Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിയമയുദ്ധം നടക്കുന്നതിനിടയിൽ ശബരിമല വിമാനവത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനൊരുങ്ങി സർക്കാർ; എസ്റ്റേറ്റിൽ നിന്ന് 2263 ഏക്കർ ഭൂമി ഏറ്റെടുക്കാൻ കോട്ടയം ജില്ലാ കളക്ടർക്ക് സർക്കാർ നിർദ്ദേശം നൽകി; തർക്ക ഭൂമിയാതിനാൽ നഷ്ട പരിഹാരത്തുക കോടതിയിൽ കെട്ടിവെക്കും; ഭൂമി ഏറ്റെടുക്കുന്നത് 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം; ബിലീവേഴ്‌സ് ചർച്ചിന്റെ കൈവശമുള്ള ഭൂമി ഇനി വിമാനത്താവളത്തിന്  

ന്യൂസ് ഡെസ്‌ക്‌

കോട്ടയം: ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ്. ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് 2263 ഏക്കർ ഏറ്റെടുക്കാൻ കോട്ടയം ജില്ലാകലക്ടർക്ക് അനുവാദം നൽകിക്കൊണ്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമുള്ള ഭൂമിയാതിനാൽ നഷ്ട പരിഹാരത്തുക കോടതിയിൽ കെട്ടിവെക്കും.

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായാണ് കാഞ്ഞിരപ്പള്ളി താലൂക്കിലെ ചെറുവള്ളി എസ്റ്റേറ്റിൽനിന്ന് 2263.18 ഏക്കർ ഭൂമി ഏറ്റെടുക്കുക. എരുമേലി, മണിമല വില്ലേജുകളിലെ ഈ ഭൂമിയാണ് ശബരിമലക്ക് ഏറ്റവും അടുത്തുള്ളതും വിമാനത്താവളത്തിന് അനുയോജ്യവുമായ ഭൂമിയെന്ന് അഡിഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി കണ്ടെത്തുകയായിരുന്നു.

ഗോസ്പൽ ഒഫ് ഏഷ്യ ചാരിറ്റബിൾട്രസ്റ്റിന്റെ കൈവശമാണ് ഇപ്പോൾ ചെറുവള്ളി എസ്റ്റേറ്റ്. ഹാരിസൺ മലയാളത്തിൽ നിന്ന് വാങ്ങിയതാണെന്നാണ് ട്രസ്റ്റ് വ്യക്തമാക്കുന്നത്. എന്നാൽ ഈ ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്നും ഇത് വിൽക്കാനോ വാങ്ങുവാനോ ഹാരിസണും ഗോസ്പൽ ഒഫ് ഏഷ്യക്കും അധികാരമില്ലെന്നുമാണ് റവന്യൂ വകുപ്പിന്റെ നിലപാട്.

സ്്‌പെഷൽ ഓഫീസറായി നിയമിച്ച എം.ജി.രാജമാണിക്യം ചെറുവള്ളി ഉൾപ്പെടെയുള്ള ഹാരിസൺ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് ശുപാർശ ചെയ്തു. എന്നാൽ ഹൈക്കോടതി ഇത് പൂർണമായി അംഗീകരിച്ചില്ല. കേസ് കോടതിയിൽ നിലനിൽക്കുന്നതിനാൽ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള നഷ്ടപരിഹാരത്തുക പാലാ കോടതിയിൽ കെട്ടിവെക്കും. പാലാകോടതിയുടെ അധികാരപരിധിയിലാണ് ചെറുവള്ളി എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത്.

ഭൂമി ഏറ്റെടുക്കാനുള്ള നോട്ടിഫിക്കേഷൻ കോട്ടയം കലക്ടർ പുറപ്പെടുവിച്ചു കഴിഞ്ഞാൽ ഒരു വിദഗ്ധ സമിതി നിലവിൽവരും.

അവരുടെ ഉപദേശപ്രകാരമാവും തുടർനടപടികൾ. അന്തിമമായ തീരുമാനം കോടതിവിധിയെ അടിസ്ഥാനമാക്കിയാവും. നെൽവയൽ നീർത്തട സംരക്ഷണ നിയമം, തീരദേശപരിപാലന നിയമം, പരിസ്ഥിതി സംരക്ഷണനിയമം എന്നിവ അനുസരിച്ചുള്ള അനുമതി കൂടിവാങ്ങിയശേഷമെ വിമാനത്താവള പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടങ്ങാനാകൂ. എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്ന് അഞ്ച് അന്വേഷണ കമ്മീഷനുകൾ നൽകിയ റിപ്പോർട്ട് നിലനിൽക്കുമ്പോാഴും വിമാനത്താവളത്തിനായി ഭൂമി വിലകൊടുത്തുവാങ്ങാനുള്ള സർക്കാർ നീക്കം കേരള ജനതയോടുള്ള വെല്ലുവിളിയാകുന്നു എന്നാണ് ആക്ഷേപം ഉയർന്നത്.

ഹാരിസൺ ഗ്രൂപ്പിന്റെ കൈവശമുള്ള തോട്ടങ്ങളെപ്പറ്റി അന്വേഷണം നടത്തിയ ലാന്റ് റവന്യൂ കമ്മീഷണറായിരുന്ന നിവേദിത പി.ഹരൻ, ഭൂമി ഏറ്റെടുക്കുന്നത്.സംബന്ധിച്ച പഠനം നടത്തിയ ജസ്റ്റീസ് എൽ.മനോഹരൻ, ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണറായിരുന്ന സജിത്ത് ബാബു, ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ വിജിലൻസ് ഡിവൈ.എസ്‌പി നന്ദനൻപിള്ള, ഭൂമി ഏറ്റെടുക്കാൻ നിയമിതനായ സ്‌പെഷൽ ഓഫീസർ രാജമാണിക്കം എന്നിവരുടെ റിപ്പോർട്ടുകളിലാണ് ഹാരിസൺ കൈവശം വച്ചിരിക്കുന്നതും വിറ്റതുമായ ഭൂമി സർക്കാറിന് അവകാശപ്പെട്ടതാണെന്നും അത് എത്രയും വേഗം തിരിച്ചു പിടിച്ചെടുക്കണമെന്നും നിർദ്ദേശിച്ചിരിക്കുന്നത്.

എന്നാൽ ഈ റിപ്പോർട്ടുകൾക്കെല്ലാം പുല്ലുവില പോലും നൽകാതിരുന്ന ഇടതു സർക്കാർ ഹാരിസൺ ഭൂമിയെപ്പറ്റി കോടതിയിൽ സമർഥമായി വാദിച്ച റവന്യൂ വകുപ്പ് സ്‌പെഷൽ സുശീല ഭട്ടിനെ തൽസ്ഥാനത്തുനിന്ന് മാറ്റുക മാത്രമല്ല രാജമാണിക്കം റിപ്പോർട്ട് പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് നിയമ സാധുതയില്ലെന്നു വരുത്തി തീർക്കാനാണ് ശ്രമിച്ചത്. ഇതിന്റെയെല്ലാം പിന്നിൽ ഹാരിസണും ബിഷപ്പ് യോഹന്നാനും സർക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണെന്ന സംശയമാണ് ഇപ്പോൾ ഉയർന്നു വരുന്നത്.

ചെറുവള്ളി തോട്ടത്തിന്റെ ചരിത്രത്തിലേക്ക്

1979-ൽ മലയാളം പ്ലാന്റേഷൻ (യു.കെ)ലിമിറ്റഡ് എന്ന സ്ഥാപനം കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ചാൽ ചെറുവള്ളിതോട്ടത്തിന്റെ ചരിത്രം മനസിലാക്കാം. ബ്രിട്ടീഷ് കമ്പനിയായിരുന്ന റബർ ആൻഡ് പ്രൊഡ്യൂസ് കമ്ബനി ലിമിറ്റഡ് (നമ്ബർ 4-10, ഗ്രേറ്റ് ടവർ ഇൻ ലണ്ടൻ) എന്ന സ്ഥാപനം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിവിധ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പാട്ട വ്യവസ്ഥ പ്രകാരം വാങ്ങികൂട്ടിയതാണ് 2263 ഏക്കർ വരുന്ന ഇന്നത്തെ ചെറുവള്ളിതോട്ടം. വഞ്ഞിപ്പുഴ മഠാധിപതി, പശ്ചിമഘട്ട ദേവസ്വം (പാട്ടം നമ്പർ 729), വർഗീസ് തോമസ് (പാട്ടം നമ്ബർ 1118), ബ്രഹ്മദത്തൻ നമ്ബൂതിരി, കൃഷ്ണൻ നമ്ബൂതിരി എന്നിവരുടെ പക്കൽ നിന്നുമാണ് വിശാലമായ ഈ ഭൂമി തോട്ട വിളകൾ കൃഷിചെയ്യുന്നതിന് കമ്പനി പാട്ട വ്യവസ്ഥയിൽ ഏറ്റെടുത്തതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

ഈ പാട്ടഭൂമി കാലാവധിക്ക് ശേഷം ഉടമകൾക്ക് തിരികെ നൽകണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ 1923-ൽ മലയാളം പ്ലാന്റേഷൻ(യു.കെ) ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേര് മലയാളം പ്ലാന്റേഷൻ (യു.കെ) ലിമിറ്റഡ് എന്നാക്കി മാറ്റിയശേഷം തോട്ടഭൂമി മുഴുവൻ പുതിയ കമ്ബനിയുടെ പേരിലേക്ക് മാറ്റി കൊല്ലം സബ് രജിസ്ട്രാർ ഓഫീസിൽ 1600/1923ാം നമ്ബർ കൈമാറ്റ ആധാരം രജിസ്റ്റർ ചെയ്തു. (ഭൂമി വാങ്ങിയതും വിറ്റതും ജോർജ് ആൽബർട്ട് ജോൺ ബാരൻ എന്ന സായ്‌പ്പാണെന്ന കാര്യംകൂടി ഓർക്കുക). ഈ പുതയ കമ്ബനിയുടെ മേൽവിലാസവും നമ്ബർ 4-10, ഗ്രേറ്റ് ടവർ ഇൻ ലണ്ടൻ എന്നാണെന്നും ഓർക്കുക. രണ്ട് കമ്ബനിയും ഒരു തന്തയ്ക്ക് പിറന്നതാണെന്ന കാര്യത്തിൽ ഇതിൽ കൂടുതൽ തെളിവ് വേണ്ടല്ലൊ.

സ്വാതന്ത്ര്യത്തിന് ശേഷവും ഇന്ത്യൻ മണ്ണിൽ ആധിപത്യം ഉറപ്പിച്ച യു.കെ കമ്ബനി 1963-ൽ ഭൂപരിഷ്‌ക്കരണം വന്നതോടെ വെട്ടിലായി. തുടർന്ന് 1973-ൽ ഫെറാ (ഫോറിൻ എക്‌സ്‌ചേഞ്ച് റഗുലേഷൻ ആക്റ്റ്) നിയമം കൂടി വന്നതോടെ ഇന്ത്യൻ മണ്ണിൽ വിദേശ കമ്ബനിക്ക് ഭൂമി സ്വന്തമാക്കി വച്ചുകൊണ്ടിരിക്കാനുള്ള അവകാശം നഷ്ടമായി. ഈ നിയമത്തിലെ 16, 29, 31 വകുപ്പുകൾ അനുസരിച്ച് വിദേശ കമ്ബനികൾക്ക് ഇന്ത്യയിൽ ബിസിനസ് നടത്തുന്നതിന് കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.

ഇത് മറികടക്കുന്നതിനായി ബ്രിട്ടീഷ് കമ്ബനിയുടെ ചില ആശ്രിതർ ചേർന്ന് ഇന്ത്യൻ കമ്ബനീസ് ആക്റ്റ് പ്രകാരം 1978 ജനുവരി 5ന് 2947/78ാം നമ്ബരായി കൊച്ചിയിൽ മലയാളം പ്ലാന്റേഷൻ (ഇന്ത്യ) ലിമിറ്റഡ് എന്ന മറ്റൊരു കമ്ബനി രജിസ്റ്റർ ചെയ്തു. തുടർന്ന് 1979 ഏപ്രിൽ മാസം നാലിന് കേരളാ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട 545/78ാം നമ്ബർ ഹർജിയിലൂടെ മലയാളം പ്ലാന്റേഷൻ(യു.കെ) ലിമിറ്റഡ് മലയാളം പ്ലാന്റേഷൻ (ഇന്ത്യ)ലിമിറ്റഡിൽ ലയിച്ചു.(ബ്രിട്ടീഷ് കമ്ബനിയുടെ ഷെയർ വാങ്ങിയതല്ലാതെ ഭൂമി ഒന്നും തന്നെ ഇന്ത്യൻ കമ്ബനിയുടെ പേരിലേക്ക് മാറ്റിയില്ലെന്നുള്ളത് ശ്രദ്ധേയമാണ്). അതിനുശേഷം 1984 ഒക്ടോബർ 19ന് സി.എ.35/1983ാം നമ്ബർ ഹർജി വഴി ഹാരിസൺ ആൻഡ് ക്രോസ്ഫീൽഡ് കമ്ബനിയും മലയാളം പ്ലാന്റേഷൻ(ഇന്ത്യ) ലിമിറ്റഡിൽ ലയിച്ചു. അങ്ങനെ ഹാരിസൺ മലയാളം പ്ലാന്റേഷൻ ഇന്ത്യ ലിമിറ്റഡ് എന്ന കമ്ബനി രൂപീകരിക്കുകയായിരുന്നു.

ഭൂപരിഷ്‌ക്കരണ നിയമം വന്നതോടെ ജന്മിമാർക്ക് ഭൂമിക്കുമേലുള്ള അവകാശം നഷ്ടപ്പെട്ടതിനാൽ പാട്ടഭൂമി പൂർണമായും സർക്കാർ ഭൂമിയായി മാറിയെങ്കിലും ഭൂമി പിടിച്ചെടുക്കാനൊ ഹാരിസണെതിരെ ചെറുവിരൽ അനക്കാനോ സർക്കാർ തയാറായില്ല. റവന്യൂ വകുപ്പ് ഉന്നതർ കമ്ബനിക്കു വേണ്ട എല്ലാ സഹായവും കാലാകാലങ്ങളിൽ നൽകിവന്നെന്ന കാര്യവും ശ്രദ്ധേയമാണ്.

ഈ സാഹചര്യത്തിലാണ് പാട്ട ഭൂമിയാണെന്ന കാര്യം പൂർണമായും മറച്ചുവച്ചുകൊണ്ട് 2005 ഓഗസ്റ്റ് 2ന് 2329/05 തീറാധാരപ്രകാരം 63 കോടി രൂപയ്ക്ക് (ആധാരത്തിൽ രേഖപ്പെടുത്തിയിട്ടുള്ള പണം. യഥാർഥ്യം ഇതിന്റെ രണ്ട് ഇരട്ടിയിലധികമാണെന്ന് സൂചന) എരുമേലി സബ് രജിസ്ട്രാർ ഓഫീസിൽവച്ച് ബിലീവേഴ്‌സ് ചർച്ച ഡയറക്ടർ ബിഷപ്പ് യോഹന്നാന് ഭൂമി കൈമാറുന്നത്. ഏതാണ്ട് മൂന്നു ലക്ഷത്തോളം പാവപ്പെട്ടവർ തലചായ്ക്കാൻ ഇടമില്ലാതെ അലയുമ്‌ബോഴാണ് ഇത്തരത്തിലുള്ള നെറികെട്ട കച്ചവടത്തിന് സർക്കാർ കൂട്ടുനിന്നത്.

ഇടത് സർക്കാരിന്റെ ലക്ഷ്യം

ബിലീവേഴ്‌സ് ചർച്ചിൽ നിന്നും ഭൂമി പണം കൊടുത്ത് സർക്കാർ വാങ്ങുന്നതോടെ ഹാരിസൺ അനുഭവിച്ച് വരുന്ന എല്ലാ ഭൂമിക്കും നിയമസാധുത ഉണ്ടാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. ഇതിനു പത്തനംതിട്ട ജില്ലയിലെ ഇടതു ജനപ്രതിനിധികൾ കുടപിടിക്കുന്നെന്ന കാര്യവും അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു.

എന്തുവന്നാലും എരുമേലി വിമാനത്താവളം യാഥാർത്ഥ്യമാക്കുമെന്നും അതിനു കെ.പി.യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റാണ് ഏറ്റവും ഉചിതമായ സ്ഥലമാണെന്നും പ്രചരിപ്പിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. കൂടാതെ പി.സി ജോർജ് ഉൾെപ്പടെയുള്ള ഒരു വിഭാഗം നേതാക്കളും രംഗത്തിറങ്ങിയതോടെ കച്ചവടസാധ്യതകളും തെളിഞ്ഞുതുടങ്ങി. ആറു സ്ഥലങ്ങളാണ് എരുമേലി വിമാനത്താവളത്തിനു പറ്റിയ സ്ഥലങ്ങളായി കണ്ടെത്തിയിരിക്കുന്നത്. എല്ലാം അധികം ദൂരെയല്ലാത്ത സ്ഥലങ്ങൾ. അവയിൽ ഏറ്റവും മുൻഗണന ചെറുവള്ളി എസ്റ്റേറ്റിനു തന്നെ. പാരിസ്ഥിതികപ്രശ്‌നങ്ങളും മറ്റുമുണ്ടാവില്ല. ഏതാണ്ട് നിരപ്പായ സ്ഥലമായതിനാൽ നിർമ്മാണച്ചെലവു കുറയും. തുടങ്ങിയ മെച്ചങ്ങളും ഇതിനുണ്ട്.

ബിഷപ് കെ.പി യോഹന്നാനു കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനുമായും മാർക്‌സിസ്റ്റ് പാർട്ടിയുമായും അടുത്ത ബന്ധമാണുള്ളത്. ആശ്രിതരായ പത്തനംതിട്ടയിലെ സഖാക്കൾ കെ.പി യോഹന്നാനെപ്പറ്റി അങ്ങനെയൊരു ഫീഡ്ബാക്ക് ആണു പാർട്ടിക്കു നൽകിയിരിക്കുന്നതെന്നാണു സത്യം. അല്ലെങ്കിൽത്തന്നെ കെ പി യോഹന്നാന് ആരുമായാണ് ബന്ധമില്ലാത്തത്! പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേരളത്തിലെ ചില നേതാക്കളൊഴിച്ച് ബിജെപിയിലെ പ്രമുഖരുമായൊമൊക്കെ നല്ല അടുപ്പവുമുണ്ട്.

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ജെ കുര്യൻ അദ്ദേഹത്തിന്റെ വിളിപ്പുറത്തുണ്ട്. കെ.പി യോഹന്നാന്റെ അനധികൃത ഭൂമിയിടപാടുകൾ സംബന്ധിച്ചു കേന്ദ്ര ആഭ്യ ന്തരമന്ത്രാലയം അന്വേഷണം ആരംഭി ച്ചേപ്പാൾത്തന്നെ അന്വേഷണം എങ്ങുമെത്തിക്കാതിരുന്നതിനു പിന്നിൽകോൺഗ്രസ് നേതാക്കൾതന്നെയാണ്. അതു മാത്രമല്ല, എന്താവശ്യത്തിനും സഹായിക്കാൻ നേതാക്കളുടെ പിൻബലമുള്ള ആളാണ് കെ പി യോഹന്നാൻ. വാരിക്കോരി കൊടുക്കാൻ വിദേശത്ത് കെ.പി യോഹന്നാൻ അധ്വാനിച്ചുണ്ടാക്കുന്ന പണമാണെങ്കിലല്ലേ അതിനു വിലയുള്ളൂ.

അതവിടെ കിടക്കട്ടെ റബറിനു വിലയില്ലാത്ത ഈ സമയത്ത്, തൊഴിലാളി സമരങ്ങളും ട്രേഡ് യൂണിയൻ അതിപ്രസരവുമൊക്കെയായി കെ പി യോഹന്നാന് ഏറെ പൊല്ലാപ്പുണ്ടാക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് സെന്റിന് ഒരു ലക്ഷം രൂപ വച്ച് വിമാനത്താവള പദ്ധത്ക്കു വിൽക്കാനായാൽ ലഭിക്കുന്നത് 2264 കോടിയാകും! കെ പി യോഹന്നാനും സർക്കാരിനുമിടയിൽ ദല്ലാളായി കടന്നുകൂടിയാൽ കമ്മീഷനും മറ്റുമൊക്കെയായി ഇടനിലക്കാരാകുന്ന നേതാക്കൾക്കും കോടികളുണ്ടാക്കാം.

അപ്പോൾപിന്നെ രാഷ്ട്രീയ ദല്ലാൾമാർ എരുമേലി വിമാനത്താവളത്തിന്റെ പിന്നാലെ കൂടുന്നതിൽ അദ്ഭുതപ്പെടാനില്ലല്ലോ. ഇവിടെ പറയാനുദ്ദേശിക്കുന്നതു യാഥാർത്ഥ്യത്തിന്റെ മറ്റൊരു മുഖമാണ്. കെ.പി യോഹന്നാൻ വിമാനത്താവളത്തിനുവേണ്ടി വിലയ്‌ക്കോ പ്രശസ്തിക്ക് ഓഹരി അടിസ്ഥാനത്തിലോ ഔദാര്യപൂർവം നൽകാമെന്നു പറയുന്ന, ചെറുവള്ളി എസ്റ്റേറ്റ് അഞ്ചു പൈസ നൽാതെ സർക്കാരിന് ഏറ്റെടുക്കാവുന്നതാണ്. അതിനു കാരണം സർക്കാരിനു ഏറ്റെടുക്കാവുന്ന ഭൂമി ആയതിനാലാണ്.

ഹാരിസണിൽനിന്നു 12 വർഷംമുമ്ബ് കെ.പി.യോഹന്നാന് വില കൊടുത്തു വാങ്ങിയ ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെ ഹാരിസൺ കൈവശം വച്ചനുഭവിച്ചുവന്ന എഴുപത്താറായിരേത്താളം ഏക്കർ യഥാർത്ഥത്തിൽ സർക്കാരിന്റേതാണെന്ന് നേരേത്ത വ്യക്തമായതാണ്. ബ്രിട്ടീഷ് ഭരണകാല ത്ത് പാട്ടത്തിനെടുത്ത ഈ ഭൂമിയിൽ പലതും ഹാരിസൺ കഴിഞ്ഞ 12 വർഷ ത്തിനിടയിൽ പലർക്കായി വിൽക്കുകയായിരുന്നു. ചെറുവള്ളി എസ്റ്റേറ്റ് കെ പി യോഹന്നാനു വിറ്റതുപോലെ ബോയ്‌സ് എസ്റ്റേറ്റ്, തെന്മല എസ്റ്റേറ്റ് എന്നിങ്ങനെ പലതും ഹാരിസൺ പലർക്കായി വിറ്റു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, വയനാട് തുടങ്ങി ഏഴു ജില്ലകളിലായി ഇപ്പോൾ 59,000 ഏക്ക

2006-ൽ വി എസ്.അച്ച്യുതാനന്ദന്റെ നേതൃത്വത്തിൽ ഇടത് സർക്കാർ അധികാരം ഏറ്റപ്പോഴാണ് ഹാരിസൺ മലയാളം കമ്പനിയെപ്പറ്റിയുള്ള അന്വേഷണം ആദ്യമായി തുടങ്ങുന്നത്. അന്ന് മംഗളം ദിനപ്പത്രം ഹാരിസണെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടതിനെ തുടർന്നായിരുന്നു ഇത്.അന്നത്തെ റവന്യൂ വകുപ്പുമന്ത്രിയാണ് ലാന്റ് റവന്യൂ കമ്മീഷണറായിരുന്ന നിവേദിതാ പി.ഹരന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയെ ഇതേക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ചത്. ഭൂമിയിൽ ഹാരിസണ് അധികാരമില്ലെന്ന് വ്യക്തമാക്കി നിവേദിത സമർപ്പിച്ച റിപ്പോർട്ടിന് ശേഷം ജസ്റ്റീസ് എൽ.മനോഹരനെയും ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണറായ സജിത്ത് ബാബുവിനെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തി. രണ്ട് കമ്മീഷനുകളും ഹാരിസണെതിരെ റിപ്പോർട്ട് സമർപ്പിച്ചതോടെ കമ്പനി നേരിട്ട് ഇടതു നേതാക്കളെ സന്ദർശിച്ചു. അതോടെ തുടരന്വേഷണവും നിലച്ചു.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഹാരിസണെതിരെ ശക്തമായ അന്വേഷണം നടന്നത്. അന്ന് റവന്യൂമന്ത്രിയായിരുന്ന അടൂർ പ്രകാശ് നിയോഗിച്ച ഡിവൈ.എസ്‌പി നന്ദനൻ പിള്ള നടത്തിയ അന്വേഷണത്തിൽ ഹാരിസന്റെ കൈയിലുള്ള ആധാരങ്ങളെല്ലാം വ്യാജമാണെന്നും കണ്ടത്തി. ശ്രീമൂലം തിരുനാളിന്റെ കാലത്തുണ്ടായിരുന്ന ആധാരമായിരുന്നില്ല അതെന്നും വ്യാജമായി ചമച്ചവയായിരുന്നുവെന്നും നന്ദനൻപിള്ള കണ്ടെത്തി. മുന്നാധാരങ്ങളൊന്നും ഹാരിസണ് ഹാജരാക്കാനുമായില്ല. ഹാരിസൺ ഹാജരാക്കിയതെല്ലാം കെട്ടിച്ചമച്ച രേഖകളാണെന്നു ബോധ്യമായതോടെയാണ് എറണാകുളം കളക്ടറായിരുന്ന എം രാജമാണിക്യത്തെ സ്‌പെഷൽ ഓഫീസറാക്കി നടപടിക്രമങ്ങൾ പൂർവാധികം ശക്തമായി പുനരാരംഭിച്ചത്.

രാജമാണിക്യമാകട്ടെ, ഈ ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെടാൻ ഹാരിസണിനും കെ.പി യോഹന്നാനും എന്തെങ്കിലും രേഖകളുണ്ടെങ്കിൽ ഹാജരാക്കാൻ നിർദ്ദേശിച്ച് ഇവരുടെ ഓഫീസുകളിലെത്തുകയും അവർക്ക് അതു തെളിയിക്കാനുള്ള അവസരം കൊടുക്കുകയും ചെയ്തു. എന്നിട്ടും നിയമപരമായ രേഖകളൊന്നും കൊടുക്കാനായില്ല.

എല്ലാ ഇടപെടലുകൾക്കും ചർച്ചകൾക്കും ശേഷമാണ് രാജമാണിക്യം, ഹാരിസന്റെ കൈവശമുള്ള എല്ലാ ഭൂമിയും, ഒപ്പം ഇടുക്കി, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 36,000 ഏക്കർ സർക്കാർ ഏറ്റെടുക്കണമെന്ന അന്തിമ റിേപ്പാർട്ട് നൽകിയത്.എന്നാൽ ഭൂമി ഏറ്റെടുക്കാൻ സ്‌പെഷൽ ഓഫീസർക്ക് അധികാരമില്ലെന്നു പറഞ്ഞ് ഹാരിസണും കെ പി യോഹന്നാനും ഹൈക്കോടതിയിൽ ഹർജി നൽകുകയും സ്റ്റേ നേടുകയും ചെയ്തു. പിന്നീട് കേസിൽ വാദം കേട്ട ഹൈക്കോടതി സിംഗിൾ ബഞ്ച് സ്‌പെഷൽ ഓഫീസർക്കു അധികാരമുന്നെും ചെറുവള്ളി എസ്റ്റേറ്റും ഹാരിസൺ ഭൂമിയും സർക്കാർ പിടിക്കമെന്ന റിേപ്പാർട്ട് ശരിവയ്ക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ അന്തിമാനുമതി നൽകാൻ കേസ് ഡിവിഷൻ ബഞ്ചിനു വിട്ടിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP