Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിംസ് നജീബിനും കൂട്ടാളികൾക്കുമെതിരെ വായ്പാ തട്ടിപ്പ് കേസ് വന്നപ്പോൾ സ്ഥാനചലനം വന്നത് മൂന്നു ഡി വൈ എസ് പിമാർക്ക്; സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ കൂടി പ്രതിയായതിനാൽ റിപ്പോർട്ട് നൽകാതെ റിസർവ് ബാങ്കിന്റെ കള്ളക്കളി; വായ്പാ തട്ടിപ്പ് കണ്ടെത്തിയിട്ടും കുറ്റപത്രം സമർപ്പിക്കാതെ ക്രൈംബ്രാഞ്ചും; 38 കോടിയുടെതട്ടിപ്പ് കേസിന് അകാല ചരമം സംഭവിക്കുമോ എന്ന ആധിയിൽ പ്രവാസി മലയാളി; കോട്ടയം കിംസിലെ വായ്പാ തട്ടിപ്പ് കേസ് ഇഴയുന്നതിന് പിന്നിൽ സർക്കാരിന്റെ ഒത്താശ തന്നെ

കിംസ് നജീബിനും കൂട്ടാളികൾക്കുമെതിരെ വായ്പാ തട്ടിപ്പ് കേസ് വന്നപ്പോൾ സ്ഥാനചലനം വന്നത് മൂന്നു ഡി വൈ എസ് പിമാർക്ക്; സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ കൂടി പ്രതിയായതിനാൽ റിപ്പോർട്ട് നൽകാതെ റിസർവ് ബാങ്കിന്റെ കള്ളക്കളി; വായ്പാ തട്ടിപ്പ് കണ്ടെത്തിയിട്ടും കുറ്റപത്രം സമർപ്പിക്കാതെ ക്രൈംബ്രാഞ്ചും; 38 കോടിയുടെതട്ടിപ്പ് കേസിന് അകാല ചരമം സംഭവിക്കുമോ എന്ന ആധിയിൽ പ്രവാസി മലയാളി; കോട്ടയം കിംസിലെ വായ്പാ തട്ടിപ്പ് കേസ് ഇഴയുന്നതിന് പിന്നിൽ സർക്കാരിന്റെ ഒത്താശ തന്നെ

എം മനോജ് കുമാർ

കോട്ടയം: കോട്ടയം കിംസ് ആശുപത്രിയിലെ വായ്പാ തട്ടിപ്പ് കേസ് ഇഴയുന്നതിന് പിന്നിൽ സർക്കാരിന്റെ ഒത്താശ തന്നെ. കിംസിന്റെ സാരഥികളായ ഇ.എം.നജീബിനും മറ്റു ഡയറക്ടർമാർക്കും എതിരെ വഞ്ചനാക്കുറ്റത്തിന് ജൂബി ദേവസ്യ നൽകിയ കേസിൽ അന്വേഷണം തുടങ്ങിയതിനു ശേഷം മൂന്നാമത്തെ അന്വേഷണ ഉദ്യോഗസ്ഥനെയാണ് മാറ്റുന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരം എഫ്‌ഐആർ വന്നപ്പോൾ മൂന്നു ഡിവൈഎസ്‌പിമാരെയാണ് ഈ കേസിൽ മാറ്റിയത്.

കഴിഞ്ഞ ജനുവരിയിൽ അന്വേഷണോദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്‌പിയെ സ്ഥലംമാറ്റിയിരുന്നു. തുടർന്ന് അന്വേഷണച്ചുമതലയേറ്റ ഡിവൈ.എസ്‌പിയെ കഴിഞ്ഞ 15-നു വീണ്ടും സ്ഥലംമാറ്റി. കിംസിൽ വായ്പാ തട്ടിപ്പ് നടന്നതായി കോട്ടയം ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെ തുടർന്നാണ് ഡിവൈഎസ്‌പിമാരെ മാറ്റുന്നത് എന്നത് പ്രസക്തമാണ്. ഉദ്യോഗസ്ഥർ തുടർച്ചയായി സ്ഥലം മാറ്റപ്പെടുന്നതിന് പിന്നിൽ കിംസ് ഗ്രൂപ്പിന് ഉന്നതതലത്തിലുള്ള ബന്ധവും സ്വാധീനവുമാണെന്നാണ് ആരോപണം. കേസ് മുന്നോട്ടു പോകണമെങ്കിൽ റിസർവ് ബാങ്ക് റിപ്പോർട്ട് കൂടി വേണം. പക്ഷെ റിസർവ് ബാങ്കും ഈ കേസിൽ ഒത്തുകളിക്കുകയാണെന്ന സൂചനകൾ ശക്തമാണ്.

റിസർവ് ബാങ്ക് റീജിയണൽ ഡയരക്ടർ ആയിരുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ സലിം ഗംഗാധരനും കേസിൽ പ്രതിയാണ്. അതുകൊണ്ട് തന്നെയാണ് പൊലീസ് ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് ലഭ്യമാക്കാതെ റിസർവ് ബാങ്കും കള്ളക്കളി തുടരുന്നത്. കേസിൽ അന്വേഷണം മുന്നോട്ടു നീക്കാൻ ക്രൈംബ്രാഞ്ചിന് റിസർവ് ബാങ്ക് റിപ്പോർട്ട് വേണം. വായ്പാ തട്ടിപ്പ് കേസ് ആയതിനാലും വൻ തുകയുടെ ലോണുമായതിനാലുമാണ് പൊലീസ് റിസർവ് ബാങ്ക് റിപ്പോർട്ട് കാക്കുന്നത്. വായ്പത്തുക വഴിമാറ്റുന്നതും ദുരുപയോഗം ചെയ്യുന്നതും റിസർവ് ബാങ്ക് നിയമപ്രകാരം കുറ്റകരമാണ്. കോട്ടയം കിംസിനു വേണ്ടി എടുത്ത ലോൺ ഇ.എം.നജീബിന്റെ മറ്റു സ്ഥാപനങ്ങളിലേക്ക് വക മാറ്റി എന്നാണ് ജൂബി ദേവസ്യ നൽകിയ പരാതി. പരാതി വന്നപ്പോൾ റിസർവ് ബാങ്ക് തിരുവനന്തപുരം ഓഫീസ് അന്വേഷണം നടത്തിയിരുന്നു.

റിസർവ് ബാങ്കിന്റെ റിപ്പോർട്ട് കൂടി ലഭിച്ചാൽ മാത്രമേ കുറ്റകൃത്യത്തിന്റെ വ്യാപ്തി വ്യക്തമാകൂ. അതിനാൽ ഇതു സംബന്ധിച്ച വിവരങ്ങൾക്കായി പൊലീസ് റിസർവ് ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും രേഖകൾ തരാനാകില്ലെന്നായിരുന്നു മറുപടി. തുടർന്ന്, ഇതു കോടതിയിൽ ഹാജരാക്കാൻ റിസർവ് ബാങ്കിന്റെ ബാങ്കിങ് സൂപ്പർവിഷൻ ഡിപ്പാർട്ട്മെന്റ് ജനറൽ മാനേജർക്കു നിർദ്ദേശം നൽകണമെന്നാശ്യപ്പെട്ട് കോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയിട്ടുണ്ട്. റിസർവ് ബാങ്കിന്റെ അന്വേഷണ റിപ്പോർട്ടും വായ്പത്തുക ചെലവഴിച്ചതു സംബന്ധിച്ച് കിംസ് മാനേജ്മെന്റ് സൗത്ത് ഇന്ത്യൻ ബാങ്കിൽ സമർപ്പിച്ച ഇൻവോയിസ് പർച്ചേസ് ബില്ലുകളും പരിശോധിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണു ക്രൈംബ്രാഞ്ച് റിപ്പോർട്ട്.

കിംസിലെ ഡയറക്ടറായ ജൂബി ദേവസ്യ നൽകിയ പരാതി പ്രകാരമുള്ള 38 കോടിയുടെ വായ്പാ തട്ടിപ്പ് നടന്നുവെന്നാണ് കോട്ടയം ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പക്ഷെ അന്വേഷണ ഉദ്യോഗസ്ഥർ ശക്തമായ നടപടികളുമായി നീങ്ങുമ്പോൾ ഉദ്യോഗസ്ഥന് സ്ഥാന ചലനം വരും. ഇത് കേസിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുകയും ചെയ്യും. സർക്കാർ തലത്തിൽ വരുന്ന ഒത്താശകൾ തന്നെയാണ് പ്രവാസി വ്യവസായിയുടെ പരാതിക്കും കേസിനും വിഘാതമായി വരുന്നത്. തുടർ നടപടികൾ വരാതിരിക്കാൻ ശക്തമായ സ്വാധീനമാണ് കേസിന് പിന്നിൽ പ്രവർത്തിക്കുന്നത്. കേസ് റദ്ദാക്കാൻ നജീബും മറ്റു പ്രതികളും ഹൈക്കോടതിയിൽ അപേക്ഷ നൽകിയെങ്കിലും ഇത് ഹൈക്കോടതി തള്ളുകയായിരുന്നു. കേസിലെ പ്രതിയായ സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാനായിരുന്ന ഏഴാം പ്രതി സലിം ഗംഗാധരനെയും എട്ടാം പ്രതിയും ബാങ്ക് സിഇഒയുമായ വി.ജി. മാത്യുവിനെയും അറസ്റ്റ് ചെയ്യുന്നതു മാത്രമാണ് ഹൈക്കോടതി തടഞ്ഞത്.

38 കോടി രൂപ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും കോട്ടയം കിംസിനുവേണ്ടി എടുത്ത ശേഷം ഈ തുക അതേപടി ആശുപത്രി ഡയറക്ടർമാരായ നജീബും കൂട്ടരും സ്വന്തം സ്ഥാപനങ്ങളിലേക്ക് വകമാറ്റി. 130 കിടക്കകളുള്ള ഏഴു നിലക്കെട്ടിടം പണിയാനെന്ന പേരിലാണ് വായ്പ എടുത്തത്. ഈ തുക പക്ഷെ കോട്ടയം കിംസിലേക്ക് വന്നില്ല. വായ്പയെടുത്ത തുക മുഴുവനും കിംസ് ഗ്രൂപ്പിന്റെ മറ്റു സ്ഥാപനങ്ങളിലേക്കു മാറ്റിയെന്നാണു ജൂബി ദേവസ്യ പരാതി നൽകിയത്. നിലവിലുണ്ടായിരുന്ന അഞ്ചുനിലക്കെട്ടിടത്തിൽ കൂടുതലായി ഒരു നിർമ്മാണവും നടത്താതെയാണ് വായ്പാ മാനദണ്ഡങ്ങൾ ലംഘിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് മുഴുവൻ തുകയും കൈമാറിയത്. ഇതിനാലാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാനും കേസിൽ പ്രതിയായത്. ഈ കൃത്രിമം കണ്ടുപിടിച്ചതോടെയാണ് ആശുപത്രിക്ക് തുടക്കമിട്ട ഡയറക്ടറും ഉടമയുമായ ജൂബി ദേവസ്യയും കിംസിന്റെ നജീബും മറ്റു ഡയരക്ടർമാരും തമ്മിൽ പ്രശ്‌നങ്ങൾ തുടങ്ങുന്നതും. ഇത് പിന്നെ നിയമനടപടികളിലേക്ക് നീങ്ങുകയായിരുന്നു.

2014 മാർച്ച് മുതൽ 2016 ജനുവരി വരെയുള്ള കാലയളവിലാണ് വായ്പത്തുക വിതരണം ചെയ്തത്. പണം വിനിയോഗിക്കുന്നത് എങ്ങനെയെന്ന് ഇതിനിടെ ബാങ്കിന്റെ ഭാഗത്തുനിന്നു പരിശോധനയുണ്ടായില്ല. വായ്പത്തുക പ്രതികളുടെ സഹോദര സ്ഥാപനങ്ങളിലേക്കു വകമാറ്റിയതായി പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് എസ്‌പി. സാബു മാത്യു തന്നെ റിപ്പോർട്ട് നൽകിയിരുന്നു. പക്ഷെ കേസ് അസ്വാഭാവിക രീതിയിൽ മന്ദീഭവിച്ച് കിടക്കുകയാണ്. അമേരിക്കയിൽ ജീവിച്ച് സുഖസൗകര്യങ്ങൾ മനസിലാക്കി സ്വന്തം നാടായ കോട്ടയത്ത് അമേരിക്കൻ രീതിയിൽ നല്ലൊരു ആശുപത്രി പണിയാൻ വേണ്ടിയാണ് ജൂബി ദേവസ്യ മീനച്ചിലാറിന്റെ തീരത്ത് അഞ്ചര കോടി രൂപ മുതൽ മുടക്കിൽ ബെൽറോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആരംഭിച്ചത്.

രണ്ടര ഏക്കർ സ്ഥലത്ത് 50000 സ്‌ക്വയർ ഫീറ്റ് കെട്ടിടമാണ് ആശുപത്രിക്ക് വേണ്ടി ജൂബി പണി തീർത്തത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത ആശുപത്രിയാണിത്. ആശുപത്രി വികസിപ്പിക്കാൻ സഹായം തേടിയാണ് ജൂബി കിംസിന്റെ ഇ.എം.നജീബിനെയും കൂട്ടരെയും സമീപിക്കുന്നത്. 2013-ൽ നജീബും കൂട്ടരും ബെൽറോസ് ആശുപത്രി വന്നു കണ്ടു. തിരുവനന്തപുരത്തെ കിംസ് ആശുപത്രി വന്നു കണ്ടു നോക്കൂ. അതുപോലെ ഒരാശുപത്രിയായി നമുക്ക് ബെൽറോസ് ആശുപത്രിയെ മാറ്റം. കിംസ് പോലെ ബെൽറോസ് ആശുപത്രിയെയും നമുക്ക് മാറ്റാം എന്നാണ് നജീബ് അന്ന് പറഞ്ഞത്. നജീബിന്റെ വാക്ക് വിശ്വസിച്ച് ബെൽറോസ് കോട്ടയം കിംസ് ആക്കി മാറ്റിയാണ് ഇവർ പദ്ധതി മുന്നോട്ടു നീക്കിയത്.

കോട്ടയം കിംസിന്റെ 55 ശതമാനം ഷെയറുകൾ നജീബിനും 45 ശതമാനം ഷെയറുകൾ ജൂബിക്കും എന്ന രീതിയിലാണ് ധാരണ വന്നത്. ഈ പങ്കാളിത്തത്തിന്റെ പുറത്ത് ആശുപത്രി വികസിപ്പിക്കാൻ 38 കോടി രൂപ ടേം ലോൺ ആയും മൂന്നു കോടി രൂപ വർക്കിങ് കാപ്പിറ്റലുമായാണ് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും നജീബും പങ്കാളികളും ലോൺ എടുത്തത്. എന്നാൽ ഈ ലോൺ എടുത്ത കാര്യം 2017 വരെ ആശുപത്രിയുടെ 45 ശതമാനം ഷെയറുകൾ കൈവശം വയ്ക്കുന്ന ജൂബിയും ഭാര്യയും അറിഞ്ഞതേയില്ല എന്നാണ് ജൂബി മറുനാടനോട് പറഞ്ഞത്. ആശുപത്രി ഡയരക്ടർ ബോർഡിലും ഇത് ചർച്ചയ്ക്ക് വന്നില്ല. പക്ഷെ ലോൺ എടുക്കുകയും ചെയ്തു.

നജീബും സൗത്ത് ഇന്ത്യൻ ബാങ്കും നടത്തിയ ഒത്തുകളിയുടെയും ചതിയുടെ കഥ മനസിലാക്കിയാണ് ജൂബി ഹൈക്കോടതിയെ സമീപിച്ചത്. നിരവധി കേസുകളാണ് ഇതുമായി ബന്ധപ്പെട്ടു ജൂബി നൽകിയിരിക്കുന്നത്. . 2014 മുതൽ 2016 വരെ കിംസ് ലോൺ അടക്കുമ്പോൾ സൗത്ത് ഇന്ത്യൻ ബാങ്ക് ഒരു അന്വേഷണവും നടത്തിയില്ല. സൈറ്റ് ഇൻസ്പെക്ഷന്റെ ഫീസ് മാത്രം ഈടാക്കി. കെട്ടിടം പണി നടക്കുന്നുണ്ടോ എന്ന് അന്വേഷിച്ചില്ല. സ്ഥലത്ത് വന്നു നോക്കിയതുമില്ല. കെട്ടിടം പണിഞ്ഞോ എന്ന് ഇവർ അന്വേഷിച്ചതേയില്ല. അതുകൊണ്ട് തന്നെയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ സലിം ഗംഗാധരൻ കൂടി ഈ കേസിൽ പ്രതിയായി മാറിയത്. കെട്ടിടം പണിക്ക് ലോൺ എടുത്ത് കെട്ടിടം പണിയാതെ തന്നെ ലോൺ അനുവദിച്ചതിനാണ് ബാങ്ക് ചെയർമാൻ കൂടി പ്രതിയായി മാറിയത്.

130 ബെഡുള്ള ആശുപത്രി പണിയാൻ എന്ന് പറഞ്ഞ് 38 കോടി രൂപ ലോൺ എടുത്ത നജീബ് പക്ഷെ 50 സ്‌ക്വയർഫീറ്റ് ബിൽഡിങ് പോലും പണിതില്ല. ഫണ്ട് കിംസ് സ്ഥാപനങ്ങളിലേക്കും വിദേശങ്ങളിലുള്ള സ്ഥാപനങ്ങളിലേക്ക് വരെ വക മാറ്റി എന്നാണ് ജൂബി ദേവസ്യ നൽകിയ ക്രിമിനൽ സിവിൽ കേസുകളുടെ ആധാരം. പ്രതിപ്പട്ടികയിലുള്ള സലിം ഗംഗാധരൻ റിസർവ് ബാങ്കിന്റെ റീജനൽ ഡയറക്ടറായിരുന്നു. കിഫ്ബിയുടെ ഓംബുഡ്സ്മാനായി നിയമനം ലഭിക്കുകയും ചെയ്തു. ഇങ്ങനെയുള്ള സ്വാധീനം നിമിത്തമാണ് അന്വേഷണ സംബന്ധമായ രേഖകൾ ലഭ്യമാകാതിരിക്കുകയും നടപടികൾ മുന്നോട്ടു പോകാതിരിക്കുകയും ചെയ്യുന്നതെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് ജൂബി ദേവസ്യ. സിബിഐ. അന്വേഷണമാണ് കേസിൽ അഭികാമ്യം എന്ന് കരുതി അതിനുള്ള നീക്കങ്ങളിലാണ് ജൂബി ദേവസ്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP