Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടഞ്ഞു കിടക്കുന്ന ക്വാറികളിൽ അനധികൃത ഖനനം; താമരശ്ശേരി മേഖലയിൽ അപകടാവസ്ഥയിലുള്ള ക്വാറികളിൽ അനധികൃത ഖനനം നടത്തുന്നത് തടയാൻ ജിയോളജി വകുപ്പിന്റെ പരിശോധന; ക്വാറി ഉടമയെ മുൻകൂട്ടി അറിയിച്ചുകൊണ്ടുള്ള പരിശോധന ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള തന്ത്രമെന്നും ആക്ഷേപം

അടഞ്ഞു കിടക്കുന്ന ക്വാറികളിൽ അനധികൃത ഖനനം; താമരശ്ശേരി മേഖലയിൽ അപകടാവസ്ഥയിലുള്ള ക്വാറികളിൽ അനധികൃത ഖനനം നടത്തുന്നത് തടയാൻ ജിയോളജി വകുപ്പിന്റെ പരിശോധന; ക്വാറി ഉടമയെ മുൻകൂട്ടി അറിയിച്ചുകൊണ്ടുള്ള പരിശോധന ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള തന്ത്രമെന്നും ആക്ഷേപം

ജാസിം മൊയ്തീൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിൽ നേരത്തെ ഖനനം നടക്കുകയും എന്നാൽ അപകടാവസ്ഥ നിലനിൽക്കുന്നതിനാൽ അടച്ചുപൂട്ടാൻ ഉത്തരവിട്ടതുമായ കരിങ്കൽ ക്വാറികളിൽ അനധികൃതമായി ഖനനം നടക്കുന്നതായി പരാതി. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, മുക്കം, കൊടിയത്തൂർ പഞ്ചായത്തിൽ പെട്ട തോട്ടുമുക്കം പ്രദേശങ്ങളിലും ഇത്തരത്തിൽ ഖനനം നിർത്താൻ ജിയോളജി വകുപ്പ് നോട്ടീസ് നൽകിയ ക്വാറികളിൽ അനധികൃതമായി ഖനനം നടത്തുന്നതായാണ് പരാതി.

നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇന്ന് താമരശ്ശേരി മേഖലയിലെ ഇത്തരത്തിലുള്ള കരിങ്കൽ ക്വാറികളിൽ അനധികൃത കരിങ്കൽ ഖനനം തടയുന്നതിനായി മൈനിംങ്ങ് ആൻഡ് ജിയോളജി വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. താമരശ്ശേരി മേഖലയിലെ മുൻപ് പ്രവർത്തിച്ചതും പിന്നീട് അടച്ചു പൂട്ടിയതുമായ ക്വാറികളിലും, അനധികൃതമായി ഖനനം നടന്നിരുന്നു എന്ന് വിവരം ലഭിച്ചിരുന്ന ക്വാറികളിലും, പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ് നൽകിയ ക്വാറികളിലും വരുംദിവസങ്ങളിൽ പരിശോധന നടക്കും. നിലവിൽ ഖനനം നടക്കുന്നുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. സ്‌കോഡ് ജിയോളജിസ്റ്റ് പി.സി രഷ്മി, ജില്ലാ ജിയോജിസ്റ്റ് ബിജുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. താമരശ്ശേരി ചെക്ക് പോസ്റ്റിനു സമീപത്തെ ക്വാറികളിൽ സംഘം ഇന്നു രാവിലെ പരിശോധന നടത്തി.

അതേ സമയം ക്വാറി ഉടമയെ നേരത്തെ അറിയിച്ചുകൊണ്ടുള്ള പരിശോധന നാട്ടുകാരുടെ കണ്ണിൽപൊടിയിടാനുള്ള നടപടിയാണെന്ന് പരാതിക്കാർ ആരോപിക്കുന്നു. ലോക്ഡൗൺ സമയത്ത് പോലും പല ക്വാറികളിലും ഖനനം നടന്നിട്ടുണ്ട്. നിരവധി ലോഡ് കരിങ്കല്ലുകൾ ഇവിടങ്ങളിൽ നിന്നും കൊണ്ടുപോയിട്ടുണ്ട്. നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയതു മുതൽ യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെയാണ് ഈ ക്വാറികൾ പ്രവർത്തിച്ചത്. പഴയ ക്വാറിളെല്ലാം ഇപ്പോൾ വലിയ ജലസംഭരണികളാണ്. ഇതിൽ പലതും മലകൾക്ക് മുകളിലായതിനാൽ തന്നെ മഴ ശക്തമായതിനാൽ ഭീതിയോടെയാണ് താഴെയുള്ള ജനങ്ങൾ ജീവിക്കുന്നത്.

മഴ ശക്തമായതോടെ ഏത് സമയവും വീടുകൾക്ക് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ജിവിക്കുന്നത്. ഇത്തരത്തിൽ അശാസ്ത്രീയമായി ജലം സംഭരിച്ചതിന്റെ അനന്തരഫലമായിരുന്നു 2018ൽ കട്ടിപ്പാറയിലുണ്ടായ ദുരന്തം. തൊട്ടടുത്ത് ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടും ഈ ജലാശയങ്ങൾ സുരക്ഷിതമാക്കാതെ വീണ്ടും അവയെ അപകടത്തിലാക്കുന്ന തരത്തിൽ സമീപത്ത് ഖനനം നടക്കുകയാണ്. ഇത്തരം അപകടകരമായ രീതിയിൽ ഖനനം നടക്കുന്നതിനെതിരെ നിരവധി തവണ പരാതി നൽകിയിട്ടുണ്ട്. ഇപ്പോഴാണ് ഉദ്യോഗസ്ഥർ എത്തുന്നത്. അതും ക്വാറി ഉടമകളെ മുൻകൂട്ടി അറിയിച്ചാണ് എത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ അനധികൃതമായി ഖനനം നടത്തിയതിന്റെ അടയാളങ്ങൾ മായ്ക്കാൻ ക്വാറി ഉടമൾക്കായി. പരിശോധന നടത്തിയതുപോലും ക്വാറി ഉടമകൾ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP