Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് മരണതാണ്ഡവമാടിയ ലോകത്തെ കാത്തിരിക്കുന്നത് മറ്റ് രണ്ട് ദുരന്തങ്ങൾ കൂടി; സാമ്പത്തികമേഖലയിലെ വമ്പൻ തിരിച്ചടിക്ക് പിന്നാലെ മൂന്നാംലോക മഹായുദ്ധവും ഉണ്ടാവമോ; മാനവരാശി കൊടും ദുരിതങ്ങളിലേക്കോ? പി ബി ഹരിദാസൻ എഴുതുന്നു

കോവിഡ് മരണതാണ്ഡവമാടിയ ലോകത്തെ കാത്തിരിക്കുന്നത് മറ്റ് രണ്ട് ദുരന്തങ്ങൾ കൂടി; സാമ്പത്തികമേഖലയിലെ വമ്പൻ തിരിച്ചടിക്ക് പിന്നാലെ മൂന്നാംലോക മഹായുദ്ധവും ഉണ്ടാവമോ; മാനവരാശി കൊടും ദുരിതങ്ങളിലേക്കോ? പി ബി ഹരിദാസൻ എഴുതുന്നു

പി ബി ഹരിദാസൻ

എന്റെ ഈ ലേഖനം ഒരു ഗൂഢാലോചനാ സിദ്ധാന്തം മാത്രമായിരിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. വേറൊരു കാലത്താണ് ഞാനിതു പറഞ്ഞിരുന്നതെങ്കിൽ, ആറു മാസം മുൻപാണ് ഞാനിത് പറഞ്ഞിരുന്നതെങ്കിൽ, ഉറപ്പായും ഇതൊരു superflous conspiracy theory ആയി മാത്രമേ ഞാൻ പോലും വിലയിരുത്തുകയുള്ളു. പക്ഷെ ഇപ്പോൾ ഒരു സംഭാവ്യത ഇക്കാര്യങ്ങളിൽ വന്നിരിക്കുന്നു. ആ സംഭാവ്യത മാത്രമാണ് ഞാനിപ്പോൾ സംസാരിക്കുന്നത്. കാര്യങ്ങൾ ആ വഴിക്ക് പോകാതിരിക്കട്ടെ എന്നു ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു.

മാനവരാശിക്ക് മുൻപിൽ ചില വൻ ദുരന്തങ്ങൾ വന്നു പെട്ടിരിക്കുന്നുവോ. നിങ്ങൾ ഓരോരുത്തരും വിലയിരുത്തുക.

ലോകത്തെ കാത്തിരിക്കുന്ന് മൂന്ന് ദുരന്തങ്ങൾ

സമീപ ഭാവിയിൽ മാനവരാശിക്ക് മുൻപിൽ മൂന്നു വൻ വിപത്തുകൾ ഒന്നിച്ചു മൂന്നു ദിശകളിൽ നിന്ന് വന്നുപെട്ടിരിക്കുന്നു. എന്നുവച്ചാൽ വരുന്ന കുറച്ചുവർഷങ്ങൾക്കകം ഒരുപാട് മനുഷ്യ ജീവനുകൾ നഷ്ടപ്പെടാൻ ഇടയാക്കുന്ന മൂന്നു കാരണങ്ങൾ ഒന്നിച്ചു മാനവരാശിയെ തുറിച്ചു നോക്കുന്നു. അതിലൊന്ന് കോവിഡ് ആണ്. അതിനെ കുറിച്ച് ഞാൻ സംസാരിക്കുന്നില്ല . എല്ലാവർക്കും അറിയുന്ന കാര്യങ്ങളാണ്. ഈ രോഗത്തിന്റെ ആരോഗ്യപരമായ മനുഷ്യ ദുരിതങ്ങളാണ് ഒന്നാമത്തെ മാനവരാശിയുടെ ട്രാജഡി. ഇതു ഇപ്പോൾ നടക്കുന്ന ദുഃഖങ്ങളാണ്. അതിന്റെ വ്യാപ്തി അതുണ്ടാക്കിയേക്കാവുന്ന ട്രാജഡി എല്ലാവരും അവരവരുടേതായ നിഗമനങ്ങളിൽ കാണുക. അതുണ്ടാക്കുന്ന മനുഷ്യ ദുരന്തങ്ങളറിയാൻ റെയിൽവേ പ്ലാറ്റഫോമിൽ മരിച്ചു കിടക്കുന്ന അമ്മയോട് കളിക്കുന്ന ആ കൊച്ചിന്റെ ഒരു ചിത്രം മതി . ഈ ട്രാജഡി മനുഷ്യ നിയന്ത്രണത്തിൽ വരുന്നതിനു മുൻപ് ഇനിയും ഒരുപാട് മനുഷ്യജീവനുകൾ നഷ്ടപ്പെടുമെന്ന് ഞാൻ കരുതുന്നു. ഇന്ത്യയിലും ആഫ്രിക്കൻ രാജ്യങ്ങളിലും ഇതിന്റെ വിത്തുകൾ വീണിട്ടേയുള്ളു. വൻ ദുരിതങ്ങൾ ഇന്ത്യയിൽ ഇതുണ്ടാക്കിയേക്കും.

രണ്ടാമത്തെ മനുഷ്യദുഃഖങ്ങൾ വരാൻ പോകുന്നത്. സാമ്പത്തിക മേഖലയിൽ നിന്നാണ്. കോവിഡും ആധുനിക സാമ്പത്തിക വ്യവസ്ഥയും കൂടിച്ചേർന്ന് തൊഴിലില്ലായ്മയുടെ പട്ടിണിയുടെ ക്ഷാമങ്ങളുടെ ഒരു നീണ്ട കാലം 750 കോടി മനുഷ്യരിൽ വൻ ദുഃഖങ്ങളുടെ ഒരു കാലം മനുഷ്യരാശിയെ കാത്തിരിക്കുന്നു. ലോക സാമ്പത്തിക വ്യവസ്ഥ ഒരു നിശ്ചലാവസ്ഥയിലാണ്. സമ്പത്ത് വ്യവസ്ഥ ഒരു നിയതമായ ചക്രത്തിൽ തിരിഞ്ഞുകൊണ്ടേ ഇരിക്കുമ്പോഴാണ് ഇക്കാണായ ജീവിത സൗഭാഗ്യങ്ങളൊക്കെ നാം അനുഭവിക്കുന്നത്. കഴിഞ്ഞ ഏഴു പതിറ്റാണ്ടു കാലം മാനവരാശിയുടെ സുവർണ കാലമായിരുന്നു. ചരിത്രത്തിലാദ്യമായി തീവ്ര ദാരിദ്ര്യരേഖ 10 ശതമാനത്തിനു താഴെ എത്തി. ലോക ജനസംഖ്യ വളർന്നുകൊണ്ടിരിക്കുമ്പോഴാണ് ഇത് നാം നേടിയത്. എല്ലാം ഇനി കോവിഡിനെ ആശ്രയിച്ചിരിക്കുന്നു. തൊഴിലില്ലായ്മ കൊണ്ട് പൊറുതിമുട്ടാത്ത ഒരു രാജ്യവുമില്ല. അത് പട്ടിണിയിലേക്കും സോഷ്യൽ പ്രക്ഷോഭങ്ങളിലേക്കും താമസിയാതെ എത്തിച്ചേരും. . കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി മനുഷ്യരാശി ഉണ്ടാക്കിവെച്ച ജീവിത നിലവാരങ്ങൾ പുറകിലേക്ക് നടക്കും. ജീവിതനിലവാര തകർച്ചയിലേക്കും നയിക്കും.

മൂന്നാംലോക മഹായുദ്ധം ആസന്നമോ?

ദുരിത ദിനങ്ങളിലേക്കു മാനവരാശിയെ കൊണ്ടെത്തിക്കുന്ന മൂന്നാമത്തെ കാരണം ഒരു മൂന്നാം ലോക മഹാ യുദ്ധമാണ്. ആ സാധ്യത ഇപ്പോൾ വളരെ ശക്തമായി കാലവർഷത്തെ കാർമേഘം പോലെ മൂടി കെട്ടി നിൽക്കുന്നു. സാമ്പത്തിക കാരണങ്ങളും യുദ്ധവും പരസ്പരം ബന്ധപെട്ടു കിടക്കുന്നവയാണെങ്കിലും ഒരു മൂന്നാം ലോകമഹായുദ്ധത്തിന് അതല്ലാത്ത വേറൊരു മാനം ലോകത്ത് നിലനിൽക്കുന്നുണ്ട്. അത് ഇപ്പോൾ പ്രകടമായി കാണപ്പെടുന്നു.

കോവിഡ് സാമ്പത്തിക പ്രതിസന്ധികളുണ്ടാക്കി. സാമ്പത്തിക പ്രതിസന്ധി ഒരു ലോക മഹായുദ്ധത്തിലേക്കു നയിക്കുന്നു എന്നത് പോലെ കാര്യങ്ങൾ കാണപ്പെടുന്നു എങ്കിലും അതല്ലാതെതന്നെ അമേരിക്കയും ചൈനയും ഒഴിഞ്ഞു മാറാനാകാത്ത ഒരു യുദ്ധത്തിന്റെ സന്നിഗ്ദ്ധതയിലേക്ക് എത്തി നിൽക്കുകയായിരുന്നു. ആ സന്നിഗ്ദ്ധത വിശദീകരിക്കാൻ പ്രൊഫസർ Graham Allison എഴുതിയ Destined for War എന്ന പുസ്തകത്തിലെ ചില ആശയങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. അദ്ദേഹത്തിന്റെ ആ പുസ്തകത്തിലെ ആശയങ്ങൾ ഇപ്പോൾ വളരെ മുഴച്ചു കാണപ്പെടുന്നു. അമേരിക്കക്കാരനും ചൈനക്കാരനും ഒരു യുദ്ധത്തെ ഭയക്കുന്നു എങ്കിലും അവർ എത്തിപെട്ടിരിക്കുന്ന സാഹചര്യങ്ങൾ ഒരു പക്ഷെ യുദ്ധത്തിലേക്കാണ് കാര്യങ്ങളെ കൊണ്ടുപോകുന്നത്. അവർ ഒരു ട്രാപ്പിലാണ്. ആർക്കും വേണ്ടാത്ത എല്ലാവരും ഭയക്കുന്ന ഒരു യുദ്ധം. സ്വയം അവർക്കതിനെ തടയാൻ കഴിയാത്ത അവസ്ഥ. അങ്ങനെ ഒരു ട്രാപ്പിലാണ് അവർ എത്തപ്പെട്ടിരിക്കുന്നത്. പ്രൊഫസർ Allison അതിനെ Thucydides Trap എന്ന് വിളിക്കുന്നു .

തൂസിഡിഡീസ്, ഗ്രീസിലെ ഒരു ചരിത്ര പുരുഷനാണ്. ചരിത്രകാരനുമാണ്. മാനവരാശിയുടെ ആദ്യത്തെ പക്ഷം പിടിക്കാതെ എഴുതപെട്ട ചരിത്ര പുസ്തകം അദ്ദേഹം എഴുതിയതാണ്. മിത്തോളജിക്കൽ അല്ലെങ്കിൽ പടപാട്ടായി എഴുതിവെച്ച ചിരിത്രങ്ങളായിരുന്നു അന്നുവരെയുള്ള ചരിത്രരചന. പൗരാണിക ഗ്രീസിലെ ആ ചരിത്രകാരൻ വിവരിച്ച യുദ്ധ സാഹചര്യങ്ങൾക്ക് പ്രൊഫസർ Allison കൊടുത്ത നാമകരണമാണ് ''തൂസിഡിഡീസ് ട്രാപ്''. അതു വിശദീകരിക്കാൻ പ്രൊഫസറുടെ കൂടെ അദ്ദേഹത്തോടൊപ്പം കുറച്ചു ഗ്രീക്ക് ചരിത്രത്തിലേക്ക് നമുക്ക് പോകേണ്ടതുണ്ട്.

പെലോപ്പനേഷ്യൻ യുദ്ധം ലോകത്തോട് പറയുന്നത്

അടിമകൾക്കും സ്ത്രീകൾക്കും അവകാശങ്ങൾ ഇല്ലായിരുന്നു എന്നത് ഒഴിച്ചുനിർത്തിയാൽ ഏതെൻസ് ഒരു മാതൃകാ ജനാധിപത്യമായിരുന്നു. നമ്മുടെ ജനാധിപത്യങ്ങളുടെ പൂർവ്വപിതാമഹൻ. തൂസിഡിഡീസ് ഏതെൻസിലെ ഉന്നതകുലജാതനാണ്. അദ്ദേഹം എഥീനിയൻ സേനയിലെ ഒരു ജനറൽ പദവി വഹിക്കുന്നു. അതുകൊണ്ടു തന്നെ എതീനിയൻ ഭരണ നേതൃത്വങ്ങളുടെ രീതികളും അങ്കലാപ്പുകളും അദ്ദേഹത്തിന് നേരിട്ടറിയാമായിരുന്നു.

ബി സി 424 ൽ സ്പാർട്ടക്കാർ ഏതെൻസിന്റെ സാമന്ത രാജ്യമായിരുന്ന ആംഫിപൊളിസിനെ ഉപരോധിച്ചു. കീഴടങ്ങണം കപ്പം കൊടുക്കണം. ഗ്രീസിലെ സിറ്റി സ്റ്റേറ്റുകൾ തമ്മിൽ ഇത്തരത്തിലുള്ള യുദ്ധങ്ങൾ പതിവായിരുന്നു. ആംഫിപൊളിസ് ഒരു തന്ത്രപ്രധാനമായ പ്രദേശമാണ് . അത് ഏതൻസിന്റെ സാമന്ത രാജ്യമാണ് നഷ്ടപെട്ടുകൂടാ. ഏതെൻസ് തുസ്സിഡിഡീസ്ന്റെ നേതൃത്വത്തിൽ ഒരു പട്ടാളത്തെ അയച്ചു. ഈ വാർത്ത അറിഞ്ഞ Brasidas എന്ന സ്പാർട്ടയുടെ സമർത്ഥനായ ജനറൽ ആംഫിപൊളിസ് കാർക്ക് കീഴടങ്ങാൻ വളരെ ലളിതമായ വ്യവസ്ഥകൾ മുന്നോട്ടു വെച്ചു. അവർ സ്പാർട്ടയുടെ ആധിപത്യം അംഗീകരിച്ചു യുദ്ധം ഒഴിവാക്കി. തുസ്സിഡിഡീസ്ന്റെ സേന ആംഫിപൊളിസിൽ എത്താൻ കുറച്ചു വൈകിപ്പോയി. ആംഫിപൊളിസ് ഏതെൻസിനു നഷ്ടമായി. ഈ വാർത്ത അറിഞ്ഞ ഏതെൻസ് കാര്യം വളരെ വ്യാകുലതയോടെ ആണ് കേട്ടത്. അവർ തുസ്സിഡിഡീസ് നെ വിചാരണ ചെയ്ത് ഏതെൻസിൽ നിന്നും പുറത്താക്കി. അദ്ദേഹം ഒരു ബഹൃസ്‌കൃതനായി രാജ്യഭ്രഷ്ടനായി സ്പാർട്ടയിലും മറ്റു ഗ്രീസ് നാട്ടുരാജ്യങ്ങളിലായും ജീവിച്ചു.

ഈ കാലഘട്ടത്തിലാണ് സ്പാർട്ടയുടെയും ഏതെൻസ്ന്റെയും പടിപടിയായുള്ള, പിന്നീടുള്ള പതനത്തിനു ഇടയാക്കിയ പെലോപ്പനേഷ്യൻ യുദ്ധം നടന്നത്. രണ്ടു പക്ഷക്കാരുടെയും അങ്കലാപ്പുകളും ഭയവും തയ്യാറെടുപ്പുകളും ആരൊക്കെ നയിക്കുന്നു, എന്തൊക്കെയാണ് ഓരോരുത്തരുടെയും ശക്തി, ദൗർബല്യം എല്ലാം തുസ്സിഡിഡീസിന് അറിയാം. അദ്ദേഹം യുദ്ധത്തിൽ പങ്കെടുക്കുന്നില്ല പക്ഷെ യുദ്ധ കാര്യങ്ങൾ അറിയാം. ഈ യുദ്ധം അതി പ്രധാനമാണെന്ന് തുസ്സിഡിഡീസ് മനസ്സിലാക്കി, കണക്കാക്കി. യുദ്ധത്തിന്റ് സന്നാഹ വലിപ്പം കണ്ട് അന്നേവരെ നടന്ന എല്ലാ യുദ്ധങ്ങളെക്കാൾ വലുതായിരിക്കുമെന്ന് അദ്ദേഹം കണക്കാക്കി. അതുകൊണ്ടു തന്നെ എല്ലാകാലത്തേക്കുമായി അത് എഴുതിവെക്കാൻ ഒരുമ്പെട്ടു. അദ്ദേഹത്തിന് രണ്ടു വശത്ത് നിന്നും ഉള്ള കാഴ്ചപാട് നേരിട്ടറിയാം. ഏതെൻസുകാരുടെ താല്പര്യങ്ങളും സ്പാർട്ടാകാരുടെ ആശങ്കകളും ഉൽക്കണ്ഠകളും യുദ്ധത്തെ ബാധിക്കുന്നത് അദ്ദേഹം നേരിട്ട് ഉൾക്കൊണ്ടു. അന്നു വരെ യുള്ള എല്ലാ യുദ്ധങ്ങളും ആകാശ ദൈവങ്ങളുടെ ഇടപെടലാണെന്ന് കരുതിയിരുന്ന കാലത്ത് മനുഷ്യ സ്വാഭാവം വിലയിരുത്തി മനുഷ്യ രീതികളുടെ ശിഥിലത മനസ്സിലാക്കി യുദ്ധകാരണങ്ങളും യുദ്ധത്തിലേക്ക് നയിച്ച സംഭവങ്ങളും വിവരിച്ചുകൊണ്ട് അദ്ദേഹം എഴുതിയ ചരിത്രമാണ് The History of the Peloponnesian War.

അമേരിക്കയും ചൈനയും ഒരു ട്രാപ്പിലാണ്

മുകളിൽ പറഞ്ഞ Destined For War എഴുതിയ പ്രൊഫസ്സർ Allison പേലോപ്പനേഷ്യൻ യുദ്ധത്തിലെ അന്തർലീനമായ കാരണങ്ങളെ, തുസ്സിഡിഡീസ് വിവരിച്ച അന്തർലീനമായ കാരണങ്ങളെ ചൂണ്ടികാണിച്ച് ആധുനിക കാലത്ത് അമേരിക്കയും ചൈനയും ആ ട്രാപ്പിൽ എത്തിനിൽക്കുന്നതായി ചൂണ്ടിക്കാണിക്കുന്നു. രണ്ടുവശവും സമചിത്തത പാലിച്ചില്ലെങ്കിൽ, ഈ ട്രാപ് മനസ്സിലാക്കാക്കിയില്ലെങ്കിൽ മാനവരാശി ഒരു ലോക മഹായുദ്ധമെന്ന കൊടും വിപത്തിലേക്കാണ് നീങ്ങുന്നത്. പ്രൊഫസ്സർ Graham Allison കഴിഞ്ഞ അഞ്ഞൂറ് വർഷങ്ങളിൽ നടന്ന പല യുദ്ധ സന്ദർഭങ്ങളെ വിലയിരുത്തി യുദ്ധങ്ങളെ വിശകലനം ചെയ്തതതിൽ ഈ ട്രാപ്പിനകത്ത്, അവസ്ഥയിൽ, എത്തിപ്പെട്ട 16 സന്ദർഭങ്ങൾ ലോകത്തുണ്ടായതായി ചൂണ്ടിക്കാണിക്കുന്നു. അതിൽ 12 സന്ദർഭങ്ങളിലും ഉൾപ്പെട്ട രാജ്യങ്ങൾ തമ്മിൽ യുദ്ധത്തിലാണ് കാര്യങ്ങൾ അവസാനിച്ചതെന്നും ചൂണ്ടിക്കാണിക്കുന്നു. അതേ അവസ്ഥയിലും ട്രാപ്പിലും അല്ലെ ട്രംപും ഷീ ജിൻപിങ് ഉം എത്തിനിൽക്കുന്നത് ?

എന്താണ് തൂസിഡിഡീസ് ട്രാപ്. ഒരു ഉയർന്നു വരുന്ന, രാജശക്തി നിലനിൽക്കുന്ന ഒരു സൂപ്പർ പവ്വറിന് ഭീഷണി ആണെന്ന് തോന്നൽ വരുമ്പോൾ; ഒരു പുതുപ്പണക്കാരൻ നാട്ടിലെ തറവാടിയുടെ, കോലോത്തെ, അഭിമാനങ്ങൾക്ക് പദവിക്ക് ഒപ്പത്തിനൊപ്പം എത്തുമ്പോൾ, പങ്കുപറ്റുമ്പോൾ, ആ തോന്നൽ ഉണ്ടാകുമ്പോൾ; പരസ്പരം ഉണ്ടാകുന്ന വിശ്വാസക്കുറവും ഭീതിയും അന്തർധാരയിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന, പൊട്ടലും ചീറ്റലും, രണ്ടു ശക്തികളുടെയും പൊളിറ്റിക്കൽ വ്യവസ്ഥിതിക്ക് ഉൾക്കൊള്ളാൻ കഴിയാതെ വരുന്നു. രണ്ടു വിഭാഗങ്ങളും ഒരു ഏറ്റുമുട്ടൽ എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും സാഹചര്യം ആ ട്രാപ്പിൽ നിന്ന് അവർക്ക് വെളിയിൽ വരാൻ കഴിയാത്തതുപോലെ വന്നു ഭവിക്കുന്നു.

ഗ്രീക്കിലെ പ്രബല ശക്തിയായി നൂറ്റാണ്ടുകളോളം ബി സി 650 മുതലെങ്കിലും തല ഉയർത്തിപ്പിടിച്ചു നടന്ന രാജ്യമാണ് സ്പാർട്ട. പൗരാണികത്വവും സംസ്‌കാരവും ഉണ്ടെങ്കിലും ഒരു പുതിയ ശക്തിയായി ബി സി 480 മുതൽ ഏതെൻസ് ഉയർന്നു വന്നു. സ്പാർട്ടയുടെ പല മേൽക്കോയ്മകൾക്കും തടയിട്ടുകൊണ്ട് അവർ ഒരു വലിയ സാമ്രാജ്യം കെട്ടിപ്പടുത്തു. ഗ്രീസിലെ സിറ്റി സ്റ്റേറ്റുകൾ ഇവരിൽ ആരുടെയെങ്കിലും കൂടെ മാറി മാറി പക്ഷം ചേർന്നു. പല ചെറു യുദ്ധങ്ങളും പതിവായി. ഈ സ്പർദ്ധകൾ വളർന്ന് കാര്യങ്ങൾ പെലോപ്പനേഷ്യൻ യുദ്ധത്തിൽ കലാശിച്ചു. ബി സി 431 മുതൽ ബി സി 404 ൽ ഏതെൻസിന്റെ പതനത്തിൽ അവസാനിച്ച പെലോപ്പനേഷ്യൻ യുദ്ധത്തിൽ പ്രധാനമായും മൂന്നു അന്തർധാരകൾ പ്രവർത്തിച്ചതായി തുസ്സിഡിഡീസ് പറയുന്നു.

നമ്മൾ ഇന്നേവരെ യുദ്ധങ്ങളെ പരിചയപ്പെട്ടിട്ടുള്ളത് വിജയശ്രീ ലാളിതന്റെ മിടുക്കായിട്ടാണ്. യുദ്ധത്തിന്റെ ഓപ്പറേഷനൽ ലോജിസ്റ്റിക്‌സ് വായിച്ച് അന്താളിച്ചിട്ടാണ്. യുദ്ധവീന്മാരുടെ സമർപ്പണവും പരിത്യാഗങ്ങളും ഹീറോയിസവും കണ്ട് ആവേശം കൊണ്ടിട്ടാണ്. എന്നാൽ തുസ്സിഡിഡീസ് അതിലെ മാനുഷിക വീഴ്ചകൾ സന്നിഗ്ധതകൾ ചൂണ്ടികാണി ക്കുന്നു. അവരെ നയിച്ചത് പ്രധാനമായും മൂന്നു കാരണങ്ങളാണ്. ഒന്ന് അഭിമാനം. രണ്ട് താൽപ്പര്യങ്ങൾ. മൂന്ന് പരസ്പരം ഉള്ള ഭീതി . രണ്ടായിരം വർഷങ്ങൾക്കുമുൻപ് തുസ്സിഡിഡീസ് ഇതു നിരീക്ഷിച്ചു.

നമുക്ക് ഇന്നിലേക്കു വരാം. ലോക പൊലീസ് ആയി ലോകത്തിനു മുഴുവൻ സൗഭാഗ്യങ്ങളും ശാന്തിയും സമാധാനവും നിലനിർത്തികൊണ്ട് ദി ഒൺലി സൂപ്പർ പവർ ആയി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്ന അമേരിക്ക കഴിഞ്ഞ എഴുപതിലധികം വർഷങ്ങളായി നെഞ്ച് വിരിച്ചു നടക്കുന്നു. അവിടേക്കാണ് 1990 വരെ പട്ടിണിയും പങ്കപ്പാടുമായി നടന്നിരുന്ന ലോക രാജ്യങ്ങളാരും ഗൗനിക്കാതിരുന്ന ഒരു രാജ്യം, ചൈന ഒരു ഞൊടിയിട എന്ന് പറയാവുന്ന കാലത്തിനകത്ത് ശക്തി കാണിച്ചു കൊണ്ട് എണീറ്റുനിൽക്കുന്നത്. മറ്റു രാജ്യങ്ങൾ എന്താണ് സംഭവിക്കുന്നത് എന്ന് വിലയിരുത്താൻ പോലും സമയം കിട്ടുന്നതിന് മുൻപ് സ്വന്തം സാന്നിധ്യം high table ൽ സീറ്റ് ഉറപ്പിച്ചുകൊണ്ട് ചൈന കേറിവന്നു.

തുസ്സിഡിഡീസ് പറഞ്ഞ മൂന്നു കാര്യങ്ങളും ഇപ്പോൾ അമേരിക്ക ചൈന ബന്ധത്തിൽ അന്തർധാരയായി പ്രവർത്തിക്കുന്നു. ആ ബന്ധങ്ങളെ കച്ചവട നഷ്ടങ്ങളും തൊഴിൽ നഷ്ടങ്ങളുടെയും ചൈനീസ് യുവാൻ വിലകുറക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളായി, ലാഭനഷ്ടങ്ങളുടെ കാര്യങ്ങളായി കണ്ടാൽ പോരാ. കോര്പറേറ്റ്, ആധുനിക അതി തീവ്ര മുതലാളിത്തത്തിന്റെ, നിയോ ലിബറൽ വ്യവസ്ഥയുടെ പ്രശ്‌നങ്ങളായി കണ്ടാൽപോര. തുസ്സിഡിഡീസ് പറഞ്ഞ Honour ആണ് ഇവിടത്തെ അന്തർധാര. ഇന്നലെ വരെ ലോക കാര്യങ്ങളിൽ അനിഷ്യേധ്യമായ തീരുമാനങ്ങൾ നടപ്പാക്കികൊണ്ടിരുന്ന അമേരിക്കയുടെ (Unipolar World dominated by USA) പല തീരുമാനങ്ങളും വിലപോകുന്നില്ല. സൗത്ത് ചൈന സീ പ്രശ്‌നമാകട്ടെ , ദലൈ ലാമയുടെ യാത്രയും സ്വീകരണങ്ങളുമാകട്ടെ ചൈന ഇടപെടുന്നു. അമേരിക്കയുടെ തീരുമാനങ്ങൾ നടന്നുപോന്നിരുന്ന യുഎൻ, ലോകരാരോഗ്യ സംഘടനട ുടങ്ങിയയ സ്ഥാപനങ്ങളിൽ ചൈനയുടെ കൈകൾ പ്രവർത്തിക്കുന്നു. To Make America Great Again എന്ന വാചകത്തിൽ തന്നെ ഒരു Honour നഷ്ടപെട്ട ധ്വനി പ്രതിഫലിക്കുന്നു.

ഞങ്ങളെ പഴയ പോലെ ആരും ഗൗനിക്കുന്നില്ലല്ലോ എന്നൊരു തോന്നൽ. ചൈന വിചാരിക്കുന്നത് മറിച്ചാണ്. ഞങ്ങളുടേത് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള സംസ്‌കാരമാണ്. നിങ്ങൾ ഒന്നുമില്ലാതിരുന്ന കാലത്തു ഞങ്ങൾ ലോകം ചുറ്റി കച്ചവടം ചെയ്തിരുന്നു. ഞങ്ങൾ ആരെയും കീഴടക്കി ഭരിക്കാൻ പോയിട്ടില്ല ഞങ്ങൾ ഉണർന്നു. ഇനി ഞങ്ങളെ ആരും കൈയൂക്ക് കാണിച്ചു് ഉന്തിതള്ളാമെന്നു കരുതേണ്ട. ഞങ്ങളുടെ സ്ഥാനം ഞങ്ങളുറപ്പിക്കും. അത് ഞങ്ങളുടെ അവകാശമാണ്. ലിബറൽ ഡെമോക്രസി ഹ്യൂമൻ റൈറ്‌സ് എന്നൊക്കെ പറഞ്ഞു ഞങ്ങളുടെ കാര്യങ്ങളിൽ തലയിടേണ്ട. ഞങ്ങൾക്ക് ഞങ്ങളുടേതായ ഭരണ ക്രമമുണ്ട്. അത് ഞങ്ങളുടെ കാര്യം. ആരും ചൈനയെ പഠിപ്പിക്കാൻ വരേണ്ട. It is our Hounour.

അവർ പരസ്പരം ഭയക്കുന്നു

തുസ്സിഡിഡീസ് പറഞ്ഞു ഭീതി പരസ്പരം ഉള്ള ഭീതി: അമേരിക്ക ഭയക്കുന്നു ഇന്നലെ വരെ നമുക്ക് മാത്രം ഉണ്ടായിരുന്ന ബാലിസ്റ്റിക് മിസൈലുകൾ മിസൈൽ ഇന്റർസെപ്റ്റർസ് ചൈനയും സ്വന്തമാക്കിയിരുന്നു. ബഹിരാകാശ യുദ്ധങ്ങൾക്കു വരെ ചൈന വളർന്നു കൊണ്ടിരിക്കുന്നു. അവർ അവരുടെ സാമ്പത്തിക വിജയങ്ങളെ അടുത്തുതന്നെ മിലിറ്ററി ശക്തിയിലേക്ക് കൂടി വ്യാപിപ്പിക്കും. അവർ ഒരു പക്ഷെ മുൻ കൈ നേടിയിരിക്കാം. കംപ്യൂട്ടറും ഇലക്ട്രോണിക് സാങ്കേതിക വിദ്യകളും നമ്മുടെ സംഭാവനയാണ് നിയന്ത്രണത്തിലാണ് എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും 5 ജി ടെക്‌നോളജിയിലും ചൈന നമ്മെ മുൻകടന്നിരിക്കുന്നു . മറിച്ചുചൈന ഭയക്കുന്നു. അമേരിക്കക്കാരൻ ഒരു pre emptive ഉദ്യമം നടത്തുമോ. എല്ലാ പൗരസ്ത്യ രാജ്യങ്ങളും ഒന്നിച്ചാൽ..? നമുക്കൊരു മുൻകരുതൽ വേണം . അതാണ് നമ്മുടെ മുൻകാല അനുഭവം. എല്ലാറ്റിനും ഒരു തയ്യാറെടുപ്പു വേണം. നമ്മുടെ ശക്തി തെളിയിക്കേണ്ടിയിരിക്കുന്നു.

തുസ്സിഡിഡീസ് പറഞ്ഞു താല്പര്യങ്ങൾ:ചൈന ട്രേഡ് ചീറ്റിങ്ങ് നടത്തുന്നു വെന്ന് അമേരിക്ക. ബ്രിട്ടൻ ചൈനയുടെ ആന്തരിക പ്രശ്‌നങ്ങളിൽ ഇടപെടുന്നു എന്ന് ചൈന. ഷീ ജിൻപിങ് ഒരു Thug ആണെന്ന് ഒരു അമേരിക്കൻ പ്രസിഡണ്ട് ആയി മത്സരിക്കുന്ന ഒരു മഹാൻ പരസ്യ പ്രസ്താവന നടത്തുന്നു. കോവിഡ് അന്വേഷണം ഇന്റർനാഷണൽ ഏജൻസി അന്വേഷിക്കണമെന്ന് ആസ്ട്രേലിയയും അമേരിക്കയും പല വെസ്റ്റേൺ രാജ്യങ്ങളും. അത് ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള കൈകടത്തലാണെന്നു ചൈന. സൗത്ത് ചൈന സീ ഞങ്ങളുടേതാണെന്നു ചൈന. അത് ചൈനയുടെ ബുള്ളിയിങ് ആണെന്ന് തായ്വാൻ, ഇന്തോനേഷ്യ. സൗത്തുകൊറിയയെ പാഠം പഠിപ്പിക്കുമെന്നു പറഞ്ഞു കൊണ്ട് Belligerent നോർത്തുകൊറിയ. കിം ഇൽ സുങ് നെ നിലക്കുനിർത്തൂ എന്ന് ചൈനയോട് അമേരിക്ക. ഞങ്ങൾക്ക് ചുറ്റും എതിർപ്പുകൾ ചുറ്റപ്പെട്ടിരിക്കുന്നു എന്ന ചൈനയുടെ ആശങ്ക , ജപ്പാൻ. സൗത്തുകൊറിയ , ഇന്തോനേഷ്യ വിയറ്റനാം , ആസ്‌ട്രേലിയ , ഇന്ത്യ എല്ലാവരും ഞങ്ങളെ വളഞ്ഞിരിക്കുന്നു എന്ന ചൈനയുടെ ഭീതി. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് ഇന്ത്യക്കാർ , ചൈനയെ അന്താരാഷ്ട്ര തലത്തിൽ ബഹിഷ്‌കരിക്കണമെന്ന് പലരും. ചൈനയുടെ ഇീപീരിയലിസം ഇങ്ങു Pangong lake വരെ അരുണാചലിൽ വരെ എത്തിയിരിക്കുന്നു എന്ന് ഇന്ത്യ. പാക്കിസ്ഥാന് ന്യൂക്ലിയർ ടെക്‌നോളജി ചൈന കൈമാറ്റം ചെയ്യുന്നു എന്ന് ഇന്ത്യ. ചൈനയിൽ നിന്ന് ഫാക്ടറികളെ, ഉത്പാദനം, മാറ്റി സ്ഥാപിക്കാൻ പല രാജ്യങ്ങളും സബ്സിഡി കൊടുക്കുന്നു. അതൊരു ഡിക്ലറേഷൻ ഓഫ് വാർ ആണെന്ന് ചൈന.

ഒരു യുദ്ധത്തി നുള്ള ഒരു പാട് കാരണങ്ങൾ ലോകത്തു അണിനിരന്നു നിൽക്കുന്നു. ഈ അണിനിരന്ന കാരണങ്ങൾ പറഞ്ഞു തീർക്കാവുന്നവയാണ്. ചർച്ചയിലൂടെ. ആധുനിക സാമ്പത്തിക വ്യവസ്ഥയുടെ സപ്ലൈ ചെയിൻ അതി വിപുലമായി പരന്നു പരസ്പരം ബന്ധപെട്ടു കിടക്കുന്നു. രണ്ടു പക്വത വന്ന രാജ്യങ്ങൾക്കു ചർച്ചചെയ്തു പരിഹരിക്കാവുന്നവയാണ് ഇവയെല്ലാം. പക്ഷെ അവിടെ പ്രവർത്തിക്കുന്നത് തുസ്സിഡിഡീസ് ചൂണ്ടിക്കാണിച്ച dynamics ആകുന്നു. പരിഹാരം കണ്ടെത്താതെ പോകുന്നു. ഒരു യുദ്ധം പൊട്ടിപുറപ്പെടാൻ ഇതിലേതെങ്കിലും ഒന്ന് മതി. മാനവരാശി ഒരു മഹാ വിപത്തിൽ എത്ത പെടാൻ ലക്ഷകണക്കിന് മനുഷ്യരുടെ ജീവൻ നഷ്ടപ്പെടാൻ, കോടാനുകോടി മനുഷ്യർ പട്ടിണിയിലും പങ്കപ്പാടിലും പെടാൻ ഇതിലേതെങ്കിലും ഒരു കാരണം കത്തിപ്പടർന്നാൽ മതി.

മാനവരാശി ഒരു ദുരന്ത മുഖത്താണോ. നമ്മൾ പടുത്തുയർത്തിയ ഈ നേട്ടങ്ങളെല്ലാം ശിഥിലമാണോ . നേരത്തെ ഒരിക്കൽ പറഞ്ഞതുപോലെ ഒരു Normalcy bias ൽ ആണ് നമ്മളെല്ലാം ജീവിക്കുന്നത്. ആ ബയാസ് നെതിരെ ചിന്തയെ തിരുത്തുക. ഒരു നീണ്ടകാലത്തെ ഇല്ലായ്മകളുടെയും പഞ്ഞങ്ങളുടെയും ദാരിദ്ര്യങ്ങളുടെയും ദുഷ്‌ക്കാലം വന്നുകൂടായ്കയില്ല. സ്വയവും കുടുംബവും ഒരു നീണ്ടകാലം ജീവിച്ചുപോകാനുള്ള സാമ്പത്തിക വിഭവങ്ങൾ അനാവശ്യമായി വ്യയം ചെയ്യാതെ സ്വരൂക്കൂട്ടി കരുതലായി ജീവിക്കുന്നതായിരിക്കും അഭികാമ്യം. സമ്പത്തുകാലത്തു കാ പത്തു വച്ചാൽ ആപത്തു കാലത്തു കാ പത്തു തിന്നാം.

ചില ചിന്തകൾ പങ്കുവെച്ചു എന്നു മാത്രം.

(ഈ ലേഖനം ലഡാക്കിൽ ഇന്ത്യൻ ജാവാന്മ്മാരുടെ വീരമൃത്യു റിപ്പോർട്ട് ചെയ്യുന്നത് മുമ്പ് എഴുതിയതാണ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP