Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂർഖന്റെ മുട്ട വിരിയിച്ചെടുക്കുന്നതിലും സുരേഷ് അതിവിദഗ്ധൻ; അഞ്ചലിൽ ഉത്രയെ കടിച്ചത് ആറ്റിങ്ങൽ ആലംകോടിന് സമീപത്ത് നിന്ന് പിടിച്ച കരിമൂർഖൻ; പാമ്പിനെ കൊണ്ട് ഭാര്യയെ കടിപ്പിച്ചതിന് കൃത്യമായ തെളിവുകൾ കണ്ടെത്താൻ ഇനി ശാസ്ത്രീയ പഠനം; പാമ്പിനെ വിലക്ക് വാങ്ങിയതിനും തല്ലിക്കൊന്നതിനും സൂരജിനെതിരെ തെളിവ് തേടി വനംവകുപ്പും; ഉത്രാ കൊലക്കേസിൽ സൂരജും സുരേഷും കൂടുതൽ പ്രതിസന്ധിയിൽ  

മൂർഖന്റെ മുട്ട വിരിയിച്ചെടുക്കുന്നതിലും സുരേഷ് അതിവിദഗ്ധൻ; അഞ്ചലിൽ ഉത്രയെ കടിച്ചത് ആറ്റിങ്ങൽ ആലംകോടിന് സമീപത്ത് നിന്ന് പിടിച്ച കരിമൂർഖൻ; പാമ്പിനെ കൊണ്ട് ഭാര്യയെ കടിപ്പിച്ചതിന് കൃത്യമായ തെളിവുകൾ കണ്ടെത്താൻ ഇനി ശാസ്ത്രീയ പഠനം; പാമ്പിനെ വിലക്ക് വാങ്ങിയതിനും തല്ലിക്കൊന്നതിനും സൂരജിനെതിരെ തെളിവ് തേടി വനംവകുപ്പും; ഉത്രാ കൊലക്കേസിൽ സൂരജും സുരേഷും കൂടുതൽ പ്രതിസന്ധിയിൽ   

മറുനാടൻ മലയാളി ബ്യൂറോ

പുനലൂർ: ഉത്രയെ കൊലപ്പെടുത്താൻ ഭർത്താവ് സൂരജ് ഉപയോഗിച്ച മൂർഖൻ പാമ്പിനെ പാമ്പുപിടുത്തക്കാരൻ ചാവർകോട് സുരേഷ് ആറ്റിങ്ങലിനു സമീപം ആലംകോട് വഞ്ചിയൂരിലെ ഒരു പുരയിടത്തിൽ നിന്നു പിടിച്ചതാണെന്ന് വനം വകുപ്പ് കണ്ടെത്തി.

മൂർഖനെ പിടിച്ച പുരയിടത്തിൽ പ്രതികളെ എത്തിച്ചു തെളിവെടുത്തു. പാമ്പിനെ പിടിക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ സുരേഷിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു .ഉത്ര കൊലക്കേസിലെ പ്രധാന പ്രതികളായ സൂരജിനെയും സുരേഷിനെയും ഇന്നലെയാണ് പുനലൂർ വനം കോടതി ഏഴു ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടത്.

സുരേഷിന് മൂർഖന്റെ 10 മുട്ടകൾ കൂടി ലഭിച്ചുവെന്നും ഇവ സുരേഷ് സ്വന്തം വീട്ടിൽ കൊണ്ടു പോയി വിരിയിച്ചെന്നും വനം വകുപ്പിന് വിവരം ലഭിച്ചു. എന്നാൽ ഇവ വിരിഞ്ഞുണ്ടായ കുഞ്ഞുങ്ങളെ എവിടെയെങ്കിലും സൂക്ഷിച്ചിരിക്കുകയാണോ തുറന്നുവിട്ടോ എന്നൊക്കെ വരും ദിവസങ്ങളിലെ തെളിവെടുപ്പിനു ശേഷമേ വ്യക്തമാകുവെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി.ആർ. ജയൻ പറഞ്ഞു.

സൂരജിന്റെ വീട്ടിൽ വച്ച് ഉത്രയെ കടിപ്പിച്ച അണലിയെ പാരിപ്പള്ളിയിൽ നിന്നു പിടിച്ചതാണെന്നു സുരേഷ് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ അവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഉത്ര കൊല്ലപ്പെട്ടതിനു ശേഷം സുരേഷിന്റെ വീട്ടിൽ വനപാലകർ നടത്തിയ റെയ്ഡിൽ ഒരു മൂർഖൻ പാമ്പിനെ പിടിച്ചെടുത്തിരുന്നു. അതിനെ എവിടെനിന്നു പിടിച്ചതാണെന്നു കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു. പ്രതികളെ പാർപ്പിക്കുന്ന അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫിസിനു സുരക്ഷ ശക്തമാക്കി. സായുധരായ 30 വനം വകുപ്പ് ഉദ്യോഗസ്ഥർക്കാണു ചുമതല.

പാമ്പിനെ വിലയ്ക്കു വാങ്ങിയതിനും തല്ലിക്കൊന്നതിനും സൂരജിനെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. പാമ്പിനെ അതിന്റെ ആവാസ വ്യവസ്ഥയിൽ നിന്നു പിടിക്കുകയും വിൽക്കുകയും ചെയ്തതിന് രണ്ടാം പ്രതി സുരേഷിനെതിരെയും കേസുണ്ട്. റിമാൻഡിലുള്ള ഇരുവരെയും കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന വനം വകുപ്പിന്റെ അപേക്ഷ പുനലൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.

ഉത്ര വധക്കേസിൽ ഭർത്താവ് സൂരജും ഇയാളുടെ അച്ഛൻ സുരേന്ദ്രനും പാമ്പുപിടുത്തക്കാരൻ സുരേഷുമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. സാക്ഷികൾ ഇല്ലാത്ത കൊലപാതമായതിനാൽ പരമാവധി വേഗത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് റൂറൽ എസ്‌പി ഹരിശങ്കർ പറഞ്ഞു.

അതിനിടെ ഉത്രയെ കൊലപ്പെടുത്തിയ കേസിൽ പത്ത് തരം പരിശോധനകൾ കൂടി നടത്തണമെന്നാവശ്യപ്പെട്ട് പൊലീസ് തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയെ സമീപിച്ചു. മിനിഞ്ഞാന്ന് വൈകിട്ട് എസ്‌പി ഹരിശങ്കർ നേരിട്ടെത്തിയാണ് കത്ത് നൽകിയത്.

ഉത്രയുടെ വസ്ത്രങ്ങളും കിടപ്പു വിരിയും രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചതിനും നിർണായക തെളിവുകൾ പൊലീസ് പക്കലുണ്ട്. ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട ജൈവ രാസ പരിശോധന ഫലങ്ങൾ ഉടൻ ലഭിക്കണമെന്ന നിർദ്ദേശവും പൊലീസ് ലാബ് അധികൃതർക്ക് നൽകി. സൂരജിന്റെ ചില അടുത്ത സുഹൃത്തുക്കളെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യം ചെയ്തു.

കേസിൽ ശാസ്ത്രീയ പരിശോധനയ്ക്ക് വനം വകുപ്പിലെ ഗവേഷകനെ നിയോഗിക്കാൻ നേരത്തെ ധാരണയായി. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയും ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായി നടന്ന ചർച്ചയിലായിരുന്നു തീരുമാനം. ഉത്രയുടെയും പ്രതിയായ ഭർത്താവ് സൂരജിന്റെയും വീടുകൾ സന്ദർശിച്ച് ശാസ്ത്രീയ റിപ്പോർട്ട് തയ്യാറാക്കാനായിരുന്നു നിർദ്ദേശം. വിഷയത്തിൽ പ്രവൃത്തി പരിചയമുള്ള രണ്ട് പേരുടെ വിവരങ്ങൾ വനം വകുപ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്.

സംഭവത്തിൽ രാസപരിശോധനാ ഫലങ്ങൾ കേസ് അന്വേഷണത്തിന് അനുകൂലമാണ്. പാമ്പിനെകൊണ്ട് കടിപ്പിച്ചതിന് കൃത്യമായ തെളിവുകൾ കണ്ടെത്തുകയാണ് പഠന ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP