Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രോഗമുള്ളവരും രോഗമില്ലാത്തവരും ഒന്നിച്ച് വിമാനത്തിൽ സഞ്ചരിക്കുന്നത് രോഗത്തിന്റെ വ്യാപ്തി കൂടാൻ കാരണമാകും; ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിൽ 0.22 ശതമാനം മാത്രമാണ് പോസീറ്റീവ്; പ്രവാസികളിൽ അത് 1.22 ശതമാനവും; കേരളത്തിലേക്ക് തിരികെ വരുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധം എന്ന നിലപാടിലുറച്ച് സംസ്ഥാന സർക്കാർ; തീരുമാനമെടുക്കാൻ അധികാരമുണ്ടെന്നും ഹൈക്കോടതിയിൽ വിശദീകരണം; പ്രവാസികളുടെ മടങ്ങി വരവ് പ്രതിസന്ധിയിലേക്ക്

രോഗമുള്ളവരും രോഗമില്ലാത്തവരും ഒന്നിച്ച് വിമാനത്തിൽ സഞ്ചരിക്കുന്നത് രോഗത്തിന്റെ വ്യാപ്തി കൂടാൻ കാരണമാകും; ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിൽ 0.22 ശതമാനം മാത്രമാണ് പോസീറ്റീവ്; പ്രവാസികളിൽ അത് 1.22 ശതമാനവും; കേരളത്തിലേക്ക് തിരികെ വരുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധം എന്ന നിലപാടിലുറച്ച് സംസ്ഥാന സർക്കാർ; തീരുമാനമെടുക്കാൻ അധികാരമുണ്ടെന്നും ഹൈക്കോടതിയിൽ വിശദീകരണം; പ്രവാസികളുടെ മടങ്ങി വരവ് പ്രതിസന്ധിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലേക്ക് തിരികെ വരുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിലപാടിലുറച്ച് സംസ്ഥാന സർക്കാർ. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സർക്കാർ തീരുമാനത്തിനെതിരേ വിവിധ പ്രവാസി സംഘടനകൾ ഉൾപ്പെടെ സമർപ്പിച്ച ഹർജിയിൽ വാദം തുടരുകയാണ്. നേരത്തെ പ്രവാസികൾക്ക് അതിഥി തൊഴിലാളിക്ക് കൊടുക്കുന്ന പരിഗണന നൽകാനാവില്ലെന്ന് കാട്ടി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിലെ സത്യവാങ്മൂലവും. രണ്ടും പ്രവാസികൾക്ക് തിരിച്ചടിയാണ്.

രോഗവ്യാപനം തടയാനാണ് തീരുമാനമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു. രോഗമുള്ളവരും രോഗമില്ലാത്തവരും ഒന്നിച്ച് വിമാനത്തിൽ സഞ്ചരിക്കുന്നത് രോഗത്തിന്റെ വ്യാപ്തി കൂടാൻ കാരണമാകുന്നു. അതിനാലാണ് ടെസ്റ്റ് നിർബന്ധമാക്കുന്നത്. എന്നാൽ, ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്ന് നിർബന്ധമില്ലെന്നും റാപ്പിഡ് ടെസ്റ്റെങ്കിലും നടത്തിയാൽ മതിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇതോടെ ടെസ്റ്റ് നടത്താത്തവർക്ക് കേരളത്തിലേക്ക് വരാനാകില്ല. കേന്ദ്ര സർക്കാർ നിലപാട് ടെസ്റ്റ് വേണ്ടെന്നാണ്. എന്നാൽ കേരളം നിലപാട് എടുത്താൽ വന്ദേഭാരത് സർവ്വീസുകൾ കേരളത്തിലേക്ക് വേണ്ടെന്ന് വയ്ക്കും.

പുറത്തുനിന്ന് വരുന്നവരിലെ രോഗവ്യാപനത്തിന്റെ കണക്ക് ഉൾപ്പെടെയാണ് സർക്കാർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിൽ 0.22 ശതമാനം മാത്രമാണ് കോവിഡ് പോസിറ്റീവാകുന്നതെന്നും അതേസമയം, പ്രവാസികളിൽ അത് 1.22 ശതമാനമാണെന്നും സർക്കാർ പറയുന്നു. ഇതും വിവാദമാകും. പ്രവാസികളോട് സർക്കാർ ഇരട്ടത്താപ്പു കാട്ടുന്നുവെന്ന അഭിപ്രായം പ്രതിപക്ഷ ചർച്ചയാക്കിയിട്ടുണ്ട്. അതിഥി തൊഴിലാളിക്ക് കൊടുക്കേണ്ട പരിഗണന പോലും പ്രവാസിക്ക് കൊടുക്കേണ്ടെന്ന് സർക്കാർ കോടതിയിൽ പറഞ്ഞത് പ്രവസികളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി ആരോപിച്ചു.

പ്രവാസികൾക്ക് പരിഗണന നേരത്തെ തന്നെ ഇല്ല. ഇപ്പോൾ അവഹേളനം കൂടിയായി. ഇതര സംസ്ഥാനത്തുള്ള ആളുകൾക് കൊടുക്കുന്ന പരിഗണന പോലും പ്രവാസി മലയാളികൾക്ക് കൊടുക്കുന്നില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. പ്രവാസികളെ രാജ്യദ്രോഹികളെ പോലെ കാണുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ പറഞ്ഞു. അതിഥി തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ പ്രവാസികൾക്ക് ലഭിക്കില്ലെന്ന തരത്തിൽ ഉത്തരവിറക്കാനുള്ള ആത്മധൈര്യം അവിശ്വസനീയമാണ്. അതിഥി തൊഴിലാളികളും പ്രവാസികളും തമ്മിൽ വ്യത്യാസങ്ങളുണ്ടാകും. എന്നാൽ അതിഥി തൊഴിലാളികൾക്ക് കൊടുക്കേണ്ട ആനുകൂല്യങ്ങൾ പോലും പ്രവാസികൾക്ക് കൊടുക്കേണ്ടതില്ലെന്ന ഉത്തരവ് അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികൾ അതിഥി തൊഴിലാളികളല്ലെന്നും അതിഥി തൊഴിലാളികൾക്കു നൽകുന്ന സംരക്ഷണം പ്രവാസികൾക്കു നൽകാനാകില്ലെന്നും സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. നോർക്ക സെക്രട്ടറി ഇളങ്കോവനാണ് ഉത്തരവിറക്കിയത്. പ്രവാസികൾക്ക് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീൻ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജികൾ ഹൈക്കോടതിയിൽ എത്തിയിരുന്നു. കേസ് പരിഗണിക്കുന്ന ഘട്ടത്തിൽ, വിദേശത്തുനിന്ന് വരുന്നവരെ അതിഥി തൊഴിലാളികളായി പരിഗണിക്കാൻ കഴിയുമോ എന്ന് കോടതി ആരാഞ്ഞതിനെ തുടർന്നാണു നടപടി.

ഇക്കാര്യം വിശദമായി പഠിച്ചശേഷമാണു സർക്കാർ ഉത്തരവിറക്കിയത്. വിദേശത്തുനിന്നു വരുന്നവർക്ക് മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്ന അതിഥി തൊഴിലാളികളിൽനിന്നു നിരവധി വ്യത്യാസങ്ങളുണ്ടെന്ന് ഉത്തരവിൽ പറയുന്നു. അതിഥി തൊഴിലാളികൾക്കു നൽകുന്ന സംരക്ഷണം വിദേശത്തുനിന്ന് വരുന്നവർക്കു നൽകാനാകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികൾക്കു സൗജന്യ യാത്രയും സൗജന്യ ക്വാറന്റീനും നൽകണമെന്നായിരുന്നു സുപ്രീംകോടതി നിർദ്ദേശം.

മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികൾ കോവിഡ് പരിശോധന നടത്തണമെന്നു സംസ്ഥാന സർക്കാർ തീരുമാനിച്ചത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെയാണു പ്രവാസികളെ വിഷമത്തിലാക്കി നോർക്കയുടെ ഉത്തരവ് പുറത്തുവരുന്നത്. സൗദി അറേബ്യ അടക്കം നാല് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളുടെ മടക്കം പ്രതിസന്ധിയിലാണ്. കേരള സർക്കാർ നിർദേശിക്കുന്ന ടെസ്റ്റുകൾക്കു സൗദി, കുവൈത്ത്, ഒമാൻ, ബഹ്‌റിൻ എന്നീ രാജ്യങ്ങളിൽ ഇതുവരെ അനുമതി ലഭിക്കാത്തതാണു കാരണം.

നാളെ മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ വന്ദേ ഭാരത്, ചാർട്ടേഡ് വിമാനസർവീസുകൾ റദ്ദാക്കേണ്ട സാഹചര്യമാണ്. ടിക്കറ്റെടുത്ത ഗർഭിണികളടക്കമുള്ളവരുടെ യാത്രയാണു മുടങ്ങുന്നത്. കേന്ദ്ര സർക്കാർ എംബസികൾ വഴി ഈ രാജ്യങ്ങളുടെ അനുമതി എത്രയും വേഗം നേടുകയോ അല്ലെങ്കിൽ കേരളം ഉത്തരവ് നടപ്പിലാക്കുന്നതു നീട്ടിവയ്ക്കുകയോ ചെയ്യണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഇതിനിടെയാണ് ഹൈക്കോടതിയിലും കേരളം നിലപാട് കടുപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP