Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇനി ലോകത്തോട് പറയാനുള്ളത് നിങ്ങളുടെ സ്വന്തം ശബ്ദത്തിൽ പറയാം; ട്വിറ്ററിൽ ഇനി ടെക്‌സ്റ്റ് സന്ദേശത്തോടൊപ്പം ശബ്ദവും ട്വീറ്റ് ചെയ്യാം; 140 സെക്കൻ‍ഡ് ദൈർഘ്യമുള്ള ശബ്ദ ട്വീറ്റുകൾ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയത് അമേരിക്കയിലെ ഐഓഎസ് ഉപയോക്താക്കൾക്ക്; വിപ്ലവകരമായ പുതിയ മാറ്റത്തെ സ്വീകരിക്കാൻ സൈബർലോകം

ഇനി ലോകത്തോട് പറയാനുള്ളത് നിങ്ങളുടെ സ്വന്തം ശബ്ദത്തിൽ പറയാം; ട്വിറ്ററിൽ ഇനി ടെക്‌സ്റ്റ് സന്ദേശത്തോടൊപ്പം ശബ്ദവും ട്വീറ്റ് ചെയ്യാം; 140 സെക്കൻ‍ഡ് ദൈർഘ്യമുള്ള ശബ്ദ ട്വീറ്റുകൾ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയത് അമേരിക്കയിലെ ഐഓഎസ് ഉപയോക്താക്കൾക്ക്; വിപ്ലവകരമായ പുതിയ മാറ്റത്തെ സ്വീകരിക്കാൻ സൈബർലോകം

മറുനാടൻ ഡെസ്‌ക്‌

സാൻ ഫ്രാൻസിസ്‌കോ: ട്വിറ്ററിൽ ഇനി ടെക്‌സ്റ്റ് സന്ദേശത്തോടൊപ്പം ശബ്ദവും ട്വീറ്റ് ചെയ്യാമെന്ന വാർത്ത സന്തോഷത്തോടെ സ്വീകരിക്കുകയാണ് സൈബർലോകം. അമേരിക്കയിലെ തിരഞ്ഞെടുത്ത ചില ഐഓഎസ് ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സൗകര്യം പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിരിക്കുന്നത്. എന്നാൽ, വരുന്ന ആഴ്ചകളിൽ ഐഒഎസിലുള്ള എല്ലാവർക്കും ഇതു നൽകും. ആൻഡ്രോയിഡിൽ ഇതെന്ന് എത്തുമെന്ന കാര്യം ട്വിറ്റർ വ്യക്തമാക്കിയില്ല. 280 അക്ഷരങ്ങളാണ് ഒരു ട്വീറ്റിൽ ഉൾപ്പെടുത്താനാവുക. ഇതോടൊപ്പം 140 സെക്കൻഡ് ദൈർഘ്യമുള്ള ശബ്ദശകലവും ട്വിറ്ററിൽ പങ്കുവെക്കാം. ആദ്യം പങ്കുവെക്കുന്ന ട്വീറ്റുകൾക്കൊപ്പം മാത്രമേ ശബ്ദവും പങ്കുവെക്കാൻ സാധിക്കു. അതായത് മറുപടിയിലോ റീട്വീറ്റിലോ ആ ശബ്ദം പങ്കുവെക്കപ്പെടില്ല.

വാക്കുകൾ ടൈപ് ചെയ്തു സമയം കളയേണ്ട എന്നതും, താൻ ഫോളോ ചെയ്യുന്നവരുടെ ശബ്ദത്തിൽ തന്നെ ട്വീറ്റുകൾ കേൾക്കാമെന്നതും ആകർഷകമായ കാര്യങ്ങളാണ്. മലയാളിയായ ട്വിറ്റർ ഉപയോക്താവിന് മലയാളത്തിൽ തനിക്ക് പറയാനുള്ളത് പറയുകയും ചെയ്യാം. ട്വിറ്റർ ഉപയോഗിക്കുന്ന രീതിക്ക് മാറ്റം വരുത്തിയേക്കാവുന്ന, കൂടുതൽ സ്വാഭാവികമായ രീതിയിലും ട്വീറ്റുകൾ നടത്താൻ തങ്ങളുടെ ഉപയോക്താക്കളെ അനുവദിക്കുകയാണ് എന്നാണ് ട്വിറ്റർ അറിയിച്ചിരിക്കുന്നത്.

സ്വന്തം ശബ്ദത്തിലുള്ള ട്വീറ്റു ചെയ്യുന്നതിനും പഴയ രീതി തന്നെയാണ് പിന്തുടരുന്നത്. വോയിസ് ട്വീറ്റ് നടത്താൻ ട്വീറ്റ് കംപോസർ തുറന്ന് തരംഗദൈർഘ്യത്തിന്റെ (wavelengths) ചിത്രമുള്ള ഐക്കണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോയും റെക്കോഡ് ബട്ടണും തെളിഞ്ഞുവരുന്നതു കാണാം. താഴെ ഭാഗത്താണ് റെക്കോഡ് ബട്ടൺ. ഇതിൽ സ്പർശിച്ച് ശബ്ദം റെക്കോഡ് ചെയ്യാം.

ഓരോ വോയിസ് ട്വീറ്റിനും പരിമിതിയുണ്ട്. എന്നാൽ, അതു മറികടക്കുകയും ചെയ്യാവുന്ന രീതിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു വോയിസ് ട്വീറ്റിന് പരമാവധി 140 സെക്കൻഡ് മാത്രമാണ് ദൈർഘ്യം. എന്നാൽ, സമയ പരിമിതി കഴിഞ്ഞും നിങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ ട്വിറ്റർ ആദ്യ ട്വീറ്റ് കഴിഞ്ഞ് അടുത്തത് ഓട്ടോമാറ്റിക്കായി സൃഷ്ടിക്കും. അങ്ങനെ ഒരു തവണ സംസാരിച്ചതു മുഴുവനും ഒരു ത്രെഡ് ആയി കാണിക്കും. സംസാരിക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ കഴിഞ്ഞാൽ 'ഡൺ' ബട്ടണിൽ ക്ലിക്കു ചെയ്യുക. അപ്പോൾ റെക്കോഡിങ് അവസാനിക്കും. തുടർന്ന് കംപോസർ സ്‌ക്രീനിലെത്തി ട്വീറ്റ് ചെയ്യാം.

നേരത്തെ 140 അക്ഷരങ്ങൾ ഉൾപ്പെടുന്ന കുറിപ്പ് മാത്രമാണ് ട്വിറ്ററിൽ പങ്കുവെക്കാൻ സാധിച്ചിരുന്നത്. ഉപയോക്താക്കളുടെ ഏറെ നാളത്തെ ആവശ്യം പരിഗണിച്ചാണ് ഇത് പിന്നീട് 280 ലേക്ക് വർധിപ്പിച്ചത്. ഇപ്പോൾ ആ പരിധിയും പോരെന്ന് തോന്നുന്നവർക്കായാണ് ശബ്ദം കൂടി ചേർക്കാനുള്ള സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷങ്ങളിലും ഉപയോക്താക്കൾക്ക് തങ്ങളുടെ വ്യക്തിത്വം പുറത്തുകൊണ്ടുവരാനായി വിഡിയോകളും ഫോട്ടോകളും സവിശേഷ അക്ഷരങ്ങളും എല്ലാം ഉപയോഗിച്ച് ട്വീറ്റു ചെയ്യാൻ സാധിക്കുമായിരുന്നു. എന്നാൽ, ഒരു ട്വീറ്റിന് 280 അക്ഷരങ്ങൾ മാത്രമെ ഉപയോഗിക്കാവൂ എന്ന പരിമിതി പലർക്കും തടസങ്ങൾ സൃഷ്ടിച്ചു. അർഥം ചോരാതെ തർജ്ജമ ചെയ്തു ട്വീറ്റു നടത്തുന്നതും മറ്റും ദുഷ്‌കരമായിരുന്നുവെന്നും ട്വിറ്റർ പറയുന്നു.

ശബ്ദ ട്വീറ്റ് സൃഷ്ടിക്കാൻ ചെയ്യേണ്ടത് ഇങ്ങനെ..

  • സാധാരണ ട്വീറ്റ് ചെയ്യുന്ന പോലെ തന്നെയാണ് ശബ്ദവും ട്വീറ്റ് ചെയ്യുന്നത്. ഇതിനായി ട്വീറ്റ് കംപോസ് ബട്ടൻ ക്ലിക്ക് ചെയ്യുക.
  • അതിൽ വോയ്‌സ് ഐക്കൺ ഉണ്ടാവും അത് തിരഞ്ഞെടുത്താൽ റെക്കോർഡർ തുറക്കും
  • റെക്കോർഡ് ബട്ടൻ അമർത്തി ശബ്ദം റെക്കോർഡ് ചെയ്യുക. ഡൺ ബട്ടൻ ക്ലിക്ക് ചെയ്യുക.
  • ട്വീറ്റ് ടെക്‌സ്റ്റും ശബ്ദത്തോടൊപ്പം ചേർക്കാം.
  • രണ്ട് മിനിറ്റ് 20 സെക്കൻഡ് ദൈർഘ്യമുള്ളതായിരിക്കും ഓരോ വോയ്‌സ് ട്വീറ്റുകളും. അതിൽ കൂടുതൽ നേരം റെക്കോർഡ് ചെയ്താൽ അവ ഓട്ടോമാറ്റിക് ആയി വ്യത്യസ്ത ട്വീറ്റുകളായി വിഭജിക്കപ്പെടും.
  • പ്രൊഫൈൽ ചിത്രം ഉൾപ്പെടുത്തിയാണ് വോയ്‌സ് ട്വീറ്റ് ടൈംലൈനിൽ പ്രത്യക്ഷപ്പെടുക. അതിൽ ക്ലിക്ക് ചെയ്താൽ ശബ്ദം കേൾക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP