Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പ്രവാസികളെ കൊലക്ക് കൊടുക്കരുത്': വെൽഫെയർ പാർട്ടി പ്രക്ഷോഭം സംഘടിപ്പിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് തിരിച്ചു വരാൻ തയ്യാറെടുക്കുന്ന പ്രവാസി സമൂഹത്തോട് കേന്ദ്ര - സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന ക്രൂരമായ വിവേചനത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അറിയിച്ചു. 'പ്രവാസികളെ കൊലക്ക് കൊടുക്കരുത്, നമ്മൾ തന്നെയാണ് അവർ' എന്ന തലക്കെട്ടിൽ സംസ്ഥാന വ്യാപകമായി ജൂൺ 20 മുതൽ 30 വരെ വ്യത്യസ്ത പരിപാടികളോടെ പ്രക്ഷോഭം സംഘടിപ്പിക്കും. ജനങ്ങളുടെ ശക്തമായ ആവശ്യത്തെ തുടർന്ന് ആരംഭിച്ച വന്ദേ ഭാരത് പദ്ധതി പോലും പല തടസ്സങ്ങളും ഉന്നയിച്ചു പ്രവാസികളുടെ തിരിച്ചുവരവ് കേന്ദ്ര സർക്കാർ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അമിതമായ ചാർജ് ഈടാക്കി പ്രവാസി സമൂഹത്തിന്റെ നാട്ടിലേക്കുള്ള വരവ് തടസ്സപ്പെടുത്താനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്.

കോവിഡ് വ്യാപനത്തെ തടയുന്നതിൽ മുൻപന്തിയിലെന്ന് അവകാശവാദം ഉന്നയിക്കുന്ന സംസ്ഥാന സർക്കാർ നാടിന്റെ നട്ടെല്ലായ പ്രവാസി സമൂഹത്തെ പരമാവധി ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നത്. മതിയായ ക്വാറന്റൈൻ സൗകര്യം ഒരുക്കാതെയും ചാർട്ടേഡ് വിമാനങ്ങൾക്ക് അനാവശ്യ നിബന്ധനകൾ ഏർപ്പെടുത്തിയും പ്രവാസി സമൂഹത്തിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കാനാണ് പിണറായി സർക്കാറിന്റെ താത്പര്യം. ഇരുന്നൂറിലധികം പ്രവാസി മലയാളികൾ കോവിഡിനെ തുടർന്ന് മരണപ്പെട്ടിട്ടും തികഞ്ഞ നിസ്സംഗത പുലർത്തുന്ന സർക്കാർ നിലപാട് ജനദ്രോഹപരമാണ്.

നാട്ടിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസികൾക്കും സൗജന്യ യാത്രാ സൗകര്യം ഒരുക്കുക, കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുക, തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചു വരുന്നവർക്ക് പുനരധിവാസ പദ്ധതി നടപ്പിലാക്കുക, പ്രവാസി ക്ഷേമ ഫണ്ട് കൃത്യമായി ചെലവഴിക്കുക, പ്രവാസികളുടെ തൊഴിലിനും ജീവിത സുരക്ഷിതത്വത്തിനും നയതന്ത്ര കരാറുകൾ ഉണ്ടാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

പ്രക്ഷോഭത്തിന്റെ ഭാഗമായി ലോക കേരള പ്രതിഷേധ സഭ, ഓൺലൈൻ റാലി, മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിന്റെ നഷ്ടപരിഹാരത്തിന് വേണ്ടിയുള്ള പ്രക്ഷോഭ സമ്മേളനം, വിവിധ കേന്ദ്ര-സംസ്ഥാന ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച്, പ്രവാസി കുടുംബങ്ങളുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി വിദേശകാര്യമന്ത്രി തുടങ്ങിയവർക്ക് നിവേദം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP