 കുടുംബങ്ങൾ ഇപ്പോഴും കഴിയുന്നത് ദുരിതാശ്വാസ ക്യാമ്പിൽ; താത്കാലിക ആശ്വാസമായി ക്യാമ്പിലെത്തിയവർക്ക് പത്ത്മാസത്തിനു ശേഷവും തിരിച്ചുപോകാനിടമില്ല; എംഎൽഎ പ്രഖ്യാപിച്ച റീബിൽഡ് നിലമ്പൂർ പദ്ധതിയും എങ്ങുമെത്തിയില്ല; സന്നദ്ധ സംഘടനകളും കോർപറേറ്റ് ഫണ്ടുകളും ഉപയോഗിച്ച് നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങളല്ലാതെ ഒന്നുമില്ല; നവകേരള സൃഷ്ടി പ്രഖ്യാപനം മാത്രമാകുമ്പോൾ

കവളപ്പാറ ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട 30 കുടുംബങ്ങൾ ഇപ്പോഴും കഴിയുന്നത് ദുരിതാശ്വാസ ക്യാമ്പിൽ; താത്കാലിക ആശ്വാസമായി ക്യാമ്പിലെത്തിയവർക്ക് പത്ത്മാസത്തിനു ശേഷവും തിരിച്ചുപോകാനിടമില്ല; എംഎൽഎ പ്രഖ്യാപിച്ച റീബിൽഡ് നിലമ്പൂർ പദ്ധതിയും എങ്ങുമെത്തിയില്ല; സന്നദ്ധ സംഘടനകളും കോർപറേറ്റ് ഫണ്ടുകളും ഉപയോഗിച്ച് നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങളല്ലാതെ ഒന്നുമില്ല; നവകേരള സൃഷ്ടി പ്രഖ്യാപനം മാത്രമാകുമ്പോൾ

ജാസിം മൊയ്ദീൻ

മലപ്പുറം: സംസ്ഥാനത്ത് കഴിഞ്ഞ പ്രളയകാലത്ത് ഏറ്റവുമധികം ആളുകൾ മരണപ്പെട്ട പ്രദേശമാണ് നിലമ്പൂർ പോത്തുകല്ലിലെ കവളപ്പാറ. 59 ആളുകളാണ് മണ്ണിനടയിൽപെട്ട് കവളപ്പാറയിൽ മരിച്ചത്. ഇതിൽ 11 പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനുമായില്ല. ഇത്തരത്തിൽ ഭീകരമായ ദുരന്തത്തിനിരയായി ഉറ്റവരെയെും ആകെയുള്ള സമ്പാദ്യവും നഷ്ടപ്പെട്ട കവളപ്പാറയിൽ സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ നിൽക്കുന്നു. പ്രളയാനന്ത കേരളത്തിലെ നവകേരള സൃഷ്ടി എങ്ങുമെത്തിയില്ലെന്നതിന്റെ നേർ ചിത്രം കൂടിയാണ് ഇത്.

ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട 30 ആദിവാസി കുടുംബങ്ങൾ ഇപ്പോഴും കഴിയുന്നത് ദുരിതാശ്വാസ ക്യാമ്പിലാണ്. പോത്തുകല്ല് അങ്ങാടിയിലുള്ള പാലസ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പിൽ 30 കുടുംബങ്ങളിൽ നിന്നായി നൂറിലധികം ആളുകളാണ് ഇപ്പോഴുമുള്ളത്. പ്രളയവും ഉരുൾപൊട്ടലുമെല്ലാം കഴിഞ്ഞ് 10 മാസമായിട്ടും ഇവർക്ക് ക്യാമ്പിൽ നിന്നും പുറത്തുപോകാനായിട്ടില്ല. പലരും ബന്ധുക്കളുടെ വീടുകളിലേക്കും വാടക വീടുകളിലേക്കുമെല്ലാം പോയെങ്കിലും അതിനൊന്നും സാധ്യമാകാത്ത കുടുംബങ്ങളാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ കുട്ടികളും രോഗികളുമടങ്ങുന്ന കുടുംബത്തോടൊപ്പം കഴിയുന്നത്.

ഉരുൾപൊട്ടലിന് പിന്നാലെ താത്കാലിക ആശ്വാസത്തിനായി ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇവരെല്ലാം പ്രാണനും കൊണ്ട് ഓടുകയായിരുന്നു. ഒരിഞ്ച് ഭൂമി പോലും ഇല്ലാത്തതിനാൽ താൽക്കാലിക ആശ്രയമായി മാത്രമാണ് ക്യാമ്പിലെത്തിയത്. മുഖ്യമന്ത്രി കവളപ്പാറയിൽ നേരിട്ടെത്തി ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കി ആറ് മാസം കൊണ്ട് എല്ലാവരെയും പുനരധിവസിപ്പിക്കുമെന്ന് ഉറപ്പ് നൽകി. എന്നാൽ ദുരന്തം കഴിഞ്ഞ് പത്ത് മാസം പിന്നിടുമ്പോഴും ഇവരുടെ ദുരിതത്തിന് അവസാനമായിട്ടില്ല. പരമ്പരാഗതമായി വന വിഭവങ്ങൾ ശേഖരിച്ച് വിൽപന നടത്തിയിരുന്ന ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു ഇവർ. എന്നാൽ ക്യാമ്പിലെത്തിയതിന് ശേഷം ഈ ജോലിപോലും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. ചിലർ നിർമ്മാണ മേഖലയിൽ ജോലിക്ക് പോകുമെങ്കിലും തിരിച്ചുവന്ന് സ്വസ്ഥമായൊന്ന് വിശ്രമിക്കാനുള്ള സൗകര്യം പോലും ഇവർക്ക് ക്യാമ്പിലില്ല.

എംഎൽഎ പിവി അൻവറും മുൻ കളക്ടർ ജാഫർ മാലികുമായുള്ള തർക്കമാണ്് ഇവരുടെ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ദുരന്തത്തിനിരയായവരുടെ താത്പര്യത്തിനനുസരിച്ചല്ല പുനരധിവാസത്തിനായി സ്ഥലം കണ്ടെത്തിയിരുന്നത്. എംഎൽഎയുടെ റിയൽഎസ്റ്റേറ്റ് താത്പര്യങ്ങളായിരുന്നു പുനരധിവാസത്തിനായുള്ള സ്ഥലം കണ്ടെത്തുന്നതിന് പിന്നിലുണ്ടായിരുന്നത്. എന്നാൽ കളക്ടർ ഇതിന് തടസ്സം നിന്നതോടെ പുനരധിവാസ പ്രവർത്തനങ്ങളും നീണ്ടുപോകുകയായിരുന്നു. ദുരന്തത്തിനിരയായവരെ വിശ്വാസത്തിലെടുത്ത് അവരുടെ വൈകാരികമായി ബന്ധങ്ങളുമെല്ലാം നിലനിൽക്കുന്ന പ്രദേശത്ത് തന്നെയായിരിക്കണം പുനരധിവാസവും എന്ന രീതിയിലായിരുന്നു മുൻകളക്ടർ പ്രവർത്തിച്ചിരുന്നത്.

കാരണം അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം മുതൽ അവരുടെ പൂർവ്വികൾ അന്ത്യവിശ്രമം കൊള്ളുന്ന ശ്മശാനമടക്കമുള്ള സംവിധാനങ്ങൾ മുൻനിർത്തിയായിരുന്നു പോത്തുകല്ല് പഞ്ചായത്തിൽ തന്നെയുള്ള സ്ഥലം കളക്ടർ നിർദ്ദേശിച്ചത്. എന്നാൽ എംഎൽഎയുടെ താത്പര്യങ്ങൾക്കനുസരിച്ച് എടക്കരയിലും നേരത്തെ മുണ്ടേരി കോളനിയിലുള്ളവർക്ക് സർക്കാർ അനുവദിച്ച സ്ഥലവുമെല്ലാമാണ് എംഎൽഎ നിർദ്ദേശിച്ചത്. ഇക്കാര്യങ്ങൾ ഇവരുടെ പുനരധിവാസം വൈകാൻ കാരണമായി. റീബിൽഡ് നിലമ്പൂർ എന്ന പേരിൽ എംഎൽഎ ഒരു പദ്ധതി പ്രഖ്യാപിക്കുകയും നിരവധിയാളുകൾ അതിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയും ചെയ്തു എന്നല്ലാതെ അതിന്റെ ഗുണഫലങ്ങൾ ഇതുവരെയും ദുരന്തത്തിനിരയായവർക്ക് ലഭിച്ചിട്ടില്ല.

പ്രളയകാലത്ത് പ്രഖ്യാപിച്ച അടിയന്തിര സഹായമായ പതിനായിരും രൂപ മാത്രമാണ് ഇവർക്ക് ഇതുവെരയും ലഭിച്ചത്. സന്നദ്ധ സംഘടനകളും വിവിധ കോർപറേറ്റ് കമ്പനികൾ അവരുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടുപയോഗിച്ചും വീടുകൾ നിർമ്മിച്ചു നൽകുന്നു എന്നല്ലാതെ സർക്കാർ ഫണ്ടിൽ ദുരന്തത്തിനിരയായവർക്ക് ഒരു സഹായവും ലഭിക്കുന്നില്ല. കഴിഞ്ഞ ദിവസം കവളപ്പാറ ദുരന്തത്തിനിരയായവർക്ക് പത്തുലക്ഷം രൂപ നൽകാൻ സർക്കാർ തീരുമാനമായിട്ടുണ്ടെങ്കിലും സർക്കാർ ഓഫീസുകളിലെ നൂലാമാലകൾ കഴിഞ്ഞ അത് എന്ന് ലഭിക്കുമെന്നതിന് ഒരുറപ്പുമില്ല. മുമ്പും ഇത്തരത്തിൽ നിരവധി പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും കേട്ട് പരിചയമുള്ളതിനാൽ പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് ഇതും വെറുമൊരു പ്രഖ്യാപനം മാത്രമാണ്.

ഇനിയും സർക്കാർ തങ്ങളെ അവഗണിക്കാനാണ് ഭാവമെങ്കിൽ ദുരന്തമുണ്ടായ അതേസ്ഥലത്ത് കുടിൽ കെട്ടി താമസിക്കുമെന്ന് ഇവർ പറയുന്നു. വീണ്ടുമൊരു മഴക്കാലവും പ്രളയവും ഭീഷണിയാകുന്ന സാഹചര്യത്തിൽ സർക്കാരിന്റെ കണ്ണുതുറപ്പിക്കാൻ ആത്മഹത്യാപരമായ ഈ നീക്കമല്ലാതെ ഇവർക്ക് മുന്നിൽ മറ്റ് മാർഗങ്ങളില്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP