Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് വടക്കാഞ്ചേരി മാക്‌സ്‌കെയർ ആശുപത്രിയിൽ; ആദ്യ ഓപ്പറേഷൻ നടന്ന് മെയ്‌ ഒന്നിന്; രണ്ടാം ശസ്ത്രക്രിയക്ക് ശേഷം ബന്ധുക്കളുമായി ഫോണിൽ സംസാരിച്ച ശേഷം ഹൃദയാഘാതമുണ്ടായി കോമാ സ്റ്റേജിലേക്ക്; ഭാര്യയുമായും സംസാരിച്ചിരുന്നു; കിണഞ്ഞു പരിശ്രമിച്ചിട്ടും നില വഷളായതോടെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി; ശസ്ത്രക്രിയ നടത്തിയത് അസ്ഥിരോഗ വിദഗ്ദ്ധൻ ഡോ.പ്രേംകുമാർ; ചികിത്സാ പിഴവില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും

ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് വടക്കാഞ്ചേരി മാക്‌സ്‌കെയർ ആശുപത്രിയിൽ; ആദ്യ ഓപ്പറേഷൻ നടന്ന് മെയ്‌ ഒന്നിന്; രണ്ടാം ശസ്ത്രക്രിയക്ക് ശേഷം ബന്ധുക്കളുമായി ഫോണിൽ സംസാരിച്ച ശേഷം ഹൃദയാഘാതമുണ്ടായി കോമാ സ്റ്റേജിലേക്ക്; ഭാര്യയുമായും സംസാരിച്ചിരുന്നു; കിണഞ്ഞു പരിശ്രമിച്ചിട്ടും നില വഷളായതോടെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി; ശസ്ത്രക്രിയ നടത്തിയത് അസ്ഥിരോഗ വിദഗ്ദ്ധൻ ഡോ.പ്രേംകുമാർ; ചികിത്സാ പിഴവില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും

ആർ പീയൂഷ്

തൃശൂർ: സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം ബോധം തെളിയുകയും പിന്നീട് രാത്രിയിൽ ബന്ധുക്കളുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നതായി അടുത്ത സുഹൃത്തുക്കൾ. പിന്നീടാണ് ഹൃദയാഘാതം സംഭവിച്ചതെന്നാണ് അവർ നൽകുന്ന വിവരം. ആശുപത്രി അധികൃതരുടെ വിശദീകരണവും ഇതു തന്നെയായിരുന്നു. ഇതോടെ ചികിത്സാ പിഴവല്ല സച്ചിയുടെ ആരോഗ്യ സ്ഥിതി മോശമായി ഒടുവിൽ മരണം സംഭവിക്കാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം.

ഇടുപ്പ് മാറ്റിവയ്ക്കാൻ വടക്കാഞ്ചേരി ഓട്ടുപാറയിലെ മാക്‌സ് കെയർ ആശുപത്രിയിലാണ് സച്ചിയുടെ ശസ്ത്രക്രിയ നടത്തിയത്. മുട്ടുമാറ്റിവയ്ക്കുന്നതിനും ഇടുപ്പ് മാറ്റിവയ്ക്കുന്നതിനും കേരളത്തിലെ പ്രശസ്തനായ ഡോക്ടർ പ്രേംകുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രണ്ടാമത്തെ ശസ്ത്രക്രിയക്ക് ശേഷമാണ് ഹൃദയാഘാതം സംഭവിച്ചത്. പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും നില വഷളായതോടെ തൃശൂർ ജൂബിലി മിഷൻ പോസ്പിറ്റിലലിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ പരിശോധന നടത്തുമ്പോഴാണ് തലച്ചോറിലേക്ക് ഓക്‌സിജൻ എത്തുന്നില്ല എന്ന് കണ്ടെത്തിയത്. ഇതോടെ വേഗം തന്നെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

ഇന്നലെ അന്തരിച്ച സംവിധായകൻ സച്ചിദാനന്ദന് ശസ്ത്രക്രിയക്കിടെയാണ് ഹൃദയാഘാതമുണ്ടായതെന്ന വാർത്ത തെറ്റാണെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ.പ്രേംകുമാർ അറിയിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് ആറ് മണിക്കൂറിന് ശേഷമാണ് ഹൃദയാഘാതമുണ്ടായത്. അടിയന്തര ചികിത്സ നൽകിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും ഡോ. പ്രേംകുമാർ പ്രതികരിച്ചു. ഇതു സംബന്ധിച്ചുള്ള വ്യാജ പ്രചരണത്തിന് പിന്നിൽ വൻകിട ആശുപത്രി ലോബികളാണെന്ന് ഡോക്ടർ പറഞ്ഞു. ഇടുപ്പിലേക്കുള്ള രക്തഓട്ടം നിലച്ചതായിരുന്നു പ്രശ്‌നം. ആദ്യ ശസ്ത്രക്രിയ മെയ്‌ ഒന്നിന് നടന്നു. അത് വിജയമായി. അതിന് ശേഷം വീണ്ടും രണ്ടാം ശസ്ത്രക്രിയയ്ക്ക് എത്തി. അതും വിജയമായിരുന്നു.

'രണ്ട് ശസ്ത്രക്രിയകളുണ്ടായിരുന്നു. ആദ്യ ശസ്ത്രക്രിയ സമയത്തായിരുന്നു സച്ചിക്ക് കൂടുതൽ ഭയം. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്ത സമയത്ത് സച്ചിയുടെ ഭാര്യ ഐസിയുവിനുള്ളിൽ കയറി സംസാരിച്ചിരുന്നു. ശസ്ത്രക്രിയക്ക് വേണ്ടി സച്ചിയെ ബോധം കെടുത്തിയിരുന്നില്ല. ശസ്ത്രക്രിയക്കിടയിൽ അദ്ദേഹം എന്നോട് സംസാരിച്ചിരുന്നു. 11.50 വരെ സ്റ്റാഫുമായും സംസാരിച്ചു. പെട്ടന്നാണ് ഹാർട്ട് നിലച്ച് പോയത്. ഞങ്ങൾ ഉടനെ അടിയന്തര ചികിത്സ നൽകിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി'. ശസ്ത്രക്രിയക്ക് ഇടയിലാണ് ഇത് സംഭവിച്ചതെന്നരീതിയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

ആരോഗ്യ നിലയിൽ മാറ്റമൊന്നുമില്ലാതെയിരുന്നതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച ന്യൂറോ ചികിത്സ ലഭ്യമായ ബംഗളൂരു നിംഹാൻസി (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്)ലേക്ക് മാറ്റാനായി സുഹൃത്തുക്കളും ബന്ധുക്കളും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിംഹാൻസിലെ വിദഗ്ദ്ധ ന്യൂറോ ഡോക്ടർമാരും തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിലെ ഡോക്ടർമാരും തമ്മിൽ വീഡിയോ കോൺഫറൻസ് നടത്തി. വീഡിയോ കോൺഫറൻസിൽ നിലവിൽ സച്ചിയുടെ നില തൃപ്തികരമല്ല എന്നാണ് നിംഹാൻസ് ഡോക്ടർമാർ വിലയിരുത്തിയത്. മാത്രമല്ല ബാഗ്ലൂരിലേക്ക് എത്തിച്ചാലും മറ്റ് ചികിത്സകളൊന്നും നടത്താനില്ല, തൃശൂരിൽ തന്നെ ചികിത്സ തുടരാനാണ് അഭിപ്രായപ്പെട്ടത്.

ഹൃദയാഘാതവും തലച്ചോറിലേക്കുള്ള രക്തയോട്ടത്തിലെ തകരാറുമാണ് സച്ചിയെ മരണത്തിലേക്കെത്തിച്ചത്. ഹൈപ്പോക്സിക് ബ്രെയിൻ ഡാമേജ് (എന്തെങ്കിലും കാരണത്താൽ തലച്ചോറിലേക്ക് ഓക്സിജൻ എത്താത്ത അവസ്ഥ) സംഭവിച്ചതാണ്്. ഇന്ന മെഡിക്കൽ ടീം പ്രത്യേക മീറ്റിങ് വിളിച്ചിരുന്നു. കൂടുതൽ ചികിത്സകളൊന്നും ഇനി നൽകാനില്ലെന്നാണ് ഡോക്ടർമാർ പ്രതികരിച്ചത്. തുടർന്ന് വെന്റിലേറ്റർ മാറ്റുന്നതിനെ പറ്റി ബന്ധുക്കളുമായി ആശുപത്രി അധികൃതർ ചർച്ച നടത്തി. ആദ്യം ബന്ധുക്കൾ വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. അങ്ങനെ വെന്റിലേറ്ററിന്റെ പ്രവർത്തനം പതിയ കുറച്ചു കൊണ്ട് വരികയായിരുന്നു. രാത്രി 10.30 നാണ് മരണം നടന്നത്. മുൻപ് സച്ചിദാനന്ദൻ ഭാര്യ സിജിയോട് തന്റെ കണ്ണുകൾ ദാനം ചെയ്യുന്നതിനെ പറ്റി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണുകൾ ദാനം ചെയ്തു.

കൊടുങ്ങല്ലൂർ ഗൗരീശങ്കർ ആശുപത്രിക്കു സമീപം കൂവക്കാട്ടിൽ രാമകൃഷ്ണന്റെയും ദാക്ഷായണിയുടെയും മകനായ സച്ചി മാല്യങ്കര എസ്എൻഎം കോളജിലും എറണാകുളം ലോ കോളജിലുമാണു പഠിച്ചത്. തമ്മനത്തായിരുന്നു സ്ഥിരതാമസം. 10 വർഷത്തോളം ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു. ചോക്ലേറ്റ്, റോബിൻഹുഡ്, മേക്കപ്പ്മാൻ, സീനിയേഴ്സ്,ഡബിൾസ് എന്നീ സിനിമകളാണ് സച്ചിയും സേതുവും ചേർന്നെഴുതിയത്.ഡബിൾസ് ഒഴികെ എല്ലാം ഹിറ്റുകൾ. ഡബിൾസിനു ശേഷം ഇരുവരും പിരിഞ്ഞു.ജോഷി സംവിധാനം ചെയ്ത 'റൺ ബേബി റൺ' ആണ് സച്ചിയുടെ ഒറ്റയ്ക്കുള്ള ആദ്യത്തെ തിരക്കഥ.

അതും സൂപ്പർഹിറ്റായി. ആദ്യം സംവിധാനം ചെയ്ത ചിത്രം അനാർക്കലിയും ഹിറ്റ് ചാർട്ടിൽ ഇടം നേടി. ചേട്ടായീസ്, അനാർക്കലി, രാമലീല, ഷെർലക് ടോംസ് എന്നിവയാണു മറ്റു തിരക്കഥകൾ. നാടകപ്രേമവും കവിതയും സൗഹൃദവും സച്ചിയുടെ സർഗാത്മതകയെ സമ്പന്നമാക്കി. ഒടുവിൽ ഹിറ്റുകളുടെ നടുവിൽ നിന്ന് അപ്രതീക്ഷിത വിടവാങ്ങൽ. സംസ്‌ക്കാരം ഇന്ന് വൈകിട്ട് മൂന്നിന് കൊച്ചി രവിപുരം ശ്മശാനത്തിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP