Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വലിപ്പത്തിൽ ഏകദേശം സ്വിറ്റ്‌സർലണ്ടിനോളം വരും; വിസ്തീർണത്തിൽ ലോകത്തിൽ ഇന്നുള്ളതിൽ വെച്ചേറ്റവും വലിയ തർക്കപ്രദേശം; ഗാൽവാൻ താഴ് വരയെ ചൈന കൈയടക്കുന്നത് അക്‌സായ് ചീൻ തിരിച്ചു പിടിക്കുമെന്ന ഇന്ത്യൻ ഭീഷണിയെ ചെറുക്കാൻ; കിഴക്ക് ടിബത്തും പടിഞ്ഞാറ് സിങ്കിയാങ്ങും അതിരുകൾ കുറിക്കുന്ന ഇന്ത്യൻ ഇതിഹാസങ്ങളിൽ നിറയുന്ന പ്രദേശം; ചൈനീസ് പ്രകോപനത്തിന് പിന്നിൽ അക്‌സായ് ചീൻ നഷ്ടമാകുമോ എന്ന ഭയവും

വലിപ്പത്തിൽ ഏകദേശം സ്വിറ്റ്‌സർലണ്ടിനോളം വരും; വിസ്തീർണത്തിൽ ലോകത്തിൽ ഇന്നുള്ളതിൽ വെച്ചേറ്റവും വലിയ തർക്കപ്രദേശം; ഗാൽവാൻ താഴ് വരയെ ചൈന കൈയടക്കുന്നത് അക്‌സായ് ചീൻ തിരിച്ചു പിടിക്കുമെന്ന ഇന്ത്യൻ ഭീഷണിയെ ചെറുക്കാൻ; കിഴക്ക് ടിബത്തും പടിഞ്ഞാറ് സിങ്കിയാങ്ങും അതിരുകൾ കുറിക്കുന്ന ഇന്ത്യൻ ഇതിഹാസങ്ങളിൽ നിറയുന്ന പ്രദേശം; ചൈനീസ് പ്രകോപനത്തിന് പിന്നിൽ അക്‌സായ് ചീൻ നഷ്ടമാകുമോ എന്ന ഭയവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 1962 ൽ ചൈനയുടെ സൈനിക നീക്കമറിഞ്ഞ ഇന്ത്യൻ സൈന്യം ഗാൽവൻ താഴ്‌വരയ്ക്കു ചുറ്റുമുള്ള കുന്നുകളൊന്നിൽ ഒരു പോസ്റ്റ് സ്ഥാപിച്ചിരുന്നു. ആ പോസ്റ്റ് തകർത്തുകൊണ്ടാണ് ചൈന ലഡാക്കിലേക്ക് ആക്രമണം അന്ന് തുടങ്ങിയത്. അക്‌സായ് ചിൻ സ്വന്തമാക്കാനുള്ള യുദ്ധ തന്ത്രമായിരുന്നു ഇത്. വലിപ്പത്തിൽ ഏകദേശം സ്വിറ്റ്‌സർലണ്ടിനോളം വരുന്ന അക്‌സായ് ചിൻ പ്രദേശമാണ് വിസ്തീർണത്തിൽ ലോകത്തിൽ ഇന്നുള്ളതിൽ വെച്ചേറ്റവും വലിയ തർക്കപ്രദേശം.

1962ല്ഡ മേജർ ശെയ്ത്താൻ സിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ചെറുത്തുനിൽപു തകർത്ത് ചൈന ഗാൽവൻ പിടിച്ചു. പിന്നീട് ചൈനീസ് സൈന്യം ഒരു മാസത്തിനുള്ളിൽ അവിടെ നിന്നു സ്വമേധയാ പിന്മാറുകയായിരുന്നു. ഗൽവാൻ താഴ്‌വര തങ്ങളുടെ അധീനതയിലായിരുന്ന പ്രദേശമായിരുന്നുവെന്ന് ചൈന അന്നു പോലും വാദമുയർത്തിയില്ല. ഈ പ്രദേശത്തെ ചൊല്ലിയാണ് ഇപ്പോൾ തർക്കം. ഇതിന് കാരണം ചൈന പിടിച്ചുവച്ചിരിക്കുന്ന അക്‌സായ് ചിന്നിനു വേണ്ടിയുള്ള തന്ത്രമാണ്. ഈ പ്രദേശത്തിന് അവകാശമുന്നയിക്കുന്ന ഇന്ത്യ ആ പ്രദേശം പിടിച്ചെടക്കുമെന്ന സൂചനകൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയിരുന്നു.

അതിർത്തിയിൽ നടത്തുന്ന നിർമ്മാണപ്രവർത്തനങ്ങളെ പ്രതിരോധപരമായാണു ഇന്ത്യ വിശേഷിപ്പിക്കുന്നതെങ്കിലും ചൈന അവയെ ആക്രമണസ്വഭാവമുള്ളവയായാണ് വിലയിരുത്തുന്നത്. അതിർത്തിക്കടുത്ത് ലാൻഡിങ് സ്ട്രിപ്പുകൾ നിർമ്മിച്ചതും തർക്കഭൂമിക്കടുത്തു പഴയവിമാനത്താവളം പരിഷ്‌ക്കരിച്ചെടുത്തതും പർവതപ്രഹരകോർ രൂപീകരിച്ചതും ചൈനയ്ക്ക് പിടിച്ചില്ല. നരേന്ദ്ര മോദി സർക്കാർ അതിർത്തിയിലെ ദൗലത് ബേഗ് ഓൽഡിയിലേക്കു റോഡ് നിർമ്മാണം പൂർത്തിയാക്കിയതും ചൈനയെ പ്രകോപിപ്പിച്ചു. ഇതെല്ലാം അക്‌സായ് ചിൻ തിരിച്ചു പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് ചൈന കരുതുന്നു.

ഓഗസ്റ്റിൽ കശ്മീരിന്റെ പ്രത്യേകപദവി എടുത്തുമാറ്റിയപ്പോഴും അതിനു മുൻപും അക്‌സായ് ചിൻ തിരിച്ചുപിടിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യം പാർലമെന്റിൽ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയുടെ സൈന്യത്തിന് അക്‌സായ് ചിന്നിലേക്ക് ആക്രമിച്ചുകയറാനുള്ള വഴിയായാണു ചൈന ഗൽവാൻ താഴ്‌വരയെ കാണുന്നത്. താഴ്‌വരയ്ക്കു ചുറ്റുമുള്ള കുന്നുകൾ കൈവശമാക്കിയാൽ ഈ വഴി തടയാനാവും എന്നാണ് അവരുടെ കണക്കുകൂട്ടൽ. താഴ്‌വര പിടിച്ചാൽ ദൗലത് ബേഗ് ഓൾഡിയും ചൈനയുടെ കൈപ്പിടിയിലാവും. അവിടെ നിന്ന് വെറും 16 കിലോമീറ്ററേയുള്ളു കാരക്കോറം ചുരത്തിലേക്ക്. അതിനപ്പുറത്താണ് പാക്കിസ്ഥാന്റെ ഗിൽജിത്ബാൾട്ടിസ്ഥാൻ പ്രദേശങ്ങൾ. അങ്ങനെ ഈ ഇടപെടലിന് പാക് താൽപ്പര്യങ്ങളും ഉണ്ട്.

കിഴക്കൻ കശ്മീരിൽ ചൈനയുടെ അനധികൃത നിയന്ത്രണത്തിലുള്ള ഒരു ഇന്ത്യൻ ഭൂഭാഗമാണ് അക്‌സായ് ചിൻ. ഇന്ത്യ, ഈ പ്രദേശത്തെ ജമ്മു കശ്മീർ സംസ്ഥാനത്തിനുള്ളിലെ ലഡാക് ജില്ലയുടെ ഭാഗമായി കണക്കാക്കുന്നു. 1962 മുതൽ അന്യായമായി ചൈനയുടെ നിയന്ത്രണത്തിലാണ് ഈ പ്രദേശം. കിഴക്ക് ടിബത്തും പടിഞ്ഞാറ് സിങ്കിയാങ്ങും അതിരുകൾ കുറിക്കുന്ന ഈ പ്രദേശം ഇന്ത്യൻ ഇതിഹാസങ്ങളിൽ അക്ഷയചീനാ എന്ന പേരിൽ പരാമർശനവിധേയമായിട്ടുണ്ട്.

1842-ൽ ജമ്മു കാശ്മീർ ഭരിച്ചിരുന്ന ഗുലാബ് സിങ് രാജാവ് തിബത്തിന്റെ കൈവശത്തിലായിരുന്ന അക്‌സായ് ചിൻ ഉൾപ്പെട്ട ലഡാക് പ്രവിശ്യ ആക്രമിച്ചു കീഴടക്കി. നാലു വർഷങ്ങൾക്കുശേഷം കശ്മീർ കൂടി കയ്യടക്കിയതോടെ ഗുലാബ് സിങ്ങിന്റെ രാജ്യം ജമ്മു-കശ്മീർ-ലഡാക് എന്നീ മൂന്നു പ്രവിശ്യകളിലുമായി വ്യാപിച്ചു കിടന്നിരുന്നു. 1947-ൽ രാജ്യം ഭരിച്ചിരുന്ന ഹരിസിങ് മഹാരാജാവ് ഇന്ത്യയുമായി തന്റെ രാജ്യത്തെ ലയിപ്പിച്ചതോടെ അക്‌സായ് ചിൻ പ്രദേശം ഇന്ത്യയുടെ അവഭാജ്യ ഭാഗമായിത്തീർന്നു.

ഏകദേശം 4000 മുതൽ 5000 മീറ്റർ വരെ ഉയരത്തിൽ പരന്നു കിടക്കുന്ന ഈ തണുത്ത മരുപ്രദേശത്തെ ഇന്ത്യയുടെ ഭാഗമായി ചൈന ഒരുകാലത്തും അംഗീകരിച്ചിരുന്നില്ല. 1914-ൽ ചൈനയുടെ പ്രതിനിധിയും ബ്രിട്ടനും തിബത്തുമായി മക്‌മോഹൻരേഖ ആസ്പദമാക്കി ഉണ്ടാക്കിയ ധാരണ ചൈന നിരാകരിച്ചതാണ് പ്രശ്‌നത്തിന്റെ മൂല കാരണം. അക്‌സായ്ചിൻ ഉൾപ്പെടെ പല ഇന്ത്യൻ പ്രദേശങ്ങളെയും ചൈനീസ് അതിർത്തിക്കുള്ളിലാക്കി ചിത്രീകരിക്കുന്ന ഭൂപടങ്ങൾ ചൈന പ്രസിദ്ധപ്പെടുത്തി (1958). തുടർന്ന് ഇന്ത്യാ-ചൈന ഗവൺമെന്റുകൾ തമ്മിൽ അതിർത്തി പ്രശ്‌നം ചർച്ച ചെയ്തു. ചരിത്രരേഖകളുടെ അടിസ്ഥാനത്തിൽ അക്‌സായ്ചിൻ സ്വന്തം പ്രദേശമാണെന്ന നിലപാടാണ് ഇന്ത്യ എല്ലായ്‌പ്പോഴും സ്വീകരിച്ചിട്ടുള്ളത്.

ടിബത്തും പ. കിവാങ്ങ്-ഉയ്ഗൂർ സ്വയംഭരണ പ്രദേശവും തമ്മിൽ യോജിപ്പിക്കുന്ന ചൈനയുടെ തന്ത്രപ്രധാനമായ ദേശീയപാത 219 അക്‌സായ് ചിൻ പ്രദേശത്തുകൂടിയാണ് കടന്നു പോകുന്നത്. 1962-ൽ ചൈന റോഡുവെട്ടുന്നതറിഞ്ഞതോടെയാണ് ഈ പ്രദേശത്ത് അവർ ആധിപത്യം സ്ഥാപിച്ചുവെന്ന് ഇന്ത്യ അറിയുന്നതുതന്നെ. തുടർന്നുണ്ടായ യുദ്ധത്തിൽ അക്‌സായ് ചിൻ പ്രദേശത്തെ ഏകദേശം 38,000-ൽപ്പരം ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം ചൈനയുടെ കൈവശമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP