Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമ്പത് പിന്നിട്ടിട്ടും ഇന്ത്യൻ രാഷ്ട്രീയത്തിലെ യുവാക്കളുടെ മുഖമായ നിത്യഹരിത രാഷ്ട്രീയക്കാരൻ; മോദി വിരുദ്ധപോരാട്ടത്തിന്റെ പ്രതിപക്ഷ കുന്തമുന; പദവികൾ ഒന്നുമില്ലെങ്കിലും പാർട്ടിയുടെ പ്രധാന ശബ്ദം; കാപട്യമോ പ്രകടനപരതയോ ഇല്ലാത്ത പച്ചയായ നേതാവ്; കോവിഡ് പ്രതിസന്ധിയും ജവാന്മാർ വീരമൃത്യു വരിച്ചതും കണക്കിലെടുത്ത് ആഘോഷങ്ങൾ ഇല്ലാതെ പിറന്നാൾ ദിനം; രാഹുൽ ഗാന്ധി@ 50

അമ്പത് പിന്നിട്ടിട്ടും ഇന്ത്യൻ രാഷ്ട്രീയത്തിലെ യുവാക്കളുടെ മുഖമായ നിത്യഹരിത രാഷ്ട്രീയക്കാരൻ; മോദി വിരുദ്ധപോരാട്ടത്തിന്റെ പ്രതിപക്ഷ കുന്തമുന; പദവികൾ ഒന്നുമില്ലെങ്കിലും പാർട്ടിയുടെ പ്രധാന ശബ്ദം; കാപട്യമോ പ്രകടനപരതയോ ഇല്ലാത്ത പച്ചയായ നേതാവ്; കോവിഡ് പ്രതിസന്ധിയും ജവാന്മാർ വീരമൃത്യു വരിച്ചതും കണക്കിലെടുത്ത് ആഘോഷങ്ങൾ ഇല്ലാതെ പിറന്നാൾ ദിനം; രാഹുൽ ഗാന്ധി@ 50

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അരനൂറ്റാണ്ട് ജീവിച്ചിട്ടും യുവത്വം കാത്തുസൂക്ഷിക്കുകയും, അവരുടെ പ്രതീകമായി അറിയപ്പെടാൻ കഴിയുകയും ചെയ്യുക. ഒരർഥത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ നിത്യഹരിത നായകനാണ് രാഹുൽ ഗാന്ധി. ഇന്ന് അൻപതാം പിറന്നാളിനും അദ്ദേഹത്തിന് ആഘോഷങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.കോവിഡ് പ്രതിസന്ധിയും കിഴക്കൻ ലഡാക്കിൽ ജവാന്മാർ വീരമൃത്യു വരിച്ചതും കണക്കിലെടുത്ത് ആഘോഷങ്ങൾ ഒഴിവാക്കിയ അദ്ദേഹം രാഷട്രീയ തിരക്കുകളിൽ ആയിരുന്നു. സർക്കാരിന്റെ നിലപാടുകൾ ചോദ്യം ചെയ്തും പിഴവുകൾ ചൂണ്ടിക്കാട്ടിയും ഈ ലോക്ഡൗൺ നാളുകളിലും രാജ്യത്തിന്റെ പ്രധാന പതിപക്ഷ നേതൃശബ്ദമായി രാഹുൽ സജീവമാണ്.

50ാം വയസ്സിലും ഇന്ത്യൻ രാഷ്ട്രീയത്തിലെ യുവാക്കളുടെ മുഖം ആണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി.കോൺഗ്രസ് നേതാവ് എന്നതിലുപരി വയനാട് എംപി ആയതോടെ കേരളത്തിന്റെയും സ്വന്തം. ഗാന്ധി കുടുംബത്തിലെ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തൻ. പദവികൾ ഒന്നുമില്ലെങ്കിലും പാർട്ടിയുടെ പ്രധാന ശബ്ദം. കോവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യത്തിന് എങ്ങനെ കര കയറാം എന്ന് ഭരണ കർത്താക്കൾക്ക് പുറമെ രാഹുൽ ഗാന്ധിയോളം വിശാലമായി ചിന്തിച്ച മറ്റൊരു നേതാവില്ല..ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ എങ്ങനെ തിരിച്ചു കൊണ്ട് വരാം എന്നതിന് ആശയങ്ങൾ തേടി റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ അടക്കമുള്ള പ്രമുഖരുമായുള്ള സംവാദം ഏറെ ശ്രദ്ധ നേടി. ജീവിതത്തിന്റെ പാതി പിന്നിടുമ്പോഴും യഥാർത്ഥ അർത്ഥത്തിൽ രാഹുൽ ഗാന്ധിയെ രാജ്യത്ത് അടയാളപ്പെടുത്താൻ കഴിഞ്ഞോ എന്ന് സംശയമാണ്.

കുടിയേറ്റ തൊഴിലാളികളുടെ പ്രശനങ്ങൾ അടക്കം പല വിഷയങ്ങളിലും ആത്മാർത്ഥതയോടെ ഇടപെടുമ്പോഴും പരിഹാസങ്ങൾ കൊണ്ടാണ് രാഷ്ട്രീയ എതിരാളികൾ രാഹുൽ ഗാന്ധിയെ വരവേറ്റത്.ബിജെപിയുടെ ശക്തമായ സൈബർ വിങ്ങ് ഇന്നും അദ്ദേഹത്തെ ട്രോളാൻ വേണ്ടിയാണ് അവരുടെ സമയത്തിന്റെ ഭൂരിഭാഗവും മാറ്റിവെക്കുന്നത്.1970 ജൂൺ 19-ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടേയും മകനായി ജനിച്ച രാഹുൽ ഗാന്ധി 2 വർഷത്തോളം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു. എന്നാൽ 2019 ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് ഈ സ്ഥാനം രാജിവച്ചു. അതായത് ഇളകാത്ത ഉരുക്കുമനുഷ്യനൊന്നുമല്ല അദ്ദേഹം. വികാരജീവിതന്നെയാണ്. പലപ്പോഴും അപക്വമായി അഭിപ്രായം പറയുന്നവനും. വിമർശനങ്ങൾ ഏറെയുണ്ട്. പക്ഷേ രാഷ്ട്രീയ എതിരാളികൾക്കുപോലും അദ്ദേഹത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യാനാവില്ല.

നാട്യങ്ങളില്ലാത്ത നായകൻ

അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ഒരിക്കലും കാപട്യമോ, പ്രകടനപരതയോ നമുക്ക് ദർശിക്കാനാവില്ല. തന്റെ ജീവിതപരിസരങ്ങളിൽ, അനേകം ഉദാഹരണങ്ങളിലൂടെ ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം. നിർഭയ കേസിലെ നിസ്സഹായരായ കുടുംബത്തെ ചേർത്തുപിടിക്കാൻ രാഹുൽ ഗാന്ധി ഉണ്ടായിരുന്നു. ''രാഹുൽഗാന്ധിയാണ്, പൈലറ്റാവുക എന്ന എന്റെ മകന്റെ സ്വപ്നം യാഥാർഥ്യമാക്കിയത്.''-മകളുടെ ക്രൂരമായ കൊലപാതകത്തിൽ തകർന്നുപോയ ഒരമ്മ പിൽക്കാലത്ത് പറഞ്ഞ വാക്കുകളാണവ. അത്തരം പ്രവർത്തങ്ങൾ ഒന്നും തന്റെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് ഇന്ധനമാക്കാൻ രാഹുൽ ഗാന്ധി എന്ന മനുഷ്യസ്‌നേഹി ഉപയോഗപ്പെടുത്തിയില്ല.

അധികാരഭ്രാന്ത് പിടിച്ച, വർഗീയവിഭാഗീയ ആഹ്വാനങ്ങളിൽ ഉന്മാദം കണ്ടെത്തുന്ന, അഴിമതിക്ക് കൂട്ട് നിൽക്കുന്ന അധികാരത്തിന്റെ ഇടനാഴികളിൽ രാഹുൽഗാന്ധി എന്ന രാഷ്ട്രീയനേതാവിനെ കാണാൻ കഴിയില്ല. രാജ്യത്തെ കാർന്നുതിന്നുന്ന വിഭാഗീയ അജൻഡകൾക്കെതിരേ, പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്ന കോർപ്പറേറ്റ് ലാഭക്കൊതിക്കെതിരേ, രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാഴ്‌ത്തുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരേ ഒറ്റയാൾ പട്ടാളമായി അദ്ദേഹം എന്നുമുണ്ടായിരുന്നു. പ്രതിപക്ഷത്തിരിക്കുമ്പോഴും സ്വന്തം പാർട്ടി അധികാരത്തിൽ ഇരുന്നപ്പോഴും ഈ ആദർശങ്ങളിൽ വെള്ളം ചേർക്കാൻ തയ്യാറായില്ലെന്നത് തന്നെയാണ് ഈ നിലപാടുകളുടെ മാറ്റ് കൂട്ടുന്നത്.

രാഹുൽ ഗാന്ധിയെക്കുറിച്ച് ദീർഘകാലം സഹയാത്രികൻ കെ സി വേണുഗോപാൽ ഇങ്ങനെ എഴുതുന്നു. 'രാഹുൽഗാന്ധിയെന്ന നേതാവിൽ ദർശിച്ച ഏറ്റവും വലിയ ഗുണം പ്രതിപക്ഷബഹുമാനവും പുതിയ ആശയങ്ങളെ കേൾക്കാനുള്ള ക്ഷമയും സൗമനസ്യവുമാണ്. നല്ലൊരു കേൾവിക്കാരനും പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനവുമാണ് അദ്ദേഹത്തിന്റേത്.കോൺഗ്രസ് പാർട്ടിയിൽ പുതിയ പ്രവർത്തകരെ കണ്ടെത്താനും അവരെ നേതൃനിരയിലെത്തിക്കാനും വലിയ ഉത്സാഹമാണ് അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ളത്. രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ യുവാക്കൾക്ക് സജീവമായ പങ്കാളിത്തം ഉണ്ടാവണമെന്ന നിഷ്‌കർഷത രാഹുൽജിക്കുണ്ട്. ഇത് പലപ്പോഴും മുതിർന്നവരോടുള്ള എതിർപ്പായും അവഗണനയായും തെറ്റായി വ്യഖ്യാനിക്കാറുണ്ട് പലരും.'- വേണുഗോപാൽ ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിയുടെ ടാലൻഡ് ഹണ്ടാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് ഒരു യുവ നിരയെ സമ്മാനിച്ചതെന്നും മറക്കാൻ കഴിയില്ല.ടാലൻഡ് ഹണ്ട് ഇല്ലായിരുന്നെങ്കിൽ ഞാൻ ഉണ്ടാകുമായിരുന്നില്ലെന്ന് രമ്യാ ഹരദാസ് എം പിയൊക്കെ പ്രതികരിച്ചത് നോക്കുക. വി ടി ബൽറാം ഉൾപ്പടെ എത്രയോ പേരെ കണ്ടെത്താനും വളർത്തിക്കൊണ്ടുവരാനും രാഹുൽഗാന്ധിക്ക് കഴിഞ്ഞു. പരിമിതികളും പരാതികളും എത്രയോ ഉണ്ടെങ്കിലും മതേരരാഷ്ട്രീയം ആഗ്രഹിക്കുന്നവർക്ക് ഇന്നും രാഹുൽഗാന്ധി ഇന്ത്യയുടെ പ്രതീക്ഷതന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP