Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുറയുമ്പോൾ മിണ്ടാതിരിക്കുകയും വിലകൂട്ടുമ്പോൾ ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്ന പൊതുമേഖലാ എണ്ണകമ്പനികൾ; ഇതിന് കൂട്ടു നിൽക്കുന്ന മോദി സർക്കാരും; തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധന വില കൂട്ടി; കൊച്ചിയിൽ പെട്രോൾ ലിറ്ററിന് വില 78രൂപ07 പൈസ; ഡീസലിന് 72 രൂപ 46 പൈസയും; കോവിഡു കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കാനും സാധ്യത; ഇത് പകൽവെളിച്ചത്തിലെ എണ്ണക്കൊള്ള തന്നെ

അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുറയുമ്പോൾ മിണ്ടാതിരിക്കുകയും വിലകൂട്ടുമ്പോൾ ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്ന പൊതുമേഖലാ എണ്ണകമ്പനികൾ; ഇതിന് കൂട്ടു നിൽക്കുന്ന മോദി സർക്കാരും; തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധന വില കൂട്ടി; കൊച്ചിയിൽ പെട്രോൾ ലിറ്ററിന് വില 78രൂപ07 പൈസ; ഡീസലിന് 72 രൂപ 46 പൈസയും; കോവിഡു കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കാനും സാധ്യത; ഇത് പകൽവെളിച്ചത്തിലെ എണ്ണക്കൊള്ള തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഉയർന്നു. പെട്രോൾ ലീറ്ററിന് 53 പൈസയും ഡീസൽ 56പൈസയുമാണ് വർദ്ധിച്ചത്. പുതിയ വില വർധന നിലവിൽ വന്നതോടെ കൊച്ചിയിൽ പെട്രോൾ ഒരു ലിറ്ററിന് 78 രൂപ 07 പൈസയാണ് നൽകേണ്ടി വരിക. ഡീസലിന് 72 രൂപ 46 പൈസയും നൽകണം..

12 ദിവസം കൊണ്ട് പെട്രോളിന് ഉയർന്നത് 6.53രൂപയും ഡീസലിന് 6.68 രൂപയുമാണ്.ലോക്ക് ഡൗൺ സമയത്ത് രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞെങ്കിലും, അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതെ എക്‌സൈസ് തീരുവ കുത്തനെ കൂട്ടുകയായിരുന്നു കേന്ദ്ര സർക്കാർ ചെയ്തത്. പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയുമായിരുന്നു തീരുവ ഉയർത്തിയത്.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുമ്പോഴാണ് തുടർച്ചയായ പതിനൊന്നാം ദിവസവും രാജ്യത്തെ ഇന്ധന വിലവർദ്ധന. ഇന്ധന വില വർധനവിനെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധം ഉയരുമ്പോഴാണ് വില വർധനയുമായി ഓരോ ദിവസവും കമ്പനികൾ മുന്നോട്ട് പോകുന്നത്. ലോക്ക് ഡൗൺ അടക്കം 80 ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്തെ എണ്ണക്കമ്പനികൾ യോഗം ചേർന്ന് നിരക്ക് കൂട്ടാൻ തീരുമാനിച്ചത്. അതാകട്ടെ, തുടർച്ചയായി പന്ത്രണ്ട് ദിവസങ്ങളിൽ വർധിപ്പിക്കുകയും ചെയ്തു. അടുത്ത ഒരു മാസത്തേക്ക് കൂടി എണ്ണ ഉൽപാദനം വെട്ടിച്ചുരുക്കാൻ എണ്ണ ഉൽപാദന രാജ്യങ്ങളുടെ സംഘടനയായ ഒപെകും റഷ്യയും നേരത്തെ തീരുമാനിച്ചിരുന്നു.

ജൂലൈ വരെ എണ്ണ ഉൽപാദനം കുറക്കുന്നത് തുടരുമെന്നാണ് ഒപെകും റഷ്യയും അറിയിച്ചത്. കോവിഡ് പ്രതിസന്ധിയിൽ അസംസ്‌കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ലോക്ക് ഡൗണിന് ശേഷം രാജ്യങ്ങൾ തുറന്നതോടെ രാജ്യാന്തര തലത്തിൽ എണ്ണവില കൂടാനും തുടങ്ങി. ലോക്ക് ഡൗൺ മൂലമുണ്ടായ വൻ നഷ്ടം നികത്താനായി വരുംമാസങ്ങളിലും രാജ്യത്ത് എണ്ണവില കമ്പനികൾ ഉയർത്താനാണ് സാധ്യത.

കോവിഡ് പടർന്നുപിടിക്കുന്ന കാലത്ത് പെട്രോൾ-ഡീസൽ വില അടിക്കടി വർധിപ്പിക്കുന്ന നടപടിയിൽ സംസ്ഥാന സർക്കാറിനുള്ള പ്രതിഷേധം അറിയിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്രപ്രധാന് മന്ത്രി എ കെ ശശീന്ദ്രൻ നേരത്തെ കത്തയച്ചിരുന്നു. ക്രൂഡോയിൽ വില കുറഞ്ഞതിനനുസരിച്ച് ഇന്ധനവില കുറക്കുന്നതിന് എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകണമെന്നും എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കാൻ അടിയന്തരനടപടി ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

എല്ലാവിഭാഗം ജനങ്ങളുടെയും ദുരിതം കൂട്ടാൻ ഇടയാക്കുന്ന ദിനംപ്രതിയുള്ള ഇന്ധന വിലവർധന തടയാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. ലോകത്തിനാകെ ദുരിതം സമ്മാനിച്ച മഹാമാരിയുടെ കാലത്തും നരേന്ദ്ര മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ് എന്നാണ് ആരോപണം. 82 ദിവസത്തെ ഇടവേളയ്ക്കു ശേഷം ജൂൺ ഏഴ് മുതലാണ് വില വർധിപ്പിക്കാൻ തുടങ്ങിയത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയാണ് ഇന്ധനവില കൂട്ടാൻ കാരണമായി കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ വില കുത്തനെ കുറഞ്ഞപ്പോൾ ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറാൻ കമ്പനികൾ തയ്യാറായിരുന്നില്ല. അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുറയ്ക്കുന്നതിനെ കുറിച്ച് മിണ്ടാതിരിക്കുകയും വിലകൂട്ടുമ്പോൾ ജനങ്ങളെ കൊള്ളയടിക്കുകയുമാണ് എണ്ണകമ്പനികൾ. കേന്ദ്ര സർക്കാർ ഇതിനു കൂട്ടുനിൽക്കുകയും ചെയ്യുന്നു.ഇതാണ് വില കൂടാൻ കാരണം. ഇന്ധന വിലയിൽ അടിക്കടി ഉണ്ടാകുന്ന വിലവർധന നിത്യോപയോഗ സാധനങ്ങളുടെ വില വർധനയ്ക്കും കാരണമാകും.

2014ന്റെ മധ്യത്തോടെ തുടങ്ങിയ ആഗോള വില തകർച്ച നിലവിൽ 70 ശതമാനത്തോളം കുറവാണ് ഉണ്ടാക്കിയത്. എന്നാൽ, സർക്കാർ എക്‌സൈസ് തീരുവ വർധിപ്പിക്കുന്നതിനാലാണ് ഇന്ത്യയിൽ വിലകുറയാത്തത്. 2014 മെയ് 26ന് മോദി സർക്കാർ അധികാരമേൽക്കുമ്പോൾ ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് 108.05 ഡോളറായിരുന്നു. 2015 ജനുവരിയിൽ അത് 44 ഡോളറിൽ താഴെയായി. ഇപ്പോൾ 38 ഡോളറും. മൊത്തം ആവശ്യത്തിന്റെ 80 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ഈ സാമ്പത്തിക വർഷം രണ്ടു ലക്ഷം കോടിയിലേറെ രൂപയുടെ നേട്ടമുണ്ടാവും ആഗോള വിപണിയിലെ വിലയിടിവു മൂലം എന്നാണു കണക്കാക്കപ്പെടുന്നത്. പെട്രോളിയം സബ്‌സിഡിയിനത്തിലെ ലാഭം വേറെയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മൊത്തം ഇറക്കുമതി ബില്ലിലെ മൂന്നിലൊന്നും ക്രൂഡ് ഓയിലിന്റേത്. അതുകൊണ്ട് തന്നെ ക്രൂഡ് ഓയിൽ വില ഇടിയുമ്പോൾ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി ഇടിയും.

അതുകൊണ്ട് തന്നെ ക്രൂഡ് ഓയിൽ വിലയിൽ വരുന്ന കുറവനുസരിച്ച് എണ്ണ കമ്പനികൾ പെട്രോൾ, ഡീസൽ വിലയിൽ കുറവു വരുത്താൻ തുനിഞ്ഞാൽ എക്‌സൈസ് തീരുവ വർധിപ്പിച്ച് വില കുറയാതെ നോക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. ഇപ്പോഴത്തെ ക്രൂഡ് ഓയിൽ വില അനുസരിച്ച് ഒരു ലിറ്റർ പെട്രോളിന് ഉൽപാദനച്ചെലവ് കേവലം 25 രൂപയിൽ താഴെ മാത്രമാണെന്നാണ് എണ്ണക്കമ്പനികളുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം.അതായത് വില കൂടുമ്പോൾ കൂടിയ വില, വില കുറയുമ്പോൾ കുറഞ്ഞ വില എന്നായിരുന്നു പെട്രോൾ, ഡീസൽ എന്നിവയുടെ വിലനിയന്ത്രണം എടുത്തുകളയുമ്പോൾ സർക്കാർ നൽകിയ വിശദീകരണം. വില കൂടിയപ്പോഴെല്ലാം അതിന്റെ ഭാരം ഉപഭോക്താവിന്റെ ചുമലിലേക്ക് തള്ളിയ സർക്കാർ പക്ഷേ, വിലയിടിവിന്റെ നേട്ടമത്രയും ഖജനാവിലേക്ക് മുതൽക്കൂട്ടുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP