Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാവിലെ ഏഴുമണിക്ക് പട്ടിയുടെ കുര കേട്ട് നോക്കുമ്പോൾ മുള്ളുവേലിയിൽ കുടുങ്ങിക്കിടക്കുന്ന പുലി; ഫോറസ്റ്റുകാരെ അറിയിച്ചപ്പോൾ മയക്കുവെടി വെക്കാൻ ഡോക്ടർ വരുമെന്നായി; പുലിയെ പിടികൂടിയപ്പോൾ ഭാവവും മാറി; വീട്ടുടമസ്ഥൻ ഏലിയാസ് പുലിയെ കെണി വച്ചുപിടിച്ചെന്ന് ആരോപിച്ച് കേസ്; മുള്ളുവേലിയിൽ കുരുങ്ങിയത് പുലിയാണോ ഏലിയാസാണോ എന്ന് ചോദിച്ച് കുടുംബം; ബത്തേരിയിൽ വനംവകുപ്പിന്റെ പുലിപിടുത്തം ഇങ്ങനെ

രാവിലെ ഏഴുമണിക്ക് പട്ടിയുടെ കുര കേട്ട് നോക്കുമ്പോൾ മുള്ളുവേലിയിൽ കുടുങ്ങിക്കിടക്കുന്ന പുലി; ഫോറസ്റ്റുകാരെ അറിയിച്ചപ്പോൾ മയക്കുവെടി വെക്കാൻ ഡോക്ടർ വരുമെന്നായി; പുലിയെ പിടികൂടിയപ്പോൾ ഭാവവും മാറി; വീട്ടുടമസ്ഥൻ ഏലിയാസ് പുലിയെ കെണി വച്ചുപിടിച്ചെന്ന് ആരോപിച്ച് കേസ്; മുള്ളുവേലിയിൽ കുരുങ്ങിയത് പുലിയാണോ ഏലിയാസാണോ എന്ന് ചോദിച്ച് കുടുംബം; ബത്തേരിയിൽ വനംവകുപ്പിന്റെ പുലിപിടുത്തം ഇങ്ങനെ

എം മനോജ് കുമാർ

സുൽത്താൻ ബത്തേരി: പുരയിടത്തിലെ കമ്പിവേലിയിൽ പുള്ളിപ്പുലി കുടുങ്ങിയ വിവരം ഫോറസ്റ്റിനെ അറിയിച്ച വീട്ടുടമയെ അറസ്റ്റ് ചെയ്ത നടപടിയിൽ ബത്തേരിയിൽ രോഷം ശക്തമാകുന്നു. അറസ്റ്റിലായ ഏലിയാസ് പുലിയെ കെണിയിൽപ്പെടുത്തിയിട്ടില്ലെന്നും കേസ് വനംവകുപ്പുകാർ കെട്ടിച്ചമച്ചതാണ് എന്നാണ് ഏലിയാസിന്റെ കുടുംബവും നാട്ടുകാരും ആരോപിക്കുന്നത്. ഏലിയാസ് ഇന്നു ജാമ്യത്തിലിറങ്ങുമെങ്കിലും ആക്ഷൻ കമ്മറ്റി രൂപീകരിച്ച് വനംവകുപ്പിന്നെതിരെ പ്രക്ഷോഭത്തിലാണ് നാട്ടുകാർ. മുള്ളുവേലിയിൽ പുലി കുടുങ്ങിയപ്പോൾ അത് ഫോറസ്റ്റിനെ അറിയിക്കുകയാണ് ഏലിയാസിന്റെ കുടുംബം ചെയ്തത്. എന്നാൽ വീട്ടുടമസ്ഥനെതിരെ പുലിയെ കെണിയിൽ കുടുക്കി എന്ന് കേസ് എടുക്കുകയാണ് ഫോറസ്റ്റ് ചെയ്തത്. ഏലിയാസിനെ കള്ളക്കേസിൽ കുടുക്കിയതിനെതിരെ സുൽത്താൻ ബത്തേരിയിൽ ജനരോഷം ശക്തമാണ്.

മുള്ളുവേലിയിൽ നിന്നും ചാടിപ്പോയ പുലിയെ പിന്നീട് ഫോറസ്റ്റുകാർ പിടികൂടിയിരുന്നു. പക്ഷെ കേസ് വന്നത് ഏലിയാസിനെതിരെയും. ജാമ്യമില്ലാ വകുപ്പിൽ അകത്ത് കിടന്ന ശേഷമാണ് ഏലിയാസിന് ഇന്നു ജാമ്യം ലഭിച്ചിരിക്കുന്നത്. ഇന്നു ഏലിയാസ് ആണെങ്കിൽ നാളെ തങ്ങളും പ്രതിയാകും എന്ന് തിരിച്ചറിഞ്ഞാണ് പ്രശ്‌നത്തിൽ ആക്ഷൻ കമ്മറ്റി വിളിച്ച് നാട്ടുകാർ പ്രക്ഷോഭത്തിന്നിറങ്ങുന്നത്. ജൂൺ ഏഴിന് രാവിലെ ഏഴ് മണിക്ക് പട്ടിയുടെ കുരകേട്ട് നോക്കുമ്പോഴാണ് മുള്ളുവേലിയിൽ കുരുങ്ങിക്കിടക്കുന്ന പുലിയെ ഇവർ കണ്ടത്. ഏലിയാസ് വീട്ടിലുണ്ടായിരുന്നില്ല. ഏലിയാസിന്റെ മകൻ ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. ഫോറസ്റ്റ് ഓഫീസർമാർ സംഭവ സ്ഥലത്ത് വന്നെങ്കിലും പുലി ചാടിപ്പോയിരുന്നു. ഈ പുലിയെ അന്ന് തന്നെ ഫോറസ്റ്റുകാർ പിടിച്ചു. പക്ഷെ കേസ് വന്നപ്പോൾ അത് ഗൃഹനാഥനായ ഏലിയാസിന്റെ പേരിലായി. വയനാട് മുട്ടിൽ മരമില്ലിൽ താമസിച്ചുപണിയെടുക്കുന്ന ഏലിയാസിനെ ഫോണിൽ വിളിച്ച് സ്റ്റേറ്റ്‌മെന്റ് നൽകണമെന്ന് ഫോറസ്റ്റുകാർ ആവശ്യപ്പെട്ടു. ഏലിയാസ് മകനുമാണ് സ്ഥലത്ത് എത്തിയത്. കെണിയിലാണ് പുലി വീണത് എന്ന കുറ്റസമ്മതം നടത്തണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. മകൻ ശക്തമായി എതിർത്തതോടെ ഏലിയാസിനെ മറ്റൊരു മുറിയിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ആക്ഷൻ കമ്മറ്റിക്കാർ ഉയർത്തുന്ന ആരോപണം.

വയനാട് കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി ആളുകളെ കൊല്ലുകയും കൃഷി നശിപ്പിക്കുകയും പതിവാണ്. ഇന്നും ഒരു ആദിവാസി യുവാവിനെ കടുവകൾ ആക്രമിച്ച് കൊന്നിട്ടുണ്ട്. കൽപ്പറ്റയിലാണ് ആദിവാസി യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബസവൻകൊല്ലി കാട്ടുനായ്ക്കർ ആദിവാസി കോളനിയിലെ ശിവകുമാർ(24) ആണ് ഇന്നു കൊല്ലപ്പെട്ടത്. ഇതാണ് വയനാട്ടിൽ നിന്നും വരുന്ന വാർത്ത. ഈ ഘട്ടത്തിൽ മുള്ളുവേലിയല്ലാതെ വേറെ എന്ത് തങ്ങളെ രക്ഷിക്കും എന്നാണ് ബത്തേരിക്കാരുടെ ചോദ്യം. ഈ മുള്ളുവേലിയിൽ കടുവ കുടുങ്ങിയാൽ കെണി വെച്ച് പിടിച്ചു എന്ന പേരിൽ കേസ് ചാർത്തിയാൽ പിന്നെ എങ്ങനെ ജീവിക്കും എന്നാണ് വയനാട്ടുകാർ ചോദിക്കുന്നത്. ഏലിയാസിന്റെ വീടിനു സമീപം തീർത്ത മുള്ളുവേലിയിലാണ് ജൂൺ ഏഴിന് പുലി കുടുങ്ങിയത്. ഈ വിവരം ഫോറസ്റ്റിനെ അറിയിച്ച കുടുംബത്തിലെ ഗൃഹനാഥനാണ് പുലിയെ കെണി വെച്ച് പിടിച്ചു എന്ന പേരിൽ അറസ്റ്റിലായത്. ഇതാണ് വയനാട്ടിൽ ജനരോഷം രൂക്ഷമാക്കുന്നത്.

മണ്ണിനു മുകളിൽ കായ് ഫലമുള്ള കൃഷി ചെയ്താൽ അത് കുരങ്ങ് കൊണ്ടുപോകും. മറ്റു കൃഷിയാണെങ്കിൽ അത് പന്നിയും കൊണ്ടുപോകും. ഇതാണ് വയനാട്ടിൽ കൃഷിയിറക്കുന്ന സാധാരണ കർഷകരുടെ അവസ്ഥ. അതിനാൽ വയനാട്ടിൽ കൃഷിയിറക്കാൻ ജനങ്ങൾ മടിച്ചു നിൽക്കുകയാണ്. ഈ ഘട്ടത്തിലാണ് പുലി അടക്കമുള്ള കാട്ടുമൃഗങ്ങളുടെ ആക്രമണവും. ഫലപ്രദമായ പ്രതിരോധത്തിനു കഴിയാതെ നിസ്സഹായമായ അവസ്ഥയിലാണ് വയനാട്ടിലെ ജനങ്ങൾ. അതുകൊണ്ട് തന്നെയാണ് ഏലിയാസ് പ്രശ്‌നത്തിൽ ജനരോഷം രൂക്ഷമാകുന്നത്. ജൂൺ ഏഴിനാണ് റിസർവ് വനത്തിൽ നിന്നും പുറത്തുള്ള മൂലങ്കാവ് ഗ്രാമത്തിലെ തന്റെ കൃഷിയിടത്തിന് സമീപത്തായി പുലി കുടുങ്ങിയത് ഏലിയാസ് വനംവകുപ്പിനെ അറിയിച്ചത്. ഏലിയാസ് പുലിയെ കെണി വെച്ചില്ലെന്നും ഫോറസ്റ്റുകാർ രജിസ്റ്റർ ചെയ്തത് കള്ളക്കേസ് ആണെന്നുമാണ് ആക്ഷൻ കമ്മിറ്റിയുടെ ആരോപണം. കുടുംബവും ഇത് തന്നെയാണ് ആവർത്തിക്കുന്നത്. മുള്ളുവേലി കെണിയാണെന്നാണ് ഫോറസ്റ്റുകാർ പറയുന്നത്. മുള്ളുവേലി എങ്ങനെ കെണിയാകും. കെട്ടിച്ചമച്ച കേസ് ആണ് ഫോറസ്റ്റ് ചാർജ് ചെയ്തത്-ഏലിയാസിന്റെ കുടുംബം മറുനാടനോട് പറഞ്ഞു.

മൃഗവേട്ടയും കെണിയുമൊന്നുമില്ല; പുലി കുടുങ്ങിയത് മുൾവേലിയിൽ: ഏലിയാസിന്റെ കുടുംബം

വന്യമൃഗങ്ങൾ അതിക്രമിച്ച് കടക്കാതിരിക്കാനാണ് പറമ്പിനു ചുറ്റും മുള്ളുവേലി സ്ഥാപിച്ചത്. ഫോറസ്റ്റുകാർ പറഞ്ഞത് മുള്ളുവേലിയിൽ കുരുക്ക് ഉണ്ടായിരുന്നുവെന്നാണ്. മുള്ളുവേലിയിൽ കുരുക്ക് ഉണ്ടായിരുന്നില്ല. അവിടെ ചെമ്പരത്തി അടക്കമുള്ള ചെടികൾ ഉണ്ട്. പുലി കുരുക്ക് പൊട്ടിച്ച് പോയി എന്ന് ഫോറസ്റ്റ്കാർ പറഞ്ഞു. ഞങ്ങൾ പോയി നോക്കിയപ്പോൾ കുരുക്കൊന്നും കണ്ടില്ല. മുള്ളുവേലി മാത്രമാണ് ഉള്ളത്. ഏലിയാസ് ആ ദിവസങ്ങളിൽ സ്ഥലത്തില്ല. മുട്ടലിൽ പണി സ്ഥലത്തായിരുന്നു. സ്ഥലമുടമയായതിനാൽ സ്റ്റേറ്റ്‌മെന്റ് എടുക്കണം എന്ന് പറഞ്ഞു പണിസ്ഥലത്ത് നിന്നുമാണ് ഫോറസ്റ്റുകാർ ഏലിയാസിനെ വിളിച്ചു വരുത്തുന്നത്. ഫോറസ്റ്റ് സ്റ്റേഷനിൽ പോയി ഏലിയാസ് കാര്യങ്ങൾ വിശദീകരിച്ചതാന്. ആളെ കാണാതായപ്പോൾ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇത് കേസ് ആയതും റിമാൻഡിൽ ആയതും അറിയുന്നത്. ജൂൺ ഏഴിനാണ് സംഭവം നടക്കുന്നത്. വീടിനോടു ചേർന്നുള്ള മുള്ള് വേലിയിലാണ് പുലി കുടുങ്ങിയത്. രാവിലെ പട്ടി കുരയ്ക്കുന്നത് കേട്ട് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. പക്ഷെ പുലി മുള്ള് വേലിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. പുലി അങ്ങോട്ടുമിങ്ങോട്ടും ചാടുന്നുണ്ട്. പക്ഷെ അതിനു രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഫോറസ്റ്റ് സ്റ്റേഷനിൽ പോയി വിവരം പറഞ്ഞു. ഡോക്ടർ വന്ന ശേഷം മയക്കുവെടി വയ്ക്കണം എന്നാണു പറഞ്ഞത്. ഡോക്ടർ ഉച്ചയ്ക്ക് വന്നു. പക്ഷെ അപ്പോഴേക്കും ജനങ്ങളും കൂടി. ബഹളം കേട്ട് പുലി ഓടിപ്പോയി.

ഇതോടെ ഫോറസ്റ്റുകാർ സ്ഥലമുടമയായ ഏലിയാസിനെ അന്വേഷിച്ചു. ഒപ്പം ഓടിപ്പോയ പുലിയെ പിടികൂടാനും ശ്രമം തുടങ്ങി. അന്ന് വൈകുന്നേരം തന്നെ പുലിയെ പിടിച്ചു. പക്ഷെ ഏലിയാസ് ഇതുവരെ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും തിരികെ വന്നില്ലെന്ന് പറഞ്ഞു. അതോടെയാണ് ഞങ്ങൾ അന്വേഷണം തുടങ്ങിയത്. അപ്പോഴാണു കേസ് ചാർജ് ചെയ്ത വിവരം അറിയുന്നത്. ഇതോടെ ജാമ്യം ലഭിക്കാനുള്ള ശ്രമം തുടങ്ങി. ബത്തേരി സെഷൻസ് കോടതിയിലാണ് ഹാജരാക്കിയത്. കോടതി റിമാൻഡ് ചെയ്തു. എന്താണ് കേസ് എന്ന് പറഞ്ഞപ്പോഴാണ് കെണി ഞങ്ങൾക്ക് മനസിലായത്. മനഃപൂർവം കുരുക്ക് വെച്ച് പുലിയെ കുരുക്കി എന്നാണ് പറഞ്ഞത്.

ഫോറസ്റ്റുകാർ അന്വേഷിച്ചപ്പോൾ മൃഗവേട്ട നടത്തുന്ന കുടുംബം എന്നാണ് വിവരം കിട്ടിയത് എന്നാണ് പറഞ്ഞത്. ഏതു മൃഗവേട്ട എന്ന് ഞങ്ങൾക്ക് മനസിലായില്ല. സ്ഥലത്തിനു ചുറ്റുമുള്ളത് മുള്ളുവേലി മാത്രമാണ്. അതിൽ കുരുക്കുകളുമില്ല. ഫോറസ്റ്റുകാർക്ക് ഏതു റിപ്പോർട്ട് ആണ് കിട്ടിയത് എന്ന് അറിയില്ല. നാട്ടുകാർ ആരും ഈ കളവ് പറയില്ല എന്ന് ഉറപ്പാണ്. കാരണം ഞങ്ങൾക്ക് മൃഗവേട്ടയില്ല. പുലി മുള്ളുവേലിയിൽ കുരുങ്ങിയതാണ്. ആരാണ് ഫോറസ്റ്റുകാർക്ക് ഈ രീതിയിൽ വിവരം നൽകിയത് എന്ന് നാട്ടിൽ ആർക്കും അറിയില്ല. നാട്ടുകാർ പറയുന്നത് ഇങ്ങനെ ഒരു വ്യക്തി ഉണ്ടെങ്കിൽ അത് ഫോറസ്റ്റുകാർ പറയട്ടെ എന്നാണ്. അങ്ങനെയെങ്കിൽ ഈ വിവരം നൽകിയത് ആര് എന്ന് ഫോറസ്റ്റുകാർ പറയണം. ഈ രീതിയിൽ ആരെങ്കിലും ഉണ്ടെന്നു അവർക്കും വിവരമുള്ളതായി തോന്നുന്നില്ല. പിന്നെ എങ്ങനെ ഈ റിപ്പോർട്ട് വന്നു. അതാണ് ഞങ്ങൾ തിരക്കുന്നത്. ഇത് ജനവാസ മേഖലയാണ്. ഇവിടെ കാട്ടുമൃഗങ്ങളെ പിടിക്കുക ഒന്നും നടക്കുന്ന കാര്യമല്ല. എന്തായാലും ഈ കാര്യത്തിന് ഏലിയാസ് അറസ്റ്റിലായി. റിമാൻഡിൽ ആവുകയും ചെയ്തു. മൂന്നു കിലോമീറ്റർ അപ്പുറത്താണ് കാട് ഉള്ളത്. ഇവിടെ വീടുകളും കൃഷിഭൂമിയുമൊക്കെ ഉള്ള സ്ഥലമാണ്. ഇവിടെ പുലി വരുന്നത് ഒന്നും ഞങ്ങൾ അറിഞ്ഞില്ല. ഏലിയാസ് റിമാൻഡിൽ ആയതിനു ശേഷം ജാമ്യം എടുക്കാനുള്ള നടപടികളിലാണ് ഞങ്ങൾ ഏർപ്പെട്ടത്. ഇപ്പോൾ ഏലിയാസിന് ജാമ്യം ലഭിച്ചു. ഏലിയാസ് അകത്തായതിന് ശേഷം നാട്ടുകാർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്-കുടുംബം പറയുന്നു.

എന്നാൽ വനംവകുപ്പ് ഈ കേസിൽ ഉറച്ചു നിൽക്കുകയാണ്. കെണി വെച്ച് ഏലിയാസ് പുലിയെ പിടിക്കുകയാണ് ചെയ്തതെന്നു വയനാട് ഡിസിഎഫും വൈൽഡ് ലൈഫ് വാർഡനുമായ പി.കെ.ആസിഫ് മറുനാടനോട് പറഞ്ഞു. അത് മുള്ള് വേലിയായിരുന്നില്ല കെണി ആയിരുന്നു. കൃഷിക്കാർക്ക് മൃഗങ്ങളെ തുരത്താൻ മുള്ളുവേലി സ്ഥാപിക്കാം. എന്നാൽ കെണി വെച്ച് മൃഗങ്ങളെ പിടിക്കാൻ കഴിയില്ല. പരിശോധനയിൽ കെണി വെച്ചു എന്ന് ബോധ്യമായതിനാലാണ് എലിയാസിനെതിരെ കേസ് ചാർജ് ചെയ്തത്-ഡിസിഎഫ് പറയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP